SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.50 AM IST

കടലിന് മുകളിൽ കടത്തിയാൽ ഞങ്ങൾ കടലിൽ എറിയും: കെ ടി ജലീലിനെ പ്രതീകാത്മകമായി കടലിൽ എറിഞ്ഞ് പ്രതിഷേധം

k-t-jaleel
ഫോട്ടോ:ശ്രീധർലാൽ.എം.എസ്

കൊല്ലം: എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റും എൻ.ഐ.എയും ചോദ്യം ചെയ്‌തതിനു ശേഷം കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് വിധേയനാകാനിരിക്കുന്ന മന്ത്രി കെ.ടി ജലീൽ രാജി വയ്ക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ പ്രതിഷേധം ആളിക്കത്തുമ്പോൾ വ്യത്യസ്‌തമായൊരു സമരം കൊല്ലത്ത് നടന്നു. കൊല്ലം തിരുമുല്ലവാരത്താണ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വേറിട്ടൊരു സമരപരിപാടി അരങ്ങേറിയത്. കെ.ടി ജലീലിന്റെ കോലം പ്രതീകാത്മകമായി അറബിക്കടലിൽ എറിഞ്ഞായിരുന്നു പത്തോളം വരുന്ന സംഘത്തിന്റെ പ്രതിഷേധം. സമരം കണ്ട പലർക്കും സംഭവം കൗതുകമായി. സെക്രട്ടറിയേറ്റിന് മുമ്പിലും വിവിധ ജില്ലാ കേന്ദ്രങ്ങളിലും ജലപീരങ്കിയും ലാത്തിയടിയുമൊക്കെയായി സമരം പ്രക്ഷുബ്‌ധമാകുന്നതിനിടയ്‌ക്ക് കൊല്ലത്തെ സമരരീതി ഇനിയൊരു ട്രെൻഡായി മാറുമോയെന്നാണ് കണ്ടറിയേണ്ടത്.

ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുളള മറ്റ് പ്രതിഷേധ സമരങ്ങൾ തുടർച്ചയായ ഒമ്പതാം ദിവസമായ ഇന്നും തുടർന്നു. ഇന്ന് കോഴിക്കോട്, കാസർകോട്, പത്തനംതിട്ട എന്നിവിടങ്ങളിൽ‌ യൂത്ത് കോൺ​ഗ്രസിന്റെ പ്രതിഷേധ മാർച്ചിനിടെ സം​ഘർഷമുണ്ടായി. കോഴിക്കോട് കളക്ട്രേറ്റിനു മുമ്പിൽ പൊലീസ് പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകം പ്രയോ​ഗിച്ചു. പ്രതിഷേധം ഉദ്ഘാടനം ചെയ്തതോടെ പ്രവർത്തകർ ബാരിക്കേഡുകൾ മറികടന്ന് അകത്തേക്ക് കയറാൻ ശ്രമിച്ചതാണ് രംഗം വഷളാക്കിയത്.

പൊലീസ് ജലപീരങ്കി പ്രയോ​ഗിക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാറുകൾ മൂലം അത് പ്രാവർത്തികമായില്ല. ഇതിനോടകം പലയിടത്തും പ്രവർത്തകർ ബാരിക്കേഡുകൾ തകർത്തിരുന്നു. പൊലീസിനു നേരെ കല്ലേറും ഉണ്ടായി. തുടർന്നാണ് പൊലീസ് പ്രവർത്തകർക്ക് നേരെ കണ്ണീർവാതകം പ്രയോ​ഗിച്ചത്. എന്നിട്ടും പ്രവർത്തകർ പിന്മാറാൻ തയ്യാറായില്ല. പിന്നീട് പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഘർഷങ്ങൾക്കൊടുവിൽ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

കളക്ട്രേറ്റിലേക്കുള്ള മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് പത്തനംതിട്ടയിൽ നേരിയ തോതിൽ സംഘർഷമുണ്ടായത്. പൊലീസും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കള്ക്ട്രേറ്റിന്റെ മുൻവശത്തെ ​ഗേറ്റ് പൊലീസ് ബാരിക്കേഡുകൾ കൊണ്ട് അടച്ചിരുന്നു. അതുവഴി അകത്തു കടക്കാൻ ശ്രമിക്കാതെ പിൻവശത്തെ ​ഗേറ്റിൽ കൂടി പ്രവർത്തകർ അകത്തേക്ക് കടക്കാൻ ശ്രമിച്ചു. ഇതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. സംഘർഷത്തിൽ യൂത്ത് കോൺ​ഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണന് പരിക്കേറ്റു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KT JALEEL, YOUTH CONGRESS PROTEST, GOLD SMUGGLING CASE, PROTEST AGAINST KT JALEEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA