SignIn
Kerala Kaumudi Online
Monday, 10 August 2026 3.36 AM IST

കഥയ മമ, കഥയ മമ...

s

രാമായണം കഥനംചെയ്യുന്തോറും അതിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുവാൻ നമ്മെ ആവേശംകൊള്ളിക്കും. അതുതന്നെയാണ് രാമായണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കഥകളുടെയും ഉപകഥകളുടെയും നിറഖനിയാണ് രാമായണമെന്നിരിക്കെ അദ്ധ്യാത്മരാമായണത്തിന്റെ രചനയിലും ഒരു കഥയുണ്ട്.


ദേവഭൂമിയായ 'ചെമ്പകശ്ശേരി' ഭഗവാന് തൃപ്പടിസമർപ്പണംനടത്തി ദേവനാരായണൻ രാജ്യം ഭരിക്കുന്ന കാലം. തുഞ്ചത്താചാര്യന്റെ നിർദ്ദേശാനുസരണം മേൽപ്പത്തൂർ 'നാരായണീയം' പൂർത്തിയാക്കിയത് കൊല്ലവർഷം 762 വൃശ്ചികം 28നാണ്. അതിനുശേഷം മേൽപ്പത്തൂരും തുഞ്ചത്താചാര്യനും കൂടി ചെമ്പകശ്ശേരിയിൽ (അമ്പലപ്പുഴ) എത്തി. അദ്ധ്യാത്മരാമായണം മൂലത്തിന്റെ തെലുങ്ക് ലിപിയിലെഴുതിയതിന്റെ പകർപ്പ് ഒരു ബ്രാഹ്മണസന്യാസിയിൽ നിന്ന് മഹാരാജാവിനു ലഭിക്കുകയുണ്ടായി. അത് തനിക്കുകൂടി വായിക്കാൻതക്കവിധം മലയാളലിപിയിൽ ഭാഷാന്തരം വരുത്തുവാൻ രാജാവ് മേല്പത്തൂരിനെ സമീപിച്ചു.

മേല്പത്തൂരാകട്ടെ, തെലുങ്കുഭാഷാരചന വശമില്ലായ്കയാൽ അത് എഴുത്തച്ഛനെ ഏല്പിക്കുവാൻ നിർദ്ദേശിച്ചു. ദേവനാരായണന്റെ നിർദ്ദേശപ്രകാരം ആചാര്യർ കൊട്ടാരത്തിൽ തങ്ങുകയും എഴുത്തച്ഛൻ അതിനെ അതിമനോഹരമായി മലയാളഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയെന്നുമാണ്. രാമായണത്തെ എന്നും കാലദേശങ്ങൾക്കതീതമായി മഹാജ്ഞാനികൾ പല പ്രകാരേണ എത്രയെങ്കിലും പ്രകീർത്തിച്ചിട്ടുണ്ട്.


''വാത്മീകി, ജീവിതത്തിന്റെ അതിബൃഹത്തായ ശക്തിവിശേഷങ്ങളെപ്പറ്റി നമ്മെ ബോധവാന്മാരാ ക്കുന്നു. വിശാലമായ ഇതിഹാസത്തിന്റെ പശ്ചാത്തലത്തിൽ നാടും നഗരവും ഗിരി കാനന ഗഹ്വരങ്ങളും നിർജ്ജനഭൂമികളും നദീതടങ്ങളുമെല്ലാം അപൂർവ മഹിമയോടെ നമ്മുടെമുൻപിൽ അനാവൃതമാക്കുന്നു. വിശ്വരംഗംതന്നെ യവനികനീക്കി പ്രത്യക്ഷപ്പെടുന്നു. ഭാരത ഹൃദയത്തിന്റെ ധാർമ്മികതയും സൗന്ദര്യാത്മകവുമായ സകല സ്രോതസുകളും ഏകവാഹിനിയായി ഇവിടെ ഒഴുകുന്നു'' എന്ന് അരവിന്ദ മഹർഷി പറയുമ്പോൾ രാമായണത്തെക്കുറിച്ച് ഫാദർ കാമിൽ ബുൽക്കെ (camille bulcke) രാമകഥ പച്ചയായ മനുഷ്യന്റെ കഥയാണെന്ന് പ്രത്യേകം പരാമർശിക്കുന്നു. ശ്രീരാമന്റെ കഥകൾ എത്രകേട്ടാലാണ് മതി വരിക. അതെ , 'കഥയ മമ കഥയ മമ കഥകളതി സാഗരം കാകുൽസ്ഥ ലീലകൾ കേട്ടാൽ മതിവരാ...... '

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMAYANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY