
നൂറ്റാണ്ടുകളായി നമ്മുടെ ജനതയെ രൂപപ്പെടുത്തിയ, സുഗന്ധവ്യഞ്ജന വ്യാപാരികളെ വിദൂര തീരങ്ങളിലെത്തിച്ച, ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള സഞ്ചാരികളെ ഇരുകൈയും നീട്ടി സ്വീകരിച്ച അതേ അറബിക്കടൽ ഇന്ന് പുതുയുഗ കേരളത്തിന്റെ വികസനക്കുതിപ്പിന് ചരിത്ര വാതിൽ തുറന്നിടുകയാണ്. അന്താരാഷ്ട്ര സമുദ്ര വാണിജ്യ ഭൂപടത്തിൽ കേരളത്തിന്റെ പേര് സുവർണക്ഷരങ്ങളിൽ അടയാളപ്പെടുത്തിയ വിഴിഞ്ഞം തുറമുഖം, അതിന്റെ ഏറ്റവും നിർണായകമായ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.
വിഴിഞ്ഞത്തുനിന്നുള്ള സമ്പൂർണ കരമാർഗ കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കത്തിന് ഇന്ന് ഔദ്യോഗികമായി തുടക്കം കുറിക്കുന്നു. അതോടൊപ്പം, കേരളത്തിന്റെ തീരദേശ-തുറമുഖാധിഷ്ഠിത സാമ്പത്തിക വളർച്ചയെ അടിമുടി മാറ്റിമറിക്കാൻ പോകുന്ന സമഗ്ര വികസന പദ്ധതിയായ 'മിഷൻ സമുദ്ര'യുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും നിർവഹിക്കപ്പെടുകയാണ്.
ഇന്ന് 6 ഭൂഖണ്ഡങ്ങളിലായി 50 ലോകരാജ്യങ്ങളിലെ 110ലധികം പ്രധാന തുറമുഖങ്ങളുമായി വിഴിഞ്ഞം നേരിട്ട് സമുദ്ര ബന്ധം സ്ഥാപിച്ചിട്ടുണ്ട്. 2026 ജൂലായ് 31വരെയുള്ള കണക്കനുസരിച്ച്, 1,057 കൂറ്റൻകപ്പലുകൾ വിഴിഞ്ഞത്ത് അടുക്കുകയും 22 ലക്ഷത്തിലധികം കണ്ടെയ്‌നറുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുകയും ചെയ്തു. ആറ് ഭൂഖണ്ഡങ്ങളിലെ 110 തുറമുഖങ്ങളിലേക്ക് നേരിട്ട് ബന്ധമുള്ള ഒരു തുറമുഖം കേരളത്തിനുണ്ട് എന്ന് പറയുമ്പോൾ അതിന്റെ യഥാർത്ഥ അർത്ഥമെന്താണ്? ലോകത്തിലെ ഏതൊരു വൻകരയിലേക്കും കേരളത്തിൽനിന്ന് ഇനി ഒരു നേരിട്ടുള്ള വഴിയുണ്ട് എന്നതാണ്.
ഇക്കാലമത്രയും ആ വഴി ഉപയോഗിച്ചത് മറ്റുള്ളവരുടെ ചരക്കുകളായിരുന്നു. നാം കൈകാര്യം ചെയ്ത കണ്ടെയ്‌നറുകളിൽ 60 ശതമാനവും ഇതര രാജ്യങ്ങളുടെ ട്രാൻഷിപ്പ്മെന്റുകളായിരുന്നു. അതായത്, നാം തുറമുഖം നിർമ്മിച്ചു; ലോകം അതിനെ ഒരു യാത്രാ ഇടത്താവളമായി ഉപയോഗിച്ചു ഫീസ് നൽകി കടന്നുപോയി.
എന്നാൽ ഇന്ന് ആരംഭിക്കുന്നത് അതിലും വലിയ ഒന്നാണ്; ലോകത്തെ 110 തുറമുഖങ്ങളിലേക്കുമുള്ള ഈ നേരിട്ടുള്ള ബന്ധം കേരളത്തിന്റെ സ്വന്തം ഉത്പന്നങ്ങൾക്കായി തുറക്കപ്പെടുകയാണ്. വിദേശ തുറമുഖങ്ങളിലേക്ക് ഒരു ട്രാൻഷിപ്പ്മെന്റ് പോലുമില്ലാതെ അതിവേഗം ചരക്കുകൾ എത്തിക്കാൻ സാധിക്കുന്നത് വഴി യാത്രാസമയവും ലോജിസ്റ്റിക്‌സ് ചെലവും പകുതിയോളം കുറയും. ഇത് നിർമ്മാതാക്കൾക്കും കയറ്റുമതിക്കാർക്കും കേരളത്തിൽ തന്നെ പുതിയ സംരംഭങ്ങൾ തുടങ്ങാൻ വലിയ പ്രചോദനമാകും.
എക്‌സിം പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി കസ്റ്റംസ് കമ്മിഷണറേറ്റിന്റെ ഔദ്യോഗിക പബ്ലിക് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. എൻ.എച്ച് 66ലേക്ക് തുറമുഖ റോഡിൽ നിന്നുള്ള താത്കാലിക റോഡ് സംവിധാനം പൂർത്തിയായിക്കഴിഞ്ഞു. തിരുവനന്തപുരത്ത് നിലവിൽ കണ്ടെയ്‌നർ ഫ്രൈറ്റ് സ്റ്റേഷൻ ഇല്ലാത്തതിന്റെ കുറവ് പരിഹരിക്കാൻ തുറമുഖത്തിനുള്ളിൽ തന്നെ എക്‌സിം കണ്ടെയ്‌നറുകൾക്കായി പ്രത്യേക കസ്റ്റംസ്-ബോണ്ടഡ് ഏരിയയും സജ്ജമാക്കിയിട്ടുണ്ട്.
നമ്മുടെ കരുത്ത്
3 നെടുംതൂണുകൾ
വിഴിഞ്ഞത്തിന്റെ ആഗോള അവസരത്തെ പൂർണമായി പ്രയോജനപ്പെടുത്താൻ കേരളത്തിന് മൂന്ന് സവിശേഷമായ ആഭ്യന്തര കരുത്തുകളുണ്ട്:
ഉന്നത മാനവശേഷി: 94 ശതമാനം സാക്ഷരതയും ഇന്ത്യയിലെ ഏറ്റവും ഉയർന്ന മാനവ വികസന സൂചികയുമുള്ള നമ്മുടെ പ്രബുദ്ധ ജനതയാണ് ഏറ്റവും വലിയ കരുത്ത്. ഇലക്ട്രോണിക്‌സ് & സെമികണ്ടക്ടർ മിഷൻ, എ.ഐ മിഷൻ, ഫ്യൂച്ചർ ടെക് മിഷൻ എന്നിവയിലൂടെ നാം വികസിപ്പിച്ചെടുക്കുന്ന ഹൈടെക് വൈദഗ്ദ്ധ്യവും ബാലരാമപുരത്തിന്റെ കൈത്തറി പാരമ്പര്യം പോലുള്ള പരമ്പരാഗത കരകൗശല നൈപുണ്യവും ഒരുപോലെ ആധുനിക കയറ്റുമതിക്ക് കരുത്താകും.
വികസിക്കുന്ന ലോജിസ്റ്റിക്‌സ് ശൃംഖല: എൻ.എച്ച് 66, എൻ.എച്ച് 544, നിർമ്മാണത്തിലുള്ള ഔട്ടർ റിംഗ് റോഡ്, ദേശീയ ജലപാത-3, ഉൾനാടൻ ജലപാതകൾ എന്നിവ ഇതിനോടകം രൂപപ്പെട്ടുകഴിഞ്ഞു. ഇന്ത്യയുടെ പ്രധാന തീരപ്രദേശത്തിന്റെ 11 ശതമാനത്തോളം വരുന്ന കേരളത്തിൽ വിഴിഞ്ഞത്തോടൊപ്പം 17 മൈനർ തുറമുഖങ്ങളും ചേരുന്ന ഒരു സമഗ്ര ഗതാഗത ശൃംഖല യാഥാർത്ഥ്യമാകുകയാണ്.
വ്യാവസായിക ആവാസവ്യവസ്ഥ: പൂർണശേഷിയിൽ പ്രവർത്തിക്കുന്ന കിൻഫ്ര പാർക്കുകൾ, സെമികണ്ടക്ടർ-റോബോട്ടിക്‌സ്-എയ്‌റോസ്‌പേസ് ഹൈടെക് നിർമ്മാണ ചട്ടക്കൂട്, ഇന്ത്യൻ ഐ.ടി കയറ്റുമതിയുടെ 10 ശതമാനവും 5 ലക്ഷം തൊഴിലവസരങ്ങളും ലക്ഷ്യമിടുന്ന ഐ.ടി നയം എന്നിവ സംസ്ഥാനത്തുണ്ട്. ഇവയെ വിഴിഞ്ഞത്തിന്റെ സാമീപ്യവുമായി ബന്ധിപ്പിക്കുക മാത്രമാണ് ഇനി വേണ്ടത്.
സമുദ്രോത്പന്ന മേഖല
ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 8.4 ബില്യൺ ഡോളർ കടന്നിരിക്കുന്നു. 2030ഓടെ 30 ബില്യൺ ഡോളർ എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. കേരളത്തിന്റെ മൂല്യവർദ്ധിത സമുദ്രോത്പന്ന കയറ്റുമതി 2,074 കോടിയാണ്. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ മുഖേന പ്രവർത്തിക്കുന്ന അത്യാധുനിക സമുദ്രോത്പന്ന പാർക്ക് വിഴിഞ്ഞത്ത് വിഭാവനം ചെയ്യുന്നത്, ഈ അഭൂതപൂർവമായ വളർച്ചയുടെ ഗുണഫലം തുറമുഖം സാദ്ധ്യമാക്കിയ തീരദേശ ജനതയിലേക്ക് നേരിട്ടെത്തിക്കാനാണ്.
സംസ്ഥാനവ്യാപക മുന്നേറ്റം
കൊല്ലം-തിരുവനന്തപുരം മേഖലയിൽ കശുഅണ്ടി വ്യവസായത്തിന് പുതിയ ഊർജ്ജം ലഭിക്കും. കൊച്ചിയിൽ പെട്രോകെമിക്കൽ മേഖലയ്ക്കും പാലക്കാട് അഗ്രോ പ്രോസസിംഗ്, ആയുർവേദ മേഖലകൾക്കും വിഴിഞ്ഞം കൂടുതൽ മികച്ച കയറ്റുമതി വഴി തുറക്കും.
വ്യാവസായിക വളർച്ച
ആദ്യവർഷം ഏകദേശം 45 പുതിയ വ്യാവസായിക യൂണിറ്റുകളോടെ തുടങ്ങി, 2040ഓടെ 1,500ലധികം യൂണിറ്റുകളിലേക്കും ഭൂവിനിയോഗം 20 ഹെക്ടറിൽ നിന്ന് 420ലധികം ഹെക്ടറിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
'മിഷൻ സമുദ്ര'
വിഴിഞ്ഞം തുറമുഖത്തിന്റെ സാമ്പത്തിക മുന്നേറ്റം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് സർക്കാർ 'മിഷൻ സമുദ്ര' ആവിഷ്‌കരിച്ചിരിക്കുന്നത്.
പോർട്ട് സിറ്റിയും ക്ലസ്റ്ററുകളും: 8 വ്യാവസായിക ക്ലസ്റ്ററുകൾ, 3 പുതിയ നഗരങ്ങൾ, വിപുലമായ തീരപ്രദേശം എന്നിവയെ സമന്വയിപ്പിച്ച് ഒരു സമഗ്ര മാരിടൈം ഇക്കണോമിക് റീജിയണായി വിഴിഞ്ഞത്തെ മാറ്റുന്ന 'പോർട്ട് സിറ്റി' കാഴ്ചപ്പാടാണിത്.
400 കോടിയുടെ ഉത്തേജക ഫണ്ട്: തുറമുഖ കണക്ടിവിറ്റി, ലോജിസ്റ്റിക്‌സ് വികസനം, ഇൻഡസ്ട്രിയൽ ക്ലസ്റ്ററുകൾ എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലായി 14 ഉപപദ്ധതികൾക്കായി 400 കോടി രൂപയുടെ ഉത്തേജക ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
മൈനർ തുറമുഖങ്ങളുടെ സംയോജനം: ചെറുകിട തുറമുഖങ്ങളെ വിഴിഞ്ഞവുമായി ബന്ധിപ്പിക്കുന്നതിനൊപ്പം ഷിപ്പ് റിപ്പയർ യൂണിറ്റുകൾ മൾട്ടി മോഡൽലോജിസ്റ്റിക്‌സ് പാർക്കുകൾ, കണ്ടെയ്‌നർ ഫ്രൈറ്റ് സ്റ്റേഷനുകൾ എന്നിവ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയും സ്വകാര്യ നിക്ഷേപത്തിലൂടെയും സമയബന്ധിതമായി യാഥാർത്ഥ്യമാക്കും.
2031ഓടെ പൊതുനിക്ഷേപത്തിന്റെ പത്തിരട്ടിയിലധികം സ്വകാര്യ മൂലധനം ആകർഷിക്കാനും സുസ്ഥിരമായ വലിയൊരു തൊഴിൽ വിപ്ലവം സൃഷ്ടിക്കാനും ഈ ദൗത്യത്തിലൂടെ സാധിക്കും. ഇന്ന് രാവിലെ 10.45ന് തുറമുഖ കവാടത്തിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ആദ്യ എക്‌സിം കണ്ടെയ്‌നർ ഫ്‌ളാഗ് ഓഫ് ചെയ്യപ്പെടും. ആറ് ഭൂഖണ്ഡങ്ങളിലേക്കുള്ള വലിയൊരു വാതിൽ നാം തുറന്നു കഴിഞ്ഞു. ഇനി ആ വാതിലിലൂടെ ലോകമെമ്പാടും കടന്നുപോകേണ്ടത് കേരളത്തിന്റെ സ്വന്തം വിയർപ്പും വൈദഗ്ദ്ധ്യവും ഉത്പന്നങ്ങളുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |