വലിയ ബഡ്ജറ്റിലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾ തുടർച്ചയായി എത്തുന്ന ഈ കാലഘട്ടത്തിൽ കഥയ്ക്കും അവതരണ മികവിനും പ്രാധാന്യം നൽകി സിനിമയെ വിജയിപ്പിക്കുന്നവരാണ് നമ്മൾ മലയാളികൾ. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സിൽ റിലീസ് ചെയ്ത 'ട്രിപ്പിൾ ഡക്കർ'. വളരെ കുറഞ്ഞ ബഡ്ജറ്റിൽ ക്യാമറയും ഐഫോൺ ഉപയോഗിച്ച് ചിത്രീകരിച്ച ഈ ചിത്രം മലയാളികളുടെ ശ്രദ്ധ വളരെ വേഗമാണ് നേടിയത്.
കൃഷ്ണനുണ്ണി മംഗലത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വൈറ്റ് പേപ്പർ, സകുടുംബം ശ്യാമള എന്നീ ചിത്രങ്ങളുടെ സംവിധായകൻ രാധാകൃഷ്ണൻ മംഗലത്തിന്റെ മകനാണ് കൃഷ്ണനുണ്ണി. തന്റെ 27 വയസിൽ രണ്ട് സിനിമകളാണ് കൃഷ്ണനുണ്ണി സംവിധാനം ചെയ്തത്. 'ട്രിപ്പിൾ ഡക്കർ' ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച് കേരള കൗമുദി ഓൺലൈനിനോട് സംസാരിക്കുകയാണ് കൃഷ്ണനുണ്ണി.
എന്റെ രണ്ടാമത്തെ ചിത്രമാണ് ട്രിപ്പിൾ ഡക്കർ. 2020ലാണ് ആദ്യ ചിത്രം 'ട്രാൻസിഷൻ' റിലീസ് ചെയ്യുന്നത്. പതിനായിരം രൂപയായിരുന്നു അതിന്റെ ബഡ്ജറ്റ്. 2019 മുതൽ ഞാനും സുഹൃത്തുക്കളും ആ സിനിമയുടെ പിന്നാലെയായിരുന്നു. 'ട്രാൻസിഷൻ' തമിഴ്‌നാട് ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ മെൻഷൻ ഉണ്ടായിരുന്നു. അതിന് മുൻപ് നാല് ഹ്രസ്വചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ക്യാമറ, എഡിറ്റ് എന്നിങ്ങനെ 19 ഹ്രസ്വചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.
'ട്രാൻസിഷൻ' സിനിമ ചെയ്തശേഷം പല പ്രൊഡക്ഷൻ കമ്പനികളെ കണ്ടു. എന്നാൽ ശരിയായി ഫലം കണ്ടില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് കൃഷ്ണ പൂജപ്പുര സാറും ഭാര്യയും ചെറിയ ബഡ്ജറ്റ് മുടക്കാം, നമ്മൾക്ക് ഒരു സിനിമ ചെയ്യാമെന്ന് പറഞ്ഞത്. അങ്ങനെയാണ് ട്രിപ്പിൾ ഡക്കർ സംഭവിക്കുന്നത്.
എനിക്ക് കൂടുതലും പരിചയമുള്ളവരെയാണ് ഇതിൽ അഭിനയിപ്പിച്ചിരിക്കുന്നത്. പിന്നെ ഓഡിഷനും ഉണ്ടായിരുന്നു. ഡിഎസ്എൽആർ ക്യാമറകളിലും ഐഫോൺ 15 പ്രോയിലുമായാണ് ചിത്രം ഷൂട്ട് ചെയ്തത്. ഞാനും നിർമാതാവ് കൃഷ്ണ പൂജപ്പുര സാറും ചേർന്നാണ് ട്രിപ്പിൾ ഡക്കറിന്റെ തിരക്കഥ എഴുതിയത്.
തിരുവനന്തപുരത്താണ് കൂടുതലും ലോക്കേഷൻ. പെന്മുടി, ബോണക്കാട് അങ്ങനെ നിരവധി സ്ഥലങ്ങളിൽ ഷൂട്ട് ചെയ്തിരുന്നു. ഫോർട്ട് കൊച്ചിയിലും ഷൂട്ട് ചെയ്തിട്ടുണ്ട്. സിംഗപ്പൂരിലും ചില സീനുകൾ ഉണ്ട്. അത് അവിടെ ജോലി ചെയ്യുന്ന എന്റെ ഒരു സുഹൃത്താണ് ഷൂട്ട് ചെയ്തത്. അവിടെ എടുത്ത സീൻ എനിക്ക് ഡ്രൈവിൽ അയച്ചുതരികയായിരുന്നു. സിനിമയുടെ എഡിറ്റിംഗ് ജോലികൾ ചെയ്തതും ഞാൻ തന്നെയാണ്.
സംവിധായകൻ ഉൾപ്പടെ അണിയറയിൽ വെറും അഞ്ചുപേരാണ് ഉണ്ടായിരുന്നത്. അതിനാൽ തന്നെ പല ലോക്കേഷനിലേക്കും പോകാൻ വളരെ എളുപ്പത്തിൽ കഴിഞ്ഞു. ജൂലായ് 24നാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തത്. വളരെ നല്ല പ്രതികരണമാണ് പിന്നാലെ ലഭിച്ചത്. നിരവധിപേർ ഇൻസ്റ്റഗ്രാമിലും മറ്റും മെസേജ് അയച്ച് അഭിനന്ദിച്ചു. അതിൽ ഒരുപാട് സന്തോഷമുണ്ട്.
ചെറുപ്പം മുതൽ സിനിമയ്‌ക്കൊപ്പം
ചെറുപ്പം മുതലെ നിരവധി സിനിമകൾ ഞാൻ കാണുമായിരുന്നു. അപ്പോൾ മുതൽ സിനിമയുടെ ഒരു ഭാഗമാകണമെന്നായിരുന്നു ആഗ്രഹം. 10-ാം ക്ലാസ് മുതൽ സുഹൃത്തുക്കൾക്കൊപ്പം ഷോർട്ട്ഫിലിം ചെയ്യുമായിരുന്നു.
പ്ലസ് ടു കഴിഞ്ഞിട്ടാണ് ഒരു സിനിമ എന്ന സ്വപ്നം ഉദിച്ചത്. പക്ഷേ പല കാരണങ്ങൾ കൊണ്ടും അത് നടന്നില്ല. പിന്നെയാണ് എങ്ങനെ കുറഞ്ഞ ചെലവിൽ സിനിമ പിടിക്കാമെന്ന് ആലോചിച്ചത്. അങ്ങനെയാണ് പതിനായിരം രൂപയ്ക്ക് 'ട്രാൻസിഷൻ' എന്ന സിനിമ ചെയ്യുന്നത്. എം എ ജേണലിസമാണ് ഞാൻ പഠിച്ചത്. സിനിമയുടെ കൂടുതൽ കാര്യങ്ങളും പഠിച്ചത് യൂട്യൂബ് വീഡിയോകൾ കണ്ടാണ്.
ട്രിപ്പിൾ ഡക്കർ കണ്ടിട്ട് അച്ഛൻ കൊള്ളാമെന്ന് പറഞ്ഞു. അമ്മയുടെ പേര് ലതിക. സെന്റ് മേരീസ് പൂജപ്പുര സ്കൂളിലെ മലയാളം അദ്ധ്യാപികയാണ്. അമ്മയും നല്ല സപ്പോർട്ടാണ്. എന്ത് സിനിമ ഞാൻ ചെയ്താലും അമ്മ അഭിനന്ദിക്കാൻ മറക്കില്ല. അനിയൻ ഉണ്ണി കൃഷ്ണൻ ബോഡി ബിൽഡറാണ്. അവനും നല്ല പിന്തുണയാണ് എനിക്ക് നൽകുന്നത്. ചിത്രം കണ്ടിട്ട് ഷൈലോക്ക് ചിത്രത്തിന്റെ സഹ എഴുത്തുകാരൻ ബിബിൻ മോഹൻ വിളിച്ച് അഭിനന്ദിച്ചിരുന്നു.
കുറച്ച് എഴുതിയ തിരക്കഥകൾ കൈയിൽ ഉണ്ട്. പ്രൊഡക്ഷൻ കമ്പനികളുമായി ചർച്ച നടത്തുകയാണ്. എന്റെ തിരക്കഥ വേറെ സംവിധായകൻ ചെയ്യുകയാണെങ്കിലും അതിൽ സന്തോഷമെയുള്ളൂ. അഭിനയത്തോട് വലിയ ആഗ്രഹം എനിക്ക് തോന്നിയിട്ടില്ല.
Director Krishnanunni Mangalath's low-budget film 'Triple Decker,' primarily shot on an iPhone and DSLR, has garnered significant attention since its release on Manorama Max. This marks his second directorial venture, highlighting his approach to filmmaking with minimal resources. The project, scripted by Mangalath and Krishna Poojappura, has received positive audience feedback.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |