SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.20 AM IST

ഡയറ്റില്‍ മാത്രം ഒതുങ്ങേണ്ടതല്ല ആരോഗ്യം; സോഷ്യൽ മീഡിയയിലെ ട്രെന്റിന് പുറകേ പോകുന്നവർ ശ്രദ്ധിക്കൂ

health

1948ല്‍ ലോകാരോഗ്യ സംഘടന (WHO) സ്ഥാപിതമായതിന്റെ സ്‌മരണയ്ക്കായി എല്ലാവര്‍ഷവും ഏപ്രില്‍ ഏഴിന് ലോക ആരോഗ്യ ദിനമായി ആചരിക്കുന്നു. ആഗോളതലത്തില്‍ പ്രാധാന ആരോഗ്യ ആശങ്കകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനും സര്‍ക്കാരിന്റെയും ആരോഗ്യ സ്ഥാപനങ്ങളുടെയും സമൂഹത്തിന്റെയും പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിനം സ്ഥാപിതമായത്. ഈ വര്‍ഷത്തെ ആരോഗ്യത്തിന്റെ പ്രമേയം 'ആരോഗ്യത്തിനായി ഒരുമിച്ച്, ശാസ്ത്രത്തോടൊപ്പം നില്‍ക്കുക' (Together for health, Stand with science) എന്നതാണ്.

ഈ വര്‍ഷത്തെ ആരോഗ്യ ദിനത്തിന്റെ പ്രത്യേകതകള്‍
· ശാസ്ത്രീയത തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ തീരുമാനങ്ങളെടുക്കാന്‍ ആഹ്വാനം ചെയ്യുന്നു.

· വണ്‍ ഹെല്‍ത്ത് അപ്പ്രോച്ച് - മനുഷ്യന്റെ ആരോഗ്യവും പ്രകൃതിയുമായുള്ള ബന്ധവും വ്യക്തമാക്കുന്നു.

· ആരോഗ്യകരമായ ജീവിതശൈലിയിലൂടെ രോഗങ്ങള്‍ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിക്കുന്നു.

ലോകാരോഗ്യ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നത്, - ആരോഗ്യം എന്നത് പെട്ടെന്നുള്ള മാറ്റങ്ങളോ ട്രെന്‍ഡുകളോ അല്ല, മറിച്ച് ദിവസേനയുള്ള ശീലങ്ങളിലൂടെ കെട്ടിപ്പടുക്കേണ്ട / വളര്‍ത്തിയെടുക്കേണ്ട ദീര്‍ഘകാല പ്രതിബദ്ധതയാണ് എന്നതാണ്. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക, ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുക എന്നിവയിലൂടെ സുസ്ഥിരമായ ആരോഗ്യം ഉറപ്പാക്കാന്‍ ഈ ദിനം ആഹ്വാനം ചെയ്യുന്നു.

ലോക ആരോഗ്യ ദിനത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍


· ഭക്ഷണക്രമം (Plate structure)
നിങ്ങളുടെ ഭക്ഷണത്തില്‍ പകുതി ഭാഗവും പഴങ്ങളും പച്ചക്കറികളും ആയിരിക്കണം. ബാക്കി പകുതിയില്‍ കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനും (lean protein), തവിടുള്ള ധാന്യങ്ങളും (whole grains) തുല്യമായി ഉള്‍പ്പെടുത്തുക.

· ഭക്ഷണം ഒരു മരുന്നായി കാണുക
ജീവിതശൈലി രോഗങ്ങളായ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, ഫാറ്റി ലിവര്‍, ദഹന പ്രശ്‌നങ്ങള്‍ എന്നിവയെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും പോഷകാഹാരത്തിനെ പ്രയോജനപ്പെടുത്താം.

സ്‌കൂള്‍ കുട്ടികള്‍ക്ക് യാത്രകളിലും മറ്റും നാം തിരഞ്ഞെടുക്കുന്ന ഫാസ്റ്റ് ഫുഡുകള്‍, ബേക്കറി ഭക്ഷണങ്ങള്‍ എന്നിവയ്ക്ക് പകരം ഡ്രൈഫ്രൂട്ടുകള്‍, പഴങ്ങള്‍, വീട്ടില്‍ തയ്യാറാക്കുന്ന ആരോഗ്യകരമായ വിഭവങ്ങള്‍ എന്നിവയ്ക്ക് മുന്‍തൂക്കം കൊടുക്കുക. കുട്ടികളില്‍ ആരോഗ്യകരമായ ഭക്ഷണരീതികള്‍ ചെറുപ്പം മുതല്‍ തന്നെ ശീലമാക്കുക. ദിവസവും വിവിധതരം പഴങ്ങളോ, പച്ചക്കറികളോ കഴിക്കാന്‍ ശ്രമിക്കുക.

· ഭക്ഷണ ശുചിത്വം പാലിക്കുക
പച്ചക്കറികളും പഴങ്ങളും നന്നായി കഴുകുക, ഇറച്ചി, മീന്‍ എന്നിവ കൃത്യമായി പാകം ചെയ്ത് ഉപയോഗിക്കുക. ഭക്ഷണം തയ്യാറാക്കുന്നതും സൂക്ഷിച്ച് വയ്ക്കുന്നതും വൃത്തിയോടും സുരക്ഷയോടും കൂടി മാത്രം ചെയ്യുക. ഇതിലൂടെ ഭക്ഷ്യ സാംക്രമിക രോഗങ്ങളെയും ഭക്ഷ്യവിഷബാധയെയും ചെറുക്കാന്‍ സാധിക്കും.

· പ്രതിരോധത്തിന് മുന്‍ഗണന
വൈവിദ്ധ്യമാര്‍ന്ന നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ദിവസേന ഉള്‍പ്പെടുത്തുക, സംസ്‌കരിച്ചതും (processed) എണ്ണയില്‍ വറുത്തതുമായ ഭക്ഷണങ്ങള്‍ കുറയ്ക്കുക. വെള്ളം ധാരാളം കുടിക്കുക, ആവിയില്‍ വേവിച്ചതും വീട്ടില്‍ തയ്യാറാക്കുന്നതുമായ ഭക്ഷണത്തിന് മുന്‍ഗണന നല്‍കുക, പ്രായത്തിനും ശാരീരിക അവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണരീതി പിന്തുടരുക. പഞ്ചസാരയും ഉപ്പും കുറയ്ക്കുക, മധുര പലഹാരങ്ങള്‍, കൃത്രിമ പാനീയങ്ങള്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക.

· ശരീരഭാരം മാത്രമല്ല പ്രധാനം
ശരീരഭാരം കുറയ്ക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, ശരിയായ പോഷകപ്രദമായ ഭക്ഷണരീതി പിന്തുടര്‍ന്ന് ശരീരത്തിന്റെ ഊര്‍ജ്ജ നില, മാനസികാരോഗ്യം, മൊത്തത്തിലുള്ള ക്ഷേമം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുക.

· മാനസികാരോഗ്യം
ജോലിത്തിരക്കിനിടയിലും മനസിന് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ക്കായി സമയം കണ്ടെത്തുക. യോഗ, ധ്യാനം, നൃത്തം, പൂന്തോട്ട പരിപാലനം, തയ്യല്‍, വളര്‍ത്തുമൃഗങ്ങള്‍ പക്ഷികള്‍ എന്നിവയോടൊപ്പം സമയം ചെലവഴിക്കല്‍, ചിത്രകല എന്നിവ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

· ശാരീരിക വ്യായാമം ശീലമാക്കുക
ജിമ്മില്‍ പോകാന്‍ കഴിഞ്ഞില്ലെങ്കിലും ദിവസവും 30 മിനിറ്റ് വേഗത്തില്‍ നടക്കുന്നതും വീടിനുള്ളില്‍ തന്നെ ചെയ്യാവുന്ന ശാരീരിക വ്യായാമങ്ങള്‍, നൃത്തം, സൈക്ലിംഗ്, എയ്‌റോബിക് എക്‌സര്‍സൈസ് എന്നിവ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്.

· ട്രന്‍ഡുകളല്ല, സ്ഥിരതയാണ് പ്രാധാനം
പോഷകാഹാരം എന്നത് ശാസ്ത്രീയമായ ഒരു ശീലവും ജീവിത രീതിയുമാണ്. പുതിയതും ശാസ്ത്രീയ അടിത്തറയില്ലാത്തതുമായ ട്രെന്‍ഡുകളുടെ പുറകെ പോയി കുറച്ചു ദിവസത്തെ ഡയറ്റില്‍ മാത്രം ഒതുങ്ങേണ്ടതല്ല. കേട്ടറിവുള്ളതും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയതുമായ ഭക്ഷണരീതികള്‍ പിന്തുടരുന്നതിന് പകരം ഒരു പ്രൊഫഷണല്‍ ഡയറ്റീഷ്യന്റെയും ഡോക്ടറുടെയും വിദഗ്ദ്ധ ഉപദേശവും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുക.


ആരോഗ്യകരമായ ഭക്ഷണം എന്നത് നിയന്ത്രണം മാത്രമല്ല, ശരിയായ ജീവിതശൈലി കൂടിയാണ്. കുടുംബത്തില്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നത് കുട്ടികളില്‍ നിന്നുതന്നെ ആരംഭിക്കണം. വീടുകളില്‍ തയ്യാറാക്കുന്ന ഭക്ഷണങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിലൂടെ ആരോഗ്യകരമായ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ സാധിക്കുന്നു. ഇതോടൊപ്പം തന്നെ ശരിയായ സമയത്ത് ഭക്ഷണം കഴിക്കുക, മാനസികാരോഗഗ്യം പരിപാലിക്കുക തുടങ്ങിയ കാര്യങ്ങളും പ്രാധാന്യമര്‍ഹിക്കുന്നു.

ആരോഗ്യ സംരക്ഷണ ആശുപത്രികളില്‍ മാത്രം ആരംഭിക്കുന്ന ഒന്നല്ല, നമ്മുടെ വീടുകളില്‍ നിന്നുമാണ് അത് തുടങ്ങുന്നത്. 'നല്ല ഭക്ഷണ രീതികള്‍ സ്വീകരിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാം' എന്ന ദൃഢനിശ്ചയത്തോടെ ഓരോ ദിവസവും നമുക്ക് ആരംഭിക്കാം. 'നല്ല ഭക്ഷണം - നല്ല ആരോഗ്യത്തിന്റെ അടിസ്ഥാനം' എന്ന സന്ദേശത്തോടെ, ആരോഗ്യകരമായ ഒരു സമൂഹത്തിനായി നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം.


Anu Mathew
Dietitian
SUT Hospital, Pattom

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH, LIFESTYLE HEALTH, HEALTH, WORLD HEALTH DAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY