SignIn
Kerala Kaumudi Online
Friday, 03 July 2026 2.08 AM IST

കരുണയുടെ തണലിൽ പുഞ്ചിരികൾ വിടരട്ടെ

sd

കാഴ്‌ചയുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്നത് ഒരു ചൊല്ലാണ്. കാഴ്ച മാത്രമല്ല,​ കേൾവിയും ചലനവും ഉൾപ്പെടെ എല്ലാ ഇന്ദ്രിയാനുഭവങ്ങളുടെയും ശാരീരിക സംവേദനങ്ങളുടെയും കാര്യം അങ്ങനെതന്നെ. ഇല്ലാതിരിക്കുകയോ നഷ്ടമാവുകയോ ചെയ്യുമ്പോഴേ ഒന്നിന്റെ യഥാർത്ഥ മൂല്യം മനസിലാകൂ. അന്ധരും ബധിരരും മൂകരും ചലനശേഷി നഷ്ടപ്പെട്ടവരും ഉൾപ്പെടെയുള്ള ഭിന്നശേഷിക്കാരുടെ ജീവിതത്തെക്കുറിച്ച് സാധാരണഗതിയിൽ നമ്മളാരും ഓർക്കാറുപോലുമില്ല. അല്ലെങ്കിൽ,​ അത്തരം പരിമിതിയുള്ള ഒരാൾ സ്വന്തം കുടുംബത്തിൽ ഉണ്ടായിരിക്കണം. അങ്ങനെയൊരാളും കുടുംബത്തിൽ ഇല്ലാതിരുന്നിട്ടും അവരുടെ ബുദ്ധിമുട്ട് മനസിലാക്കുകയും, അവരെ സ്നേഹത്തോടെ ചേർത്തുപിടിക്കുകയും ചെയ്യുന്ന ഒരച്ഛന്റെയും മകന്റെയും കാരുണ്യത്തിന്റെ കഥ ഇന്നലെ 'കേരളകൗമുദി'യുടെ ഒന്നാംപേജിൽ,​ 'ഈ തുണിക്കട നിശബ്ദം,​ പുഞ്ചിരി സമ്മാനം' എന്ന തലക്കെട്ടിൽ ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

കണ്ണൂർ ഫോർട്ട് റോഡിൽ 'ഷീ കളക്ഷൻസ്' എന്ന വസ്ത്രശാലയുടെ ഉടമയായ എം.വി.ഹാരിസും മകൻ ഷിജിൻ ഹാരിസും,​ തങ്ങളുടെ സ്ഥാപനത്തിൽ ജോലിക്കാരായി ഭിന്നശേഷിക്കാരെ മാത്രം നിയോഗിച്ചതിനെക്കുറിച്ചായിരുന്നു ഞങ്ങളുടെ കണ്ണൂർ ലേഖകൻ കെ.സുജിത് തയ്യാറാക്കിയ ആ റിപ്പോർട്ട്. മൂകരും ബധിരരുമാണ് ഈ വസ്ത്രശാലയിലെ ജീവനക്കാരായ ഏഴുപേരും. നാല് പതിറ്റാണ്ടു മുമ്പ് എംബ്രോയിഡറി യൂണിറ്റ് നടത്തിയിരുന്നപ്പോൾ,​ അന്ന് തൊഴിലാളിയായി ഒപ്പമുണ്ടായിരുന്ന നാരായണന്റെ ബധിരരും മൂകരുമായ രണ്ട് ആൺമക്കളെ പരിചയപ്പെട്ടതോടെയാണ് എം.വി.ഹാരിസിന്റെ ചിന്തയിൽ ഭിന്നശേഷിക്കാരുടെ പ്രയാസങ്ങൾ കടന്നുവന്നത്. അന്ന് പരിചയപ്പെട്ട വിമോഷും വിനീഷും ഇരുപത് വർഷത്തോളമായി ഹാരിസിന്റെ വസ്ത്രശാലയിൽ ജീവനക്കാരായുണ്ട്; ഒപ്പം വേറെ അഞ്ചുപേരും.

സർക്കാർ തലത്തിൽ ഭിന്നശേഷിക്കാരുടെ ക്ഷേമകാര്യങ്ങൾ പരിശോധിച്ച് ഉറപ്പിക്കാനും സഹായത്തിനുമായി സാമൂഹ്യനീതി വകുപ്പും,​ പ്രത്യേക കോർപ്പറേഷനുമൊക്കെ ഉണ്ടെന്നത് നേരുതന്നെ. സർക്കാർ സർവീസിലും അനുബന്ധ സർവീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നാല് ശതമാനമാണ് ഭിന്നശേഷി സംവരണം. ഭിന്നശേഷിക്കാർക്ക് സംവരണം അനുസരിച്ച് നിയമനം ലഭിക്കുന്നുമുണ്ട്. പക്ഷേ,​ അങ്ങനെ കഴിഞ്ഞ പത്തുവർഷത്തിനിടെ നിയമനം ലഭിച്ച ഭിന്നശേഷിക്കാരുടെ കണക്ക് തേടി പി.എസ്.സിയെ സമീപിച്ചപ്പോൾ,​ 'കണക്ക് ക്രോഡീകരിച്ചിട്ടില്ല' എന്ന മറുപടിയാണ് 'ഭിന്നശേഷി കൂട്ടായ്മ' എന്ന സന്നദ്ധ സംഘടനയ്ക്ക് ലഭിച്ചത്! ഇത് എഴുതുന്നതിന്റെ ആവശ്യത്തിനായി സാമൂഹ്യനീതി വകുപ്പിൽ വിവരം തേടിയപ്പോൾ ഞങ്ങൾക്കു കിട്ടിയതും അതേ മറുപടി തന്നെ. സർക്കാർ സംവിധാനത്തിൽ ഭിന്നശേഷി നിയമനങ്ങളുടെ കണക്ക് സൂക്ഷിക്കുന്നില്ല എന്നതല്ല വിഷയം. സംസ്ഥാനത്ത് പല വിധത്തിലുള്ള ശാരീരിക പരിമിതികളുമായി ജീവിക്കുന്നവർ എട്ടുലക്ഷത്തോളമാണ്. സർക്കാർ സർവീസിലെ പരിമിതമായ സംവരണംകൊണ്ട് ഇവരുടെയും ആ കുടുംബങ്ങളുടെയും ക്ഷേമം ഉറപ്പാക്കാനാവില്ലെന്ന് എല്ലാവർക്കും അറിയാം.

കണ്ണൂരിലെ ആ നല്ല മനുഷ്യന്റെയും കുടുംബത്തിന്റെയും മനസിൽ തോന്നിയ സ്നേഹവും കാരുണ്യവും നമുക്കും മാതൃകയാക്കാവുന്നതല്ലേ എന്ന് കുറേപ്പേർക്കെങ്കിലും തോന്നിയാൽ ഭിന്നശേഷിക്കാരിൽ എത്രയോ പേർക്കും അവരുടെ കുടുംബങ്ങൾക്കും അത് ആശ്വാസമാകും! സമൂഹത്തിന്റെ അവഗണന മാത്രമല്ല,​ ക്രൂരമായ അവഹേളനം പോലും നേരിടേണ്ടിവരുന്നവരാണ് ഭിന്നശേഷിക്കാർ. പ്രപഞ്ചവിജ്ഞാനീയത്തെ മാറ്റിമറിച്ച സ്റ്റീഫൻ ഹോക്കിംഗ് എന്ന അദ്ഭുതമനുഷ്യൻ കൈകാലുകളുടെ ചലനശേഷി പൂർണമായും നഷ്ടമായി,​ ചക്രക്കസേരയിൽ ജീവിച്ചാണ് ലോകത്തെ അമ്പരപ്പിച്ചതെന്ന് ഓർക്കണം. സ്വകാര്യ വ്യവസായ സംരംഭകരും,​ വ്യാപാര സ്ഥാപന ഉടമകളുമൊക്കെ തങ്ങളുടെ ജീവനക്കാരിൽ ഭിന്നശേഷിക്കാർക്കു കൂടി ഇടംനല്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. അങ്ങനെ കിട്ടുന്ന ഒരവസരത്തിൽ നിന്ന് ആശ്വാസത്തിന്റെ കഥകൾ മാത്രമല്ല,​ അദ്ഭുതങ്ങൾകൂടി പിറന്നേക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY