SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.50 AM IST

പ്രളയക്കെടുതി വിട്ടൊഴിയാതെ പത്തനംതിട്ട

a

വീണ്ടുമൊരു മഹാ പ്രളയത്തിന്റെ കരിനിഴൽ പത്തനംതിട്ടയെ വിഴുങ്ങുമ്പോൾ ഇന്നും 2018 ന്റെ ഭീതി വിട്ടൊഴിഞ്ഞിട്ടില്ല ജനങ്ങൾക്ക്. ഒറ്റ രാത്രികൊണ്ട് പെയ്തിറങ്ങിയ മഴയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ജനം. 2018 ലും പ്രളയം ആദ്യം കവർന്നത് റാന്നിയെ ആയിരുന്നു. മുമ്പെങ്ങുമില്ലാത്ത വെള്ളം കണ്ട് പരിഭ്രാന്തരായവർ പ്രളയമെന്ന് തിരിച്ചറിഞ്ഞത് തന്നെ നന്നേ വൈകിയാണ്. അപ്പോഴേക്കും നിന്ന നിൽപ്പിൽ സ്വന്തം ജീവനുമായി ഓടി രക്ഷപ്പെടേണ്ടി വന്നു ആളുകൾക്ക്. റാന്നി, ആറൻമുള, കോഴഞ്ചേരി, തിരുവല്ല പ്രദേശങ്ങളാണ് മിന്നൽ പ്രളയത്തിന്റെ പിടിയിലായത്. 2018ലെ പ്രളയം ആഗസ്റ്റ് 15ന് ആയിരുന്നെങ്കിൽ ഇത്തവണ ആഗസ്റ്റ് ഒന്നിലേക്ക് ജനം ഉറക്കം ഉണർന്നത് തന്നെ പ്രളയ ഭീതിയിലേക്കായിരുന്നു.

അന്നും ഇന്നും തുടക്കം റാന്നിയിൽ

ജൂലായ് 31 ന് വൈകിട്ട് തുടങ്ങിയ മഴ നിർത്താതെ പെയ്തൊഴിഞ്ഞത് ആഗസ്റ്റ് ഒന്നിലെ മിന്നൽ പ്രളയത്തിലേക്കാണ്. റാന്നി ടൗണിൽ മൂന്ന് മണി മുതൽ വെള്ളം ഉയർന്ന് തുടങ്ങി. ടൗണിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം മിനിറ്റുകൾക്കുള്ളിൽ വെള്ളത്തിനടിയിലായി. ഓണത്തിനായി ഇറക്കിയ പുതിയ സ്റ്റോക്കെല്ലാം വെള്ളത്തിനടിയിലായി. സാധനങ്ങളൊന്നും മാറ്റാനുള്ള യാതൊരു സാവകാശവും വ്യാപാരികൾക്ക് ലഭിച്ചില്ല. അഞ്ചടിയോളം വെള്ളം ഉയർന്നു. കോടികണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്.

2018 ലെ മഹാ പ്രളയത്തിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായ വ്യാപാരികൾക്ക് ഇതുവരെ നഷ്ടപരിഹാരം കിട്ടിയില്ല. ജീവിതം മുമ്പോട്ട് കൊണ്ട് പോകാൻ കടം വാങ്ങിയും ലോണെടുത്തും വീണ്ടും വ്യാപാരം ആരംഭിച്ചു. സർക്കാരിന്റെ ഭാഗത്ത് നിന്ന് പരിശോധനയും കണക്കെടുപ്പും മാത്രമാണ് നടന്നത്. നിലവിലെ വെള്ളപ്പൊക്ക നഷ്ടത്തിന്റെ കണക്കെടുപ്പ് നടന്ന് വരികയാണ്.

ഒറ്റ രാത്രികൊണ്ട് നദികളെല്ലാം കരകവിഞ്ഞു

ഒറ്റ രാത്രി കൊണ്ട് പമ്പയും മണിമലയും അച്ചൻകോവിലാറും കരകവിഞ്ഞൊകി. രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കിയതിനാൽ വലിയ അപകടങ്ങൾ ഒഴിവായി. വൈദ്യുതി വിതരണം പലഭാഗങ്ങളിലും നിലച്ചു. ഭക്ഷണസാധനങ്ങളും കുടിവെള്ളവും ലഭ്യമല്ലാതായി. ജനപ്രതിനിധികളും നാട്ടുകാരും സുരക്ഷാ സേനകളും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി. നദികൾ കരകവിഞ്ഞതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പ്രധാന റോഡുകളിലെയെല്ലാം പൊതുഗതാഗതം നിലച്ചു.

ലഭിച്ചത് ഇരട്ടി മഴ

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകളിൽ ജില്ലയിൽ ലഭിച്ചത് മുൻ വർഷത്തേതിനേക്കാൾ ആറിരട്ടി മഴ. സാധാരണ ദിവസങ്ങളിൽ 40 മില്ലീമീറ്റർ ലഭിച്ചിരുന്ന മഴ മിന്നൽ പ്രളയം തുടങ്ങിയ മൂന്നു ദിവസങ്ങളിൽ പെയ്തത് 240 മില്ലിമീറ്റർ. എന്നാൽ ഈ സീസണിൽ ലഭിക്കേണ്ട മഴ പത്തനംതിട്ടയിൽ ലഭിച്ചിട്ടില്ല. കഴിഞ്ഞ ജൂൺ ഒന്നു മുതലുള്ള കണക്കിൽ പത്തനംതിട്ടയിൽ 989 മില്ലിമീറ്റർ മഴയാണ് പെയ്തത്. 1018 മില്ലിമീറ്റർ മഴയാണ് ഇക്കാലയളവിൽ ലഭിക്കേണ്ടിയിരുന്നത്. മൂന്നു ശതമാനം കുറവ് ഇപ്പോഴുമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത് അതിതീവ്ര മഴയെന്നാണ് കണക്ക്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ മഴ ലഭിക്കുന്നതാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. വെള്ളിയാഴ്ച ജില്ലയിൽ ശരാശരി 300 മില്ലിമീറ്റർ മഴവരെ രേഖപ്പെടുത്തി. സംസ്ഥാനത്തുതന്നെ ഈ ഒരു ദിവസം ഏറ്റുമധികം മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്.

രക്ഷകരായി മത്സ്യത്തൊഴിലാളികൾ

മിന്നൽ പ്രളയത്തിൽ ഇത്തവണയും ജില്ലയ്ക്ക് രക്ഷകരായി കൊല്ലത്ത് നിന്നുള്ള മത്സ്യതൊഴിലാളികൾ. കൊല്ലത്ത് നിന്ന് 14 മത്സ്യബന്ധ ബോട്ടുകളിലായി 40 മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനായി പത്തനംതിട്ടയിലെത്തി. തുടക്കത്തിൽ ചെറുവള്ളങ്ങളും റബർട്യൂബുകളും ചങ്ങാടങ്ങളുമായിരുന്നു രക്ഷാ പ്രവർത്തനത്തിന് ഉപയോഗിച്ചിരുന്നത്. ശേഷം കോന്നിയിൽ നിന്ന് കുട്ടവഞ്ചികളെത്തിച്ച് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രളയത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നായി നൂറിലധികം ഫയർഫോഴ്സ് സേനാംഗങ്ങൾ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. എൻ.ഡി.ആർ.എഫ് സംഘവും പത്തനംതിട്ടയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

അഞ്ചാം ദിനവും ഭീതിയൊഴിയാതെ

മിന്നൽ പ്രളയത്തിന്റെ തുടർച്ചയായ അഞ്ചാം ദിനവും പത്തനംതിട്ടയിൽ മഴയ്ക്ക് ശമനമില്ല. നൂറ്റമ്പതോളം ക്യാമ്പുകളിലായി ആറായിരത്തോളം പേർ താമസിക്കുന്നുണ്ട്. കുഞ്ഞുകുട്ടികളും ഗർഭിണികളും പ്രായമായവരും ഇക്കൂട്ടത്തിലുണ്ട്. ഓറഞ്ച് അലർട്ടാണ് ഇന്ന് പത്തനംതിട്ടയിൽ. പത്തനംതിട്ടയിലെ ജനങ്ങൾക്ക് പ്രളയ ഭീതി ഇപ്പോഴും ഒഴിഞ്ഞിട്ടില്ല . ക്യാമ്പുകളിൽ നിറകണ്ണുകളുമായി വെള്ളം താഴുന്നതും നോക്കി ഇരിപ്പാണ് ആളുകൾ. പലരും തങ്ങളുടെ ഓമന മൃഗങ്ങളേയും ഒപ്പം കൂട്ടിയിട്ടുണ്ട്. ഓണം ലക്ഷ്യമിട്ടുള്ള കൃഷി നശിച്ച ദുഃഖത്തിലാണ് കർഷകർ. ഒൻപത് കോടിയോളം നഷ്ടമാണ് കർഷകർ ഏറ്റുവാങ്ങിയത്. ഓണത്തിനായി കാത്തുവച്ചതെല്ലാം മഴയെടുത്ത ദുഃഖത്തിലും മാനം തെളിയുന്നതും കാത്തിരിക്കുകയാണ് ആളുകൾ. 2018 ലെ മഹാപ്രളയത്തെ അതിജീവിച്ച ജനത ഈ ദുരിതകാലവും കടക്കാനുള്ള തീവ്രയജ്ഞത്തിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY