SignIn
Kerala Kaumudi Online
Friday, 03 July 2026 2.08 AM IST

നൂറുദിന കർമ്മ പരിപാടികൾ

READ ENGLISH VERSION
j

യു.ഡി.എഫ് സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികൾക്ക് തുടക്കമായിരിക്കുകയാണ്. അതിവേഗം നടപ്പാക്കാൻ കഴിയുന്ന 541 പദ്ധതികളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

മിഷൻ സമുദ്ര‌യുടെ പ്രാരംഭ പ്രവർത്തനങ്ങൾ ഉൾപ്പെടെ 100 ദിവസത്തിനുള്ളിൽ ലക്ഷ്യമിടുന്നുണ്ട്. ഇതാദ്യമായി വയോജന ക്ഷേമത്തിനായി പ്രത്യേക വകുപ്പ് തുടങ്ങിയ സർക്കാരാണിത്. വയോജനങ്ങളുടെ എണ്ണം മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കൂടുതലാണ്. മദ്ധ്യതിരുവിതാംകൂർ പ്രദേശത്തെ ചില വലിയ വീടുകളിൽ താമസിക്കാൻ വയോജനങ്ങൾ മാത്രമേ ഉള്ളൂ എന്ന സ്ഥിതിയുമുണ്ട്. ദീർഘകാലം വിദേശത്തായിരുന്ന പ്രായമായവർ തിരിച്ചെത്തുന്നതിനൊപ്പം ഇവിടെയുള്ള പ്രായമായവരുടെ മക്കൾ വിദേശത്തും അന്യസംസ്ഥാനങ്ങളിലും മറ്റുമായതിനാൽ അവരും വീടുകളിൽ തനിച്ചാവുന്ന സാഹചര്യമാണുള്ളത്.

വയോജന സമൂഹത്തെ പരിപാലിക്കുക എന്നതിനപ്പുറം ഇവരുടെ കഴിവുകൾ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ സംസ്ഥാനത്തിന് എങ്ങനെ സൃഷ്ടിക്കാനാവും എന്നതിനാവണം വകുപ്പ് മുൻതൂക്കം നൽകേണ്ടത്. ഇതിനായി നൂറുദിവസത്തിനുള്ളിൽ ആദ്യപടി എന്നനിലയിൽ എല്ലാ ജില്ലകളിലും പ്രത്യേക ഓഫീസ് സജ്ജമാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഒരു സർക്കാർ പരിപാടിയുടെ ചിട്ടവട്ടങ്ങൾക്കപ്പുറം ഒരു നാടിന്റെ ഉണർവായി മാറുന്ന തരത്തിലാവണം വയോജന ക്ഷേമ വകുപ്പിന്റെ പരിപാടികൾ വിഭാവനം ചെയ്യേണ്ടത്. സാമ്പത്തിക വിദഗ്ദ്ധൻ കൂടിയായ സി.പി. ജോൺ ആവും ഈ വകുപ്പിന്റെ ചുമതലയിലേക്കുവരിക എന്നാണറിയുന്നത്. നവീനമായ മാർഗങ്ങളിലൂടെ ഈ വകുപ്പിനെ ഇന്ത്യയ്ക്ക് മൊത്തം മാതൃകയാവുന്ന രീതിയിൽ വളർത്തിയെടുക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കാം.

നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായുള്ള മറ്റൊരു പ്രധാന ലക്ഷ്യം ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ കാൽലക്ഷത്തോളം എണ്ണം തീർപ്പാക്കുക എന്നതാണ്. ഭൂമി തരംമാറ്റം വേഗത്തിൽ തീർക്കാൻ കഴിഞ്ഞ സർക്കാരും നിരവധി തീവ്രയത്നങ്ങൾ നടത്തിയിരുന്നതാണ്. പക്ഷേ ഇപ്പോഴും ആയിരക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്. ഭൂമി തരംമാറ്റുന്നതിന് നിലവിലുള്ള രീതിയിൽ ആധുനിക സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ള മാറ്റം കൊണ്ടുവരാതെ വേഗത്തിൽ പരിഹരിക്കാനാവില്ല. പഴയ കാലത്ത് കേരളത്തിൽ നിലത്തിനായിരുന്നു വില. പുരയിടത്തിന് വില കുറവായിരുന്നു. അതിനാൽ കേരളത്തിലെ കൂടുതൽ വസ്‌തുക്കളും റവന്യു രേഖകളിൽ നിലമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കാലം മാറിയപ്പോൾ നിലം ആർക്കും വേണ്ടാതായി. പുരയിടത്തിന്റെ വില മുകളിലേക്ക് കുതിക്കുകയും ചെയ്തു. ഈ സാഹചര്യമാണ് ഭൂമി തരംമാറ്റത്തിനായി ജനങ്ങൾ തിടുക്കം കൂട്ടുന്നതിന് ഇടയാക്കിയിരിക്കുന്നത്. ഇത് മനസിലാക്കി നടപടികൾ ലഘൂകരിക്കാനും സർക്കാർ തയ്യാറാകണം.

മനുഷ്യ- വന്യജീവി സംഘർഷം പരിഹരിക്കാനുള്ള പ്രത്യേക പദ്ധതി വിജയിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും നടപടികളും പൂർത്തിയാക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഏറ്റവും കൂടുതൽ വന്യജീവി ആക്രമണങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ സോളാർ സംരക്ഷണ വേലികൾ പോലുള്ളവ തീർക്കാതെ ഇത് പരിഹരിക്കാനാവില്ല. അത് സംസ്ഥാന സർക്കാരിന് മാത്രം കഴിയുന്നതുമല്ല. കേന്ദ്ര സർക്കാരിന്റെ പരമാവധി സഹായം ഇതിനായി ലഭ്യമാക്കാനുള്ള നടപടികളും ഈ മൂന്ന് മാസത്തിനുള്ളിൽ ത്വരിതപ്പെടുത്തുമെന്ന് കരുതാം. നൂറുദിന കർമ്മപദ്ധതിയിൽ പൊതുമരാമത്ത് വകുപ്പ് 36 പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതെല്ലാം അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ടതാണ്. എല്ലാ സർക്കാരും അധികാരത്തിലേറുമ്പോൾ 100ദിന കർമ്മ പദ്ധതികൾ പ്രഖ്യാപിക്കുന്നത് ഒരു ചടങ്ങാണ്. പിന്നീട് ഇതിന്റെ പുരോഗതി ആരായുന്നതും വിലയിരുത്തുന്നതുമൊക്കെ കൃത്യാന്തര ബാഹുല്യത്തിനിടയിൽ വിസ്മരിക്കപ്പെടുന്നതാണ് പതിവ്. അത് ഈ നൂറുദിന കർമ്മപരിപാടിക്ക് ഉണ്ടാകരുത്. മുഖ്യമന്ത്രി വി.ഡി.സതീശന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പദ്ധതികൾ നടപ്പാക്കുക എന്നതിനാൽ കൃത്യം നൂറുദിവസം പൂർത്തിയാവുമ്പോൾ ഇതിന്റെ പുരോഗതി ജനങ്ങളെ അറിയിക്കുമെന്ന് കരുതാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY