SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.59 AM IST

ദുരന്തമുഖത്തെ റീൽ ഹീറോസ്

1

ഉത്പന്നങ്ങൾ വിൽക്കുകയോ, വിവാദമുണ്ടാക്കുകയോ ചെയ്യുന്ന ഇൻഫ്ലുവൻസർമാരെയല്ല. മറിച്ച് , അനിവാര്യമായ സന്ദർഭങ്ങളിൽ സമൂഹത്തെ നയിക്കാനാകുന്ന സ്വാധീന ശേഷിയുള്ളവരെയാണ് (ഇൻഫ്ളുവൻസർമാർ) രാജ്യത്തിനാവശ്യം. ഡൽഹിയിലോ, മുംബയ്‌യിലോ, ബെംഗളൂരുവിലോ, കൊച്ചിയിലോ ഇരിക്കുന്ന ഒരാൾക്ക് അസമിലെ ഒരു ഒറ്റപ്പെട്ട ജില്ലയിലെ വെള്ളപ്പൊക്കം വളരെ അകലെയാണെന്ന് തോന്നാം. എന്നാൽ, സാമൂഹ്യ മാദ്ധ്യമം ഈ ദൂരം ഇല്ലാതാക്കും. അങ്ങനെ വരുമ്പോൾ , വെള്ളപ്പൊക്കം അമൂർത്തമായ ഒരു തലക്കെട്ടല്ല. അതിലെ ഒരു മുഖവും ഒരു കുടുംബവും ഒരു ഗ്രാമവുമൊക്കെ നമ്മുടെ അടുത്തേക്കെത്തും. അവർക്ക് ഭക്ഷണവും മരുന്നും വെള്ളവും അഭയവുമൊക്കെ നമ്മുടെയും ആവശ്യങ്ങളാകും.

ജെൻസിയുടെ പുതിയ പ്രകാശം

ദുരന്തമുഖങ്ങളിൽ നാം സാധാരണയായി നോക്കാറുള്ളത് സർക്കാരുകളെയോ പട്ടാളത്തെയോ ഔദ്യോഗിക ദുരന്തനിവാരണ ഏജൻസികളെയോ ആണ്. എന്നാൽ അസാം വെള്ളപ്പൊക്കത്തിന്റെ ദിനങ്ങളിൽ നാം കണ്ടത് സ്മാർട്ട് ഫോണുമായി സഹായഹസ്തം നീട്ടിയ ഇന്ത്യൻ യുവത്വത്തിന്റെ മിടുക്കാണ്.

ദുരന്ത ബാധിത പ്രദേശത്തെങ്ങും സഹായമെത്തിക്കാൻ, ആവശ്യമുള്ള സാധനങ്ങൾ വിതരണം ചെയ്യാൻ അവർ സാമൂഹ്യ മാദ്ധ്യമ പ്ലാറ്റ്ഫോം വ്യാപകമായി ഉപയോഗിച്ചു. ചിലരെല്ലാം ദുരന്തമുഖത്തേക്ക് ഓടിയെത്തി. മറ്റു ചിലരാകട്ടെ, ആവശ്യക്കാരുടെ അഭ്യർത്ഥന അസാമിന് പുറത്തേക്കെത്തിച്ചു.

 കൂട്ടായ്മകൾ

അടിയന്തര സഹായ അഭ്യർത്ഥനകൾ അതിവേഗം അതിർത്തികൾ കടത്തിവിട്ടു. അപകടം നിറഞ്ഞ ദുരന്തമുഖങ്ങളിലേക്ക് നേരിട്ടെത്തി ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്തു.

കാരുണ്യത്തിന്റെ ആഹ്വാനം: പതിനായിരക്കണക്കിന് അനുയായികളുള്ള ഇൻഫ്ളുവൻസർമാരുടെ ഒറ്റ പോസ്റ്റ് കൊണ്ട് മണിക്കൂറുകൾക്കുള്ളിൽ ഗ്രാമങ്ങളിലേക്ക് ഭക്ഷണവും അവശ്യസാധനങ്ങളും ഒഴുകിയെത്തി.

സംഘർഷങ്ങളിലും പ്രതിഷേധങ്ങളിലും മാത്രം ഏർപ്പെടുന്നവരാണെന്ന് പറഞ്ഞ് പൊതുസമൂഹം മാറ്റിനിർത്താറുള്ള 'ജെൻസി' തലമുറയുടെ തികച്ചും വ്യത്യസ്തവും പ്രകാശപൂർണ്ണവുമായ ഒരു മുഖമാണ് ഇവിടെ തെളിഞ്ഞു കണ്ടത്. പ്രഹസനങ്ങൾക്കപ്പുറം, അർത്ഥപൂർണ്ണമായ കാരുണ്യത്തിന് അടിത്തറയിടാൻ ഡിജിറ്റൽ മാധ്യമങ്ങൾക്ക് കഴിയുമെന്ന് അവർ തെളിയിച്ചു.'വഞ്ചനയും വിദ്വേഷവും പ്രചരിപ്പിക്കാൻ കഴിയുന്ന അതേ ഡിജിറ്റൽ ഉപകരണങ്ങൾക്ക്, മുറിവേറ്റവരുടെ കണ്ണീരൊപ്പാനുള്ള കവചമാകാനും കഴിയും. ഡൽഹിയിലോ, മുംബയ്‌യിലോ, ബെംഗളൂരുവിലോ, കൊച്ചിയിലോ ഇരിക്കുന്ന ഒരാൾക്ക് അസമിലെ ഒരു ഒറ്റപ്പെട്ട ജില്ലയിലെ വെള്ളപ്പൊക്കം വളരെ അകലെയാണെന്ന് തോന്നാം. എന്നാൽ, സാമൂഹ്യ മാദ്ധ്യമത്തിലൂടെ ഈ ദൂരം ഇല്ലാതാക്കാം. അങ്ങനെ വരുമ്പോൾ , വെള്ളപ്പൊക്കം അമൂർത്തമായ ഒരു തലക്കെട്ടല്ല. അതിലെ ഒരു മുഖവും ഒരു കുടുംബവും ഒരു ഗ്രാമവുമൊക്കെ നമ്മുടെ അടുത്തേക്കെത്തും. അവർക്ക് ഭക്ഷണവും മരുന്നും വെള്ളവും അഭയവുമൊക്കെ ആവശ്യമുണ്ടെന്ന് നാം തിരിച്ചറിയും. ഔദ്യോഗിക സംവിധാനങ്ങൾക്ക് സാധിക്കാനാകാത്ത പലതും ഇത്തരം മനുഷ്യബന്ധങ്ങളാൽ സൃഷ്ടിക്കാം.

 രാഷ്ട്രനിർമ്മാണത്തിന്റെ പാഠം

രാഷ്ട്ര നിർമ്മാണം സർക്കാരോ, ചരിത്ര വ്യക്തിത്വങ്ങളോ നടത്തുന്ന പ്രക്രിയയായിട്ടാണ് നാം സാധാരണ കണക്കാക്കുക. എന്നാൽ, ഒരിക്കലും പരസ്പരം കാണുക പോലും ചെയ്യാത്ത പൗരന്മാർ തമ്മിൽ ഐക്യദാർഢ്യത്തോടെ ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവൃത്തികളിലൂടെയും രാഷ്ട്ര നിർമ്മാണം സാദ്ധ്യമാണ്.

കേരളത്തിലുള്ള ഒരാൾ അസാമിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുമ്പോൾ ഭൂമിശാസ്ത്ര അതിരുകളേക്കാൾ പ്രാധാന്യം പൗരന്മാർക്കും ലഭിക്കും. ഡൽഹിയിലെ ഒരു ഇൻഫ്ലുവൻസർ വടക്കു-കിഴക്കൻ പ്രവിശ്യയിലെ കുടുംബങ്ങളെ സഹായിക്കാൻ അനുയായികളോട് അഭ്യർത്ഥിക്കുമ്പോൾ, ദേശീയോദ്ഗ്രഥനത്തിന് പ്രായോഗിക അർത്ഥം കൈവരും. ഇന്ത്യയിലെ പ്രായപൂർത്തിയായ യുവതലമുറ അസാധാരണമാം വിധത്തിൽ ശക്തരാകുന്നത് അവർ അസാധാരണമായി പരസ്പരം ബന്ധപ്പെട്ടവരാണെന്നത് കൊണ്ടു കൂടിയാണ്.

 ഓൾഡ് ജെനും ജെൻ സിയും

പഴയ തലമുറയ്ക്ക് ഏറെപ്പേരിലേക്ക് എത്തണമെങ്കിൽ, ഏതെങ്കിലും സംവിധാനത്തിന്റെ സഹായം വേണം. എന്നാൽ, പുതു തലമുറയ്ക്ക് അവരുടെ കിടപ്പുമുറിയിലിരുന്ന് വിശാലമായ ലോകവുമായി ബന്ധപ്പെടാം. ഈ ശേഷി ഉത്തരവാദിത്വവും ആവശ്യപ്പെടുന്നു. ഇന്ത്യയിലെ ഈ ഡിജിറ്റൽ ഇൻഫ്ലുവൻസിന്റെ ഒരംശം ഇടയ്ക്കിടെ പൊതുസേവനത്തിലേക്ക് തിരിയുന്നു എന്നു കരുതുക. അങ്ങനെ വന്നാൽ, രക്തദാനം പ്രാദേശികമായി വർദ്ധിപ്പിക്കാം. കാണാതാകുന്നവരെ വേഗത്തിൽ കണ്ടെത്താം. ദുരിതാശ്വാസം ആവശ്യമുള്ളവർക്ക് അത് പെട്ടെന്ന് ലഭ്യമാക്കാം. മൃഗങ്ങളുടെ സങ്കേതങ്ങൾക്ക് സ്വയം സേവകരെ കണ്ടെത്താനാവും. വിദ്യാഭ്യാസച്ചെലവ് താങ്ങാൻ കഴിയാത്തവർക്ക് മാർഗദർശികളെ കണ്ടെത്താം. പ്രാദേശികമായി പരിസ്ഥിതി ക്യാമ്പെയിനുകൾ സാദ്ധ്യമാകും. ചെറിയ ജീവകാരുണ്യ പ്രവർത്തനം കൂടുതൽ പ്രകടമാകും.

 വെല്ലുവിളികളുമേറെ

വെല്ലുവിളികളുമുണ്ട് ഇതിലേറെ. സാമൂഹ്യ മാദ്ധ്യമങ്ങൾ വഴിയുള്ള ഫണ്ട് സമാഹരണം സുതാര്യമാകണം. ദുരന്ത സന്ദർഭങ്ങളിൽ തെറ്റായ ആഹ്വാനം വഴി യഥാർത്ഥ ആവശ്യക്കാർക്ക് സഹായമെത്തിക്കാത്ത സ്ഥിതിയുണ്ടാകും. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്ന പ്രൊഫഷണലുകളുടെ പ്രവർത്തനത്തെ ഇൻഫ്ലുവൻസർമാർ തടസപ്പെടുത്തരുത്. കാരുണ്യ പ്രവർത്തനങ്ങളിൽ ഉത്തരവാദിത്വം കാണിക്കണം.

ഡിജിറ്റൽ ഇൻഫ്ലുവൻസർമാരും ജില്ലാ ഭരണാധികാരികളും ദുരന്ത നിവാരണ ഏജൻസികളും തമ്മിൽ ശക്തമായ ഒരു പാലമുണ്ടാക്കണം. അടിയന്തര ഘട്ടങ്ങളിൽ ഇത് പ്രയോജനപ്പെടുത്താനുമാകണം. ഈ ശൃംഖല സർക്കാർ നിയന്ത്രിക്കേണ്ട കാര്യമില്ല. സഹായങ്ങളെത്തിക്കാൻ ഉത്തരവാദിത്വമുള്ള പൗരന്മാർക്ക് ആവശ്യമായ സൗകര്യം ചെയ്തു കൊടുക്കുകയാണ് വേണ്ടത്.

സമൂഹത്തെ ഇൻഫ്ലുവൻസ് ചെയ്യുന്ന യുവജനങ്ങളെ രാജ്യം ആഘോഷിക്കും. പലപ്പോഴും സാമൂഹ്യ മാദ്ധ്യമങ്ങളിലെ രോഷപ്രകടനങ്ങൾക്കാണ് കൂടുതൽ ദേശീയശ്രദ്ധ ലഭിക്കുന്നത്. ഇതേ സാമൂഹ്യ മാദ്ധ്യമങ്ങളെ ഒരു പരിചയവും ഇല്ലാത്തവരെ സഹായിക്കുന്നതിന് ഉപയാഗിക്കുന്നവർക്കും സമാനമായ ശ്രദ്ധ നൽകണം. അസാം വെള്ളപ്പൊക്ക ബാധിതരെ സഹായിക്കുന്ന ഇത്തരം സ്വയം സേവകർ ഇന്ത്യയിലെ ഡിജിറ്റൽ തലമുറയ്ക്ക് ഏറെ കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നു തെളിയിക്കുന്നു. അവർക്ക് വിശ്വാസം ജനിപ്പിക്കാനാകും. അവർക്ക് ഇത്തരം മറ്റുസമൂഹങ്ങളെ സൃഷ്ടിക്കാനാകും. ഏറ്റവും ആവശ്യമായി വരുമ്പോൾ , അവർക്ക് അനുയായികൾ എന്നതിൽ നിന്ന് സ്വയം സേവകരായി മാറാനുമാകും. ഇതാണ് അർത്ഥപൂർണമായ ഇൻഫ്ലുവൻസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GENZ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY