SignIn
Kerala Kaumudi Online
Thursday, 02 July 2026 5.12 AM IST

നിയന്ത്രണങ്ങളിൽ കുരുങ്ങരുത് മദ്യനയം

1

സർക്കാർ ഉടമസ്ഥതയിലുള്ള മദ്യ ബ്രാൻഡിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള പരാതിയോട് എക്‌സൈസ് മന്ത്രി പ്രതികരിച്ച രീതി ശ്രദ്ധേയമാണ്. വ്യക്തിപരമായി മദ്യത്തെ പിന്തുണയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ലെങ്കിലും, ഒരു സർക്കാർ സ്ഥാപനത്തിന്റെ ഗുണനിലവാരവും പൊതുജനങ്ങളുടെ താത‌്പര്യവും ഉറപ്പാക്കേണ്ടത് തന്റെ കടമയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതാണ് ജനാധിപത്യത്തിന്റെ യഥാർത്ഥ ആത്മാവ്.

കേരളം ഇന്ന് തുറമുഖാധിഷ്ഠിത സമ്പദ്‌ വ്യവസ്ഥാ നഗരങ്ങളുടെ പട്ടികയിലേക്ക് മുന്നേറുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എക്‌സൈസ് നയത്തെ മുൻകാലങ്ങളെപോലെ വെറും വരുമാനമോ നിയന്ത്രണമോ എന്നനിലയിൽ മാത്രം കാണാതെ വിശാലമായ കാഴ്ചപ്പാടുകളിൽ വിലയിരുത്തപ്പെടേണ്ടതാണ്. ഇന്ന് ലോകമെമ്പാടുമുള്ള നഗരങ്ങളും സംസ്ഥാനങ്ങളും നിക്ഷേപം,​ ടൂറിസം, തൊഴിൽ, പ്രതിഭകൾ എന്നിവയെ ആകർഷിക്കാൻ മത്സരിക്കുമ്പോൾ, അടിസ്ഥാന സൗകര്യവും ജീവിതനിലവാരവും നികുതി ഇളവുകളും മാത്രമല്ല പരിഗണിക്കുന്നത്. അർത്ഥവത്തായ മാനുഷിക അനുഭവങ്ങൾ സൃഷ്ടിക്കാനുള്ള ഒരു നഗരത്തിന്റെ ശേഷിയും പ്രധാന ഘടകമാക്കുന്നു.

കഫേകൾ, മൈക്രോ ബ്രൂവറികൾ, റെസ്റ്റോ ബാറുകൾ, പബ്ബുകൾ, ക്ളബുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി കേന്ദ്രങ്ങൾ തുടങ്ങിയവ ആധുനിക നഗരങ്ങളിൽ ഭക്ഷണ-പാനീയശാലകൾ മാത്രമല്ല, മറിച്ച് കലാസാംസ്കാരിക പരിപാടികൾ, സാമൂഹിക ഇടപെടലുകൾ, ബിസിനസ് നെറ്റ്‌വർക്കിംഗ്, മികച്ച ഭക്ഷണ- പാനീയ അനുഭവങ്ങൾ എന്നിവയ്ക്കുള്ള സംഘടിത വേദികളായി മാറിയിരിക്കുന്നു. ദുബായ്, സിംഗപ്പൂർ, ബംഗളൂരു, ഹൈദരാബാദ് പോലുള്ള നഗരങ്ങൾ ഇതിന്റെ നേട്ടം അനുഭവിച്ചവയാണ്.

ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ പബ്ബുകളും റെസ്റ്റോ ബാറുകളും ഇന്ന് പതിനായിരം ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ളവയും ഭക്ഷണം, സംഗീതം, കല, സംരംഭക സംവാദങ്ങൾ, സാമൂഹിക ഇടപെടലുകൾ എന്നിവയുടെ കേന്ദ്രങ്ങളുമായി വളർന്നു കഴിഞ്ഞു. അതേസമയം, കേരളത്തിലെ പല സ്ഥാപനങ്ങളും ഇന്നും ചെറുവിസ്‌തൃതിയിൽ ഒതുങ്ങിക്കിടക്കുകയാണ്. ഇതിന് പ്രധാനകാരണം നിലവിലുള്ള ബാർ ലൈസൻസിംഗ് സംവിധാനവും ഹോട്ടൽ ക്ളാസിഫിക്കേഷൻ മാനദണ്ഡങ്ങളും മാത്രമല്ല, വലിയ റെസ്റ്റോ ബാർ ഹോസ്പിറ്റാലിറ്റി സ്ഥാപനമായി വളരാൻ ആവശ്യമായ സൗകര്യവും സ്വാതന്ത്ര്യ‌വും നൽകാത്തതു കൊണ്ടുകൂടിയാണ്.

കൂടുതൽ വിസ്തൃതിയുള്ള സ്ഥാപനങ്ങൾ രൂപകൽപ്പന ചെയ്യാൻ അവസരം ലഭിക്കുമ്പോൾ, ബാറുകൾ കേവലം മദ്യവിൽപ്പനകേന്ദ്രങ്ങളായി പ്രവർത്തിക്കുന്നതിൽ നിന്ന് മാറി,​ മികച്ച ഭക്ഷണാനുഭവം, സാമൂഹിക ഇടപെടലുകൾ, സാംസ്കാരിക പരിപാടികൾ, ബിസിനസ് നെറ്റ്‌വർക്കിംഗ്, കലാപരിപാടികൾ എന്നിവയ്ക്കുള്ള സുസംഘടിത വേദികളാകും.

ഈ ചർച്ചയ്ക്ക് മറ്റൊരു നിർണായക മാനവിക അംശവുമുണ്ട്. ലോകം കൃത്രിമ ബുദ്ധിയുടെയും കൃത്രിമ ബുദ്ധിയാൽ പ്രവർത്തിക്കുന്ന റോബോട്ടുകളുടെയും യുഗത്തിലേക്ക് കടക്കുമ്പോൾ മനുഷ്യബന്ധങ്ങൾ ദുർബലപ്പെടുന്നു. അത്തരമൊരു കാലഘട്ടത്തിൽ മനുഷ്യർ നേരിൽ കണ്ടുമുട്ടുകയും ആശയങ്ങൾ കൈമാറുകയും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്ന പൊതുസ്ഥലങ്ങളുടെ പ്രസക്തി കൂടുതൽ വർദ്ധിക്കുകതന്നെ ചെയ്യും.

ആകർഷിക്കപ്പെടണം

ആഗോള നിലവാരം

സർക്കാർ പരിശോധിക്കേണ്ട മറ്റൊരു ആശയം അന്താരാഷ്ട്ര നിലവാരമുള്ള ഹോസ്പിറ്റാലിറ്റി, പബ്ബ് ബ്രാൻഡുകളെ കേരളത്തിലേക്ക് ആകർഷിക്കുന്ന നയപരമായ സാദ്ധ്യതയാണ്. കേരളത്തിലെ നിലവിലുള്ള ഹോസ്പിറ്റാലിറ്റി സംരംഭകരുമായി പങ്കാളിത്ത അടിസ്ഥാനത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള ഹോസ്പിറ്റാലിറ്റി, പബ്ബ് ബ്രാൻഡുകൾ പ്രവർത്തിക്കുക വഴി സേവന നിലവാരം, ഡിസൈൻ, പരിശീലനം, ഉത്തരവാദിത്വമുള്ള ഹോസ്പിറ്റാലിറ്റി സംസ്കാരം തുടങ്ങിയ മേഖലകളിൽ ആഗോള മാനദണ്ഡങ്ങൾ കേരളത്തിലേക്ക് എത്തിക്കാനാകും. അതോടൊപ്പം, പ്രാദേശിക സംരംഭകർക്ക് ലോകോത്തര ബ്രാൻഡുകൾ നിർമ്മിക്കുന്നതിനും സഹായകരമാകും.

നേരിട്ടുള്ള സാമ്പത്തിക നേട്ടങ്ങൾക്കപ്പുറം, അന്താരാഷ്ട്രമായി അറിയപ്പെടുന്ന ബ്രാൻഡുകളുടെ സാന്നിദ്ധ്യം കേരളത്തെ ഒരു ആഗോള നിലവാരത്തിലുള്ള ടൂറിസം- ബിസിനസ് കേന്ദ്രമായി ശക്തമായി അവതരിപ്പിക്കാനാകും.

ഉത്തരവാദിത്വമുള്ള ബാർ സംസ്കാരം വഴി ഇത്തരം ഇടങ്ങൾ യുവാക്കളുടെ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സ്വകാര്യ പാർട്ടികളിൽ നിന്നകറ്റി നിയമപരമായ നിയന്ത്രണങ്ങളുള്ള പൊതുവേദികളിലേക്ക് എത്തിക്കാനും സഹായിക്കും.

അതിനാൽ ഇത്തരം സ്ഥാപനങ്ങൾ നിയന്ത്രണവിധേയമായ സാമൂഹിക സംസ്കാരം വളർത്തുന്നതിൽ സർക്കാരിന്റെ പങ്കാളികളായി മാറാൻ കഴിയും.

പ്രൊഫഷണൽ

ഹോസ്പിറ്റാലിറ്റി

ഇതുവരെയുള്ള സംസ്ഥാന മദ്യനയം പ്രധാനമായും നിയന്ത്രണത്തിന്റെയും സർക്കാർ വരുമാനത്തിന്റെയും ചട്ടക്കൂടിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള ബിവറേജസ് കോർപ്പറേഷൻ വഴി കുറഞ്ഞ വിലയിൽ മദ്യം ലഭ്യമാകുന്നതും അവയുടെ ശാസ്‌ത്രീയമല്ലാത്ത സ്ഥലക്രമീകരണവും സംഘടിത ഹോസ്പിറ്റാലിറ്റി സംസ്കാരത്തിന്റെ വളർച്ചയെ പരോക്ഷമായി ബാധിക്കുന്നു.

ഇതിന് തമിഴ്‌നാട് ഒരു ശ്രദ്ധേയമായ ഉദാഹരണമാണ്. അവിടത്തെ സർക്കാർ സ്ഥാപനമായ TASMAC (റീട്ടെയിൽ ഷോപ്പുകൾ) മുഖേന കുറഞ്ഞ വിലയിൽ മദ്യം വിതരണം ചെയ്യുന്ന നയം കാർഷിക- ഫാക്ടറി സമ്പദ‌്‌വ്യവസ്ഥയുടെ ആവശ്യങ്ങൾക്കനുസൃതമായാണ്. ഇത് ടൂറിസം, ഐ.ടി, ആധുനിക നഗരവികസനം എന്നിവയ്ക്ക് യോജിച്ചതല്ല. നിലവാരമുള്ള റെസ്റ്റോ ബാർ സംസ്കാരവും പ്രൊഫഷണൽ ഹോസ്പിറ്റാലിറ്റി മേഖലയുമെല്ലാം വളരാനുള്ള സാദ്ധ്യതകളെ അത് ഗണ്യമായി പരിമിതപ്പെടുത്തുന്നു.

ഇവിടെ ഉയരുന്ന ചോദ്യം മദ്യോപയോഗം പ്രോത്സാഹിപ്പിക്കണമെന്നല്ല. മറിച്ച്, ഭക്ഷണം, സംസ്കാരം, വിനോദസഞ്ചാരം, സാമൂഹിക ഇടപെടൽ, ഉത്തരവാദിത്വമുള്ള ആതിഥേയത്വം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന, കൂടുതൽ പ്രൊഫഷണലായ ഹോസ്പിറ്റാലിറ്റി അന്തരീക്ഷം കേരളത്തിന് സൃഷ്ടിക്കാനാകുമോ എന്നതാണ്. അതാണ് ഭാവികേരളത്തിന്റെ നഗരവികസനത്തെയും വിനോദസഞ്ചാര മത്സരശേഷിയെയും നിർണയിക്കുന്ന യഥാർത്ഥ ചോദ്യവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALCHOHOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY