മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി വിടപറഞ്ഞിട്ട് ഇന്ന് മൂന്നു വർഷം
ചില മനുഷ്യർ ഒരു കുടുംബത്തിന്റെ മാത്രം സ്വന്തമാകുന്നില്ല. അവർ ഒരു സമൂഹത്തിന്റെ ഓർമ്മയായി മാറുന്നു. എനിക്ക് അപ്പ അങ്ങനെയൊരു മനുഷ്യനായിരുന്നു. കേരളം അദ്ദേഹത്തെ ഒരു ജനനായകനായി കണ്ടപ്പോൾ, ഞാൻ അദ്ദേഹത്തെ കണ്ടത് ലോകം മുഴുവൻ സ്‌നേഹിച്ചെങ്കിലും, വീട്ടിലെത്തുമ്പോൾ കുടുംബത്തെ ചേർത്തുനിറുത്തുന്ന കുടുംബനാഥനായിട്ടാണ്.
രാഷ്ട്രീയത്തിന്റെ തിരക്കുകളും പൊതുജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളും എത്ര വലുതായിരുന്നാലും വീട്ടിലേയ്ക്ക് കയറിവരുമ്പോൾ അപ്പയുടെ ആദ്യത്തെ ചോദ്യം പലപ്പോഴും മറിയക്കുട്ടി എവിടെ? എന്നായിരുന്നു. ചെറുപ്പത്തിൽ വീട്ടിലേയ്ക്ക് കയറിവരുമ്പോൾ എന്നെ കണ്ടാൽ ഉടനെ നെറുകയിൽ ഉമ്മ നൽകുന്നത് അപ്പയുടെ പതിവായിരുന്നു. ഞാൻ വിവാഹിതയാകുന്നതുവരെ അതിന് ഒരു മാറ്റവും ഉണ്ടായില്ല. ആ ഉമ്മയിൽ സ്‌നേഹമുണ്ടായിരുന്നു, കരുതലുണ്ടായിരുന്നു, വാക്കുകളിൽ തീർക്കാനാകാത്തത്ര സുരക്ഷിതത്വവുമുണ്ടായിരുന്നു.
ഇന്ന് ആ നിമിഷങ്ങൾ ഓർക്കുമ്പോൾ നെറ്റിയിൽ ആ സ്പർശം ഇപ്പോഴും ബാക്കിനിൽക്കുന്നെന്ന് തോന്നും. കൊവിഡിനുശേഷം അപ്പ വീട്ടിലുണ്ടായിരുന്ന ദിവസങ്ങൾ എനിക്ക് ഇന്ന് ഏറ്റവും വിലപ്പെട്ട ഓർമ്മകളാണ്. ഭക്ഷണം കഴിക്കാൻ താഴേയ്ക്കുവരാൻ അദ്ദേഹം വീണ്ടും വീണ്ടും വിളിക്കുമായിരുന്നു. ''വാ മോളേ, ഭക്ഷണം തണുക്കും'' എന്ന ആ വിളി കേട്ടിട്ടും ഞാൻ പലപ്പോഴും എന്റെ തിരക്കുകൾ പറഞ്ഞ് സമയം എടുത്തിരുന്നു. അന്നത് ഒരു സാധാരണ വീട്ടുവിശേഷം മാത്രമായിരുന്നു. പക്ഷേ ഇന്ന് അതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ്.
ഇന്ന് ഭക്ഷണം കഴിക്കാനുള്ള സമയം ആയെന്ന് ഓർമ്മിപ്പിക്കാനും, കഴിച്ചോ? എന്ന് സ്‌നേഹത്തോടെ ചോദിക്കാനും അപ്പയില്ല. നമ്മൾ സാധാരണയായി കരുതുന്ന ഇത്തരം ചെറിയ കാര്യങ്ങളാണ് ഒരാളെ നഷ്ടപ്പെട്ടശേഷം ജീവിതത്തിലെ ഏറ്റവും വലിയ ശൂന്യതയായി മാറുന്നതെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. അപ്പയുടെ ഫോൺവിളികളും അങ്ങനെയായിരുന്നു. ഞാൻ എവിടെയാണെന്നും സുരക്ഷിതമായി എത്തിയോയെന്നും എപ്പോൾ തിരിച്ചുവരുമെന്നുമൊക്കെ അദ്ദേഹം പതിവായി അന്വേഷിക്കുമായിരുന്നു.
ചിലപ്പോൾ ആ തുടർച്ചയായ അന്വേഷണങ്ങൾ എനിക്ക് ചെറിയൊരു അസ്വസ്ഥതപോലും ഉണ്ടാക്കിയിട്ടുണ്ട്. ''അപ്പ എന്തിനാണ് ഇത്രയും വിളിക്കുന്നത്?'' എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ ഇന്ന് ആ ഫോൺ നിശബ്ദമാണ്. എന്റെ വിശേഷങ്ങൾ അറിയാൻ ആകാംക്ഷയോടെ വിളിച്ചിരുന്ന ആ ശബ്ദം ഇനിയില്ല. ഇപ്പോൾ മനസിലാകുന്നു-അത് നിയന്ത്രണമല്ലായിരുന്നു, സ്‌നേഹമായിരുന്നു, കരുതലായിരുന്നു. ഞാൻ ഒരിക്കലും ഏകാകിയല്ലെന്ന് ഉറപ്പാക്കാനുള്ള അപ്പയുടെ രീതിയായിരുന്നു അത്.
ജീവിതത്തിൽ ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം വാക്കുകളിലൂടെയല്ല, അപ്പയുടെ ജീവിതത്തിലൂടെയാണ്. മനുഷ്യരെ കേൾക്കുക, അവരെ വിധിക്കാതെ മനസിലാക്കുക, പറ്റുംവിധം പരമാവധി സഹായിക്കുക. ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതദർശനം. അധികാരം പദവിയല്ല, ജനങ്ങളുടെ വിശ്വാസമാണെന്ന് അദ്ദേഹം ഓരോ ദിവസവും ജീവിച്ചുകാണിച്ചു.
വീട്ടിൽ അപ്പ ഒരിക്കലും നേതാവായിരുന്നില്ല. ഞങ്ങൾക്ക് അദ്ദേഹം ഞങ്ങളുടെ അപ്പ മാത്രമായിരുന്നു. പൊതുജീവിതത്തിന്റെ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന ചെറിയ നിമിഷങ്ങൾക്ക് അപ്പ വലിയ വില നൽകിയിരുന്നു. സ്‌നേഹം പ്രകടിപ്പിക്കാൻ വലിയ വാക്കുകളോ ആഘോഷങ്ങളോ ആവശ്യമില്ലെന്ന് ഞാൻ ആദ്യം പഠിച്ചത് അപ്പയിൽ നിന്നാണ്. നെറുകയിൽ ഒരു ഉമ്മ, ഒരു പുഞ്ചിരി, ഒരു സ്‌നേഹനോട്ടം, ഒരു ഫോൺവിളി അത്ര മതിയായിരുന്നു.
അപ്പയുടെ അസുഖകാലത്തുപോലും അദ്ദേഹത്തിന്റെ ചിന്ത സ്വന്തം വേദനയെക്കുറിച്ചായിരുന്നില്ല. മറ്റുള്ളവരുടെ കണ്ണീരായിരുന്നു അദ്ദേഹത്തെ അലട്ടിയത്. ആശുപത്രിക്കിടക്കയിലിരുന്നിട്ടും ജനങ്ങളെക്കുറിച്ചും അവരുടെ പ്രശ്നങ്ങളെക്കുറിച്ചുമാണ് അദ്ദേഹം സംസാരിച്ചിരുന്നത്. ഒരു യഥാർത്ഥ പൊതുപ്രവർത്തകന്റെ മനസ് എങ്ങനെയായിരിക്കണമെന്ന് ഞാൻ ഏറ്റവും ആഴത്തിൽ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അവ.
സ്നേഹമെന്ന സമ്പത്ത്
അപ്പ വിടപറഞ്ഞശേഷം കേരളത്തിന്റെ വിവിധഭാഗങ്ങളിൽ സഞ്ചരിക്കാനുള്ള അവസരങ്ങൾ എനിക്ക് ലഭിച്ചു. ഓരോ ഗ്രാമത്തിലും ഓരോ വീട്ടിലും ഞാൻ കേട്ടത് രാഷ്ട്രീയത്തിന്റെ കഥകളായിരുന്നില്ല; ഒരു മനുഷ്യന്റെ നന്മയുടെ കഥകളായിരുന്നു. ആരുടെയെങ്കിലും ജീവിതത്തിൽ വെളിച്ചമായ ഒരു ഫോൺവിളി, ഒരു സഹായം, ഒരു ആശ്വാസവാക്ക്. അതാണ് ജനങ്ങൾ അപ്പയെ ഓർത്തെടുത്തത്. അപ്പോഴാണ് ഒരാളുടെ യഥാർത്ഥ സമ്പത്ത് ജനങ്ങളുടെ ഹൃദയങ്ങളിൽ സൂക്ഷിക്കപ്പെടുന്ന സ്‌നേഹമാണെന്ന് എനിക്ക് കൂടുതൽ വ്യക്തമായി മനസിലായത്.
ചിലപ്പോൾ ഞാൻ ചിന്തിക്കാറുണ്ട്. അപ്പ ഇന്നുണ്ടായിരുന്നെങ്കിൽ എന്തുപറയും എന്ന്. ഉത്തരവും എനിക്കറിയാം. പരാതിപ്പെടരുത്, പകരം കഴിയുന്നിടത്ത് ഒരു മനുഷ്യന് ആശ്വാസമേകൂ എന്നാകും. കാരണം അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ അതായിരുന്നു.
ചിലപ്പോൾവീട്ടിലേയ്ക്ക് കടന്നുവരുന്ന ഓരോ കാൽച്ചുവടും ഞാൻ അറിയാതെ ശ്രദ്ധിക്കാറുണ്ട്. ഒരു നിമിഷത്തേയ്ക്ക് അപ്പ വരുമെന്നു മനസ് ഇന്നും പ്രതീക്ഷിക്കുന്നു. ചില നഷ്ടങ്ങൾ കാലം മായ്ക്കുന്നില്ല; അവ സ്‌നേഹത്തിന്റെ മറ്റൊരു രൂപമായി നമ്മോടൊപ്പം ജീവിച്ചുകൊണ്ടേയിരിക്കും.
മകളെന്ന അഭിമാനം
മകളെന്ന നിലയിൽ അപ്പയെ ഓർക്കുമ്പോൾ വേദനയുണ്ട്. എന്നാൽ അതിനേക്കാൾ വലിയൊരു അഭിമാനവുമുണ്ട്. ഞാൻ അദ്ദേഹത്തിന്റെ മകളാണെന്ന അഭിമാനം. ഇന്ന് എന്റെ ജീവിതത്തിൽ ഞാൻ ചെയ്യുന്ന ഓരോ പ്രവൃത്തിയിലും അപ്പയുടെ സ്‌നേഹത്തിന്റെയും മൂല്യങ്ങളുടെയും ചെറിയൊരു പ്രതിഫലനം ഉണ്ടാകണമെന്നാണ് എന്റെ പ്രാർത്ഥന. കാരണം, അദ്ദേഹം എനിക്ക് നൽകിയ ഏറ്റവും വലിയ നീക്കിയിരിപ്പ് പേരോ പദവിയോ അല്ല, മനുഷ്യരെ സ്‌നേഹിക്കാൻ പഠിപ്പിച്ചതാണ്.
ഇന്നും ഞാൻ അപ്പയെ അന്വേഷിക്കുമ്പോൾ ഒരു ചിത്രത്തിലല്ല അദ്ദേഹത്തെ കണ്ടെത്തുന്നത്. വീട്ടിലേയ്ക്ക് കയറിവരുമ്പോൾ നെറുകയിൽ ഉമ്മ വച്ചിരുന്ന ആ സ്‌നേഹസ്പർശത്തിലാണ്. വിവാഹത്തലേന്ന് എന്നോട് മാത്രമായി ''അപ്പയ്ക്ക് നല്ല സങ്കടമുണ്ട്'' എന്നുപറഞ്ഞ വാക്കുകളാണ് മനസിൽ. ഭക്ഷണം കഴിക്കാൻ വീണ്ടും വീണ്ടും വിളിച്ച ആ കരുതലുള്ള ശബ്ദത്തിലാണ് ഞാൻ അപ്പയെ കേൾക്കുന്നത്. വളരെ പ്രായമായതിനു ശേഷവും എന്തെങ്കിലും കാര്യത്തിന് പിണങ്ങിയിരിക്കുന്ന എനിക്ക് മുറിയിൽ ഭക്ഷണം കൊണ്ടുകൊടുത്തു കഴിപ്പിക്കണം എന്ന് രഹസ്യമായി ജോലിക്കാർക്ക് നിർദ്ദേശം കൊടുക്കുന്ന അപ്പയുടെ സ്‌നേഹം.
''മോൾ എവിടെയാണ്?'' എന്ന് ദിവസത്തിൽ പലതവണ വിളിച്ച് അന്വേഷിച്ചിരുന്ന ആ ഫോൺവിളികളിലാണ് ഞാൻ അപ്പയെ അനുഭവിക്കുന്നത്. ഒരുകാലത്ത് എന്നെ അലോസരപ്പെടുത്തിയിരുന്ന ആ കരുതലുകൾ ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഓർമ്മകളും, ഏറ്റവും വലിയ നഷ്ടവുമായി മാറിയിരിക്കുന്നു. കാരണം, ഒരു മകളെ ഇത്രയും സ്‌നേഹത്തോടെ അന്വേഷിക്കുന്ന ഒരു പിതാവിനെ ഒരിക്കൽ മാത്രമാണ് ദൈവം സമ്മാനിക്കുന്നത്.
ചില നഷ്ടങ്ങൾ കണ്ണീർ കൊണ്ടല്ല അളക്കപ്പെടുന്നത്; ജീവിതകാലം മുഴുവൻ മനസിൽ മുഴങ്ങിക്കൊണ്ടിരിക്കുന്ന ചില ശബ്ദങ്ങളിലൂടെയാണ് അവ ജീവിക്കുന്നത്. എനിക്ക് അപ്പ അങ്ങനെയൊരു ശബ്ദമാണ്. സമയം എത്ര മുന്നോട്ടുപോയാലും ഒരിക്കലും നിശബ്ദമാകാത്ത, എന്റെ ഹൃദയത്തിൽ എന്നും ജീവിച്ചിരിക്കുന്ന എന്റെ അപ്പ!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |