
കൊല്ലം: തടിയിൽ കൊത്തിയ രൂപത്തെ കടലിൽ കാണാതായ മകനായി സങ്കല്പിച്ച് അന്ത്യകർമ്മം ചെയ്ത് അമ്മ. നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയാണ് തടിയിൽ കൊത്തിയ രൂപത്തെ മകന്റെ മൃതദേഹമായി സങ്കല്പിച്ച് ചിതയൊരുക്കി ദഹിപ്പിച്ചത്. മകന് ഏറെ ഇഷ്ടമുള്ള മധുരപലഹാരങ്ങളും അവന്റെ വസ്ത്രങ്ങളും ചിതയ്ക്കരികിൽ ഒരുക്കിവച്ചിരുന്നു.
ജൂലായ് 31ന് പുലർച്ചെ വള്ളം മറിഞ്ഞാണ് നീണ്ടകര പുത്തൻതുറ പൂമുഖത്ത് വീട്ടിൽ ഗൗതംകൃഷ്ണയെ (26) കാണാതായത്. ഒപ്പമുണ്ടായിരുന്ന ഗൗതംകൃഷ്ണയുടെ മുത്തച്ഛൻ രാജീവന്റെ മൃതദേഹം തൊട്ടുപിന്നാലെയും ഗൗതമിന്റെ അച്ഛൻ രാധാകൃഷ്ണന്റെ മൃതദേഹം തൊട്ടടുത്ത ദിവസവും കണ്ടെത്തി. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്ടറും നേവിയുടെ കപ്പലുമെത്തി പലദിവസങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും ഗൗതമിനെ കണ്ടെത്താനായില്ല.
അരയസമുദായത്തിന്റെ വിശ്വാസപ്രകാരം കടലിൽ വീണ് 41 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ലെങ്കിൽ മരിച്ചതായി കണക്കാക്കി അന്ത്യകർമ്മം ചെയ്യണം. മൃതശരീരം മുന്നിലുണ്ടെന്ന് സങ്കല്പിച്ചാണ് സാധാരണ 41ന് ശേഷം അന്ത്യകർമ്മം ചെയ്യുന്നത്. എന്നാൽ, രേഷ്മ വീട്ടിനടുത്തുള്ള ആശാരിയെക്കൊണ്ട് ഗൗതംകൃഷ്ണയുടെ മൂന്നിലൊന്ന് വലിപ്പമുള്ള രൂപം തടിയിൽ കൊത്തിക്കുകയായിരുന്നു.
വീട്ടുമുറ്റത്ത് അച്ഛൻ രാധാകൃഷ്ണന്റെയും മുത്തച്ഛൻ രാജീവന്റെയും മൃതദേഹം സംസ്കരിച്ച സ്ഥലത്തിനടുത്താണ് കഴിഞ്ഞ ദിവസം ചിതയൊരുക്കിയത്. തുടർന്ന് തടിയിൽ കൊത്തിയ രൂപത്തെ ഗൗതംകൃഷ്ണയുടെ മൃതദേഹമായി സങ്കല്പിച്ച് ദഹിപ്പിക്കുകയായിരുന്നു. ചിതയിൽ നിന്നെടുത്ത രൂപത്തിന്റെ ഭാഗങ്ങൾ അസ്ഥിക്ക് പകരം പുലകുളി ദിവസം കടലിലൊഴുക്കും. അതുവരെ ചിതയ്ക്കരികിൽ വിളക്ക് കത്തിച്ച് പ്രാർത്ഥിക്കും.
''സർക്കാർ സംവിധാനങ്ങളുടെ പോരായ്മയാണ് മകന്റെ രൂപം കൊത്തി അന്ത്യകർമ്മം നടത്തേണ്ട അവസ്ഥയിൽ എത്തിച്ചത്. തെരച്ചിൽ വേണ്ടവിധം ഉണ്ടായില്ല. തീരക്കടലിലാണ് വള്ളം മറിഞ്ഞത്. രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടന്നിരുന്നെങ്കിൽ മകനെ കണ്ടെത്താമായിരുന്നു.
-രേഷ്മ, ഗൗതംകൃഷ്ണയുടെ അമ്മ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |