SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.59 PM IST

ചാരം മൂടിയ കനൽ..!

Increase Font Size Decrease Font Size Print Page

nambi

ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചനയിൽ പ്രതികളായ മുൻ ഡി.ജി.പി സിബി മാത്യൂസ്, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി ശ്രീകുമാർ തുടങ്ങിയവർക്ക് ഹൈക്കോടതി അനുവദിച്ച മുൻകൂർജാമ്യം സുപ്രീം കോടതി റദ്ദാക്കിയതോടെ സി.ബി.ഐ അന്വേഷിക്കുന്ന ചാരക്കേസ് ഗൂഢാലോചനക്കേസ് വീണ്ടും വഴിത്തിരിവിലായി. രണ്ട് ഡി.ജി.പിമാരടക്കം 18 പൊലീസ്, ഐ.ബി ഉദ്യോഗസ്ഥർ പ്രതികളായ കേസാണിത്.

നമ്പി നാരായണനെ അനധികൃതമായി അറസ്റ്റ് ചെയ്ത് കസ്റ്റഡി പീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ അദ്ദേഹത്തിന് സുപ്രീം കോടതി 50 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചപ്പോൾ ഗൂഡാലോചന അന്വേഷിക്കാൻ സുപ്രീംകോടതി റിട്ട.ജഡ്ജി ഡി.കെ ജയിനിനെ കമ്മിഷനായി നിയമിച്ചിരുന്നു. കമ്മിഷന്റെ റിപ്പോർട്ട് അനുസരിച്ചാണ് നടപടിയെടുക്കാൻ സുപ്രീംകോടതി സി.ബി.ഐക്ക് നിർദേശം നൽകിയത്. തുടർന്നാണ് സി.ബി.ഐ ഗൂഢാലോചനക്കേസ് രജിസ്റ്റർ ചെയ്തത്. മുൻകൂർ ജാമ്യം അനുവദിക്കുമ്പോൾ ഡി.കെ ജയിൻ റിപ്പോർട്ട് പരിഗണിച്ചില്ലെന്നത് പിഴവാണെന്ന് സുപ്രീം കോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഗൂഢാലോചനയ്ക്ക് പിന്നിൽ വിദേശ ശക്തികളുണ്ടെന്ന സി.ബി.ഐ ആരോപണവും കണക്കിലെടുത്തില്ല. ഹർജിക്കാർ വിദേശശക്തികളാൽ സ്വാധീനിക്കപ്പെട്ടതിന് ഒരു തെളിവുമില്ലെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. ഇത് സുപ്രീംകോടതി തള്ളുന്നത് കേസിൽ വളരെ നിർണായകമാണ്.

28വർഷമായിട്ടും ചാരമാവാതെ ഇന്നും സജീവമാണ് ചാരക്കേസ്. നമ്പിനാരായണന്റെ സമാനതകളില്ലാത്ത നിയമപോരാട്ടത്തിലൂടെയാണ് ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ സി.ബി.ഐ എത്തിയത്. മാലിക്കാരികൾ വഴി ക്രയോജനിക് സാങ്കേതികവിദ്യ പാകിസ്ഥാനും വികാസ് എൻജിന്റെ സാങ്കേതികവിദ്യ റഷ്യയ്ക്കും കൈമാറിയെന്നാണ് കേസ്. 1994ൽ ഇന്ത്യയ്ക്ക് ക്രയോജനിക് സാങ്കേതികവിദ്യയില്ല. 1977ൽ ഫ്രാൻസിൽ നിന്ന് ഇന്ത്യ വികാസ് എൻജിൻ സാങ്കേതികവിദ്യ നേടുംമുൻപേ റഷ്യക്ക് ഇത് സ്വന്തമായുണ്ട്. ഇതുചൂണ്ടിക്കാട്ടിയാണ് അടിസ്ഥാനമില്ലാത്തതും കേരളാ പൊലീസിന്റെ വിചിത്രഭാവനയുമാണ് ചാരക്കേസെന്ന് സുപ്രീംകോടതി വിലയിരുത്തിയത്. അന്ന് ഇന്ത്യയ്ക്ക് ഇല്ലാതിരുന്ന ക്രയോജനിക്സ് റോക്കറ്ര് എൻജിൻ സാങ്കേതികവിദ്യ 400കോടിരൂപയ്ക്ക് ചോർത്തിക്കൊടുത്തെന്ന് കേട്ടപാടേ അറസ്റ്റും കേസുമായി ഇറങ്ങിയ പൊലീസിലെ ഉന്നതരാണ് കുരുക്കിലായത്.

നമ്പിനാരായണനെ തനിക്ക് അറിയില്ലായിരുന്നെന്നും ഐബിയും പൊലീസും ചേർന്നാണ് അദ്ദേഹത്തിന്റെ പേര് പറയിച്ചതെന്നും കാലങ്ങൾക്കപ്പുറം സി.ബി.ഐ കസ്റ്റഡിയിലുള്ളപ്പോഴാണ് നമ്പിനാരായണനെ ആദ്യമായി കാണുന്നതെന്നുമാണ് മാലെദ്വീപുകാരി ഫൗസിയഹസന്റെ വെളിപ്പെടുത്തൽ. പൊലീസും ഐ.ബിയും ഭീഷണിപ്പെടുത്തി നമ്പിനാരായണന്റെ പേരുപറയിച്ചെന്നും കുറ്റസമ്മതം വീഡിയോയിൽ പകർത്തുമ്പോൾ നമ്പിനാരായണന്റെ പേര് പേപ്പറിൽ എഴുതിക്കാണിച്ച് വായിപ്പിച്ചെന്നുമാണ് മറിയംറഷീദയുടെ വെളിപ്പെടുത്തൽ.

അന്ന് പതിന്നാലു വയസുള്ള മകൾ ജിലയെ കൺമുന്നിൽ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്നും ചാരവൃത്തിക്കായി മകൾ നാസിഹ മൂന്നുവട്ടമായി 25,000 ഡോളർ തനിക്ക് തന്നെന്ന കള്ളമൊഴി രേഖപ്പെടുത്തിയെന്നുമുള്ള ഫൗസിയയുടെ വെളിപ്പെടുത്തൽ ഗൂഢാലോചനയിലേക്ക് വിരൽചൂണ്ടുന്നതാണ്. ജയിൽമോചിതയായ ശേഷം പൊലീസിനും ഇന്റലിജൻസ് ബ്യൂറോയ്ക്കുമെതിരെ ഫൗസിയ കേസുകൊടുത്തിരുന്നു. മകൻ നാസിഫ് തിരുവനന്തപുരത്ത് ബിസിനസ് ആവശ്യത്തിനെത്തിയപ്പോൾ ഐ.ബി ഉദ്യോഗസ്ഥർ ഹോട്ടലിലെത്തി ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് കേസ് പിൻവലിക്കാൻ മാലെദ്വീപിലെ ഇന്ത്യൻ എംബസിയിൽ എഴുതിനൽകിയെന്നുമുള്ള ഫൗസിയയുടെ വെളിപ്പെടുത്തലും സി.ബി.ഐ അന്വേഷിക്കുകയാണ്.

ചാരക്കേസിലെ നായികമാരിലൊരാളായ ഫൗസിയ ഹസൻ, താൻ നേരിട്ട അതിക്രൂരമായ അതിക്രമങ്ങൾക്ക് നീതികിട്ടാതെ അടുത്തിടെ വിടവാങ്ങിയിരുന്നു. മാലെ ദ്വീപുകാരായ മറിയം റഷീദയെയും ഫൗസിയ ഹസനെയും മർദ്ദിച്ചും ഭീഷണിപ്പെടുത്തിയുമാണ് ചാരക്കേസെന്ന കെട്ടുകഥയുണ്ടാക്കിയതെന്ന് സി.ബി.ഐ നേരത്തേ കണ്ടെത്തിയിരുന്നു. 1994 ഒക്ടോബർ 20ന് തിരുവനന്തപുരത്ത് മറിയം റഷീദ അറസ്റ്റിലായതിന് പിന്നാലെ 1994 നവംബർ 13നാണ് ബംഗളൂരുവിൽ ഫൗസിയ ഹസൻ അറസ്റ്റിലായത്. 1996 മേയ് രണ്ടിന് ചാരക്കേസിലെ ആറുപ്രതികളെയും തെളിവില്ലെന്ന് കണ്ട് വിട്ടയയ്ക്കുംവരെ ഫൗസിയ കസ്റ്റഡിയിലും ജയിലിലും നേരിട്ട കൊടിയപീഡനം ഇന്ത്യയ്ക്കുതന്നെ പിന്നീട് നാണക്കേടായി മാറി. സ്പെഷൽ ബ്രാഞ്ച് മുൻ ഇൻസ്പെക്ടർ മറിയം റഷീദയ്ക്കു നേരെ ലൈംഗികാതിക്രമത്തിനു ശ്രമിച്ചപ്പോൾ വഴങ്ങാതെ വന്നതാണ് കേസിൽ കുടുക്കാൻ കാരണമെന്ന് ചൂണ്ടിക്കാട്ടി ഫൗസിയ ഹസൻ ഹൈക്കോടതിയിൽ ഹർജി നൽകി. രണ്ടുകോടി നഷ്ടപരിഹാരം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

മാലിദ്വീപിൽ സിനിമാ നടിയായിരുന്ന ഫൗസിയ ഹസനെ ഐ.എസ്.ആർ.ഒ ചാരക്കേസിൽ കുടുക്കിയതു നാട്ടുകാരി മറിയം റഷീദയുമായുള്ള സൗഹൃദം മാത്രമായിരുന്നു. ബംഗളൂരുവിൽ താമസിക്കുകയായിരുന്ന ഫൗസിയയെ കാണാൻവേണ്ടി കൂടിയാണു മറിയം മാലിയിൽനിന്നു വന്നത്. മാലി–ബംഗളൂരു യാത്രയ്ക്കിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ മറിയം യാദൃച്ഛികമായി പരിചയപ്പെട്ട ടി.ചന്ദ്രശേഖർ എന്ന വ്യവസായിയാണ് ഈ രണ്ട് സ്ത്രീകളുടെയും ജീവിതം മാ​റ്റിമറിച്ചത്. മകൾ ജിലയ്ക്ക് ബംഗളുരുവിലെ സ്കൂളിൽ പ്രവേശനത്തിന് ശ്രമിക്കുകയായിരുന്നു ഫൗസിയ. സഹായിക്കാമെന്നേറ്റ ചന്ദ്രശേഖരൻ സുഹൃത്തായ തിരുവനന്തപുരം ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞൻ വഴി അന്നത്തെ ഒരു ഐ.ജിയുടെ സഹായം തേടി. ബംഗളൂരുവിൽ നിന്നു ഫൗസിയയെ കൂട്ടി മറിയം തിരികെ തിരുവനന്തപുരത്തെത്തി. മാലിയിലേക്കു മടങ്ങും മുൻപ് ഇരുവരും ഇവിടെ ഒരു ഹോട്ടലിൽ തങ്ങി. ചന്ദ്രശേഖർ വഴി പരിചയപ്പെട്ട ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞൻ ഹോട്ടലിലെത്തി മറിയത്തെ സന്ദർശിച്ചിരുന്നെന്നും മറിയം ഹോട്ടലിലെ നമ്പറിൽനിന്ന് ഇദ്ദേഹത്തെ പലതവണ ഫോണിൽ ബന്ധപ്പെട്ടതാണ് കേസിന് അടിസ്ഥാനമായതെന്നുമാണ് സൂചന.

വിസ കാലാവധി കഴിഞ്ഞും ഇന്ത്യയിൽ താമസിക്കേണ്ടിവന്ന മറിയം റഷീദ കാലാവധി നീട്ടിക്കിട്ടാൻ ഇന്റലിജൻസ് ഓഫീസിൽപോയി അവിടത്തെ ഇൻസ്‌പെക്ടർ വിജയനെ കണ്ടിരുന്നു. നിയമവിരുദ്ധമായി ഇവിടെ തങ്ങിയതിന്റെ പേരിൽ മറിയത്തെ വിജയൻ അറസ്​റ്റ് ചെയ്തു. ഫോൺവിളി ബന്ധം കണ്ടെത്തിയതോടെ, ഔദ്യോഗിക രഹസ്യനിയമത്തിലെ വകുപ്പുകൾ കൂടി ചുമത്തി ചാരക്കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മറിയത്തിന്റെ അറസ്റ്റോടെ ബംഗളൂരുവിലേക്ക് പോയ ഫൗസിയയെ അവിടെനിന്നാണ് അറസ്റ്റ് ചെയ്തത്.

എല്ലാം ഒരു തോന്നലോ

മാലെദ്വീപുകാർ വഴി ബഹിരാകാശ രഹസ്യങ്ങൾ ചോർന്നതായി തനിക്ക് തോന്നലുണ്ടായെന്നാണ് എഫ്.ഐ.ആർ രജിസ്റ്റർചെയ്ത ഉദ്യോഗസ്ഥന്റെ മൊഴി. ചാരക്കേസ് കെട്ടുകഥയാണെന്നും അന്വേഷണം അവസാനിപ്പിക്കണമെന്നും ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ ഐ.ജി ജി.ബാബുരാജ് കേസ് ഡയറിയിൽ രേഖപ്പെടുത്തി. കെട്ടുകഥ സത്യമാക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് സി.ബി.ഐ ഡി.ഐ.ജി പി.എം.നായർ വെളിപ്പെടുത്തിയിട്ടുണ്ട്. വീസകാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോവാതിരുന്ന മാലെദ്വീപുകാരികളെ പൊലീസ് ചാരക്കേസിൽപ്പെടുത്തുകയായിരുന്നു എന്നാണ് സി.ബി.ഐ കണ്ടെത്തൽ. ക്രൈംബ്രാഞ്ച് ഡി.ഐ.ജിയായിരുന്ന സിബി മാത്യൂസിന്റെ നേതൃത്വത്തിൽ എസ്‌.പി ജി.ബാബുരാജ്, ഡിവൈ.എസ്.പി കെ.കെ.ജോഷ്വ, സ്‌പെഷൽ ബ്രാഞ്ച് ഇൻസ്‌പെക്ടർ എസ്.വിജയൻ, ഇൻസ്‌പെക്ടർ എസ്‌.യോഗേഷ്, വഞ്ചിയൂർ എസ്‌.ഐ തമ്പി എസ്.ദുർഗാദത്ത് എന്നിവരുടെ പ്രത്യേക അന്വേഷണസംഘത്തിൽ പേരൂർക്കട സി.ഐ എ.കെവേണുഗോപാൽ, സ്‌പെഷൽബ്രാഞ്ച് ഇൻസ്‌പെക്ടർ സുരേഷ്ബാബു എന്നിവരെ പിന്നീട് ഉൾപ്പെടുത്തി.

ശ്രീകുമാറിനും കുരുക്ക്

നമ്പിനാരായണന്റെയും രമൺശ്രീവാസ്തവയുടെയും പേരുകൾ പറയാൻ ഐ.ബി ഉദ്യോഗസ്ഥൻ ആർ.ബി.ശ്രീകുമാർ ക്രൂരമായി മർദ്ദിച്ചെന്നും സിബി മാത്യൂസ്, എസ്. വിജയൻ എന്നിവർ കള്ളം പറയിക്കാൻ കസ്റ്റഡിയിൽ പീഡിപ്പിച്ചെന്നും മറിയം റഷീദ വെളിപ്പെടുത്തിയിട്ടുണ്ട്.രുവരുടെയും ചിത്രങ്ങൾ കാട്ടിയപ്പോൾ അറിയില്ലെന്നു പറഞ്ഞപ്പോൾ കസേരയെടുത്ത് കാലിൽ അടിച്ചു. 23വർഷങ്ങൾക്ക് ശേഷം ചാനലിൽ കണ്ടപ്പോഴാണ് അത് ശ്രീകുമാറാണെന്ന് മനസിലായത്.

റഷീദയെ ചോദ്യംചെയ്തിട്ടുണ്ടെന്നും മൂന്നാമുറ ഉപയോഗിച്ചില്ലെന്നുമാണ് ശ്രീകുമാറിന്റെ നിലപാട്. 2002ലെ ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്രമോദിക്കെതിരെ നീങ്ങിയതിന് പ്രതികാരം വീട്ടുകയാണെന്നാണ് വിശദീകരണം.

സത്യങ്ങളുമായി

'വിധിക്കു ശേഷം'

കസ്റ്റഡി, ജയിൽവാസക്കാലത്തെ ക്രൂരമായ അനുഭവങ്ങളെക്കുറിച്ച് ഫൗസിയ പുറംലോകം കാണാതെ രണ്ടുപതിറ്റാണ്ട് സൂക്ഷിച്ച കുറിപ്പുകൾ 'വിധിക്കുശേഷം ഒരു ചാരവനിതയുടെ വെളിപ്പെടുത്തലുകൾ' എന്ന പുസ്തകമായി അടുത്തിടെ പ്രസിദ്ധീകരിക്കപ്പെട്ടു. ശ്രീലങ്കയിലെ പാകിസ്ഥാൻ എംബസിയുമായുള്ള ബന്ധം, ചാരപ്പണിക്ക് വ്യാജ പാസ്‌പോർട്ടുണ്ടാക്കി, ശശികുമാർ ഐ.എസ്.ആർ.ഒ ഓഫീസിലേക്ക് കൊണ്ടുപോയി പത്ത് ഫോട്ടോകളും ചാർട്ടുകളും കൈമാറി, നമ്പിനാരായണന്റെയും രമൺ ശ്രീവാസ്തവയുടെയും പേരുകൾ പറയാൻ ബോർഡിൽ വലിയ അക്ഷരത്തിൽ എഴുതിക്കാട്ടി എന്നിങ്ങനെ അന്വേഷണസംഘത്തിന്റെ വഴിവിട്ട നടപടികളെല്ലാം ഈ പുസ്തകത്തിലുണ്ട്. നിരപരാധിയായ താൻ എങ്ങനെ ചാരക്കേസിൽ പ്രതിയാക്കപ്പെട്ടെന്ന് ഫൗസിയ പുസ്തകത്തിൽ അക്കമിട്ടു നിരത്തുന്നുണ്ട്.

TAGS: NAMBI NARAYANAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY