
'അക്കരെ എത്തണം തോണിയും മുങ്ങണം' എന്നൊരു ചൊല്ലുണ്ട്. യു.ഡി.എഫിലെ ഘടകകക്ഷികൾ പരസ്പരം കാണുമ്പോൾ ഈ ചൊല്ലാണ് അടക്കത്തിൽ പറയാറ്. ബോർഡുകൾ, കോർപ്പറേഷനുകൾ, ക്യാബിനറ്റ് പദവികൾ, സഹകരണ സ്ഥാപനങ്ങൾ... അങ്ങനെ രാഷ്ട്രീയജീവിതം ആനന്ദ ദായകമാക്കാനും വിരസതയകറ്റാനുമുള്ള എന്തെല്ലാം വഴികൾ തുറന്നു കിടക്കുന്നു.
പക്ഷേ പറഞ്ഞിട്ടെന്തുകാര്യം, ആർക്കുമില്ല ഉത്തരവാദിത്വം. ഇന്ന് വീതം വയ്ക്കും നാളെ വീതം വയ്ക്കും എന്നിങ്ങനെ പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. ബോർഡ് ചെയർമാൻ പദവിയും കോർപ്പറേഷൻ അധികാര സ്ഥാനവും ക്യാബിനറ്റ് പദവിയുടെ പേരിൽ കിട്ടിയേക്കാവുന്ന കൊടിവച്ച കാറുമൊക്കെ സ്വപ്നം കണ്ട് പലരും മനഃപായസമുണ്ണാൻ തുടങ്ങിയിട്ട് കാലമെത്രയായി. ഒന്നിനുമില്ല ഒരു നിശ്ചയവും.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്ക നാളുകൾ. 'ശൈലീ വല്ലഭ'യായ നാഗസൈരന്ധ്രി ദേവിയുടെ രീതിയിൽ പറഞ്ഞാൽ 'എത്ര മനോഹരങ്ങളായ ദിനങ്ങളായിരുന്നു അത് '. ഘടകകക്ഷി നേതാക്കൾ ഒത്തുകൂടി ആനന്ദനൃത്തം ചെയ്തിരുന്നു. നേതാക്കന്മാരുടെ വാക്ധോരണി കേട്ട് എന്തെല്ലാം സ്വപ്നങ്ങൾ നെയ്തുകൂട്ടി.
നൂറിലേറെ സീറ്റ് നേടി ടീം യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും ഇവിടം സ്വർഗ്ഗമാവുമെന്നുമൊക്കെ ഓരോ ഘടകകക്ഷി നേതാക്കളും ആശിച്ചു. കിട്ടാൻ പോകുന്ന സ്ഥാനമാനങ്ങളെക്കുറിച്ച് ഓർത്ത് പുളകിതഗാത്രരായി. ഉത്തരം താങ്ങി നിറുത്തുന്ന പല്ലിയെപ്പോലെയല്ല, അണ്ണാറക്കണ്ണനും തന്നാലാവും വിധം എന്നു പറഞ്ഞപോലെ ഓരോ ഘടകകക്ഷിയും ലിറ്റർ കണക്കിന് വിയർപ്പൊഴുക്കി. യു.ഡി.എഫിനെ നൂറു കടത്തിയതും ഒരു പതിറ്റാണ്ടിന് ശേഷം അധികാര കസേരയിൽ ഇരുത്തിയതും അങ്ങനെയാണ്.
മുഖ്യമന്ത്രി ഉണ്ടായി, 20 ഓളം മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ അങ്ങനെ പലതും. പക്ഷേ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടാതിരുന്നവർ, മത്സരിച്ചിട്ടും ജനത്തിന് കണ്ണിൽ പിടിക്കാതെ തോൽവിയടഞ്ഞവർ തുടങ്ങിയവരാണ് ഇപ്പോൾ വഴിയാധാരമായത്. ഇരിക്കാനൊരു കസേരയോ ഭരിക്കാൻ ഒരിടമോ ഇല്ലാതെ. സംഗീതവുമായി പുലബന്ധം പോലുമില്ലാത്ത ഇവരിൽ പലരും നീലക്കുയിൽ സിനിമയ്ക്കായി പണ്ട് പി.ഭാസ്കരൻ രചിച്ച പാട്ടിന്റെ വരികൾ മൂളിയാണ് നടപ്പ്.
'വേറെയാണ് വിചാരമെങ്കിലു
നേരമായത് ചൊല്ലുവാൻ
വെറുതെ ഞാനെന്തിനെരിയും വെയിലത്ത്
കയിലും കുത്തി നടക്കണ് '
സ്പിരിറ്റ് നഷ്ടപ്പെട്ട ടീം
തിരഞ്ഞെടുപ്പിൽ ഉജ്വലവിജയം കിട്ടിയിട്ടും രണ്ട് മാസത്തോളം കാത്തിരിക്കേണ്ടി വന്നു യു.ഡി.എഫ് യോഗം ചേരാൻ. ഘടകകക്ഷി നേതാക്കൾ അവിടെ പറ്റും വിധമൊക്കെ മനസ് തുറന്നു. യോഗം കഴിഞ്ഞ് ഇറങ്ങി വന്ന് കൺവീനർ അടൂർ പ്രകാശ് വാർത്താ സമ്മേളനത്തിൽ ചില പ്രഖ്യാപനങ്ങളൊക്കെ നടത്തി. ബോർഡ്, കോർപ്പറേഷൻ വീതം വയ്പ്, ക്യാബിനറ്റ് പദവി തീരുമാനം തുടങ്ങി വീണ്ടും പ്രതീക്ഷ വളർത്തുന്ന കുറെയേറെ കാര്യങ്ങൾ. തൊട്ടു പിന്നാലെ ഒരു പ്രധാന ഘടകകക്ഷിയുടെ നേതാക്കളിൽ ചിലരുടെ പരസ്യ പ്രതികരണം വന്നപ്പോഴാണ് ടീം യു.ഡി.എഫിന്റെ ടീം സ്പിരിറ്റ് എവിടെയോ നഷ്ടപ്പെട്ട കാര്യം പുറത്തറിയുന്നത്.
യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ച വി.ഡി.സതീശൻ മുഖ്യമന്ത്രിയായി. കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിയായി, കെ.പി.സി.സിയുടെ രണ്ട് വർക്കിംഗ് പ്രസിഡന്റുമാർ മന്ത്രിമാരായി, എല്ലാ ഘടകകക്ഷികളുടെയും നേതാക്കളും മന്ത്രിക്കസേരയിലെത്തി. റെയിൽവേ സ്റ്റേഷനുകളിൽ റിസർവേഷൻ ചാർട്ട് ഇടുംപോലെ എല്ലാ ദിവസവും മന്ത്രിമാരുടെ പരിപാടികളുടെ ചാർട്ട് വരും. ഉദ്ഘാടനങ്ങളിൽ കുഴഞ്ഞു മറിയുകയാണ് മന്ത്രിമാർ. നിന്നു തിരിയാൻ നേരമില്ല. ഒരിടത്ത് കലുങ്ക്, മറ്റൊരിടത്ത് കലുങ്ക് പൊളിക്കൽ. ഒരിടത്ത് റോഡ് ഉദ്ഘാടനം മറ്റൊരിടത്ത് റോഡ് പണി ഉദ്ഘാടനം. അങ്ങനെ ഉദ്ഘാടന മഹാമഹം പൊളി പൊളിക്കുന്നു.
വെള്ളപ്പൊക്കത്തിൽ മുങ്ങി "ഘടകക്ഷി വീതം"
ഇതിനിടയ്ക്കാണ് മഴ കനത്തതും വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമൊക്കെ വന്നതും. അതിന്റെയൊക്കെ തിരക്കിനിടയ്ക്ക് വീതം വയ്പ് വിഷയം ചർച്ച ചെയ്യാനുള്ള ഗ്യാപ്പില്ലല്ലോ. ദിവസങ്ങളിങ്ങനെ കഴിയും തോറും ബോർഡുകളെയും കോർപ്പറേഷനുകളെയും ഭരിച്ച് വെടിപ്പാക്കാനുള്ള അവസരമാണ് വൈകുന്നതെന്ന കാര്യം ആരും ശ്രദ്ധിക്കുന്നതേയില്ല. ബോർഡ് വഴിയും കോർപ്പറേഷൻ വഴിയും എന്തെല്ലാം സേവനങ്ങളാണ് കിട്ടേണ്ടത്. അതിനുള്ള അവസരം പാഴാകുകയാണ്. എന്തായാലും ക്യാബിനറ്റ് പദവികളുടെ കാര്യത്തിൽ ഉടൻ തീരുമാനമാകുമെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞതിലാണ് ഇനിയുള്ള വലിയ പ്രതീക്ഷ. പക്ഷേ അപ്പോഴും ബോർഡ്, കോർപ്പറേഷൻ കാര്യം മുഖ്യമന്ത്രിയും പരാമർശിക്കുന്നില്ല.
സങ്കടക്കെട്ടഴിക്കാൻ ആലയമില്ല
'ആഴ്ചയിൽ ഒരു ദിവസം അലക്കി തേച്ച വസ്ത്രങ്ങളണിഞ്ഞ് തിരുവനന്തപുരം വരെ വരിക, തീരുമാനം വല്ലതുമായോ എന്നു ചോദിക്കുക, ആയില്ലെന്ന മറുപടി കേട്ട് സെക്രട്ടേറിയറ്റിന് മുന്നിലെ ഏതെങ്കിലും ഹോട്ടലിൽ കയറി മൂക്കുമുട്ടെ ആഹാരവും കഴിച്ച് മടങ്ങുക' ചില നേതാക്കളുടെ ജീവിത ശൈലി ഇപ്പോഴിങ്ങനെയായി. മുമ്പൊക്കെ രാഷ്ട്രീയമായി എന്തെങ്കിലും പരാതികളോ പരിദേവനങ്ങളോ ഉണ്ടെങ്കിൽ യു.ഡി.എഫുകാർ എത്താറുള്ളത് വെള്ളയമ്പലത്തുള്ള ഇന്ദിരാഭവനിലേക്കായിരുന്നു. സങ്കടക്കെട്ടഴിക്കുന്നവർക്ക് എന്തെങ്കിലുമൊരു ആശ്വാസവാക്ക് പറയാൻ അവിടെ ആരെങ്കിലുമൊക്കെ ഉണ്ടാകുമായിരുന്നു.
പക്ഷേ വൻമുറി കഴിഞ്ഞ കല്യാണ വീടുപോലെയാണ് ഇപ്പോൾ അവിടുത്തെയും കാര്യങ്ങൾ. കേൾക്കാനും പറയാനുമൊന്നും ആരുമില്ലാതെ അനാഥാവസ്ഥ. തിരഞ്ഞെടുപ്പിനടുത്ത ദിവസം കെട്ടിപ്പിടിക്കലും മുത്തംകൊടുപ്പും ഹസ്തദാനവുമൊക്കെ അരങ്ങേറിയ ആ മുറ്റത്ത് ആരെങ്കിലുമൊന്നു വന്നെങ്കിലായി. ഇരുന്ന് വേരുറയ്ക്കാതിരിക്കാൻ ഇവിടുത്തെ ജീവനക്കാർ ഇടയ്ക്കിടെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തും. അതാണിപ്പോൾ ആകെയുള്ളൊരു ആളനക്കം. യു.ഡി.എഫ് വിജയത്തിനായി വിയർപ്പൊഴുക്കിയ നേതാക്കളുടെ നിശബ്ദവേദന കേൾക്കാൻ , ഒരു കോർപ്പറേഷനോ ബോർഡോ ഒന്നു കനിഞ്ഞു നൽകാൻ ഇനിയെങ്കിലും ആരെങ്കിലും വരുമോ ഇതു വഴിയേ..
'കൊതിയോടെ ഓടിപ്പോയ് പടിവാതിലിൽ ചെന്നെൻ മിഴി രണ്ടും നീട്ടുന്ന നേരം
നിറയെ തളിർക്കുന്നു പൂക്കുന്നു കായ്ക്കുന്നു
കനവിന്റെ തേന്മാവിൻ കൊമ്പ് '
ഇതുകൂടി കേൾക്കണേ
ആന കൊടുത്താലും ആശ കൊടുക്കരുത് എന്നാണ് പഴഞ്ചൊല്ല്. മഴകാത്തിരിക്കുന്ന വേഴാമ്പലുകളെപ്പോലെ, ബോർഡും കോർപ്പറേഷനും സ്വപ്നം കണ്ട് ഉറക്കമിളയ്ക്കുന്ന ഈ പാവം രാഷ്ട്രീയ നേതാക്കളോട് ഇനിയും ക്രൂരത കാട്ടരുതേ!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |