SignIn
Kerala Kaumudi Online
Monday, 22 June 2026 2.24 AM IST

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി പുനഃപരിശോധിച്ചേക്കും

1

തിരുവനന്തപുരം: യു.ഡി.എഫിലോ പാർട്ടിയിലോ ചർച്ച ചെയ്യാതെ തീരുമാനമെടുത്തെന്ന ആക്ഷേപത്തെ തുടർന്ന്,​ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനത്തിനുള്ള ബഡ്ജറ്റിലെ വില്പന നികുതി നിർദ്ദേശം പുനഃപരിശോധിച്ചേക്കും. വീര്യം കുറവെങ്കിലും പുതുതലമുറയ്ക്ക് പുതിയ ലഹരി വാതായനം ഇതിലൂടെ തുറക്കുമെന്ന ആശങ്കയുമുണ്ട് . മദ്യ മേഖലയിലൂടെയുള്ള വരുമാനം ഇടിയുകയും ചെയ്യും .

0.5 ശതമാനം മുതൽ പത്ത് ശതമാനം വരെ വീരമുള്ള മദ്യത്തിന് 120 ഉം,​ 10 ന് മുകളിൽ 20 % വരെ വീര്യമുള്ളതിന് 175 ഉം

ശതമാനം നികുതിയാണ് നിശ്ചയിച്ചത്. വീര്യം കുറഞ്ഞ മദ്യത്തിന് എൽ.ഡി.എഫ് സർക്കാർ ചട്ടഭേദഗതി കൊണ്ടുവന്നെങ്കിലും നികുതി ഇളവ് നൽകിയിരുന്നില്ല. കാർഷികോത്പന്നങ്ങളിൽ നിന്നുള്ള വൈൻ, മദ്യം, വീര്യം കുറഞ്ഞ മദ്യം എന്നിങ്ങനെ മൂന്ന് ചട്ടഭേദഗതികളാണ് കൊണ്ടുവന്നത്. കശുമാങ്ങ, കൈതച്ചക്ക, ചക്ക, വാഴപ്പഴം , ജാതിക്കയുടെ തൊണ്ട് എന്നിവയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യവും മൂല്യവർദ്ധിത ഉത്പന്നങ്ങളും ഉത്പാദിപ്പിച്ച് കർഷകർക്ക് അധിക വരുമാനമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇത്തരം മദ്യനിർമ്മാണത്തിന് സംരംഭകർ തയ്യാറാകുന്നില്ല.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് അനുവദിക്കാനുള്ള സർക്കാർ ആലോചന അറിഞ്ഞ് പ്രമുഖ മദ്യനിർമ്മാതാക്കളായ ബക്കാർഡി ഇന്ത്യ കഴിഞ്ഞ സർക്കാരിന് പ്രൊപ്പോസൽ നൽകിയിരുന്നു. അനുയോജ്യമായ നികുതി ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷ 2024 മാർച്ച് നാലിനാണ് സർക്കാരിന് സമർപ്പിച്ചത്. മറ്റു വൻകിട മദ്യ നിർമ്മാതാക്കളും ഇക്കാര്യത്തിൽ താത്പര്യം പ്രകടമാക്കിയപ്പോഴാണ് ധനവകുപ്പിന്റെ എതിർപ്പ് വന്നത്. ഇപ്പോഴത്തെ നികുതിയിളവ് കർഷകർക്ക് പകരം വൻകിട മദ്യനിർമ്മാതാക്കളെ സഹായിക്കുന്നതാണെന്നാണ് പ്രതിപക്ഷ ആരോപണം.

നികുതി നിരക്കുകൾ

(ബ്രായ്ക്കറ്റിൽ വീര്യം)

ഇന്ത്യൻ നിർമ്മിത വിദേശമദ്യം- 251 % ( 42.86)

വൈൻ - 86 % (8 മുതൽ 15.5% വരെ)

ബീയർ - 116 % ( 5.5 മുതൽ 6 %വരെ)

ഹോർട്ടി വൈൻ - 86% ( 5 മുതൽ 15.5% വരെ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALCHOHOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA