
വിളവെടുപ്പിന്റെ പീക്ക് സമയത്ത് കേരളത്തിലെ പല വിപണികളിലും കാണാൻ കഴിയുക വേദനാജനമായ കാഴ്ചയാണ്. പൈനാപ്പിൾ, വാഴപ്പഴം, തക്കാളി, പച്ചക്കറികൾ എന്നിവ സമൃദ്ധമായി എത്തുന്നു. വില കുത്തനെ കുറയുന്നു. കർഷകർ തിടുക്കത്തിൽ അവ വിറ്റഴിക്കുകയോ വിളവിന്റെ ഒരു ഭാഗം നശിക്കുകയോ ചെയ്യുന്നു. കുറച്ച് മാസങ്ങൾക്ക് ശേഷം, അതേ ഉത്പന്നം ദുർലഭവും ചെലവേറിയതുമായി മാറുന്നു.
ചെറുകിട ഭക്ഷ്യ സംസ്‌കരണ ബിസിനസുകളും സമാന പ്രതിസന്ധി നേരിടുന്നു. വിളവെടുപ്പ് സമയത്ത് കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ കിട്ടുമെങ്കിലും അവ സംഭരിച്ചുവയ്ക്കാൻ മതിയായ സൗകര്യങ്ങൾ ഇല്ലാത്തത് ഓഫ് സീസണിൽ അവർക്ക് തിരിച്ചടിയാകുന്നു. അവർക്ക് ന്യായമായ, സ്ഥിരതയുള്ള വിലയിൽ അസംസ്‌കൃത വസ്തുക്കൾ ലഭ്യമാകേണ്ടതുണ്ട്.
അതേസമയം, വൻകിട കമ്പനികൾക്ക് നിരവധി സംസ്ഥാനങ്ങളിൽ നിന്ന് സാധനങ്ങൾ ശേഖരിക്കാനും സംഭരണ ശൃംഖലകൾ പരിപാലിക്കാനുമാകുന്നുണ്ട്. അതിനാൽ വിളക്കുറവ് സമയത്ത് അവ സംഭരിച്ച് ശേഖരിക്കാനാകും. മിക്ക പ്രാദേശിക സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും ഇതിന് കഴിയാതെ വരുന്നത് ഒരു ഘടനാപരമായ ബലഹീനതയാണ്.
കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം നിയോഗിച്ച നാബ്കോണിന്റെ (NABCON) പഠനം പഴവർഗങ്ങൾക്ക് വിളവെടുപ്പിനും വിളവെടുപ്പിനു ശേഷവുമുള്ള നഷ്ടം 6.02 മുതൽ 15.05 ശതമാനം വരെയും പച്ചക്കറികൾക്ക് 4.87 മുതൽ 11.61 ശതമാനം വരെയും ആണെന്ന് കണക്കാക്കുന്നു. തോട്ടവിളകളും സുഗന്ധവ്യഞ്ജനങ്ങളും നഷ്ടം നേരിടുന്നു. രാജ്യത്തുടനീളം, കൃഷിയിടത്തിലും ഉപഭോക്താവിനും ഇടയിൽ നഷ്ടപ്പെടുന്ന ഉത്പന്നങ്ങളുടെ സാമ്പത്തിക മൂല്യം പതിനായിരക്കണക്കിന് കോടി രൂപയാണ്.
കേരളത്തിന്റെ
സംഭരണ അടിത്തറ
കേരളത്തിന്റെ സംഭരണ അടിത്തറ വളരെ ചെറുതാണ്. 2023 നവംബർ വരെ 96,655 മെട്രിക് ടൺ സംയോജിത ശേഷിയുള്ള 202 കോൾഡ് സ്റ്റോറേജുകൾ ഔദ്യോഗിക ഡാറ്റയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രധാന ശേഷി പോലും സംസ്ഥാനത്തെ പൂന്തോട്ട വിളകൾക്ക് ഉചിതമായതോ സാങ്കേതികമായി ക്രമീകരിച്ചതോ അല്ല. സമുദ്രവിഭവങ്ങൾ, മാംസം അല്ലെങ്കിൽ മറ്റ് പ്രത്യേക ഉത്പന്നങ്ങൾക്കായി നിർമ്മിച്ച കോൾഡ് സ്റ്റോറേജ് വാഴപ്പഴം, പൈനാപ്പിൾ, തക്കാളി തുടങ്ങിയവയ്ക്കായി ഉപയോഗിക്കാൻ കഴിയില്ല.
കോൾഡ് റൂമുകളുടെ എണ്ണം മാത്രമല്ല പ്രശ്നം. വ്യത്യസ്ത ഉത്പന്നങ്ങൾക്ക് വ്യത്യസ്ത രീതിയിലുള്ളത് ആവശ്യമാണ്. പഴങ്ങൾക്കും പച്ചക്കറികൾക്കും തരംതിരിക്കൽ, പ്രീകൂളിംഗ്, പഴുപ്പിക്കൽ അറകൾ, ഈർപ്പം നിയന്ത്രണം, ശീതീകരിച്ച ഗതാഗതം എന്നിവ ആവശ്യമായി വന്നേക്കാം. സുഗന്ധവ്യഞ്ജനങ്ങൾക്ക് സാധാരണ റഫ്രിജറേഷനേക്കാൾ ശാസ്ത്രീയമായ ഉണക്കൽ, ഈർപ്പം നിയന്ത്രിത വെയർഹൗസിംഗ്, കീടങ്ങളിൽ നിന്നും മലിനീകരണത്തിൽ നിന്നും സംരക്ഷണം എന്നിവ ആവശ്യമാണ്. അതിനാൽ, സംഭരണ സംവിധാനത്തിൽ പായ്ക്ക്ഹൗസുകൾ, കോൾഡ് റൂമുകൾ, ഉണക്കൽ സൗകര്യങ്ങൾ, വെയർഹൗസുകൾ, അടിസ്ഥാന സംസ്‌കരണ യൂണിറ്റുകൾ എന്നിവ ഉൾപ്പെടണം.
കൃത്യമായ സംഭരണത്തിന്റെ അഭാവം ചെറുകിട സംസ്കരണക്കാരെയും ദുർബലപ്പെടുത്തുന്നു. വിളവെടുപ്പ് സമയത്ത് വില കുറയുമ്പോൾ, പിന്നീടുള്ള ഉപയോഗത്തിനായി ആവശ്യമായ അളവിൽ വാങ്ങാനും സൂക്ഷിക്കാനും കഴിയാറില്ല. അതിനാൽ, സമൃദ്ധമായി ലഭിക്കുമ്പോൾ ഉത്പന്നങ്ങൾ ഉചിതമായ സാഹചര്യങ്ങളിൽ സംരക്ഷിച്ച്, പിന്നീട് പുതിയ ഉത്പന്നങ്ങളായോ സംസ്കരിച്ച വസ്തുവായോ പുറത്തിറക്കാൻ സംവിധാനമൊരുക്കണം. ശരിയായി രൂപകൽപ്പന ചെയ്ത് വാണിജ്യപരമായി കൈകാര്യം ചെയ്യാവുന്ന അത്തരമൊരു സംവിധാനത്തിന് വിൽപ്പനയിലെ ബുദ്ധിമുട്ടുകൾ കുറയ്ക്കാനും, സീസണൽ ചാഞ്ചാട്ടം കുറയ്ക്കാനും, പ്രോസസർമാർക്ക് പ്രവചനാതീതമായ ചെലവ് ഒഴിവാക്കാനുമാകും. ഈ സംഭരണ രീതി കർഷകർക്ക് അനുകൂലമായി മാറ്റപ്പെടുകയും വേണം. ഉത്പന്നങ്ങൾ സംഭരിക്കാനുള്ള സംവിധാനമൊരിക്കിയാലും അതിനായി വായ്പ ലഭ്യമല്ലെങ്കിൽ, വേഗത്തിൽ വിറ്റഴിക്കാനുള്ള സമ്മർദ്ദം തുടരും. അതിനാൽ, സഹകരണ സ്ഥാപനങ്ങൾ, ബാങ്കുകൾ, കർഷകഉത്പാദക സംഘടനകൾ എന്നിവ ഇവർക്ക് സഹായകമായ രീതിയിൽ പ്രവർത്തിക്കണം. അപ്പോൾ കർഷകന് ഉടനടി ബാദ്ധ്യതകൾ നിറവേറ്റാനും വിപണി സാഹചര്യങ്ങൾ പ്രതികൂലമാകുമ്പോൾ വിൽക്കാനും കഴിയും.
സഹായിക്കാം, കർഷകരേയും
ചെറുകിട ഉത്പാദകരേയും
വെയർഹൗസുകൾ, കോൾഡ് റൂമുകൾ, പ്രാഥമിക സംസ്‌കരണ കേന്ദ്രങ്ങൾ എന്നിവ കർഷകഉത്പാദക സംഘടനകൾ, സഹകരണ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ അല്ലെങ്കിൽ പ്രൊഫഷണലായി കൈകാര്യം ചെയ്യുന്ന പ്രത്യേക ഉദ്ദേശ്യ സ്ഥാപനങ്ങൾ എന്നിവയിലൂടെ പ്രവർത്തിപ്പിക്കാം. സൗരോർജ്ജ സഹായത്തോടെയുള്ള റഫ്രിജറേഷനും ഊർജ്ജകാര്യക്ഷമമായ ഉപകരണങ്ങളും പ്രവർത്തന ചെലവുകൾ നിയന്ത്രിക്കാൻ സഹായിക്കും.
പ്രധാനമന്ത്രി കിസാൻ സമ്പത്ത് യോജനയ്ക്ക് കീഴിലുള്ള ഇന്റഗ്രേറ്റഡ് കോൾഡ് ചെയിൻ ആൻഡ് വാല്യു അഡിഷൻ ഇൻഫ്രാസ്ട്രക്ചർ ഘടകം വിതരണ ശൃംഖലയിലുടനീളം അടിസ്ഥാന സൗകര്യങ്ങളെ പിന്തുണയ്ക്കുന്നു. മൈക്രോ ഫുഡ് പ്രോസസിംഗ് എന്റർപ്രൈസസിന്റെ പ്രധാനമന്ത്രി ഫോർമലൈസേഷൻ സ്‌കീം സൂക്ഷ്മ സംരംഭങ്ങൾ, കർഷകഉത്പാദക സംഘടനകൾ, സഹകരണ സ്ഥാപനങ്ങൾ, സ്വയം സഹായ ഗ്രൂപ്പുകൾ എന്നിവയ്ക്ക് സഹായകമാകുന്നു.
കാർഷിക ഇൻഫ്രാസ്ട്രക്ചർ ഫണ്ടും ഹോർട്ടികൾച്ചർ മേഖലയിലെ പരിപാടികളും വിളവെടുപ്പിനു ശേഷമുള്ള നിക്ഷേപങ്ങളെ സഹായിക്കും. അതിനാൽ, കേരളത്തിന് മറ്റൊരു സബ്സിഡി സംവിധാനം ആവശ്യമില്ല. സംസ്ഥാന ഏജൻസികൾക്ക് ഭൂമി, വൈദ്യുതി കണക്ഷനുകൾ, സാങ്കേതിക അംഗീകാരങ്ങൾ, പദ്ധതി തയ്യാറാക്കൽ എന്നിവ സുഗമമാക്കാൻ കഴിയും. ബാങ്കുകൾക്ക് നിക്ഷേപവും പ്രവർത്തന മൂലധന ധനസഹായവും നൽകാൻ കഴിയും. ഇതിലൂടെ കർഷകർക്ക് ലഭിക്കുന്ന ഉത്പന്ന വിലയ്ക്ക് അപ്പുറത്തേക്ക് ആനുകൂല്യങ്ങൾ വ്യാപിപ്പിക്കാനാകും. ചെറുകിട പ്രോസസർമാർക്ക് ഉത്പാദനം കൂടുതൽ വിശ്വസനീയമായി ആസൂത്രണം ചെയ്യാനാകും.
ഗ്രാമീണ സംരംഭങ്ങൾക്ക് ഒരു ചെറിയ വിളവെടുപ്പ് സീസണിൽ പരിമിതപ്പെടുത്തുന്നതിന് പകരം കൂടുതൽ കാലം പ്രവർത്തിക്കാൻ കഴിയും. സ്ഥിരമായ ഗുണനിലവാരമടക്കം കൈവരിക്കാൻ പ്രാദേശിക ബ്രാൻഡുകൾക്ക് മികച്ച അവസരമുണ്ടാകും. കൃഷിയെ ആശ്രയിക്കുന്ന കുടുംബങ്ങൾക്ക് കൂടുതൽ സ്ഥിരതയുള്ള പണമൊഴുക്ക് ലഭിക്കും.
അതേസമയം, ഉത്പന്നങ്ങൾ അനിശ്ചിതമായി സൂക്ഷിക്കുകയോ അതിനനുസരിച്ച് വില നിശ്ചയിക്കുകയോ ആകരുത് ഇതിന്റെ ലക്ഷ്യം. കർഷകർക്കും പ്രോസസർമാർക്കും വാണിജ്യപരമായി ന്യായമായ ഒരു ബദൽ നൽകുക മാത്രമാകണം ഉദ്ദേശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |