SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.04 AM IST

വെൽക്കം കല്യാണി

Increase Font Size Decrease Font Size Print Page
s

അടുത്ത വ്യാഴാഴ്ച ബിഗ് സ്‌ക്രീനിൽ കല്യാണിയുടെ മുഖം തെളിയും. 'മധുവിധു" സിനിമയിലൂടെ നായികയായി എത്താൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് കല്യാണി. അച്ഛൻ സായ്‌കുമാറിനും അമ്മ ബിന്ദു പണിക്കർക്കും ഒപ്പം ആദ്യ സിനിമ എന്നത് കല്യാണിയുടെ സന്തോഷം ഇരട്ടിപ്പിക്കുന്നു. വിഷ്‌ണു അരവിന്ദ് സംവിധാനം ചെയ്യുന്ന മധുവിധുവിൽ ഷറഫുദ്ദീൻ ആണ് നായകൻ. സിനിമയിൽ അതിമനോഹര യാത്ര നടത്തണമെന്ന് ആഗ്രഹിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്ന കല്യാണി വിശേഷങ്ങൾ പങ്കിടുന്നു.

മധുവിധു സിനിമയിലൂടെ അരങ്ങേറ്റം കുറിക്കണമെന്ന് എപ്പോഴാണ് തീരുമാനിക്കുന്നത് ?

'മധുവിധു" പെട്ടെന്ന് സംഭവിച്ചതാണ്. ഒരിക്കലും വിചാരിക്കാത്ത സമയത്താണ് തിരക്കഥാകൃത്തുക്കളിലൊരാളായ ബിബിൻ മോഹൻ വിളിക്കുന്നത്. ഒരു കഥ ഉണ്ടെന്നും ഓഡിഷൻ തരാമോയെന്ന് ചോദിച്ചു. അടുത്ത ദിവസം തന്നെ ഓഡിഷൻ. മധുവിധുവിലെ പ്രധാന രണ്ടു സീൻ പ്ളേ ചെയ്തു. വിളിക്കാമെന്ന് പറഞ്ഞു. ഒരു മാസത്തിനകം തുടങ്ങുകയാണെന്ന് അറിയിച്ചാണ് പിന്നത്തെ വിളി. സ്നേഹ മാർക്കോസ് എന്ന തിരുവല്ലക്കാരിയായ നസ്രാണി പെൺകുട്ടിയുടെ വേഷം ആണ് അവതരിപ്പിക്കുന്നത്. ഒരു കൊച്ചു ഫാമിലി റൊമാന്റിക് എന്റർടെയ്‌നർ. എല്ലാവർക്കും ഒന്നിച്ചിരുന്നു കണ്ടു രസിച്ചുപോകാവുന്ന കുഞ്ഞു സിനിമയാണ് മധുവിധു. എന്റെ ഇഷ്ട ജോണറിപ്പെട്ടതാണ് മധുവിധു എന്നതിന്റെ സന്തോഷം കൂടിയുണ്ട്.

ഫ്രഞ്ച് പാചകവിദഗ്ദ്ധ. എപ്പോഴാണ് സിനിമയിൽ യുടേൺ എടുക്കാൻ തീരുമാനിച്ചത്?

തേവര എസ്.എച്ച്. കോളേജിൽ ബി.കോം ടാക്‌സേഷൻ പഠിക്കുമ്പോൾ കലാരംഗത്ത് സജീവമായിരുന്നു. അതിനു മുൻപേ ഉള്ളിൽ സിനിമയുണ്ട്. അതാണല്ലോ, ഞാൻ കണ്ടുവളർന്നത്. സ്‌ക്രീനിൽ വരണമെന്ന് അത്രമാത്രം ആഗ്രഹിച്ചു. പാട്ടും ഡാൻസും ടിക്‌ടോകും ഡബ്‌സ് മാഷും എല്ലാം ഇഷ്ടവും സന്തോഷവും തരുന്ന കാര്യമായിരുന്നു. പോസ്റ്റ് ഗ്രാജ്വേഷൻ വേണമെന്ന് അച്ഛനായിരുന്നു കൂടുതൽ നിർബന്ധം. സിനിമയിൽ അഭിനയിക്കണമെന്ന് അച്ഛനോടും അമ്മയോടും പറഞ്ഞില്ല. കോർപറേറ്റ് ജോലികളൊന്നും ഇഷ്ടമല്ല. പാട്ടും ഡാൻസും കഴിഞ്ഞാൽ ഏറ്റവും ഇഷ്ടം പാചകം ചെയ്യുക എന്നതാണ്. അതിന്റെ അന്വേഷണത്തിൽ ആണ് ലണ്ടനിലെ ലെക്കൻ കോളേജിൽ പ്രവേശനം നേടിയത്. കോഴ്സ് പൂർത്തിയാക്കി ആറേഴുമാസം കഴിഞ്ഞ് അവിടത്തെ ജോലിയും ജീവിതവും പൊരുത്തപ്പെട്ടു പോയപ്പോൾ തിരിച്ചറിഞ്ഞു 'എന്റെ ഉള്ളിൽ അഭിനയിക്കണമെന്ന ആഗ്രഹം അത്രമേൽ വളർന്നുകഴിഞ്ഞുവെന്ന് . എനിക്ക് സിനിമ ചെയ്യണമെന്ന് അച്ഛനോട് പറഞ്ഞു. സിനിമ എനിക്കു പറ്റുമോ എന്നൊന്നും അറിയില്ലെന്നും പറഞ്ഞു. അച്ഛൻ മറുപടി ഒന്നും പറഞ്ഞില്ല. നാട്ടിൽ വന്നുകഴിഞ്ഞു പല ഓഡിഷൻ പങ്കെടുത്തു. കുറെ വീഡിയോകൾ ചെയ്തു. അതിന്റെ എല്ലാം പരിശ്രമം 'മധുവിധു"വിൽ എത്തിച്ചു. പാചകവും സിനിമയും എന്റെ പാഷൻ ആണ്. എന്നാൽ, സിനിമയോട് കുറച്ചു അധികം ഇഷ്ടം .

ബിന്ദു പണിക്കരുടെ മകൾ ഇനി നായിക എന്നു കേൾക്കുന്നത് കൂടുതൽ ഉത്തരവാദിത്വം നൽകുന്നുണ്ടോ?

അച്ഛനും അമ്മയും ഒരുപാട് വർഷമായി സിനിമയിൽ പ്രവർത്തിക്കുമ്പോൾ അവിടെ നായികയായി ചുവടുവയ്ക്കാൻ കഴിയുന്നതിൽ വലിയ സന്തോഷമുണ്ട്. എന്റെ അഭിനയം കാണുമ്പോൾ ബിന്ദുപണിക്കരുടെ അത്രത്തോളം വന്നോ, അതോ ഇല്ലേ, എന്ന കാഴ്ചപ്പാട് ആളുകൾക്ക് ഉണ്ടാകും എന്ന തിരിച്ചറിവ് നന്നായിയുണ്ട്.അമ്മയുമായി താരതമ്യം ചെയ്യുമോ എന്ന ടെൻഷൻ ഒന്നുമില്ല.

അഭിനയിക്കുമ്പോൾ അമ്മയുടെ പേര് മോശമാക്കരുത് എന്ന ചിന്തയുണ്ട്. തീരെ മോശമാക്കാതെ കുഴപ്പമില്ലാത്ത രീതിയിൽ കേൾപ്പിക്കണം. അച്ഛനും അമ്മയും ഇല്ലാതെ വരുന്ന സമയത്തും സിനിമയിൽ നിൽക്കാൻ കഴിയണമെന്നാണ് ആഗ്രഹം.

ടിക്ടോക്കും ഡാൻസ് വീഡിയോയുമായി സജീവമാകുന്നതിന് സിനിമ തന്നെയായിരുന്നോ ലക്ഷ്യം?

അന്നൊന്നും സിനിമയിലേക്ക് വരണമെന്ന ലക്ഷ്യമൊന്നുമില്ലായിരുന്നു. പഠനവുമായി മുന്നോട്ടു പോകുമ്പോൾ സിനിമയിൽ വരാൻ ആഗ്രഹിച്ചതേയില്ല. 'മധുവിധു" റിലീസ് ചെയ്യാൻ ഒരുങ്ങുമ്പോൾ പല സുഹൃത്തുക്കളും എന്നെ കളിയാക്കി. സിനിമയിൽ അഭിനയിക്കില്ലെന്ന് പറഞ്ഞിട്ട് എന്തായി? ഞാൻ അന്നേ പറഞ്ഞതാണ് നീ സിനിമയിൽ വരുമെന്ന്. നിന്റെ ഓരോ എക്സ്‌പ്രഷനിലും സിനിമ കാണാമായിരുന്നുവെന്ന് പറഞ്ഞ സ്‌കൂൾ ഫ്രണ്ട്‌സുണ്ട്. സിനിമ ചെയ്യില്ലെന്ന രീതിയിലായിരുന്നു അന്നെല്ലാം ഞാൻ. പഠനവുമായി മുന്നോട്ടു പോകൂ എന്ന് അച്ഛനും അമ്മയും പറഞ്ഞതുകൊണ്ടാകാം അങ്ങനെ ആയത്. ടിക്ടോക്കും, ഡബ്‌സ്‌മാഷും ഇഷ്ടമുള്ള കാര്യമായിരുന്നു. ഹോബി പോലെ ചെയ്തത് ഇപ്പോൾ ഇവിടെ വരെ എത്താൻ സാധിച്ചു. സിനിമയിൽ ഒന്നു പരിശ്രമിക്കണമെന്ന ചിന്ത വന്നു തുടങ്ങിയതിനുശേഷം എന്റെ ചുറ്റിലുള്ളതെല്ലാം മാറി. വഴികൾ തുറന്നു. ഓഡിഷൻ പങ്കെടുത്തു .

ആദ്യ സിനിമയിൽ തന്നെ സായ്‌കുമാറിനും ബിന്ദുപണിക്കർക്കും ഒപ്പം അഭിനയം ?

സായി അച്ഛൻ എന്റെ അച്ഛനായി തന്നെയാണ് അഭിനയിക്കുന്നത്. അത് മറ്റൊരു ഭാഗ്യം ആണ്. എല്ലാവർക്കും ഇതേപോലെ പറ്റിയിട്ടുണ്ടോ എന്ന് അറിയില്ല. എനിക്ക് ആദ്യ സിനിമ തന്നെ സംഭവിച്ചു. അച്ഛനുമായി കുറെ കോമ്പിനേഷൻ സീനുണ്ട്. അത് എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയുന്ന മനോഹരമായ നിമിഷങ്ങളായിരിക്കും. അമ്മയുമായി കോമ്പിനേഷൻ സീനില്ല. 'മധുവിധു"വിൽ ഞാൻ ഇൻ ആയ ശേഷം ആണ് അച്ഛനെ കാസ്റ്റ് ചെയ്യുന്നത്. അച്ഛൻ ചെയ്താൽ നന്നായിരിക്കുമെന്ന് സെറ്റിൽ പറയുന്നതു കേട്ടപ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു. എന്നാൽ അഭിനയിച്ചുതുടങ്ങിയപ്പോൾ സ്‌മൂത്തായി . പല സീനിലും ജീവിതത്തിലെ എന്റെ അച്ഛനായി തന്നെ അനുഭവപ്പെട്ടു. ആദ്യ ഡയലോഗ് സീനിൽ ജഗദീഷ് അങ്കിൾ, അസീസ് ഇക്ക തുടങ്ങി എല്ലാവരും ഉണ്ടായിരുന്നു. എല്ലാവരും വലിയ പ്രോത്സാഹനം തന്നു. സിനിമയിൽ ആദ്യ ഷോട്ട് സായ് അച്ഛനോടൊപ്പമായിരുന്നു. ഒരു പെണ്ണ് കാണൽ ചടങ്ങ് .

കല്യാണിക്ക്, എന്താണ് സിനിമ?

എന്റെ സന്തോഷം ആണ് സിനിമ. സിനിമയെ സിനിമയായി കാണുന്ന കുട്ടിയായിരുന്നില്ല ഞാൻ എന്ന് വളരെ മുൻപേ അമ്മ പറഞ്ഞിട്ടുണ്ട്. ഹൊറർ സിനിമ കാണുമ്പോൾ രണ്ടുദിവസം പേടിച്ച് തലയിൽ കേറ്രുന്ന കുട്ടിയായിരുന്നു. വളർന്നപ്പോൾ സിനിമ എന്നെ സ്വാധീനിച്ചു . അത് ഏതുതരം സിനിമയായാലും. സിനിമ കാണുമ്പോൾ എനിക്ക് അതു ഒരു നേട്ടം പോലെ തോന്നാറുണ്ട്. ടിക്കറ്റെടുത്ത് സിനിമ കാണുമ്പോൾ ഞാൻ എന്തോ നേടിയതുപോലെ തോന്നും. പാട്ടുകൾ, സീനുകൾ, പഴയ കുടുംബ സിനിമകൾ എന്നിവയെല്ലാം ഞാൻ കൂടുതൽ ഉള്ളിലേക്ക് എടുക്കാറുണ്ട്. സിനിമ വല്ലാത്ത ഒരു അനുഭവം ആണ്. വൈവിദ്ധ്യമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിക്കുക, സ്ക്രീനിൽ കാണാൻ കഴിയുക എന്നതെല്ലാം വലിയ, വലിയ സന്തോഷം തരുന്നതാണ് . അതിലേക്കാണ് എന്റെ യാത്ര. അതിനുവേണ്ടി പരിശ്രമം നടത്തും.

TAGS: KALYANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.