മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മിഷന്‍ ചെയ്യണമെന്ന് ഡീന്‍കുര്യാക്കോസ് പാര്‍ലമെന്റില്‍
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം ജലബോംബാണെന്നും ഡീകമ്മീഷന്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതോടെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും മുല്ലപ്പെരിയാര്‍ ചൂടേറിയ ചര്‍ച്ചാവിഷയമാകുകയാണ്. ഡാമിന് സമീപത്തുള്ള ജനങ്ങളുടെ ജീവന് അപകടത്തിലാണെന്നും വിഷയം സഭ നിറുത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹാരിസ് ബീരാന് എം.പിയും രാജ്യസഭയില്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യവുമായി മുമ്പ് പ്രക്ഷോഭരംഗത്ത് ഉണ്ടായിരുന്ന വിവിധ സംഘടനകളും വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ സമരസമിതി, സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്ന പെരിയാര്‍വാലി പ്രൊട്ടക്ഷന്‍ മൂവ്മെന്റ് എന്നീ സംഘടനകളാണ് പുതിയ ഡാം എന്ന ആവശ്യവുമായി വീണ്ടും പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപനസമിതി അടക്കമുള്ള സംഘടനകളും ഇവര്‍ക്ക് പിന്തുണയുമായുണ്ട്. വയനാട് ദുരന്തത്തിന് പിന്നാലെയാണ് വീണ്ടും മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ചയാകുന്നത്. ഒപ്പം മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന്റെ സാധുത പരിശോധിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സുപ്രീംകോടതി പരിഗണനാ വിഷയമാക്കിയതും കേരളത്തിന് പ്രതീക്ഷ നല്‍കുന്നതാണ്.
വയസ് 130
കേന്ദ്ര ജലകമ്മിഷന് 1979ല്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഡാം അപകടാവസ്ഥയിലാണെന്ന സത്യം ആദ്യമായി ലോകമറിഞ്ഞത്. ഇപ്പോള്‍ ഡാമിന് ഏതാണ്ട് 130 വര്‍ഷത്തോളം പഴക്കമുണ്ട്. നിര്‍ഭാഗ്യകരമായ എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലെ അഞ്ചു ജില്ലകളിലുള്ള ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തും അപകടത്തിലാകും. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി മേഖലയിലെ ജനങ്ങള്‍ വലിയ ഭീതിയിലാണ് കഴിയുന്നത്. ഭൂകമ്പ സാദ്ധ്യത കൂടുതലുള്ള പ്രദേശമാണ് മുല്ലപ്പെരിയാര്‍ എന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
'ജലബോംബായ മുല്ലപ്പെരിയാര്‍ ഡാം ഡീക്കമ്മിഷന്‍ ചെയ്യണം. ജലവിതരണത്തില്‍ തമിഴ്നാടുമായി നിലനില്‍ക്കുന്ന കരാറിനെ ബാധിക്കാതെ പുതിയ ഡാം നിര്‍മ്മിക്കണം. 2021ലെ ഡാം സുരക്ഷാ നിയമപ്രകാരം ദേശീയ ഡാം സുരക്ഷാ അതോറിട്ടിയും ഇരു സംസ്ഥാനങ്ങളും ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കണമെന്നാണ്. കേരളത്തിന് സുരക്ഷ, തമിഴ്നാടിനു ജലം എന്ന നിലപാടാണ് എല്ലാക്കാലത്തും കേരളത്തിന്റേത്. നിര്‍മ്മാണം ഏറ്റെടുക്കാന്‍ കേരളം എപ്പോഴും തയ്യാറാണ്. പ്രശ്നപരിഹാരത്തില്‍ കേന്ദ്രത്തിനു നിര്‍ണായക സ്വാധീനം ചൊലുത്താനാകും. രണ്ടു സംസ്ഥാനങ്ങളെയും വിശ്വാസത്തിലെടുത്തു ചര്‍ച്ചനടത്തി സമവായം കണ്ടെത്തി പുതിയ ഡാം നിര്‍മ്മിക്കാനുള്ള നടപടികള്‍ കേന്ദ്രം ഉടന്‍ സ്വീകരിക്കണം.'
-ഡീന്‍ കുര്യാക്കോസ് എം.പി ലോക്സഭയില്‍ നല്കിയ അടിയന്തര പ്രമേയ നോട്ടീസില്‍ നിന്ന്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |