SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.52 PM IST

മതത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത് : മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
pinarayi

തിരുവനന്തപുരം : അധികാരികൾ മതത്തെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിച്ച് ഭരണഘടന മൂല്യങ്ങളെ കാറ്റിൽ പറത്തുന്ന സാഹചര്യം മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലുവ സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നവോത്ഥാനമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന നിലപാടുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. നമുക്ക് ജാതിയില്ല വിളംബരത്തിന്റെ നൂറാം വാർഷികം, ഗുരുവിന്റെ പേരിലുള്ള ഓപ്പൺ സർവകലാശാല, ദൈവദശകത്തിന്റെ നൂറാം വാർഷികമടക്കമുള്ളവ ഉദാഹരണങ്ങളാണ്. മതങ്ങൾ തമ്മിലുള്ള സംവാദവും ഐക്യവുമായാണ് ശ്രീനാരായണ ഗുരു സർവമത സമ്മേളനംകൊണ്ട് വിഭാവനം ചെയ്തത്. നിലനിൽക്കുന്ന ഭരണഘടനാ മൂല്യങ്ങളാണത്. അതിന്റെ ഗാംഭീര്യം ഉൾക്കൊള്ളാൻ കഴിയാത്തവർ ഇന്നുമുണ്ട് .

ഒരു നൂറ്റാണ്ട് മുൻപ് ഗുരുവിന്റെ നേതൃത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സർവമത സമ്മേളനം നവോത്ഥാന ചരിത്രത്തിലെ ഊജ്ജ്വല ഏടാണ്. സർവമത സമ്മേളനത്തിന്റെ ആശയം കൂടുതൽ ചർച്ച ചെയ്യേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വി. ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.ജോയ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ശ്രീനാരായണധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സ്വാമി അഭയാനന്ദ, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ഡോ.വി.പി.സുഹൈബ് മൗലവി, ഐ.എം.ജി ഡയറക്ടർ കെ.ജയകുമാർ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ എൻ.മായ, വാർഡ് കൗൺസിലർ ചെമ്പഴന്തി ഉദയൻ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്.ടി.ആർ, സ്വാഗത സംഘം ജനറൽ കൺവീനർ എസ്.ശിശുപാലൻ എന്നിവർ സംസാരിച്ചു.

ദൈവദശകം ഔദ്യോഗിക

പ്രാർത്ഥനയാക്കണം :

സ്വാമി സച്ചിദാനന്ദ

കേരള ഗാനം സംബന്ധിച്ച ചർച്ചകൾ സ്വാഗതാർഹമാണെന്നും, എന്നാൽ കേരളത്തിന്റ ഔദ്യോഗിക പ്രാർത്ഥനയായി ദൈവദശകത്തെ പ്രഖ്യാപിക്കണമെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.110 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട, ലോകം മുഴുവൻ അംഗീകരിച്ച ദൈവദശകത്തിന്റെ മൂന്നു ശ്ലോകങ്ങൾ പ്രാർത്ഥനാ ഗീതമാക്കണം. സർവതമത പ്രാർത്ഥനയാണിതെന്നും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേർത്തു.

TAGS: MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY