SignIn
Kerala Kaumudi Online
Saturday, 08 August 2026 3.58 AM IST

കേരള സ്‌പോർട്സിന്റെ തകർച്ച, പരിഹാരം

a

സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ കേരള സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിൽ വളരെ കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തിന് ദേശീയ, അന്തർദ്ദേശീയ കായിക മേഖലയിൽ ശ്രദ്ധേയമായ സ്ഥാനം നേടിത്തന്നിരുന്നു. അന്തർദ്ദേശീയ തലത്തിൽ അഭിമാനകരമായ നേട്ടങ്ങൾ കരസ്ഥമാക്കിയ നിരവധി കായിക പ്രതിഭകളെ രാജ്യത്തിന് സംഭാവന ചെയ്യാൻ കഴിഞ്ഞതും കൗൺസിലിന്റെ പ്രവർത്തന മികവുകൊണ്ടാണ്.

കൗൺസിലിന്റെ കീഴിലുള്ള കായിക പരിശീലകരുടെയും, ജീവനക്കാരുടെയും ആത്മാർത്ഥമായ പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് ഈ നേട്ടങ്ങളെല്ലാം കരസ്ഥമാക്കുവാൻ കഴിഞ്ഞത്. അക്കാലത്ത് ദേശീയ കായിക മത്സരങ്ങളുടെ വേദികളിൽ കേരളത്തിന്റെ മെഡലുകളുടെ എണ്ണം വർദ്ധിച്ചിരുന്നു. എന്നാൽ ഇന്ന് ദേശീയതലത്തിൽ കേരളം പിന്നാക്കം പോകുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

2015ലെ ദേശീയ ഗെയിംസിൽ രണ്ടാം സ്ഥാനം നേടിയ കേരളം ഇക്കഴിഞ്ഞ ഗോവ ദേശീയ ഗെയിംസിൽ പതിനാലാം സ്ഥാനത്താണ്. കേരളത്തിന്റെ അഭിമാനമായിരുന്ന അത്‌‌ലറ്റിക്സിൽ രണ്ട് സ്വർണം മാത്രം. ദേശീയ സബ്‌ജൂനിയർ, ജൂനിയർ ചാമ്പ്യൻഷിപ്പുകളിൽ കേരളത്തിനുണ്ടായിരുന്ന ആധിപത്യം തകർത്ത് മറ്റു സംസ്ഥാനങ്ങൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുമ്പോൾ കേരളം പിന്തള്ളപ്പെടുകയാണ്.

തുടർച്ചയായി ദേശീയ സ്‌കൂൾ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പുകളിൽ ഓവറോൾ കിരീടം നേടി ആരവങ്ങളോടെ മടങ്ങിയെത്തിയിരുന്ന സംസ്ഥാന സ്‌കൂൾ ടീം ഇന്ന് ഓർമ്മകളിൽ മാത്രം. ദേശീയ സ്‌കൂൾ ചാമ്പ്യൻഷിപ്പുകളിലും കേരളം പിന്തള്ളപ്പെടുകയാണ്. സാധാരണ ഒരു സർക്കാർ ഓഫീസ് പോലെ പ്രവർത്തിക്കേണ്ടതായ സംവിധാനമല്ല സ്‌പോർട്സ് കൗൺസിൽ. കൗൺസിലിന്റെ അംഗീകാരമുള്ള നാല്പതിലേറെ കായിക ഇനങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. യാതൊരുവിധ പ്രവർത്തനങ്ങളും ഇല്ലാതെ പേപ്പർ സംഘടനയായി മാത്രം പ്രവർത്തിക്കുന്ന കായിക സംഘടനകളും ഉണ്ട്.

2014നുശേഷം സ്‌പോർട്സ് കൗൺസിലിൽ സ്ഥിര അടിസ്ഥാനത്തിൽ പരിശീലകരുടെ നിയമനം നടത്താത്തതുമൂലം ക്വാളിഫൈഡ് പരിശീലകരും മുൻനിര കായികതാരങ്ങളും അന്യസംസ്ഥാനങ്ങളിൽ ചേക്കേറുന്നു. ക്വാളിഫൈഡ് അല്ലാത്തവരെ ട്രെയിനർമാരായി താത്കാലിക അടിസ്ഥാനത്തിൽ നിയമിച്ച് പരിശീലനം നൽകുന്നു. സ്‌കൂളുകളിൽ കായികാദ്ധ്യാപകരുടെ അഭാവം വേണ്ടത്ര പ്രതിഭകളെ കണ്ടെത്തുന്നതിൽ തടസമാകുന്നു. ഈ സ്ഥിതിവിശേഷങ്ങളാണ് കേരളത്തിന്റെ കായിക മേഖലയുടെ തകർച്ചയിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നത്.

സ്‌പോർട്സ് കൗൺസിൽ ഓഫീസ് സംവിധാനം പലപ്പോഴും ഒരു നാഥനില്ലാ കളരിയായി മാറുന്ന കാഴ്ചയും കാണാനാകുന്നു. സ്‌പോർട്സ് ഹോസ്റ്റലിലെ പാവപ്പെട്ട കുട്ടികൾക്ക് ഭക്ഷണവും, കായിക ഉപകരണങ്ങളും ലഭിക്കാത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

സ്‌പോർട്സ് അതോറിറ്റി

രൂപീകരിക്കണം

സ്‌പോർട്സ് കൗൺസിൽ സംവിധാനത്തിന് ഒരു പൊളിച്ചെഴുത്ത് ആവശ്യമാണ്. കൗൺസിലിനെ സ്‌പോർട്സ് ഡയറക്ടറേറ്റുമായി ലയിപ്പിച്ച് കേരള സ്‌പോർട്സ് അതോറിറ്റി രൂപീകരിച്ചു കായിക മേഖല സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലാക്കണം. നിലവിലുള്ള ജീവനക്കാരെ പ്രയോജനപ്പെടുത്തി ജില്ലാ ഓഫീസുകളും സ്‌പോർട്സ് ഡയറക്ടറുടെ കീഴിൽ യാതൊരുവിധ അധിക ചെലവും കൂടാതെ ജില്ലാ സ്‌പോർട്സ് അതോറിറ്റികളായി പ്രവർത്തിപ്പിക്കാനാകും.

 കോർപ്പറേഷനുകളിലേയും മുനിസിപ്പാലിറ്റികളിലെയും സ്റ്റാൻഡിംഗ് കമ്മിറ്രി മാതൃകയിൽ ത്രിതല പഞ്ചായത്തുകളിൽ കായികകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റികൾ രൂപീകരിക്കുന്നതും നല്ലതാണ്.


ഒളിമ്പിക്സ് മെഡൽ നേടുക എന്ന ലക്ഷ്യത്തോടെ കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ഓപ്പറേഷൻ ഒളിമ്പ്യ സെന്റർ എന്ന പേരിൽ കായിക പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാവുന്നതാണ്.

ഈ പരിശീലന കേന്ദ്രങ്ങളിൽ അതാത് മേഖലയിലെ കായിക അഭിരുചിയുള്ള കുട്ടികൾക്ക് എല്ലാ ദിവസവും വൈകുന്നേരം 4.30 മുതൽ 6.00 വരെ ശാസ്ത്രീയ പരിശീലനം നൽകുക. അതിന് സർവീസിൽ നിന്ന് വിരമിച്ച കായിക പരിശീലകരുടെ സേവനം ലഭ്യമാക്കാം.

ജില്ലാതല അക്കാഡമി
എല്ലാ ജില്ലകളിലും ജില്ലാതല സ്പോർട്സ് അക്കാ‌ഡമികൾ സ്ഥാപിക്കണം. ത്രിതല പഞ്ചായത്തുകളിൽ പരിശീലനത്തിൽ ഏർപ്പെട്ടിട്ടുള്ള കുട്ടികളിൽ നിന്നും സെലക്ഷൻ ട്രയലുകൾ നടത്തി ജില്ലാതല അക്കാഡമികളിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കാം.

സംസ്ഥാനതല അക്കാഡമി

പ്രധാനപ്പെട്ട എല്ലാ കായിക ഇനങ്ങൾക്കുമായി സംസ്ഥാനതലത്തിൽ സ്‌പോർട്സ് അക്കാഡമികൾ രൂപീകരിക്കുക. ജില്ലാതല അക്കാഡമികളിൽ നിന്നും മികച്ച കുട്ടികളെ തിരഞ്ഞെടുത്തു സംസ്ഥാനതല അക്കാഡമിയിൽ പ്രവേശനം നൽകുക. ജില്ലാ, ​ സംസ്ഥാനതല അക്കാഡമികളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉൾപ്പെടെ എല്ലാവിധ സഹായങ്ങളും നൽകുക.

മാതൃകയാകട്ടെ കേരളം

കേരള സ്‌പോർട്സ് അതോറിറ്റിയുടെ രൂപീകരണം, ജില്ലാ സ്‌പോർട്സ് അതോറിറ്റി രൂപീകരണം, ത്രിതല പഞ്ചായത്തുകളിലെ കായിക വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ രൂപീകരണം, ത്രിതല പഞ്ചായത്തുകളിലെ ദൈനംദിന കായിക പരിശീലനം, ജില്ല, സംസ്ഥാന സ്‌പോർട്സ് അക്കാഡമികൾ ആരംഭിക്കൽ തുടങ്ങിയവ സമയബന്ധിതമായി പൂർത്തിയാക്കി കാര്യക്ഷമമായി പ്രവർത്തിപ്പിച്ചാൽ അന്തർദ്ദേശീയ നിലവാരത്തിലുള്ള കായികതാരങ്ങളെ വാർത്തടുക്കാനാകും. കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് വീണ്ടും മാതൃകയാകും.


(റിട്ട. ഡിസ്ട്രിക്ട് സ്‌പോർട്സ് ഓഫീസറും ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി മെഡലിസ്റ്റുമാണ് ലേഖകൻ. ഫോൺ: 9446251616)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY