SignIn
Kerala Kaumudi Online
Tuesday, 22 September 2026 5.33 PM IST

കൊച്ചുമകൾക്കൊപ്പം കളിയും ചിരിയുമായി കോടീശ്വരൻ

lot

കൊച്ചി: ഓട്ടോറിക്ഷ ഓടിക്കലിന് താത്കാലിക അവധി നൽകി കൊച്ചുമകളുമായി കളിച്ചും ചിരിച്ചും സന്തോഷമായി വീട്ടിലിരിക്കുകയായിരുന്നു കോടീശ്വരൻ ജയപാലൻ ഇന്നലെ. ഓണം ബമ്പറായ 12 കോടി നേടിയ മരട് പൂപ്പനപ്പറമ്പിൽ പി.ആർ. ജയപാലനുമായി സന്തോഷം പങ്കിടാൻ ഇന്നലെ ബന്ധുക്കളും ഒട്ടേറെ സുഹൃത്തുക്കളുമെത്തി. ഞായറാഴ്ച നറുക്കെടുത്ത ബമ്പർ ടിക്കറ്റ് ബാങ്കിൽ ഏല്പിച്ചശേഷം തിങ്കളാഴ്ച രാത്രിയിലാണ് ജയപാലൻ വിവരം പുറത്തുവിട്ടത്.

കൊച്ചുമകൾ വൈശിഖ എത്തിയതായിരുന്നു ജയപാലന്റെ ഇന്നലത്തെ ഏറ്റവും വലിയ സന്തോഷം. മകൻ വൈശാഖിന്റെ മകളാണ് വൈശിഖ. മരുമകൾ കാർത്തികയ്ക്ക് ആലപ്പുഴയിൽ പോസ്റ്റ് ഓഫീസിലാണ് ജോലി. മൂന്നു വയസുകാരിയായ മകൾ വൈശിഖയും അമ്മയ്‌ക്കൊപ്പം ആലപ്പുഴയിലാണ് താമസം. കൊച്ചുമകളെ കളിപ്പിച്ചും സംസാരിച്ചും കഴിയുകയായിരുന്നു ഇന്നലെ മുഴുവൻ. മുത്തച്ഛനൊപ്പം കളിയും ചിരിയുമായി വൈശിഖയും ആഹ്ളാദം പകർന്നു.

കോഴിക്കോട്ട് ഹോമിയോ മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന മകൻ ഡോ. വിഷ്ണുവും ഇന്നലെ വീട്ടിലെത്തി. കുടുംബം മുഴുവൻ ഒന്നിച്ചതിന്റെ സന്തോഷത്തിലാണെന്ന് ജയപാലൻ പറഞ്ഞു.

ചോറ്റാനിക്കരയിലെ ഹോമിയോ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന ഭാര്യ മണിക്ക് ഇന്നലെ നൈറ്റ് ഡ്യൂട്ടിയായിരുന്നു. വൈകിട്ട് ഓട്ടോറിക്ഷയിൽ ഓഫീസിൽ വിടാൻ രാവിലെ തീരുമാനിച്ചെങ്കിലും അതിഥികൾ വന്നതോടെ വേണ്ടെന്നുവച്ചു. നാട്ടുകാരും കൂട്ടുകാരും സഹപ്രവർത്തകരായ ഓട്ടോ തൊഴിലാളികളുമുൾപ്പെടെ ഇന്നലെ വീട്ടിലെത്തി. കോടീശ്വരനായതിന്റെ ഭാവമൊന്നുമില്ലാതെ എല്ലാവരെയും സ്വീകരിച്ചു. മരടിലേക്ക് ഭാഗ്യം കൊണ്ടുവന്നയാൾ എന്നാണ് നാട്ടുകാർ ഇപ്പോൾ വിളിക്കുന്നതെന്ന് ജയപാലൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAM BUMBER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA