
രാമായണ കഥയുടെ സ്രഷ്ടാവായ ആദികവിയുടെ കഥ വാല്മീകി രാമായണ കഥയിലെ പ്രഥമ ഗണനീയമാണ്. ജന്മംകൊണ്ട് ബ്രാഹ്മണനായിരുന്ന വാല്മീകി ശൈശവത്തിൽ രക്ഷിതാക്കളാൽ കർമ്മഫലമെന്നോണം ഉപേക്ഷിക്കപ്പെട്ടു. തസ്ക്കരന്മാർ എടുത്തുവളർത്തി. സംസർഗദോഷത്താൽ പിടിച്ചുപറിക്കലും ഹിംസയുംകൊണ്ട് വഴിയാത്രക്കാരെ ധ്വംസിക്കുകയും ചെയ്തുവന്നു.
ഒരിക്കൽ അതുവഴി വന്ന നാരദമുനിയുടെയും പരിവാരങ്ങളുടേയും കൈവശമുണ്ടായിരുന്നതെല്ലാം തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ ''നീ ചെയ്യുന്നതിന്റെ ഫലങ്ങളെല്ലാം നിന്റെ കുടുംബംകൂടി അനുഭവിക്കുമോ'' എന്ന് അന്വേഷിച്ചുവരൂ എന്ന് മുനി ഉപദേശിച്ചു.
തുടർന്ന് ''താൻതാൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻതാനനുഭവിച്ചീടുകെന്നേ വരൂ'' എന്ന ജ്ഞാനോദയത്തിനു വിധേയനായി. സപ്തർഷികളിൽനിന്നു ദിവ്യോപദേശം സ്വീകരിച്ച് കാട്ടാളത്തംവെടിഞ്ഞു മാമുനിയായി തമസാനദീതീരത്തുള്ള പർണശാലയിൽ കഴിഞ്ഞുകൂടി. സ്നാനത്തിനായി ശിഷ്യഗണങ്ങളോടൊപ്പം പോകുന്ന വഴിമദ്ധ്യേ ഒരുമരത്തിൽ ഇരുന്ന ക്രൗഞ്ചമിഥുനങ്ങളിൽ ഒന്നിനെ ഒരു കാട്ടാളൻ അമ്പെയ്തു വീഴ്ത്തുന്നതുകണ്ട് വാല്മീകി മഹർഷി ഉരുവിട്ട ശ്ലോകത്തിൽ നിന്നും രൂപമെടുത്ത രാമകഥ 'രാമായണ'മായി പരിണമിച്ചു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഭാനുഭക്തൻ എന്ന കവി നേപ്പാളിഭാഷയിൽ രാമായണം എഴുതി. ഇതിന് ഉപോത്ബലകമായത് അദ്ധ്യാത്മ രാമായണമാണ്. ചന്ദ്രകവി രചിച്ച മൈഥിലിഭാഷാ രാമായണം, ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിലുണ്ടായ ലാലദാസന്റെ മൈഥിലിഭാഷയിലുള്ള രാമായണം, രാമലോചനചരണന്റെ രാമചരിത മാനസം തർജ്ജമയ്ക്കും പുറമെ, ലോകമാകെ രാമകഥ പാടിപ്പുകഴ്ത്തുന്ന എത്രയെത്ര 'മഹത്ഗ്രന്ഥങ്ങൾ'.
ഒരു 'രാമനാമം' ആയിരം സഹസ്രനാമങ്ങൾക്കു തുല്യമാണ്! അദ്ധ്യാത്മരാമായണത്തിലെ ശ്രീരാമൻ യജുർവേദമൂർത്തിയും, ലക്ഷ്മണൻ ഋഗ്വേദമൂർത്തിയും ഭരതൻ സാമവേദമൂർത്തിയും ശത്രുഘ്നൻ അഥർവവേദമൂർത്തിയുമാണ്. ശ്രീരാമൻ ആനന്ദദായകനും, ഭരതൻ സൽഗുണ സംരക്ഷകനും, ലക്ഷ്മണൻ ഉത്തമലക്ഷണയുക്തനും ശത്രുഘ്നൻ സദാ ശത്രുനിഗ്രഹകനുമാണ്.
വാല്മീകിയുടെ കഥ നമ്മെ പഠിപ്പിക്കുന്നത് മഹാത്മാക്കളുടെ സാന്നിദ്ധ്യം കൊണ്ടെന്നപോലെതന്നെ അവരെ ഉൾക്കൊള്ളുന്നതും ഏത് അജ്ഞനേയും പ്രാജ്ഞനാക്കുംവിധം സംസ്കൃതീകരിക്കപ്പെടുമെന്നുമാണ്. അതിലൂടെ സമൂഹത്തിനു തന്നെ വിജ്ഞാനത്തിന്റെ അതിമഹത്തായ വെളിച്ചം പകരാനാകുമെന്നുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |