
രാത്രികാലത്ത് ലൈറ്റും ഫാനും എ.സിയും ഉൾപ്പെടെ വീട്ടുപകരണങ്ങൾ ഉപയോഗിക്കാൻ തടസം നേരിടുന്നതായിരുന്നു വൈദ്യുതി നിയന്ത്രണത്തെക്കുറിച്ച് അടുത്ത കാലംവരെ നമ്മുടെ വേവലാതി. എന്നാൽ, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയും മുന്നറിയിപ്പില്ലാതെയും സംസ്ഥാനത്ത് ദിവസവും നാലും അഞ്ചും തവണ വൈദ്യുതി നിയന്ത്രണം വേണ്ടിവരുന്നത് അക്ഷരാർത്ഥത്തിൽ ജീവൽപ്രധാന വിഷയമായി മാറിയിരിക്കുന്നു. ഗുരുതരമായ ശ്വാസതടസത്തിന് ഓക്സിജൻ കോൺസൺട്രേറ്റർ പോലെ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ജീവൻരക്ഷാ മാർഗങ്ങളുടെ സഹായത്തോടെ ജീവവായു ശ്വസിച്ച് വീടുകളിൽ കഴിയുന്ന ആയിരക്കണക്കിന് രോഗികളുടെ പ്രാണനാണ് ഇപ്പോൾ കെ.എസ്.ഇ.ബിയുടെ വൈദ്യുതിക്കെണിയിൽ പിടയുന്നത്! ഇന്നലെ പാലക്കാട് ജില്ലയിൽ ഒരു ശ്വാസകോശ രോഗി മരിക്കാനിടയായത് വീട്ടിൽ ദീർഘനേരം വൈദ്യുതി തടസപ്പെട്ടതു കാരണം ഓക്സിജൻ കോൺസൻട്രേറ്ററിന്റെ പ്രവർത്തനം തടസപ്പെട്ടതു മൂലമായിരുന്നു.
തലസ്ഥാനത്ത് വ്യാഴാഴ്ച രാത്രി പലവട്ടം വൈദ്യുതി തടസപ്പെടുകയും, ശ്വാസകോശ രോഗികളുള്ള വീടുകളിൽ പ്രവർത്തിപ്പിക്കുന്ന ഓക്സിജൻ കോൺസൻട്രേറ്റർ നിലയ്ക്കുകയും ചെയ്തപ്പോൾ പലരും വിളിച്ചത് പത്രം ഓഫീസിലേക്കായിരുന്നു. പ്രശ്നത്തെക്കുറിച്ച് കെ.എസ്.ഇ.ബിയിൽ വിളിച്ച് അറിയിച്ചപ്പോൾ, 'ഇൻവെർട്ടർ വച്ചാൽ ഈ പ്രശ്നമില്ലല്ലോ' എന്ന ഉപദേശമാണത്രേ പലർക്കും കിട്ടിയത്! 24 മണിക്കൂറും ഓക്സിജൻ കോൺസൻട്രേറ്ററിന്റെ സഹായം വേണ്ടുന്നവരാണ് ആ മാർഗം ആശ്രയിക്കുന്ന രോഗികൾ. അത്യാഹിത ഘട്ടത്തിൽ ആശുപത്രികളിലേക്ക് മാറ്റിയാലും, മുഴുവൻ സമയവും ശ്വസനത്തിന് കൃത്രിമ സഹായം വേണ്ടതുകൊണ്ട് വീടുകളിൽത്തന്നെ ഈ സംവിധാനം ഏർപ്പെടുത്തുകയേ ഇവർക്ക് വഴിയുള്ളൂ. ഇൻവെർട്ടർ സഹായത്തോടെ അരമണിക്കൂർ വരെയൊക്കെ ഇത് പ്രവർത്തിക്കുമെങ്കിലും വൈദ്യുതി മുടക്കം നീണ്ടാൽ ഇവർ പ്രാണവായു കിട്ടാതെ പിടയും.
വൈദ്യുതി തടസത്തെക്കുറിച്ച് എസ്.എം.എസ് വഴി ഉപഭോക്താക്കളെ അറിയിക്കുമെന്നൊക്കെ വൈദ്യുതി ബോർഡ് പറയുമെങ്കിലും തടസം ദിവസവും പലവട്ടമായതോടെ അതും തോന്നിയതു പോലെയാണ്. നിയന്ത്രണം തുടരേണ്ടിവരുമെന്ന് വകുപ്പു മന്ത്രിതന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ അടിയന്തര പ്രാധാന്യമുള്ള വിഷയമായി മാറിയിരിക്കുകയാണ് ഇത്. മഴ ചതിക്കുകയും, ജലവൈദ്യുതി പദ്ധതികളുടെ അണകളിൽ ആവശ്യമായത്ര വെള്ളം എത്താതിരിക്കുകയും ചെയ്തതോടെയാണ് വൈദ്യുതി പ്രതിസന്ധി തുടങ്ങിയത്. മറ്റു സംസ്ഥാനങ്ങളിലും വൈദ്യുതിക്കുറവ് ഉള്ളതുകൊണ്ട് കൈമാറ്റ കരാർ അനുസരിച്ചുള്ള വൈദ്യുതി അവരിൽ നിന്ന് കിട്ടാതായതോടെ പ്രതിസന്ധി മൂർച്ഛിച്ചു. വൈദ്യുതിക്കായി ഇപ്പോഴും ജലവൈദ്യുതി പദ്ധതികളെത്തന്നെ മുഖ്യമായും ആശ്രയിക്കുന്ന കേരളം നേരിടാനിരിക്കുന്ന വലിയ അപകടത്തെക്കുറിച്ച് ഗൗരവത്തോടെ ആലോചിക്കേണ്ടിയിരിക്കുന്നു. പ്രതിസന്ധിക്ക് പരിഹാരമായി ആണവോർജ്ജ പദ്ധതിയെ ആശ്രയിക്കുന്ന കാര്യംകൂടി പരിഗണിക്കുമെന്ന് സർക്കാർ പറയുന്നുണ്ട്.
ഒരിക്കൽ ചർച്ചയിൽ ഉണ്ടായിരുന്ന കാസർകോട്ടെ നിർദ്ദിഷ്ട ചീമേനി നിലയവും ചർച്ചയിലുണ്ട്. പക്ഷേ, അതൊക്കെ പ്രാവർത്തികമായാൽത്തന്നെ ഉത്പാദനം തുടങ്ങാൻ എത്രയോ വർഷം വേണ്ടിവരും! സൗരോർജ്ജത്തിൽ നിന്നും കാറ്റിൽ നിന്നുമൊക്കെ വൈദ്യുതി ഉത്പാദനത്തിന് പാരമ്പര്യേതര മാർഗങ്ങൾ മുന്നിലുള്ളപ്പോൾ അതൊന്നും ആലോചിക്കാതെ സമയം പാഴാക്കിയതാണ് കേരളത്തിന്റെ ബുദ്ധിമോശം. ഇന്ത്യയിൽ നിലവിൽ ഏഴ് ആണവനിലയങ്ങളിലെ 25 റിയാക്ടറുകളിൽ നിന്നായി ഉത്പാദിപ്പിക്കുന്ന 56.7 ടെറാവാട്ട് (ആയിരം ജിഗാവാട്ട്) ആണവ വൈദ്യുതി, രാജ്യത്തെ ആകെ വൈദ്യുതി ഉത്പാദനത്തിന്റെ വെറും മൂന്നുശതമാനമാണ്! കേരളത്തിൽ സൗരവൈദ്യുതിയുടെ പ്രതിദിന ഉത്പാദനമാകട്ടെ, ഈയിടെ ജലവൈദ്യുതി ഉത്പാദന നിരക്കിനെ മറികടന്നിരുന്നു. കടുംപിടിത്തങ്ങളും കമ്മീഷൻ താത്പര്യങ്ങളും മാറ്റിവച്ച് സൗരവൈദ്യുതി ഉത്പാദന പദ്ധതികൾ വേഗത്തിലാക്കുകയാണ് സംസ്ഥാനത്തിനു മുന്നിലുള്ള ഏക രക്ഷാമാർഗം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |