SignIn
Kerala Kaumudi Online
Saturday, 18 July 2026 3.46 AM IST

ഗുരു സേവയിൽ അര നൂറ്റാണ്ട്

swami-sachidananda
സ്വാമി സച്ചിദാനന്ദ

ശിവഗിരി മഠത്തിന്റെ അധിപനും ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റുമായ ശ്രീമദ് സച്ചിദാനന്ദസ്വാമികൾ ഗുരുദേവസേവയിൽ 50 വർഷങ്ങൾ പൂർത്തിയാക്കുന്നു. സ്വാമികൾ ഇന്ന് ശ്രീനാരായണ സമൂഹത്തിന്റെ അഭിമാനമാണ്. സന്യാസത്തിന്റെ നാൾവഴികൾ പരിശോധിച്ചാൽ കല്ലും മുള്ളും കഠിനയാതനകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇന്ന് റോസാദലങ്ങളും മുല്ലപ്പൂമാലകളും പൊന്നാടകളും ഏറ്റുവാങ്ങുന്ന പുഷ്‌കലകാലമാണ്.

ആദരവുകൾ ഏറ്റുവാങ്ങുന്ന ആചാര്യൻ, ഏതുവേദിയിലും തിളങ്ങുന്ന പ്രഭാഷകൻ, ശ്രീനാരായണസാഹിത്യത്തിന്റെ അന്തിമവാക്ക്, സമർത്ഥനായ സംഘാടകൻ, ജാടകളില്ലാത്ത വിനയാന്വി​തമായ പെരുമാറ്റം, ഗുരുദേവഭക്തിയിൽ സമർപ്പിതമായ ധന്യജീവിതം​ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങളുടെ ഉടമയാണ് ശ്രീനാരായണസമൂഹത്തിന്റെ ആത്മീയാചാര്യനായ സച്ചിദാനന്ദസ്വാമികൾ.


ഇടുക്കി ജില്ലയിലെ കുമിളിയിൽ ഗുരുദേവഭക്തനും പൊതുകാര്യപ്രസക്തനും സാഹിത്യസാംസ്‌കാരിക കാര്യങ്ങളിൽ നിഷ്ണാതനും ആയിരുന്ന നാരായണന്റെയും ഗുരുദേവഭക്തിയിൽ സമർപ്പിതമായ ജീവിതം നയിച്ച ഗൗരിയമ്മയുടെയും മകനായി 1957 ഡിസംബർ 3​നു ജനിച്ചു. പെരുവന്താനം, മുണ്ടക്കയം എന്നീ സ്ഥലങ്ങളിലായിരുന്നു ബാല്യ​കൗമാരങ്ങളും സ്‌കൂൾവിദ്യാഭ്യാസവും.

ശ്രീനാരായണഗുരുവിന്റെ കൃതികളും കുമാരനാശാന്റെ കവിതകളും മറ്റും ബാലനായിരിക്കുമ്പോൾതന്നെ കാണാതെ പഠിക്കുന്ന രീതി ശീലമാക്കിയിരുന്നു. ഇക്കാര്യത്തിൽ സ്വപിതാവിന്റെ ശിക്ഷണവും സ്‌കൂളിലെ അദ്ധ്യാപകരുടെ പ്രോത്സാഹനവും വളരെയധികം പ്രയോജനപ്പെട്ടിട്ടുണ്ട്. 1977​ൽ 10-ാം ക്ലാസ് പാസായി നിൽക്കുമ്പോഴാണ് ശിവഗിരി മഠത്തിൽ ബ്രഹ്മചാരികളെ എടുക്കുന്നുണ്ടെന്ന അറിയിപ്പ് കേരളകൗമുദി പത്രത്തി​ൽ കണ്ടത്.

വീട്ടിൽ ആരോടും പറയാതെ ഒരു പോസ്റ്റ് കാർഡിൽ ശിവഗിരിമഠത്തിലേക്ക് അപേക്ഷയയച്ചു. ഇന്റർവ്യൂവിനുള്ള അറിയിപ്പ് കിട്ടിയപ്പോൾ വീട്ടിൽ അറിയിച്ചു. 'എനിക്ക് സന്യാസി ആകണം' എന്ന ഉറച്ച നിലപാട് അറിഞ്ഞപ്പോൾ അച്ഛനും അമ്മയും മനസില്ലാമനസ്സോടെ സമ്മതം നല്കി. അങ്ങനെ 1977 ജൂലായ് 18​ന് ഇന്റർവ്യൂ കഴിഞ്ഞ് സെലക്ഷൻ കിട്ടി ശിവഗിരി മഠത്തിലെ ബ്രഹ്മവിദ്യാലയത്തിൽ അന്തേവാസിയായി.

പരമസാത്വികനായിരുന്ന ശ്രീമദ് ബ്രഹ്മാനന്ദ സ്വാമികളായിരുന്നു അന്ന് ശിവഗിരിയിലെ മഠാധിപതി. അധികം താമസിയാതെ ശശീന്ദ്രൻ എന്ന ബ്രഹ്മചാരി ബ്രഹ്മാനന്ദസ്വാമികളുടെ പ്രി​യപ്പെട്ട ശിഷ്യനായി. 5 വർഷത്തെ പഠനം പൂർത്തിയാക്കി 1982 മേയ് 7​-ം തീയതി ഗീതാനന്ദസ്വാമികളിൽ നിന്ന് സന്യാസം സ്വീകരിച്ചു. ആ ഗുരുശിഷ്യ ബന്ധം സച്ചിദാനന്ദസ്വാമികളുടെ ജീവിതത്തിന്റെ മാർഗദീപമായി.


സന്യാസദീക്ഷ കഴിഞ്ഞ് വടക്കേ ഇന്ത്യൻ പര്യടനത്തിനുപോയ സച്ചിദാനന്ദയെ ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ശിവഗിരിയിൽ നിന്ന് തിരികെ വിളിച്ച് മദ്രാസ് വെപ്പേരി ആശ്രമത്തിന്റെ ചുമതലക്കാരനായി നിയമിച്ചു. കഠിനാദ്ധ്വാനവും ആത്മാർത്ഥമായ പ്രവർത്തനങ്ങളും കൊണ്ട് വെപ്പേരി ആശ്രമത്തിന്റെ മുഖച്ഛായ മാറ്റുന്നതിന് സ്വാമികൾക്കു കഴിഞ്ഞു. പിന്നീട് ശിവഗിരിമഠത്തിന്റെ കീഴിലുള്ള വിവിധശാഖകളിൽ കാര്യദർശിയായി പ്രവർത്തിക്കുകയുണ്ടായി.


1979​ൽ കോട്ടയം ജില്ലയിലെ അമയന്നൂരിലാണ് ആദ്യത്തെ ഗുരുപ്രഭാഷണം നടത്തിയത്. പിന്നിട്ട വർഷങ്ങളിൽ നടത്തിയ ആയിരക്കണക്കിന് പ്രഭാഷണങ്ങളും പഠനപരിപാടികളും ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങളും ദർശനവും ജനഹൃദയങ്ങളിൽ എത്തിക്കുന്നതിൽ വളരെയധികം പ്രയോജനപ്പെട്ടിട്ടുണ്ട്. ശ്രീനാരായണപ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ ഏറ്റവും കൂടുതൽ വേരോട്ടമുള്ള മദ്ധ്യതിരുവിതാംകൂറിൽ സച്ചിദാനന്ദസ്വാമികളുടെ നേതൃത്വത്തിൽ നടന്ന മൂന്നും നാലും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന 'ധ്യാനയജ്ഞം' ജനഹൃദയങ്ങളിൽ, വിശേഷിച്ച് സ്ത്രീകളുടെ ഇടയിൽ ഭക്തിയുടെ സാന്ദ്രമായ ഒരു ഭാവതലം സൃഷ്ടിച്ചുകൊണ്ട് അവരെ ശ്രീനാരായണ സന്ദേശങ്ങളിലേക്ക് ആകൃഷ്ടരാക്കി. അവരെ ശിവഗിരിയുമായി കൂടുതൽ അടുക്കുന്നതിന് വഴിയൊരുക്കി എന്നത് എടുത്തുപറയേണ്ട സംഗതിയാണ്.

നിസ്തുല സേവനം
ശ്രീനാരായണ സന്ദേശങ്ങൾ അഖിലേന്ത്യാതലത്തിലും വിദേശരാജ്യങ്ങളിലും പ്രചരിപ്പിക്കുന്നതിൽ ശിവഗിരിമഠം ഇപ്പോൾ അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന സേവനങ്ങൾ നിസ്തുലമാണ്. കർണാടകം, ആന്ധാപ്രദേശ്, മദ്ധ്യപ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ ശിവഗിരിമഠത്തിന്റെ ശാഖകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമായി നടന്നുകൊണ്ടിരിക്കുന്നു. ബന്ധപ്പെട്ട സർക്കാരുകൾ ഇതിനായി സ്ഥലവും കെട്ടിട നിർമ്മാണത്തിന് ആവശ്യമായ പണവും നൽകാമെന്നേറ്റിരിക്കുകയാണ്.

അതുപോലെ ഡൽഹിയിലെ വിജ്ഞാൻഭവനിൽ നടന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. വത്തിക്കാനിലെ പോപ്പിന്റെ അരമനയി​ൽ നടന്ന സമ്മേളനം ആഗോളതലത്തിൽ ശ്രീനാരായണസന്ദേശങ്ങൾക്കു കിട്ടിയ അംഗീകാരമായി മാറി. ഓസ്ട്രേലിയൻ പാർലമെന്റിൽ നടന്ന സമ്മേളനവും ലോക്രശദ്ധ പിടിച്ചുപറ്റുന്നതായി. അമേരിക്കയിലും യു.കെയിലും മറ്റും നടക്കുന്ന പ്രവർത്തനങ്ങളും മികവുറ്റതാണ്.

സച്ചിദാനന്ദസ്വാമികൾ പ്രസിഡന്റും ശുഭാംഗാനന്ദ സ്വാമി​കൾ സെക്രട്ടറിയുമായുള്ള ധർമ്മസംഘം ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ ശ്രീനാരായണസമൂഹത്തിന് അഭിമാനത്തിനു വകതരുന്നതാണ്. ശിവഗിരിയിൽ നടക്കുന്ന വികസനപ്രവർത്തനങ്ങളും ശിവഗിരി, മരുത്വാമല തുടങ്ങിയ സ്ഥലങ്ങളിൽ ലക്ഷക്കണക്കിന് രൂപ മുടക്കി ഭൂമി വാങ്ങിയതുമെല്ലാം ഈ ഭരണസമിതിയുടെ നേട്ടങ്ങളാണ്.

എഴുത്തുകാരൻ
എഴുത്തുകാരൻ എന്ന നിലയിൽ സച്ചിദാനന്ദസ്വാമികൾ ചെയ്തിട്ടുള്ള സംഭാവനകൾ വിലപ്പെട്ടതാണ്. ഗുരുദേവകൃതികളുടെ വ്യാഖ്യാനങ്ങൾ, സന്യാസിശ്രേഷ്ഠന്മാരുടെ ജീവചരിത്രങ്ങൾ, മറ്റ് പഠനങ്ങൾ എന്നിങ്ങനെ നാല്പതിലധികം കൃതികൾ അദ്ദേഹത്തിന്റേതായുണ്ട്. ആശാന്റെ ഗുരുസ്തവം, സത്യവ്രതസ്വാമികൾ (ജീവചരിത്രം), ശ്രീനാരായണധർമ്മതീർത്ഥം മുതലായ കൃതികൾ ഏറെ ശ്രദ്ധേയങ്ങളാണ്.

ശ്രീനാരായണസന്ദേശങ്ങളുടെ പ്രചാരണത്തിലും ശിവഗിരിമഠത്തിന്റെ നിലനില്പിനും വികസനത്തിനും വേണ്ടി മറ്റാരേക്കാളും കൂടുതൽ ആത്മാർത്ഥതയും അർപ്പണമനോഭാവവും കാണിച്ചിട്ടുള്ള ധർമ്മതീർത്ഥർസ്വാമികളുടെ ജീവചരിത്രം സച്ചിദാനന്ദസ്വാമികളുടെ രചനകളിൽ മാസ്റ്റർപീസ് ആണെന്നു പറയാം. സ്വാമിയുടെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് എല്ലാ വിജയങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.


(ലേഖകന്റെ ഫോൺ.​​ 9447037877)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY