
ഇന്ത്യയിലെ ഓരോ വ്യക്തിയുടെയും നിയമപരമായ അസ്തിത്വം രേഖപ്പെടുത്തുന്ന അടിസ്ഥാന രേഖകളാണ് ജനന സർട്ടിഫിക്കറ്റും മരണ സർട്ടിഫിക്കറ്റും. പൗരത്വം, വിദ്യാഭ്യാസം, തൊഴിൽ, വിവാഹം, വോട്ടവകാശം, പാസ്‌പോർട്ട്, ആധാർ, സ്വത്തവകാശം, കുടുംബപെൻഷൻ, ഇൻഷ്വറൻസ് ആനുകൂല്യം, അനന്തരാവകാശം തുടങ്ങി ജീവിതത്തിന്റെ എല്ലാ നിർണായക ഘട്ടങ്ങളിലും ഈ രേഖകൾക്ക് സുപ്രധാന സ്ഥാനമുണ്ട്. അതുകൊണ്ടുതന്നെ ജനനവും മരണവും സമയബന്ധിതമായും കൃത്യമായും രജിസ്റ്റർ ചെയ്യപ്പെടേണ്ടത് കേവലം ഒരു ഭരണപരമായ നടപടിയല്ല; വ്യക്തിയുടെ അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട അനിവാര്യമായ നിയമബാദ്ധ്യത കൂടിയാണ്.
ഈ പശ്ചാത്തലത്തിലാണ് 1969ലെ ജനന-മരണ രജിസ്‌ട്രേഷൻ നിയമത്തിലെ വൈകിയുള്ള രജിസ്‌ട്രേഷൻ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കാൻ കേന്ദ്രസർക്കാർ ‘ദി രജിസ്‌ട്രേഷൻ ഓഫ് ബർത്ത്സ് ആൻഡ് ഡെത്ത്‌സ് (അമെൻഡ്‌മെന്റ്) ബിൽ, 2026’ കൊണ്ടുവന്നിരിക്കുന്നത്. ജനനമോ മരണമോ സംഭവിച്ച് വർഷങ്ങൾക്കുശേഷം രജിസ്‌ട്രേഷനായി സമർപ്പിക്കുന്ന അപേക്ഷകൾക്ക് കൂടുതൽ ഉത്തരവാദിത്വപരവും വിശ്വാസ്യതയുള്ളതുമായ പരിശോധന ഉറപ്പാക്കുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം.
നിലവിലുള്ള നിയമപ്രകാരം ജനനമോ മരണമോ ഒരു വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിൽ, കാലതാമസം എത്ര ദൈർഘ്യമുള്ളതായാലും ജില്ലാ മജിസ്‌ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അല്ലെങ്കിൽ അധികാരപ്പെടുത്തിയ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എന്നിവരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ രജിസ്‌ട്രേഷൻ നടത്താൻ കഴിയുമായിരുന്നു. എന്നാൽ ഒരു വർഷം വൈകിയ അപേക്ഷയും പത്തോഇരുപതോ വർഷം വൈകിയ അപേക്ഷയും ഒരേ അധികാരതലത്തിൽ പരിഗണിക്കപ്പെടുന്നതിലെ പ്രായോഗികവും നിയമപരവുമായ പോരായ്മയാണ് പുതിയ ബിൽ പരിഹരിക്കാൻ ശ്രമിക്കുന്നത്.
ബില്ലിലെ പ്രധാന ഭേദഗതി നിലവിലുള്ള നിയമത്തിലെ വകുപ്പ് 13(3)നാണ്. പുതിയ വ്യവസ്ഥ പ്രകാരം ജനനമോ മരണമോ സംഭവിച്ച് ഒരു വർഷം കഴിഞ്ഞെങ്കിലും രണ്ടുവർഷം പൂർത്തിയാകുന്നതിനു മുമ്പ് വിവരം രജിസ്ട്രാർക്ക് നൽകുന്ന പക്ഷം, ജില്ലാ മജിസ്‌ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അല്ലെങ്കിൽ ജില്ലാ മജിസ്‌ട്രേറ്റ് അധികാരപ്പെടുത്തിയ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എന്നിവരിൽ ഒരാളുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ രജിസ്‌ട്രേഷൻ നടത്താം.
ഇത്തരത്തിലുള്ള അപേക്ഷയിൽ ജനനമോ മരണമോ യഥാർത്ഥത്തിൽ നടന്നിട്ടുണ്ടോയെന്നും അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങളും രേഖകളും വിശ്വസനീയമാണോയെന്നും ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് പരിശോധിക്കണം.
പ്രത്യേകം ശ്രദ്ധിക്കേണ്ടത്, ഒരു വർഷം മുതൽ രണ്ടുവർഷം വരെയുള്ള കാലതാമസത്തെ ബിൽ ഇപ്പോഴും ഭരണപരമായ പരിശോധനയുടെ പരിധിയിൽ തന്നെയാണ് നിലനിറുത്തുന്നത് എന്നതാണ്. അതായത് ഇത്തരത്തിലുള്ള അപേക്ഷകളിൽ നേരിട്ട് കോടതിയെ സമീപിക്കേണ്ട ആവശ്യമില്ല. എന്നാൽ അപേക്ഷകൻ ജനനത്തിന്റെയോ മരണത്തിന്റെയോ തെളിവുകളും കാലതാമസത്തിനുള്ള കാരണങ്ങളും സമർപ്പിക്കേണ്ടിവരും. ഇതിലൂടെ യഥാർത്ഥമായ സാഹചര്യങ്ങളാൽ സമയബന്ധിതമായി രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്നവർക്ക് അനാവശ്യമായ ബുദ്ധിമുട്ടുണ്ടാക്കാതെ തന്നെ രേഖകളുടെ ആധികാരികത ഉറപ്പാക്കാൻ സാധിക്കും.
അതേസമയം, ജനനമോ മരണമോ സംഭവിച്ച് രണ്ടുവർഷത്തിലധികം കഴിഞ്ഞശേഷം രജിസ്‌ട്രേഷൻ ആവശ്യപ്പെടുന്ന അപേക്ഷകൾക്ക് ബിൽ കൂടുതൽ കർശനമായ സംവിധാനം ഏർപ്പെടുത്തുന്നു. ഇതിനായി പുതിയതായി വകുപ്പ് 13(3A) ഉൾപ്പെടുത്താനാണ് നിർദ്ദേശം. ഈ വ്യവസ്ഥ പ്രകാരം രണ്ടുവർഷത്തിനു ശേഷമുള്ള രജിസ്‌ട്രേഷൻ ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസിന്റെ ഉത്തരവില്ലാതെ നടത്താൻ കഴിയില്ല. ഇതോടെ വർഷങ്ങൾക്കുശേഷം സമർപ്പിക്കുന്ന അപേക്ഷകളിലെ പരിശോധന ഭരണതലത്തിൽനിന്ന് നീതിന്യായതലത്തിലേക്ക് ഉയർത്തപ്പെടുകയാണ്.
സംഭവം നടന്ന പ്രദേശത്ത് അധികാരപരിധിയുള്ള ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് രേഖകളും സാക്ഷ്യങ്ങളും സാഹചര്യങ്ങളും പരിശോധിച്ച് ജനനമോ മരണമോ യഥാർത്ഥമാണെന്ന് ബോദ്ധ്യപ്പെട്ടാൽ മാത്രമേ രജിസ്‌ട്രേഷനുള്ള ഉത്തരവ് നൽകാവൂ. ഈ ഭേദഗതിക്ക് വലിയ സാമൂഹികവും നിയമപരവുമായ പ്രാധാന്യമുണ്ട്. രണ്ടുവർഷത്തിലധികം വൈകിയ അപേക്ഷകൾ ജുഡിഷ്യൽ മജിസ്‌ട്രേറ്റിന്റെ പരിശോധനയ്ക്ക് വിധേയമാക്കുന്നത് വ്യാജരേഖ നിർമ്മാണവും ദുരുപയോഗവും തടയാൻ സഹായിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ.
വിശ്വാസ്യത കൂടും
ബില്ലിന്റെ മറ്റൊരു പ്രധാന സവിശേഷത, ഭേദഗതി പ്രാവർത്തികമാക്കുന്നതിനാവശ്യമായ വിശദമായ ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം ലഭിക്കുമെന്നതാണ്. അപേക്ഷയുടെ മാതൃക, ആവശ്യമായ രേഖകൾ, പരിശോധനാ രീതി, ഫീസ്, സമയപരിധി എന്നിവ സംസ്ഥാനതലത്തിൽ നിശ്ചയിക്കപ്പെടാം.
എന്നാൽ ഓരോ സംസ്ഥാനത്തും വ്യത്യസ്ത നടപടിക്രമങ്ങൾ രൂപപ്പെട്ടാൽ പൗരന്മാർക്ക് ആശയക്കുഴപ്പം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ കേന്ദ്രസർക്കാർ മാതൃകാചട്ടങ്ങളും ഏകീകൃത മാർഗനിർദ്ദേശങ്ങളും പുറത്തിറക്കുന്നത് ഉചിതമായിരിക്കും.
ആകെക്കൂടി നോക്കുമ്പോൾ, ജനന-മരണ രജിസ്‌ട്രേഷനിലെ വിശ്വാസ്യത വർദ്ധിപ്പിക്കുകയും വ്യാജവും സംശയാസ്പദവുമായ വൈകിയ രജിസ്‌ട്രേഷനുകൾ നിയന്ത്രിക്കുകയും ചെയ്യുന്ന സുപ്രധാന നിയമനിർമ്മാണമാണ് 2026ലെ ഭേദഗതി ബിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |