
(യോഗനാദം 2026 ഏപ്രിൽ 16 ലക്കം എഡിറ്റോറിയൽ)
ജാതിയെന്നത് ഒരു സാമൂഹ്യ യാഥാർത്ഥ്യമാണ്. ജാതിയുടെയും നിറത്തിന്റെയും പേരിലുളള മുൻവിധികൾ ഇപ്പോഴും പലരുടെയും മനസുകളിൽ നിന്ന് ഒഴിയുന്നില്ല. ജാതി- വർണ ഭ്രാന്തിന്റെ കറുത്ത യുഗത്തിൽ നിന്ന് കേരളത്തെ ഒരു പരിധിവരെ മുക്തമാക്കിയത് ശ്രീനാരായണ ഗുരുദേവനെയും മഹാത്മാ അയ്യങ്കാളിയെയും പോലുള്ള നവോത്ഥാന നായകർ നയിച്ച സാമൂഹ്യ വിപ്ളവങ്ങളാണ്. അതിനെയൊക്കെ അപ്രസക്തമാക്കുന്ന വാർത്തകൾക്കാണ് സംസ്ഥാനം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി ആർ.എൽ. നിതിൻ രാജിന്റെ ആത്മഹത്യ ലോകത്തിനു മുന്നിൽ കേരളത്തെ നാണം കെടുത്തി.
സംസ്ഥാനത്തെ പേരുകേട്ട സ്കൂളുകൾ മുതൽ ഉന്നതവിദ്യാലയങ്ങളിലും സർവകലാശാലകളിലും വരെ ജാതിയുടെയും നിറത്തിന്റെയും സമ്പത്തിന്റെയും കുടുംബ പശ്ചാത്തലത്തിന്റെയും പേരിൽ പൊലിഞ്ഞു പോകുന്ന വിദ്യാർത്ഥികളിലെ ഏറ്റവും അവസാനത്തെ കണ്ണിയാണ് നിതിൻ. സമർത്ഥരായ എത്രയോ വിദ്യാർത്ഥികൾ ഇത്തരം അധിക്ഷേപങ്ങളും പ്രതികാര നടപടികളും സഹിക്കാനാവാതെ പഠനം തന്നെ അവസാനിപ്പിക്കുന്നുണ്ട്. അവരുടെ വേദനകൾ ആരും അറിയാതെ പോവുകയാണ് പതിവ്. തിരുവനന്തപുരം നെടുമങ്ങാട് ഉഴമലയ്ക്കലിലെ പെയിന്റിംഗ് തൊഴിലാളിയായ രാജന്റെയും ലതയുടെയും മകനാണ് പട്ടികജാതി വിഭാഗത്തിൽപ്പെട്ട നിതിൻ. തീർത്തും ദരിദ്ര പശ്ചാത്തലമുള്ള ഒരു കുടുംബത്തിൽ നിന്ന് ഡെന്റൽ കോളേജിൽ മെരിറ്റിൽ അഡ്മിഷൻ കിട്ടിയ നിതിൻ അവരുടെ അഭിമാനമായിരുന്നു. പാവപ്പെട്ട ഒരു കുടുംബത്തിന്റെ സ്വപ്നമാണ്, കുട്ടികളെ വഴികാട്ടാൻ ചുമതലപ്പെട്ട കുറച്ച് അദ്ധ്യാപകരും അവർക്ക് സംരക്ഷണം നൽകിയ സ്വാശ്രയ മാനേജ്മെന്റും ചേർന്ന് തല്ലിക്കൊഴിച്ചത്.
പിന്നാക്ക, പട്ടികജാതി- വർഗ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസം അർഹതപ്പെട്ടതല്ലെന്നാണോ ഇവരുടെയൊക്കെ വിചാരം? മഹാത്മാഗാന്ധിയുടെ പേരിലുള്ള സർവകലാശാലയിലെ പട്ടികജാതിക്കാരിയായ ദീപ പി. മോഹനൻ എന്ന ഗവേഷക വിദ്യാർത്ഥിനിക്ക് ജാതിയുടെ പേരിൽ നഷ്ടമായത് പത്തുവർഷമാണ്. നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി വിഭാഗത്തിലെ ഡയറക്ടറും ഗൈഡുമായ മാന്യനായിരുന്നു വില്ലൻ. ജാതിവിവേചന പരാതികൾ നൽകിയിട്ടൊന്നും ആരും ഗൗനിച്ചില്ല. 2021-ൽ കോട്ടയത്തെ സർവകലാശാലാ ആസ്ഥാനത്തിനു മുന്നിൽ ദിവസങ്ങളോളം സത്യഗ്രഹം നടത്തിയ ശേഷമാണ് ഡയറക്ടറെ നീക്കം ചെയ്ത് ഗവേഷണം പൂർത്തിയാക്കാൻ അവസരം ലഭിച്ചത്. ദീപയുടെ ചങ്കൂറ്റം എല്ലാ വിദ്യാർത്ഥികൾക്കും ഉണ്ടായെന്നു വരില്ല.
സ്വാശ്രയ കോളേജുകളിൽ ചെലവേറിയ പഠനത്തിന് ചേരുന്ന പാവപ്പെട്ടവരിൽ പലരും- അവർ ജാതിയിൽ താണവരാണെങ്കിൽ വിശേഷിച്ചും, എന്തും സഹിച്ച് തുടരാനാണ് നോക്കുക. മിക്കവാറും മാനേജ്മെന്റുകൾ ഇത്തരം അവഹേളനങ്ങൾക്ക് കൂട്ടുനിൽക്കുകയാണ്. നിതിന്റെ സഹപാഠികൾ ഭയന്ന് കോളേജിൽ അവർ നേരിടുന്ന പ്രശ്നങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ലെന്നത് ഈ പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. നിതിനെ തുടർച്ചയായി അധിക്ഷേപിച്ച ഓറൽ പാതോളജി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെതിരെ കോളേജ് മാനേജ്മെന്റിന് വിദ്യാർത്ഥികൾ മുമ്പ് പരാതികൾ നൽകിയിട്ടുണ്ടെങ്കിലും കാര്യമായ ഒരു നടപടിയും ഉണ്ടായിട്ടില്ല.
കോടികൾ ചെലവാക്കിയാണ് പല മാനേജ്മെന്റുകളും കോളേജുകൾ പണിയുന്നത്. വിദ്യാഭ്യാസം കച്ചവടച്ചരക്കാക്കിയാണ് ഇവയിൽ പലതിന്റെയും പ്രവർത്തനം. അഞ്ചരക്കണ്ടി ഡെന്റൽ കോളേജും ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന സ്ഥാപനമാണ്. വിദ്യാർത്ഥികളെ വരുതിയിൽ നിറുത്താൻ ഗുണ്ടാസംഘങ്ങളെ നിയോഗിച്ച കോളേജുകൾ പോലും കേരളത്തിലുണ്ട്. 2016-ൽ ഹൈദരാബാദ് സർവകലാശാലയിലെ രോഹിത് വെമുല ജാതീയ അധിക്ഷേപങ്ങളെ തുടർന്ന് ജീവനൊടുക്കിയ സംഭവം ദേശീയതലത്തിൽ വലിയ ചർച്ചയായിരുന്നു. വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംസ്ഥാനത്ത് ഈ വിഷയത്തിൽ വലിയ സംവാദങ്ങളും നടത്തി. കേരളം ഇത്തരം വിവേചനങ്ങളിൽ നിന്ന് മുക്തമാണെന്ന ചിന്താഗതിയാണ് പൊതുവെയുള്ളത്. പക്ഷേ നിതിന്റെ ആത്മഹത്യ അതൊക്കെ പൊള്ളയാണെന്ന് തെളിയിക്കുന്നു.
ജാതീയമായ വേർതിരിവുകൾ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തും നിലനിൽക്കുന്നുണ്ടെന്ന യാഥാർത്ഥ്യം ഒളിപ്പിച്ചു വയ്ക്കേണ്ട കാര്യമില്ല. സർക്കാർ കോളേജുകളിലും സർവകലാശാലകളിലും വരെ ഇതൊക്കെ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നു. റാംഗിംഗും അദ്ധ്യാപകരുടെയും മാനേജ്മെന്റിന്റെയും മാനസിക പീഡനങ്ങളും മൂലം കഴിഞ്ഞ ഒമ്പതുവർഷത്തിനിടെ അഞ്ച് വിദ്യാർത്ഥികളാണ് കേരളത്തിൽ ജീവനൊടുക്കിയത്. ഇത് നിസാരമായി കാണാനാവില്ല. ഇങ്ങനെ ബലികഴിക്കപ്പെടേണ്ടവരല്ല നമ്മുടെ വിദ്യാർത്ഥികൾ. ഉത്തരവാദികളായ അദ്ധ്യാപകർക്കും മാനേജ്മെന്റിനുമെതിരെ കർക്കശമായ നടപടികൾ സർക്കാരുകൾ സ്വീകരിച്ചാൽ മാത്രമേ ഇതിന് പരിഹാരമുണ്ടാകൂ.
രോഹിത് വെമുലയുടെ ജീവഹത്യയെ തുടർന്ന് ഇത്തരം വിവേചനങ്ങൾക്കെതിരെ 'രോഹിത് വെമുല ആക്ട്" എന്ന പേരിൽ ത്തന്നെ നിയമനിർമ്മാണം നടത്തുമെന്നത് അവിടത്തെ കോൺഗ്രസ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അത് ഇതുവരെ നടപ്പായില്ല. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന് മോശമാണെങ്കിൽക്കൂടി ഇത്തരമൊരു നിയമനിർമ്മാണം ഇവിടയും വേണമെന്ന സാഹചര്യമാണ് നിതിന്റെ ദുര്യോഗം ചൂണ്ടിക്കാണിക്കുന്നത്. വിദ്യാലയങ്ങളിലെ ജാതി വിവേചനത്തിനെതിരെ കർക്കശമായ നിയമ നിർമ്മാണം ഉണ്ടെങ്കിൽ ചിന്താഗതികളിൽ ഏറെ മാറ്റം വരും. വിദ്യാർത്ഥികൾക്കും അത് ആത്മവിശ്വാസം പകരും. എത്രയോ മഹാരഥന്മാരും അഗാധ പണ്ഡിതരുമായ അദ്ധ്യാപകർ ജാതിയും മതവും വർഗവും വർണവും നോക്കാതെ വിദ്യ പകർന്ന നാടാണ് നമ്മുടേത്. അവരെപ്പോലും അവഹേളിക്കുന്ന രീതിയിലേക്കാണ് പുതിയ തലമുറയിലെ ചില 'അദ്ധ്യാപക ശ്രേഷ്ഠരുടെ" വിക്രിയകൾ.
അവർണർക്ക് വഴി നടക്കാൻ അനുവാദമില്ലാത്ത കാലത്ത് വഞ്ചി തുഴഞ്ഞ് എറണാകുളം മഹാരാജാസ് കോളേജിലെത്തി പഠിച്ച് പട്ടികജാതിക്കാരിലെ രാജ്യത്തെ ആദ്യബിരുദധാരിയായ ദാക്ഷായണി വേലായുധന്റെ നാടാണ് കേരളം. ഇന്ത്യയുടെ ഭരണഘടനയ്ക്ക് രൂപം നൽകിയ ഭരണഘടനാ സമിതിയിലെ 15 വനിതാ അംഗങ്ങളിൽ ഒരാളാണ് അവർ. തീർത്തും പ്രതികൂലമായ സാഹചര്യങ്ങളിൽ ജീവിതയാത്രയുടെ ഓരോ ഇഞ്ചിലും പോരാടി വിജയിക്കാൻ ദാക്ഷായണി വേലായുധൻ കാണിച്ച ധൈര്യത്തിന്റെ ഒരംശമെങ്കിലും നമ്മുടെ കുട്ടികൾക്ക് ഉണ്ടായിരുന്നെങ്കിൽ ഇക്കാലത്ത് ജാതിവിവേചനം അലങ്കാരമാക്കിയ അധമന്മാരായ അദ്ധ്യാപകരെയും മാനേജ്മെന്റിനെയും വരച്ചവരയിൽ നിറുത്താൻ കഴിയുമായിരുന്നു. അതിനുള്ള സാഹചര്യം ഒരുക്കാൻ സർക്കാരും സമൂഹവും മുന്നോട്ടു വരണം. നിതിനും സിദ്ധാർത്ഥനും രോഹിത് വെമുലയും നേരിട്ടതു പോലുള്ള പ്രതിസന്ധികളെ തരണം ചെയ്യാനുള്ള പരിശീലനം വിദ്യാർത്ഥികൾക്ക് നൽകണം. പഠനത്തിൽ സമർത്ഥരായാൽ പോരാ, ജീവിതം പോരാടി ജയിക്കാനുള്ള ധൈര്യവും അവരിലേക്ക് പകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |