SignIn
Kerala Kaumudi Online
Monday, 03 August 2026 3.50 AM IST

പ്രത്യേകതകൾ നിറഞ്ഞ ഉന്മാദത്തിന്റെ വിശേഷങ്ങളുമായി കുഞ്ചാക്കോ ബോബൻ

kunchakko

കുഞ്ചാക്കോ ബോബൻ പൊലീസ് വേഷത്തിൽ വരുന്നത് കാണാൻ പ്രേക്ഷകർക്ക് ഇഷ്ടം കൂടുതൽ ആണ്. വീണ്ടും പൊലീസ് കുപ്പായം അണിയുന്ന 'ഉന്മാദം' പ്രേക്ഷകരെ ഉന്മാദിപ്പിക്കുന്നു. പ്രശസ്ത എഡിറ്റർ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. പൊലീസ്‌ സിനിമകളുടെ 'പൊലീസ്' ആയ ഷാഹി കബീർ രചന നിർവഹിക്കുന്നു. കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ആദ്യമായി ഒരുമിക്കുന്നു. പ്രത്യേകതകൾ ഏറെ നിറഞ്ഞ ഉന്മാദത്തിന്റെ വിശേഷങ്ങളുമായി കുഞ്ചാക്കോ ബോബൻ.

'ഉന്മാദം' സിനിമയിലെ പൊലീസ്കഥാപാത്രം മുൻപ് അവതരിപ്പിച്ച നിയമപാലകരിൽനിന്ന് എങ്ങനെയാണ് വേറിട്ടതാകുന്നത്?

നേരത്തേ അവതരിപ്പിച്ച പൊലീസ് കഥാപാത്രങ്ങളിൽനിന്നും സിനിമകളിൽനിന്നും വ്യത്യസ്തം ആണ് എന്നുതന്നെയാണ് "ഉന്മാദം' ചെയ്യാൻ ഒരു കാരണം. ഷാഹി കബീറുമായി നായാട്ടിൽ നിന്ന് തുടങ്ങി, ഓഫീസർ ഓൺ ഡ്യൂട്ടിയിലൂടെ സഞ്ചരിച്ച് ഉന്മാദത്തിൽ എത്തുമ്പോൾ മറ്റു രണ്ടു സിനിമകളിൽ നിന്ന് എത്രമാത്രം ആ കഥകളും കഥാപാത്രങ്ങളും വ്യത്യസ്തമാക്കാം എന്നതിൻ്റെ ഉത്തരം കൂടിയാണ് ഉന്മാദവും അതിലെ ഷെല്ലിയും. എന്തുകൊണ്ട് താടിയുള്ള പൊലീസുകാരൻ എന്നതുതന്നെ ആദ്യത്തെ ഒരു മാറ്റത്തിൻ്റെ കാഴ്ച എന്ന് പറയാം.

പൊലീസ് കഥാപാത്രങ്ങൾ വലിയ വിജയങ്ങൾ സമ്മാനിക്കുമ്പോൾ ഉത്തരവാദിത്വം കൂടുന്നുണ്ടോ?

പൊലീസ് വേഷങ്ങൾ മാത്രമല്ല, ഏതുതരം കഥാപാത്രങ്ങളും സിനിമകളും അംഗീകരിക്കപ്പെടുമ്പോൾ ഉത്തരവാദിത്വത്തിനൊപ്പം അത് ഒരു ഊർജ്ജം കൂടി നൽകാറുണ്ട്. മുൻപോട്ടുള്ള യാത്രയിൽ വ്യത്യസ്‌തമായ കഥാപാത്രങ്ങളും സിനിമകളും കൈകാര്യം ചെയ്യാനും ഏറ്റെടുക്കാനും ധൈര്യവും പ്രോത്സാഹനവും കൂടിയാണ് പ്രേക്ഷകർ തരുന്നത്. തീർച്ചയായും അത് ആസ്വദിക്കുന്നുണ്ട്. അല്ലെങ്കിൽ ഇങ്ങനെയൊരു അവസരത്തിനു വേണ്ടിയാണ് പ്രയത്നിച്ചതെന്ന് വേണമെങ്കിൽ പറയാം.

ഷാഹി കബീറുമായി വീണ്ടും ഒത്തുചേരുമ്പോൾ എന്തെല്ലാമാണ് പ്രതീക്ഷകൾ?

ഞങ്ങൾ രണ്ടുപേരും ഇതിനു മുൻപ് ഒരുമിച്ച സിനിമകളിൽ നിന്നും കഥാപാത്രങ്ങളിൽ നിന്നും മാറ്റങ്ങൾ ഉൾക്കൊണ്ട് തന്നെയാണ് ഉന്മാദത്തിലേക്കും ഷെല്ലിയിലേക്കും എത്തുന്നത്. ഈ പ്രാവശ്യം മുൻകാല ഷാഹി ചിത്രങ്ങളേക്കാൾ ഒരു ഡാർക് അല്ലാത്ത സിനിമയായിരിക്കും എന്ന വിശ്വാസം ഉണ്ട്. ഷാഹി ചിത്രം ആദ്യമായി ഒരു സൂപ്പർ നാച്വറൽ ഗണത്തിലേക്ക് കൂടിയും സഞ്ചരിക്കുന്നു. വ്യത്യസ്ത പ്രതലവും സാഹചര്യവും കഥാപാത്ര സൃഷ്ടിയും തീർച്ചയായും ഉന്മാദത്തിലുണ്ട്. കൂടാതെ ഷാഹിയുടെ ജീവിതാനുഭവങ്ങളിൽ നിന്ന് പല കാര്യങ്ങളും, അതു കുറുച്ചുകൂടി സിനിമാറ്റിക് ആയും പ്രേക്ഷകർക്ക് ആസ്വാദകരമായും അവതരിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്.

കിരൺ ദാസ്, ഷിഫിന, രഞ്ജിത് വർമ്മ, വിഷ്ണു രവികുമാർ. നവാഗത സംവിധായകരോടൊപ്പം ചേരുന്നത് യാദൃച്ഛികമാണോ?

അതെല്ലാം വളരെ യാദൃച്ഛികമായി സംഭവിക്കുന്നതാണ്. ആത്യന്തികമായി കഥയും കഥാപാത്രങ്ങളും ഇഷ്ടപ്പെടുകയും അതിനുശേഷം ആണ് സംവിധായകരിലേക്കുള്ള ഒരു നോട്ടം വരുന്നത്. തീർച്ചയായിട്ടും, നല്ല സംവിധായകനിലേക്ക് വരുമ്പോൾ നടൻ എന്ന നിലയിൽ ജോലി എളുപ്പമാക്കുന്നു എന്നത് സത്യം ആണ്. അതിനും അപ്പുറം പുതിയ ആളുകളുടെ ഒരു 'ഫയർ' എന്നിലേക്കും പകർന്നുകിട്ടുക എന്നതും അല്ലെങ്കിൽ പുതിയ കാഴ്ചയും കാഴ്ചപ്പാട്ടം ഉള്ള ആളുകളുമായി ഒത്തുചേരുന്നതും ആസ്വദിക്കുന്നുണ്ട്. വേറൊരു രീതിയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ള സാഹചര്യം അവരും തരുന്നു. കിരൺ ദാസ് പ്രശസ്ത നായ ചിത്രസംയോ ജകനാണ്. കലാപരമായും വാണിജ്യപരമായും വിജയിച്ച നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കിരൺ ദാസിന്റെ ആദ്യ സംവിധാന സംരംഭം ആണെങ്കിൽ പോലും, എഡിറ്റർ ഒരു സംവിധായകൻ കൂടി ആണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ആ രീതിയിൽ കിരൺ ദാസ് ഒരു നവാഗത സംവിധായകൻ എന്ന് പൂർണമായും പറയാൻ സാധിക്കില്ല. ഷിഫിനയും രഞ്ജിത്തും വിഷ്ണുവും എല്ലാം കുറെനാളായി സിനിമയിൽ പ്രവർത്തിക്കുന്നവരാണ്. അവർ ആദ്യമായി സംവിധായക കുപ്പായം അണിയുന്നു എന്നേ ഉള്ളൂ. സിനിമയോടുള്ള പാഷനും ഇഷ്ടവും ആഗ്രഹവും കഠിനാദ്ധ്വാനവും കഴിവും എല്ലാം ഉള്ളവർ. ഇവരോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ ഒരുപാട് സന്തോഷമുണ്ട്.

'അനിയത്തി പ്രാവി'ന് മുപ്പതു വയസാകുമ്പോഴും സുധിയെ പ്രേക്ഷകർഇപ്പോഴും സ്നേഹിക്കുന്നു?

അനിയത്തി പ്രാവും, സുധിയും ആ സിനിമയിലെ മറ്റ് എല്ലാ കഥാപാത്രങ്ങളും ഇപ്പോഴും പ്രേക്ഷകരുടെ മനസിൽ നിറഞ്ഞുനിൽക്കുന്നത് ഭാഗ്യവും അനുഗ്രഹവുമായി കരുതുന്നു. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും പ്രേക്ഷകരുടെ ഇഷ്ടവും വാത്സല്യവും ലഭിക്കുന്നത് ഒരു അഭിനേതാവ് എന്ന നിലയിൽ ഞാൻ അർഹിക്കുന്നതിന് അപ്പുറം ഉള്ള സ്നേഹം കൂടി ആണ്. മുൻപോട്ടുള്ള യാത്രയ്ക്ക് കരുത്തും നൽകുന്നുണ്ട്. വലിയ, വലിയ സന്തോഷം തരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KUNCHAKO BOBAN, INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA