തിരുവനന്തപുരം: മാദ്ധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ക്രിമിനൽ പശ്ചാത്തലമുള്ളവരും ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നവരും കടന്നുവരുന്നത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മെസ്സിയുടെ പേരിൽ സാമ്പത്തിക ക്രമക്കേട് കാണിച്ചവരെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
മാദ്ധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. ജനാധിപത്യത്തിന്റെ കാവൽക്കാരാകേണ്ട മാദ്ധ്യമ സ്ഥാപനങ്ങളുടെ തലപ്പത്ത് തന്നെ ക്രിമിനൽ കേസുകളും ഗുരുതരമായ ആരോപണങ്ങളും നേരിടുന്നവർ എത്തുന്നത് മാദ്ധ്യമങ്ങളുടെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്.
റിപ്പോർട്ടർ ചാനൽ ഉടമയുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ ഇതിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്. അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉയർന്ന സാമ്പത്തികവും നടപടിക്രമപരവുമായ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കേണ്ടതുണ്ട്. കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് തന്നെ വിഷയത്തിൽ കൂടുതൽ പരിശോധന ആവശ്യപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇതിനൊപ്പം മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട നിയമനടപടികളും ഇപ്പോഴും തുടരുകയാണ്. കേസിൽ പ്രതിയാണെന്നത് മാത്രം ഒരാളെ കുറ്റക്കാരനാക്കുന്നില്ല. എന്നാൽ ഗുരുതരമായ കേസുകളും ആരോപണങ്ങളും നേരിടുന്ന ഒരാൾ മാധ്യമ സ്ഥാപനത്തിന്റെ ഉടമയും നിയന്ത്രകനുമായി തുടരുമ്പോൾ, ആ മാധ്യമ സ്ഥാപനത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് സ്വാഭാവികമായും ചോദ്യങ്ങൾ ഉയരും.
റിപ്പോർട്ടർ ടിവിയും ഉടമകളും അവർക്കെതിരെ നിരന്തരം ഉയരുന്ന ആരോപണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ജനങ്ങളെ പറ്റിക്കുന്നത് മാദ്ധ്യമ പ്രവർത്തനവും അല്ല. മാദ്ധ്യമ സ്വാതന്ത്ര്യം എന്നത് നിയമത്തിന് മുകളിലുള്ള പരിരക്ഷയല്ല. മാദ്ധ്യമ സ്ഥാപനങ്ങൾക്കും ഉടമകൾക്കും സുതാര്യതയും ഉത്തരവാദിത്വവും ബാധകമാണ്. ക്രിമിനലുകളും സാമൂഹ്യ വിരുദ്ധരും മാദ്ധ്യമ മേഖലയിൽ ഉണ്ടാവരുത്. ഇവരുടെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷണ ഏജൻസികൾ പുറത്തു കൊണ്ടുവരേണ്ടതുണ്ട്.
കേരളത്തിലെ മാദ്ധ്യമരംഗം രാഷ്ട്രീയത്തിന്റെയും പണത്തിന്റെയും താൽപര്യങ്ങൾക്കുള്ള ഉപകരണമാകരുത്. മാദ്ധ്യമങ്ങൾ ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കേണ്ട നാലാം തൂണാണ്; അവിടെ രാജ്യ വിരുദ്ധ ശക്തികൾ പിടിമുറുക്കുന്നത് ജനാധിപത്യത്തിന് തന്നെ അപകടമാണ്.
അർജന്റീന ഫുട്ബോൾ ടീമുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും ഉയർന്നിട്ടുള്ള മറ്റ് ആരോപണങ്ങളിലും സമഗ്രമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണം. മാദ്ധ്യമ സ്ഥാപനത്തിന്റെ മറവിൽ ആരെയും നിയമത്തിന് മുകളിൽ നിർത്താൻ പാടില്ല. മാദ്ധ്യമ സ്വാതന്ത്ര്യത്തോടൊപ്പം മാധ്യമ ഉത്തരവാദിത്വവും ഉറപ്പാക്കണം. ജനാധിപത്യത്തിന്റെ നാലാം തൂണിന്റെ വിശ്വാസ്യത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം എല്ലാവർക്കും ഉണ്ടെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |