SignIn
Kerala Kaumudi Online
Tuesday, 11 August 2026 2.17 PM IST

മോദി സ്റ്റൈൽ ഭരണത്തിന് ഫുൾസ്റ്റോപ്പ്? പരമ്പരാഗത രാഷ്ട്രീയം വിട്ട് 'തനിവഴിയിൽ' വിജയ്‌യും പ്രശാന്തും,​ അടുത്ത തലമുറ എങ്ങോട്ട്?

narendra-modi-and-vijay
പ്രധാനമന്ത്രി നരേന്ദ്ര മോദി,​ വിജയ്,​ പ്രശാന്ത് കിഷോർ

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിൽ കഴിഞ്ഞ കുറച്ചുകാലങ്ങളായി ജാതി, മതം, കുടുംബ പാരമ്പര്യം, പാർട്ടി സംവിധാനങ്ങൾ എന്നിവയിലൊന്നും അധിഷ്ഠിതമല്ലാതെയുള്ള പുതിയ നേതൃത്വ ശക്തികൾ ഉയർന്നുവരുന്ന പ്രവണതയാണുള്ളത്. പുതുതായി തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ ഭരണത്തിലെത്തുന്ന തരത്തിലുള്ള പുതിയ രാഷ്ട്രീയ പരീക്ഷണങ്ങൾക്കാണ് രാജ്യം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. ജനപ്രിയ കലാകാരന്റെ വേഷം ഉപേക്ഷിച്ച് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി മാറിയ സി ജോസഫ് വിജയ്, രാഷ്ട്രീയ തന്ത്രജ്ഞനിൽ നിന്ന് നേതാവായി മാറിയ പ്രശാന്ത് കിഷോർ, മുൻ ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ എന്നിവരാണ് പെട്ടെന്നുള്ള രാഷ്ട്രീയ മാറ്റത്തിന്റെ പ്രധാനമുഖങ്ങൾ.

ഇവർ മൂന്നുപേർക്കും വ്യത്യസ്ത രാഷ്ട്രീയ പശ്ചാത്തലങ്ങളാണുള്ളത്. എന്നാൽ നിലവിലുള്ള വലിയ രാഷ്ട്രീയ സംവിധാനത്തിനുള്ളിൽ പ്രവർത്തിക്കുന്നതിന് പകരം സ്വന്തമായി ഒരു രാഷ്ട്രീയ അടിത്തറ കെട്ടിപ്പടുക്കാനാണ് ഇവർ ശ്രമിച്ചത്. നേതാവിന്റെ വ്യക്തിപ്രഭാവം, യുവജനപങ്കാളിത്തം, ആശയങ്ങളുടെ പ്രചരണത്തിന് സമൂഹ മാദ്ധ്യമങ്ങളുടെ ഉപയോഗം, നേരിട്ടുള്ള ജനസമ്പർക്കം, വിഷയാധിഷ്ഠിത രാഷ്ട്രീയം എന്നിവയാണ് പുതിയ രീതിയുടെ പ്രധാന സവിശേഷതകൾ.

വിജയ്- സിനിമാസ്റ്റൈലിൽ രാഷ്ട്രീയത്തിലേക്ക്

സിനിമകളിൽ തന്റെ അഭിനയത്തിലൂടെ ജനഹൃദയം കീഴടക്കിയത് പോലെ തന്നെയായിരുന്നു രാഷ്ട്രീയത്തിലെ വിജയ്‌യുടെ വളർച്ചയും. നടനിൽ നിന്ന് രാഷ്ട്രീയ നേതാവായ സി. ജോസ‌ഫ് വിജയ് അസാധാരണ പ്രഭവത്തിലൂടെ വലിയൊരു രാഷ്ട്രീയ ശക്തിയായി വളർന്ന് തമിഴ്നാടിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുകയായിരുന്നു. 2024ൽ തമിഴക വെട്രി കഴകം (ടിവികെ) എന്ന രാഷ്ട്രീയ പാർട്ടി വിജയ് രൂപീകരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന് വലിയ ജനപിന്തുണയുണ്ടായിരുന്നു. എന്നാൽ ആരാധകരെ വോട്ടർമാരാക്കി മാറ്റുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിൽ ഡിഎംകെയും എഐഎഡിഎംകെയും പതിറ്റാണ്ടുകളായി ആധിപത്യം പുലർത്തിയ സാഹചര്യത്തിലാണ് വിജയ് പുതിയ രാഷ്ട്രീയ ബ്രാൻഡുമായി രംഗത്തെത്തിയത്.

സാമൂഹിക നീതി, സമത്വം, യുവജനങ്ങളുടെ തൊഴിൽ, സ്ത്രീ സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് ടിവികെ ശ്രദ്ധ കേന്ദ്രീകരിച്ചത്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 234ൽ 108 സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. കോൺഗ്രസിന്റെയും മറ്റ് പ്രാദേശിക കക്ഷികളുടെയും പിന്തുണയോടെ വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി. ഇതോടെ ആറ് പതിറ്റാണ്ടായി നിലനിന്നിരുന്ന ദ്രാവിഡ രാഷ്ട്രീയ ആധിപത്യത്തിന് വലിയ മാറ്റമുണ്ടായതായാണ് രാഷ്ട്രീയ വിദഗ്ദ്ധരുടെ വിലയിരുത്തൽ.

എന്നാൽ വിജയ് നേരിടുന്ന പ്രധാന വെല്ലുവിളി എന്തെന്നാൽ നിലവിലുള്ള ആരാധന കൂട്ടായ്മയെ സ്ഥിരതയുള്ള രാഷ്ട്രീയ സംഘടനായാക്കി മാറ്റുകയെന്നതാണ്. ജനപ്രീതി കൊണ്ട് റാലികൾ സംഘടിപ്പിക്കാനാകുമെങ്കിലും ഒരു സർക്കാർ കാര്യക്ഷമമായി നടത്താൻ ശക്തമായ സംവിധാനവും സംഘടനാ ഘടനയും ആവശ്യമാണെന്നാണ് മറ്റ് രാഷ്ട്രീയ സംഘടനകൾ വിമർശിക്കുന്നത്.

പ്രശാന്ത് കിഷോർ, തന്ത്രജ്ഞനിൽ നിന്ന് നേതാവിലേക്ക്

വർഷങ്ങളോളം വിവിധ രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും വേണ്ടി തന്ത്രങ്ങൾ മെനഞ്ഞിരുന്ന പ്രശാന്ത് കിഷോർ ജനങ്ങളുടെ പരീക്ഷയിൽ നേരിട്ട് പങ്കെടുത്ത് വിജയം സ്വന്തമാക്കുകയായിരുന്നു. 2022ൽ ബീഹാറിൽ ഏകദേശം 3,000 കിലോമീറ്റർ പദയാത്ര നടത്തിയാണ് അദ്ദേഹം ജനസമ്പർക്കം ആരംഭിച്ചത്. തുടർന്ന് 'ജൻ സുരാജ്' എന്ന പ്രസ്ഥാനം രാഷ്ട്രീയ പാർട്ടിയായി മാറുകയായിരുന്നു. ജാതി കേന്ദ്രീകൃത രാഷ്ട്രീയത്തിന് പകരം വിദ്യാഭ്യാസം, തൊഴിൽ, കുടിയേറ്റം, ആരോഗ്യം, പെൻഷൻ, സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പാർട്ടിയുടെ പ്രവർത്തനം.

എന്നാൽ 2025ൽ നടന്ന ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ തിരിച്ചടിയേറ്റു. 243ൽ 238 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരു സീറ്റിലും വിജയിക്കാനായില്ല. മാത്രവുമല്ല ഏകദേശം മൂന്ന് ശതമാനം വോട്ട് മാത്രമാണ് നേടാനായത്. തുടർന്ന് പ്രവർത്തനത്തിൽ ഒട്ടും പിന്നോട്ട് പോകാതെ ബാങ്കിപൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോർ തന്റെ കന്നിയങ്കത്തിന് ഇറങ്ങുകയായിരുന്നു. തന്റെ രാഷ്ട്രീയ പരീക്ഷണത്തിന് ആത്മവിശ്വാസം നൽകുന്ന തരത്തിലായിരുന്നു ജനവിധി. ബിജെപിയുടെ ദേശീയ അദ്ധ്യക്ഷനായ നിതിൻ നബിന്റെ മണ്ഡലത്തിൽ ബിജെപിയെ അട്ടിമറിച്ച് ജൻ സുരാജ് പാർട്ടിയുടെ സ്ഥാനാർത്ഥി പ്രശാന്ത് കിഷോർ വിജയത്തിന്റെ ചരിത്രം കുറിച്ചു.

അണ്ണാമലൈ,​ സ്ഥാപിത പാർട്ടിയിൽ നിന്ന് തനിവഴി

പ്രശാന്ത് കിഷോറിനെയും വിജയ്‌യെയും അപേക്ഷിച്ച് വ്യത്യസ്തമായ വഴിയാണ് കെ അണ്ണാമലൈ സ്വീകരിക്കുന്നത്. മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ 2020ൽ ബിജെപിയിൽ ചേർന്നു. പിന്നീട് ബിജെപി തമിഴ്നാട് അദ്ധ്യക്ഷനായി പ്രവർത്തിച്ചു. എന്നാൽ നിലവിലുള്ള പാർട്ടി സംവിധാനവും തന്റെ പ്രവർത്തനവും വ്യത്യസ്തമാണെന്ന വിലയിരുത്തലിൽ അദ്ദേഹം സ്വയം പാർട്ടി വിടാനുള്ള തീരുമാനമെടുക്കുകയായിരുന്നു.

2026 ജൂൺ അഞ്ചിന് 'വീ ദി ലീഡേഴ്സ്' എന്ന രാഷ്ട്രീയ പ്രസ്ഥാനം അണ്ണാമലൈ ആരംഭിച്ചു. പിന്നീട് ഇതിനെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. 2031ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പാണ് പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഉടൻ തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നതിന് പകരം ആദ്യം സംഘടന കെട്ടിപ്പടുക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സ്വയം 'മുഖ്യ സേവകൻ' എന്നാണ് അണ്ണാമലൈ വിശേഷിപ്പിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിന് പകരം പൗരന്മാരെന്ന നിലയിൽ രാഷ്ട്രീയത്തിൽ പങ്കെടുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

പാരമ്പര്യമായി ലഭിച്ച രാഷ്ട്രീയ വോട്ടുബാങ്കിന് പകരം സ്വന്തമായി രാഷ്ട്രീയ അടിത്തറയുണ്ടക്കാനാണ് മൂന്നുപേരും ശ്രമിക്കുന്നത്. പുതിയ തലമുറയിലെ വോട്ടർമാരെ നേരിട്ട് സമീപിക്കുക,സാങ്കേതികവിദ്യയും സോഷ്യൽ മീഡിയയും ഉപയോഗിക്കുക, വ്യക്തിപ്രഭാവത്തെ രാഷ്ട്രീയ ബ്രാൻഡാക്കി മാറ്റുക തുടങ്ങി പുതിയൊരു മാതൃക രൂപപ്പെടുകയാണെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ അടുത്ത തലമുറയുടെ തുടക്കമായാണ് ചിലർ ഇതിനെ നോക്കിക്കാണുന്നത്. പുതിയ മാതൃക എത്രത്തോളം വിജയിക്കുമെന്നും സ്ഥിരതയുള്ള രാഷ്ട്രീയ സംവിധാനങ്ങളായി മാറുമോയെന്നും കാത്തിരുന്ന് കാണേണ്ടതാണ്.

English Summary

India is witnessing a new wave of political leadership outside traditional caste, religion, family and party structures. Tamil Nadu Chief Minister Vijay, strategist-turned-politician Prashant Kishor, and former BJP leader K Annamalai represent this emerging trend. Their politics emphasizes personal influence, youth participation, social media, direct public engagement and issue-based campaigns, potentially signalling a new generation of Indian politics.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY POLITICS, THALAPATHY VIJAY, STARTUP POLITICS INDIA, PRASHANT KISHOR, ANNAMALAI POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360