SignIn
Kerala Kaumudi Online
Friday, 15 May 2026 11.00 AM IST

വലിയൊരു തുക അഡ്വാൻസ് വാങ്ങി, ഷൂട്ടിംഗിന് ആറ് ദിവസം മുമ്പ് പിന്മാറി; വഞ്ചിച്ച പ്രമുഖ നടിയെപ്പറ്റി വെളിപ്പെടുത്തി കമൽ

ആമി അടക്കമുള്ള നിരവധി ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് കമൽ. തന്റെ സിനിമാ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു അനുഭവം കൗമുദി മൂവീസിലൂടെ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹമിപ്പോൾ. ആമി എന്ന സിനിമയിൽ നിന്ന് ഷൂട്ടിംഗിന് ആറ് ദിവസം ബാക്കി നിൽക്കെ പ്രമുഖ നടി പിന്മാറിയതിനെപ്പറ്റിയാണ് അദ്ദേഹം തുറന്നുപറഞ്ഞത്.

kamal

'വിദ്യ ബാലൻ എന്ന സിനിമാ നടിയെ നമുക്കെല്ലാവർക്കും അറിയാം. രണ്ട് മൂന്ന് ദശകങ്ങൾക്കുള്ളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയാരാണെന്ന് ചോദിച്ചാൽ, ഒരുപക്ഷേ എല്ലാവരും പറയുക വിദ്യ ബാലൻ എന്നായിരിക്കും.

അത്രമാത്രം ശക്തമായ കഥാപാത്രങ്ങളിലൂടെ ഹിന്ദി സിനിമയിൽ നമ്മളെ വിസ്മയിപ്പിച്ചിട്ടുള്ള വിദ്യ ബാലൻ ആദ്യമായി ക്യാമറയുടെ മുന്നിൽ വരുന്നത് എന്റെ സിനിമയിലൂടെയാണെന്നത് യാദൃശ്ചികമായിരിക്കാം. ചക്രം എന്ന സിനിമയായിരുന്നു അതെന്ന് പലർക്കും അറിയാം. മോഹൻലാലും ദിലീപും വിദ്യ ബാലനുമൊക്കെ അഭിനയിച്ച, ലോഹിതദാസ് തിരക്കഥയെഴുതി, ഞാൻ സംവിധാനം ചെയ്ത, പകുതിയിൽ നിന്നുപോയ സിനിമയാണത്. അതെന്തുകൊണ്ട് നിന്നുപോയെന്നൊന്നും ഞാൻ പറയുന്നില്ല. വിദ്യ ബാലനിലേക്കാണ് വരുന്നത്.

മഴയെത്തും മുമ്പ് എന്ന സിനിമയുടെ ഹിന്ദി റിമേക്ക് ചെയ്തിരുന്നു. ബോംബെയിലെ സ്റ്റുഡിയോയിൽ ചിത്രീകരിക്കുമ്പോൾ സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹവുമായി എന്റെയടുത്ത് വന്നയാളാണ് വിദ്യ ബാലൻ. അച്ഛനൊപ്പമാണ് വന്നത്. അദ്ദേഹം മലയാളിയാണ്, തൃശൂർക്കാരൻ. വിദ്യ അന്ന് പരസ്യ ചിത്രങ്ങളിലൊക്കെ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. മലയാള സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു.

ലോഹിതദാസിന്റെയടുത്ത് വിദ്യയുടെ ഫോട്ടോ കാണിച്ചു. ലോഹിക്കും ഇഷ്ടപ്പെട്ടു. വിദ്യ ബാലനെ ഷൊർണൂരിലേക്ക് വരുത്തി.ഞാനും ലോഹിയുമാണ് വിദ്യയെ ആദ്യമായി ഒഡീഷൻ ചെയ്യുന്നത്. എല്ലാവർക്കും ഇഷ്ടപ്പെട്ടു. വിദ്യയെ ചക്രത്തിലെ നായികയായി തിരഞ്ഞെടുത്തു. പൊള്ളാച്ചിയിൽ വച്ച് ഷൂട്ടിംഗ് ആരംഭിച്ചു. 16 ദിവസം ഷൂട്ട് ചെയ്തു. ഷൂട്ടിംഗിനിടയിൽ ചില സാങ്കേതിക പ്രശ്നങ്ങളൊക്കെ ഉണ്ടായി.


ഇതിനിടയിൽ ദിലീപിനൊരു അപകടം പറ്റി. കൈ പ്ലാസ്റ്ററിട്ടു. അങ്ങനെ ഷൂട്ടിംഗ് ബ്രേക്ക് ചെയ്യേണ്ടി വന്നു. ഞങ്ങളെല്ലാവരും തിരിച്ചുപോയി. ലോഹി സ്‌ക്രിപ്റ്റ് പൂർത്തിയാക്കാൻ പോയി. ആ സിനിമ പാതിവഴിയിൽ നിന്നുപോയി. അതിനുശേഷം വിദ്യ ബാലൻ ഒരു തമിഴ് സിനിമയിൽ അഭിനയിക്കാൻ പോയി. എന്തോ കാരണത്താൽ അതും മുടങ്ങി. ഇടയ്ക്കിടയ്ക്ക് എന്നെ ഫോണിൽ വിളിക്കുമായിരുന്നു. അതിനുശേഷം ഒരു മലയാള സിനിമയിൽ മുകേഷിന്റെ നായികയായി അഭിനയിക്കാൻ അവസരം കിട്ടി. അതും മുടങ്ങിപ്പോയി.

വിദ്യ ബാലൻ വളരെ വിഷമിച്ച് കഴിഞ്ഞ കാലത്താണ് യാദൃശ്ചികമായി ഹിന്ദി സിനിമയിൽ ഓഫർ വന്നത്. വലിയൊരു കഥാപാത്രമായിരുന്നു. ഒറ്റ സിനിമയിലൂടെ വിദ്യ ഹിന്ദിയിലെ വലിയ താരമായി മാറി. അതും ചരിത്രമാണ്. നമുക്കെല്ലാവർക്കും അറിയാം.


പിന്നീട് മികച്ച കഥാപാത്രങ്ങളിലൂടെ ഇന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറി. വിദ്യ ടോപ്പിൽ നിൽക്കുന്ന സമയത്തും ഞങ്ങൾ തമ്മിൽ സംസാരിക്കാറുണ്ടായിരുന്നു. ഇതിനിടയിൽ കമലാദാസിന്റെ ജീവിതം സിനിമയാക്കണം എന്ന ആഗ്രഹം ഉണ്ടായി. നമുക്കെല്ലാവർക്കും അറിയാവുന്നതാണ് മാധവിക്കുട്ടിയുടെ ജീവിതം. അവരുടെ യഥാർത്ഥ ജീവിതമാണ് ഞാൻ ഫോക്കസ് ചെയ്യാൻ ശ്രമിച്ചത്. മാധവിക്കുട്ടിയുടെ മക്കളുമായി ബന്ധപ്പെട്ടു. സിനിമയാക്കുന്നതിനുള്ള റൈറ്റ്‌ വാങ്ങി.


അന്ന് വിദ്യ ബാലനായിരുന്നു എന്റെ മനസിൽ മാധവിക്കുട്ടി.ഞാൻ വിദ്യയെ ബന്ധപ്പെട്ടു. നേരിൽ കണ്ട് സംസാരിച്ചു. ഇംഗ്ലീഷ് കോപ്പി അവർക്ക് കൊടുത്തു. അവർക്ക് തന്നെ ഡബ്ബ് ചെയ്യണമെന്ന് വലിയ ആഗ്രഹം. അതിനുവേണ്ടി ബോംബെയിൽ മലയാളം അറിയാവുന്ന ഒരു ആർട്ടിസ്റ്റിനെ കണ്ടു. അവർ വിദ്യ ബാലന് ഡയലോഗൊക്കെ പറഞ്ഞുകൊടുത്തു. ഫോട്ടോഷൂട്ടൊക്കെ ചെയ്തു.എല്ലാ വർക്കുകളും നടന്നുകൊണ്ടിരിക്കുകയാണ്.


ഷൂട്ടിംഗ് തുടങ്ങാൻ ആറ് ദിവസം ബാക്കിനിൽക്കെ വിദ്യ ബാലന്റെ മാനേജർ വിളിച്ചു. ചെറിയൊരു പ്രശ്നമുണ്ടെന്നും ഷൂട്ടിംഗ് ചിലപ്പോൾ മാറ്റിവയ്‌ക്കേണ്ടി വരുമെന്നും പറഞ്ഞു. ഞാൻ വിദ്യയുടെ അച്ഛനെ വിളിച്ചപ്പോൾ അദ്ദേഹം മകൾക്ക് ഈ സിനിമയിൽ അഭിനയിക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു. ഞാൻ ചെറിയൊരു ടെൻഷനിലായിപ്പോയി. എന്താ കാര്യമെന്ന് പറയുന്നുമില്ല.


പിറ്റേന്ന് വിദ്യ ബാലനെ വിളിച്ചു. അപ്പോൾ സോറി ഈ സിനിമ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. തുടന്ന് ഞാൻ ബോംബെയിൽ ചെന്നു. റസൂൽ പൂക്കുട്ടിയും ഞാനും കൂടി വിദ്യയുടെ വീട്ടിൽ പോയി സംസാരിച്ചു. സ്‌ക്രിപ്റ്റിൽ ചെറിയ പ്രശ്നം തോന്നിയെന്നും മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുമ്പോൾ വിവാദമാകില്ലേന്നൊക്കെ ചോദിച്ചു. ഒന്നുകൂടി ആലോചിക്കണമെന്നും പറഞ്ഞു. വീണ്ടും സ്ക്രിപ്റ്റ് വായിച്ചു. അപ്പോഴൊന്നും അവർ ഒന്നും പറഞ്ഞില്ല. പിറ്റേന്ന് സോറി എനിക്ക് സാറിന്റെ സിനിമയിൽ അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് മെസേജ് വന്നു. ഇപ്പോഴും എനിക്ക് അതിന്റെ കാരണമറിയില്ല. അവർ അവസാന നിമിഷം ആ പടത്തിൽ നിന്ന് പിന്മാറിയപ്പോൾ എന്റെ മുന്നിൽ ശൂന്യതയായിരുന്നു. വിദ്യ ബാലന് വലിയൊരു തുക അഡ്വാൻസ് കൊടുത്തിരുന്നു. പക്ഷേ അവരത് തിരിച്ചുകൊടുത്തു,'- കമൽ പറഞ്ഞു.

Add as a preferred source on Google
TAGS: VIDYABALAN, KAMAL, MANJUWARRIER, AAMIMOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY