SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.12 AM IST

ശബരിമലയിൽ ആശങ്ക അറിയിച്ച് പൊലീസും കളക്ടറും

READ ENGLISH VERSION
sabarimala

പത്തനംതിട്ട/തിരുവനന്തപുരം: അരവണ ക്ഷാമമടക്കം ശബരിമലയിലുണ്ടായ അപ്രതീക്ഷിത പ്രതിസന്ധിയിൽ ദേവസ്വം ബോർഡിനെ ആശങ്ക അറിയിച്ച് പൊലീസും പത്തനംതിട്ട ജില്ലാ കളക്ടറും. സർക്കാരും കടുത്ത അതൃപ്തിയിലാണ്. മണ്ഡലകാല തീർത്ഥാടന മുന്നൊരുക്കങ്ങളും ഇനിയും തുടങ്ങിയിട്ടില്ല. ആവശ്യത്തിന് അരവണ കിട്ടാത്തത് കന്നിമാസ പൂജയ്ക്ക് അന്യനാടുകളിൽ നിന്നുൾപ്പെടെ വന്ന ഭക്തരെ നിരാശരാക്കിയിരുന്നു.

അരവണവിവാദത്തിൽ ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനും അതൃപ്തിയുണ്ട്. കാര്യങ്ങൾ വഷളാക്കാൻ നിക്ഷിപ്ത താത്പര്യക്കാരുണ്ടെന്ന് തുറന്നു പറയുകയും ചെയ്തു. അരവണ പ്ളാന്റ് നവീകരണം എന്ന് തീരുമെന്ന് ബോർഡിന് നിശ്ചയമില്ല. മണ്ഡലകാലത്തേക്ക് അപ്പം, അരവണ നിർമ്മാണത്തിനുള്ള ശർക്കര ടെൻഡറുമായില്ല.

മണ്ഡലകാലത്ത് അരവണ ക്ഷാമമുണ്ടായാൽ ഭക്തരുടെ പ്രതിഷേധം ക്രമസമാധാന പ്രശ്നമാകുമെന്നാണ് പൊലീസ് റിപ്പോർട്ട്. അരവണ നിർമ്മാണ ടെൻഡർ, ക്യൂ കോംപ്ളക്സ് നിർമ്മാണം തുടങ്ങിയവയിലെ നടപടികളും കാര്യക്ഷമമല്ല. തീർത്ഥാടനം സുഗമമാകാൻ നടപടികൾ വേഗത്തിലാക്കണമെന്ന് ഡി.ജി.പിക്കും ദേവസ്വം അധികൃതർക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് റിപ്പോർട്ട് നൽകി.

ദേവസ്വം മരാമത്ത് പണികൾ മന്ദഗതിയിലാണെന്ന് അവലോകന യോഗത്തിൽ ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ ചൂണ്ടിക്കാട്ടി. അരവണ പ്ളാന്റ് നിർമ്മാണം, ക്യൂ കോംപ്ളക്സ്, മരാമത്ത് ജോലികൾ, മാലിന്യം നീക്കൽ എന്നിവ ഒക്‌ടോബർ പതിനഞ്ചിനകം പൂർത്തിയാക്കേണ്ടതാണ്. ഇതിനുള്ള സമയം നവംബർ ഒന്നുവരെ നീട്ടിനൽകി.

പ്രതിസന്ധി മുഖ്യമന്ത്രിയെ

ധരിപ്പിക്കാൻ ദേവസ്വം മന്ത്രി

ശബരിമലയിലെ പ്രതിസന്ധി ദേവസ്വം മന്ത്രി കെ.മുരളീധരൻ ഇന്ന് മുഖ്യമന്ത്രിയെ ധരിപ്പിക്കും.

ആവശ്യത്തിന് അരവണ സ്‌റ്റോക്ക് ചെയ്യാതെ പ്ലാന്റ് നവീകരണം തുടങ്ങിയതാണ് കന്നിമാസത്തിൽ പ്രശ്നമായത്. മണ്ഡലകാലം തുടങ്ങുമ്പോൾ 70 ലക്ഷം ടിൻ അരവണ കരുതൽ വേണമെന്നായിരുന്നു മുഖ്യമന്ത്രി വിളിച്ച അവലോകന യോഗം തീരുമാനിച്ചത്. ഇതിനുള്ള സാദ്ധ്യത കുറവാണ്. മുൻവർഷങ്ങളിൽ ആഗസ്റ്റിൽ തന്നെ ശർക്കര സന്നിധാനം ഗോഡൗണിൽ എത്തിച്ചിരുന്നു. അതാണ് കരാർ പോലുമാകാതെ നീളുന്നത്.

പ്ലാന്റ് നവീകരണത്തിന് കൂടുതൽ ദിവസം വേണ്ടി വന്നാൽ അപ്പം, അരവണ സ്‌റ്റോക്ക് ചെയ്യേണ്ടതാണ്. മണ്ഡലകാലത്ത് വീഴ്ചവരുത്തിയാൽ ഏതറ്റം വരേയും സർക്കാർ പോകും

കെ.മുരളീധരൻ,

ദേവസ്വം മന്ത്രി

സാമ്പത്തിക താത്പര്യമുള്ള ചിലർ കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുന്നത് തടസമാകുന്നു. ഇവർക്ക് കാര്യങ്ങൾ നേരെ നടക്കണമെന്ന് താത്പര്യമില്ല. യുദ്ധമുഖത്തേതു പോലെയാണ് സാഹചര്യം

കെ.ജയകുമാർ,

ദേവസ്വം ബോർഡ് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA