SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.08 AM IST

രാവണന് പിഴച്ച രാജ്യതന്ത്രം  

1

രാജ്യതന്ത്രത്തിൽ യുദ്ധത്തേക്കാൾ പ്രാധാന്യമുണ്ട് സന്ധിക്ക്. എപ്പോൾ യുദ്ധം ചെയ്യണമെന്നും എപ്പോൾ സന്ധി ചെയ്യണമെന്നും അറിയുന്നതാണ് മികച്ച രാജ്യതന്ത്രം. ഭരണാധികാരിയുടെ കഴിവ് യുദ്ധം ജയിക്കുന്നതിൽ മാത്രമല്ല യുദ്ധം ഒഴിവാക്കുന്നതിലും അളക്കപ്പെടുന്നു.
ഈ രാജ്യതന്ത്രം മനസിലാവാതെ യുദ്ധത്തിനിറങ്ങി പുറപ്പെട്ട ചക്രവർത്തിമാർക്കും രാജാക്കന്മാർക്കും സ്വന്തം വംശത്തേയും രാജ്യത്തേയും കുരുതി കൊടുക്കേണ്ടി വന്നിട്ടുണ്ട്.


വാൽമീകി രാമായണം രാജധർമ്മം, ഭരണനയം, നയതന്ത്രം, നേതൃഗുണം എന്നിവയെ ആധികാരികമായി വരച്ചിടുന്നു. ധാർമ്മികതയുടെ വ്യത്യസ്ത സാദ്ധ്യതകളിലൂടെയാണ് രാമായണം സഞ്ചരിക്കുന്നത്. അധികാരത്തിന്റേയും രാജ്യതന്ത്രത്തിന്റേയും വിവിധങ്ങളായ ഭാവങ്ങൾ രാമായണത്തിൽ ഉടനീളം കാണാം.


രാമൻ ധാർമ്മികതയുടേയും സത്യത്തിന്റേയും മൂർത്തിമദ്ഭാവമാണെങ്കിൽ രാവണൻ അധാർമ്മികതയുടെ പര്യായമായ അഹങ്കാരിയായ ഏകാധിപതി ആണ്. ലങ്കാധിപതിയായിരുന്ന കുബേരനെ യുദ്ധത്തിൽ തോൽപിച്ച് ലങ്കയും പുഷ്പകവിമാനവും രാവണൻ സ്വന്തമാക്കി.
പിന്നീട് കണ്ടത് രാക്ഷസ ചക്രവർത്തിയായ രാവണന്റെ അധാർമ്മികവും രാജ്യ ധർമ്മത്തിന് നിരക്കാത്തതുമായ ചെയ്തികൾ ആയിരുന്നു.


ചോദ്യം ചെയ്യാനാവാത്ത അധികാരം രാവണനെ അഹങ്കാരിയും ഏകാധിപതിയുമാക്കി.
മനസിന്റെ സമതുലിതാവസ്ഥ നഷ്ടപ്പെട്ട രാക്ഷസരാജാവ് രാജ്യതന്ത്രത്തിൽ വരുത്തിയ പിഴവ് മൂലം അവസാന യുദ്ധത്തിൽ അനിവാര്യമായ മരണത്തിലേക്ക് യാത്രയാകുന്നു. തെറ്റുകൾ മാത്രം അകമ്പടി തീർത്ത രാവണന്റെ യാത്രയുടെ അവസാനം സീതാപഹരണത്തിലാണ് എത്തി നിന്നത്. എന്ത് സാഹസം ചെയ്തും സീതയെത്തേടി രാമൻ ലങ്കയിൽ എത്തുമെന്ന് മനസിലാക്കുന്നതിൽ രാവണൻ പരാജയപ്പെട്ടു. തനിക്ക് തുല്യമായ അവസ്ഥയിൽ മറ്റൊരാളെ ഉൾക്കൊള്ളാൻ രാവണന് കഴിഞ്ഞിരുന്നില്ല.

സീതാപഹരണം രാക്ഷസവംശത്തെ മുടിക്കുമെന്നും സീതയെ രാമന് തിരികെ നൽകി സന്ധി ചെയ്ത് യുദ്ധം ഒഴിവാക്കണമെന്നും വിഭീഷണനും മാരീചനും രാവണനെ ഉപദേശിച്ചു. എന്നാൽ, തനിക്ക് അത് അധാർമ്മികമായി തോന്നുന്നില്ലെന്ന് കരുതിയ രാവണന്റെ അനിവാര്യമായ പതനമാണ് കാണാനായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAVANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL