
പുതുതലമുറകളെ വാർത്തെടുക്കേണ്ട കോളേജ് ക്യാംപസുകൾ തന്നെ ജാതിയുടേയും നിറത്തിന്റേയും പേരിൽ വിദ്യാർത്ഥികളെ വേർതിരിക്കുകയും അവരെ മരണത്തിലേക്ക് തള്ളി വിടുകയും ചെയ്ത ദാരുണ സംഭവത്തിനാണ് കഴിഞ്ഞ ദിവസം കണ്ണൂർ സാക്ഷ്യം വഹിച്ചത്. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശി ആർ.എൽ. നിഥിൻ രാജാണ് (23) മരിച്ചത്. കഴിഞ്ഞ ഒൻപതിനാണ് അദ്ധ്യാപകരിൽ നിന്നും നേരിടേണ്ടി വന്ന കടുത്ത ജാതി അധിക്ഷേപത്തേയും മാനസിക പീഡനത്തെയും തുടർന്ന് നിധിൻ കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. ജാതിയും നിറവും പറഞ്ഞ് അദ്ധ്യാപകർ അധിക്ഷേപിച്ചതാണ് നിധിൻ രാജിനെ ആത്മത്യയിലേക്ക് നയിച്ചതെന്ന് സുഹൃത്തുക്കളും ഇതിനോടകം തുറന്നു പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെയും അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീതയെയും സസ്‌പെൻഡ് ചെയ്യുകയുമുണ്ടായി. വകുപ്പ് മേധാവി നിതിനെ പുഴുത്ത പട്ടിയെന്ന് വിളിച്ചെന്നും നിറത്തിന്റെ പേരിലും അധിക്ഷേപിച്ചെന്നും കുടുംബം ആരോപിച്ചു. പിന്നാലെയാണ് കോളേജ് പ്രിൻസിപ്പൽ ഡോ. വിനോദ്മണി നടപടിയെടുത്തത്. സംഭവം അന്വേഷിക്കാൻ സമിതിയും രൂപീകരിച്ചിട്ടുണ്ട്.ചക്കരക്കൽ പൊലീസിൽ നിതിന്റെ സഹോദരീ ഭർത്താവ് അശോക്‌കുമാർ നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, അന്വേഷണത്തെ വഴിതെറ്റിക്കാൻ ആദ്യഘട്ടത്തിൽ കോളേജ് അധികൃതർ ശ്രമിച്ചതായും ആരോപണമുയർന്നു. നിതിൻ ലോൺ ആപ്പിൽ കുടുങ്ങിയെന്നും ആത്മഹത്യയ്ക്ക് കാരണം അതാകാമെന്നുമാണ് കോളേജ് അധികൃതർ വിശദീകരിച്ചത്. എന്നാൽ കൂടുംബം ഇത് ശക്തമായി എതിർക്കുകയും പിന്നീട് മറ്റ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയതും കോളേജ് അധികൃതരുടെ ഈ വാദത്തെ പൊളിക്കുകയായിരുന്നു .സംഭവത്തിൽ ആരോപണ വിധേയനായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ.റാം നിലവിൽ ഒളിവിലാണ്. എൽ. നിധിൻരാജിന്റെ മരണത്തിന് പിന്നിൽ ജാതി-വർണ അധിക്ഷേപമുണ്ടെന്ന ആരോപണം സംബന്ധിച്ച് വിവിധ ദിനപത്രത്തിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറോട് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കാൻ നിർദ്ദേശിച്ചു.
നിലവിൽ ഡോ. റാമിനെതിരെ അവസാന വർഷ വിദ്യാർത്ഥികൾ രംഗത്ത് വന്നിരിക്കുകയാണ്. മറ്റുള്ള വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും മുന്നിൽ വച്ചും അല്ലാതെയും വിദ്യാർത്ഥികളെ മാനസികമായും ശാരീരികമായും അധിക്ഷേപിക്കുന്നത് ഡോ. റാമിന്റെ സ്ഥിരം രീതിയാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. മറ്റുള്ള വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും മുന്നിൽ വച്ചും അല്ലാതെയും വിദ്യാർത്ഥികളെ നിറം, ശരീര പ്രകൃതം, കുടുംബം തുടങ്ങി നിരവധി കാര്യങ്ങൾ ചേർത്ത് വച്ച് ആക്ഷേപിക്കും. അകാരണമായി മാർക്ക് കുറയ്ക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. പല വിദ്യാർത്ഥികളും പേടിച്ചിട്ട് ഇക്കാര്യങ്ങൾ വീട്ടുകാരെപോലും അറിയിച്ചില്ല. ചില വിദ്യാർത്ഥികൾ അദ്ധ്യാപകനെതിരേ മുമ്പ് നിരവധി പരാതികൾ നൽകിയിട്ടും കോളജ് അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.
'' പരിക്ഷാ സമയത്ത് എന്റെ ജൂനിയേഴ്സ് അല്ലെങ്കിൽ സുഹൃത്തുക്കൾ ആയിരിക്കും ഡ്യൂട്ടിക്കെത്തുന്നത്. നിങ്ങൾ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ എനിക്ക് പരീക്ഷയിൽ വരെ തോല്പിക്കാൻ സാധിക്കുമെന്ന് പറഞ്ഞാണ് അദ്ധ്യാപകൻ വിദ്യാർത്ഥികളുടെ വായടപ്പിക്കുന്നത്. ഇത് ഇപ്പോൾ തുറന്നു പറയുമ്പോൾ എന്താണ് ഭാവിയിൽ സംഭവിക്കും എന്ന് പറയാൻ സാധിക്കില്ല. ചിലപ്പോൾ എന്നെ പരീക്ഷയിൽ തോല്പിച്ചെന്നും വരും. പക്ഷേ ഇപ്പോൾ വിദ്യാർത്ഥികൾ അയാൾക്കെതിരേ പരാതി നൽകികഴിഞ്ഞു. അതിനാൽ ഇനി എന്തു സംഭവിച്ചാവലും കുഴപ്പമില്ല. വിദ്യാർത്ഥികളെ തടിച്ചതാണ്, കറുപ്പാണ് തുടങ്ങിയ ആക്ഷേപങ്ങൾ സ്ഥിരമായി ഉന്നയിക്കുമായിരുന്നു. പേരന്റ്സ് മീറ്റിംഗിന് രക്ഷിതാക്കൾ വരുമ്പോൾ അവരുടെ മുന്നിൽ വച്ച് വിദ്യാർത്ഥികളെ പരമാവധി അപമാനിക്കും. വളരെ മോശമാായ രീതിയിൽ അവരെകുറിച്ച് രക്ഷിതാക്കളോട് സംസാരിക്കും. അവരുടെ മുന്നിൽ വച്ച് ഉത്തരകടലാസുകൾ വലിച്ചെറിയും. നിങ്ങളുടെ കുട്ടി വൈവ പൂർത്തിയാക്കില്ല, പരീക്ഷയ്ക്ക് പാസാകില്ല തുടങ്ങിയ കാര്യങ്ങൾ പറഞ്ഞ് രക്ഷിതാക്കളുടെ മുന്നിൽ വച്ച് ഭീക്ഷണിപ്പെടുത്തും. വിദ്യാർത്ഥികളോ രക്ഷിതാക്കളോ എന്തെങ്കിലും പ്രതികരിച്ചാൽ വിദ്യാർത്ഥികളെ വൈവയിൽ തോല്പിക്കുകയോ പരീക്ഷ എഴുതിപ്പിക്കാതിരിക്കുകയോ ചെയ്യും. പല കുട്ടികളെയും ഇത്തരത്തിൽ തോല്പിച്ചിട്ടുണ്ട്. അവസാന വർഷ വിദ്യാർത്ഥി നയന നിഷികാന്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. അവസാന വർഷ വിദ്യാർത്ഥികൾ ഓരോരുത്തരും ഇത്തരത്തിൽ നിരവധി പരാതികളാണ് ഇപ്പോൾ ആരോപണ വിധേയനായ അദ്ധ്യാപകനെതിരെ ഉന്നയിക്കുന്നത്.
അഞ്ചരക്കണ്ടിയിൽ ആളിക്കത്തി പ്രതിഷേധം
നിതിൻരാജിന്റെ മരണത്തെ തുടർന്ന് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ പ്രതിഷേധം ആളിപ്പടരുകയാണ് . വിവിധ സംഘടനകൾ ഡെന്റൽ കോളേജ് ക്യാംപസിലേക്ക് നടത്തിയ പ്രതിഷേധം സംഘർഷഭരിതമായി. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് സ്ഥലത്ത് ശക്തമായ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. എസ്.എഫ്.ഐ കോളേജിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. കോളേജിന്റെ ബാരിക്കേഡ് മറികടന്ന് അകത്ത് കയറിയ പ്രവർത്തകർ ക്യാംപസിന് മുന്നിൽ പ്രതിഷേധിച്ചു. സമരക്കാർ ക്യാംപസിന് മുൻവശത്തെ കവാടത്തിന്റെ ഗ്ലാസും പൂച്ചട്ടികളും തകർത്തു. ഇന്നലെ ഡോ. എം.കെ. റാമിന്റെ ഭാര്യയുടെ പേരിലുള്ള ക്ലിനിക്കിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്ഥാപനത്തിന്റെ ബോർഡുകൾ തകർത്ത് തീയിട്ടു. ഇന്നലെ രാവിലെ പത്തരയോടെയാണ് എടക്കാട് ടൗണിൽ പ്രവർത്തിക്കുന്ന ഡോ. ദിൽന ദന്തൽ ക്ലിനിക്കിലേക്ക് പ്രവർത്തകർ മാർച്ച് നടത്തിയത്. പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് സ്ഥാപനം അടച്ചിട്ടിരുന്നു. വൻ പൊലീസ് സന്നാഹത്തെ മറികടന്ന് പ്രവർത്തകർ സ്ഥാപനത്തിന്റെ ബോർഡ് തകർത്ത ശേഷം 'ജാതിവെറിയന്റെ കട ഡി.വൈ.എഫ്.ഐ പൂട്ടിച്ചു ' എന്ന ബോർഡും പതിച്ചു. ഇന്നലെ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
കഴിഞ്ഞ ദിവസം നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് കോളേജിലെ അവസാന വർഷ വിദ്യാർത്ഥികൾ പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയിരുന്നു. കറുത്ത ബാഡ്ജ് ധരിച്ചെത്തിയ വിദ്യാർത്ഥികൾ ക്ലാസും ഒ.പിയും ബഹിഷ്കരിച്ചു. കോളേജിൽ അഭിമുഖീകരിച്ച പ്രശ്നങ്ങളും അധിക്ഷേപങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. വലിയ മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഇനിയും പ്രതികരിച്ചില്ലെങ്കിൽ ആത്മഹത്യകൾ ആവർത്തിച്ചേക്കുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു. നിതിന്റെ മരണത്തിനു ഉത്തരവാദികളായ അദ്ധ്യാപകർക്കെതിരെ കർശന നടപടി വേണമെന്നും മുൻകാലങ്ങളിൽ അദ്ധ്യാപകർക്കെതിരെ വിദ്യാർത്ഥികൾ മാനേജ്മെന്റിനു നൽകിയ പരാതികളിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ കോളേജിലേക്ക് മാർച്ച് നടത്തിയത്. കെ.എസ്.യു, എസ്.എഫ്.ഐ, എം.എസ്.എഫ്, എ.ബി.വി.പി, എ.ഐ.എസ്.എഫ് തുടങ്ങിയ വിദ്യാർത്ഥി യുവജന സംഘടനകളും പ്രതിഷേധവുമായി കോളേജിലെത്തിയിരുന്നു.
നിതിൻ രാജിന്റെ മരണം; മുൻകൂർ ജാമ്യം തേടി ഡോ. റാമും ഡോ. സംഗീത നമ്പ്യാരും
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി അദ്ധ്യാപകരായ ഡോ. എം.കെ. റാമും ഡോ. സംഗീത നമ്പ്യാരും. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. നിതിന്റെ മരണത്തിൽ പങ്കില്ലെന്നും ആത്മഹത്യയ്ക്ക് കാരണം ലോൺ ആപ്പിന്റെ ഭീഷണി മൂലമാണെന്നും അദ്ധ്യാപകർ മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. സംഭവദിവസം പ്രിൻസിപ്പലിന്റെ റൂമിൽ താൻ ഇല്ലായിരുന്നുവെന്നും റാം ഹർജിയിൽ പറഞ്ഞു. ഡോ. റാമും സംഗീതയും ഒളിവിൽ തുടരുകയാണ്. ഇരുവരെയും പിടികൂടാൻ വൈകുന്നതിൽ പൊലീസിനെതിരെ വിമർശനം ശക്തമാകുന്നതിനിടെയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. എം.കെ. റാമിനെയും സംഗീതയേയും കോളേജ് സസ്‌പെൻഡ് ചെയ്യുകയും റാമിനെ കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |