
തിരുവനന്തപുരം:സമയത്ത് പണം കൈമാറാതെ കഴിഞ്ഞ സർക്കാർ ഉഴപ്പിയതു കാരണം 2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം തദ്ദേശഫണ്ടിലെ 3863.75കോടിയും ഉപയോഗിക്കാനാകാതെ പാഴായെന്ന് സി.എ.ജി.റിപ്പോർട്ട്. അതത് സാമ്പത്തികവർഷത്തിൽ വിനിയോഗിച്ചില്ലെങ്കിൽ തദ്ദേശഫണ്ടുകൾ പാഴാകും. ഇത് അറിയാമെന്നിരിക്കെ സംസ്ഥാനസർക്കാർ തുക കൈമാറിയത് 2024 മാർച്ച് 30നാണ്. 2023 നവംബർ 25നകം തുക കൈമാറേണ്ടതായിരുന്നു.
പഞ്ചായത്തുകൾക്കും നഗരസഭകൾക്കും മെയിന്റനൻസ്, വികസന ചെലവ്, പൊതു ആവശ്യചെലവ് എന്നിവയ്ക്ക് വിനിയോഗിക്കേണ്ട തുകയാണ് പാഴായത്. നഗരസ്ഥാപനങ്ങൾക്ക് 2318.95കോടിയുൾപ്പെടെ മൊത്തം 11454.89കോടിയാണ് കൈമാറിയത്. ഇതിൽ നഗരപ്രദേശങ്ങളിലെ തദ്ദേശസ്ഥാപനങ്ങൾക്കുളള 495.83കോടിയുൾപ്പെടെ 3863.75കോടിയാണ് പാഴായത്. ഇതുമൂലം വികസന ആവശ്യങ്ങൾക്കുള്ള പദ്ധതിചെലവിൽ വൻകുറവുണ്ടായെന്നും സേവന ചെലവുകൾക്ക് കൂടുതൽ തുക ഉൽപാദനകക്ഷമല്ലാതെ ചെലവാക്കേണ്ടിവന്നതായും ഓഡിറ്റിൽ കുറ്റപ്പെടുത്തി. തദ്ദേശസ്ഥാപനങ്ങളുടെ ധനവിനിയോഗത്തിൽ സംസ്ഥാന സർക്കാർ വലിയ വീഴ്ചയാണ് വരുത്തിയതെന്നും സി.എ.ജി.നിരീക്ഷിച്ചു.
പൊതുസൗകര്യങ്ങളുടെ കാര്യത്തിലും ഗുരുതര അപാകതകളുണ്ടായതായി റിപ്പോർട്ട് കുറ്റപ്പെടുത്തി. പൊതുസ്ഥലങ്ങളിലും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്ന ശൗചാലയങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്ന് സി.എ.ജി. ചൂണ്ടിക്കാണിക്കുന്നു. ഈ കേന്ദ്രങ്ങളിലെ ശൗചാലയങ്ങൾ തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |