തലസ്ഥാനത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്കു സമീപം കോട്ടയ്ക്കകത്ത് 1200 വർഷത്തെ പഴക്കമുള്ള ഒരു ക്ഷേത്രമുണ്ട്. വില്വമംഗലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ആദിശങ്കരാചാര്യരുടെ പരമ്പരയിലെ നാലു മഠങ്ങളിലൊന്നായ തൃശൂർ നടുവിൽ മഠത്തിന് കീഴിൽ വരുന്നതാണ് ക്ഷേത്രം. നടുവിൽ മഠത്തിന്റെ സ്ഥാപകനായ സുരേശ്വരാചാര്യരിൽ നിന്ന് സന്യാസദീക്ഷ സ്വീകരിച്ച വില്വമംഗലം സ്വാമിയാരാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. വില്വമംഗലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സ്വാമിയാർ പൂജിച്ച് ആരാധിച്ചിരുന്ന ശ്രീകൃഷ്ണനാണ്. ഉപദേവതകളായുള്ളത് ഗണപതിയും നാഗരാജാവും. ഈ ക്ഷേത്രത്തിൽ കൃഷ്ണനെ ആരാധിക്കുന്നത് അനുഗ്രഹം, സമൃദ്ധി, ആത്മീയ വളർച്ച എന്നിവ കൈവരുത്തുമെന്ന് ഭക്തർ വിശ്വസിക്കുന്നത്.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന ആചാരങ്ങളായ പ്രഭാത പുഷ്പാഞ്ജലി കർമ്മങ്ങൾ ഇന്നും ഈ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള മഠത്തിൽ നിന്നാണ് ആരംഭിക്കുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന ആചാരകർമ്മങ്ങൾ ചെയ്യുന്ന പുഷ്പാഞ്ജലി സ്വാമിമാർ താമസിക്കുന്നത് വില്വമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള മഠത്തിലാണ്.
അനന്തൻകാട്ടിൽ ഭഗവാന്റെ ദർശനം ലഭിച്ച വില്വമംഗലം സ്വാമിയാർ നിർദ്ദേശിച്ചതുപോലുള്ള പ്രഭാത പുഷ്പാഞ്ജലി കർമ്മങ്ങളാണ് ഇന്നും പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിർവ്വഹിക്കുന്നത്. ഇവിടത്തെ അഷ്ടമിരോഹിണി ഉത്സവത്തിന് ദൂരെ നിന്നുപോലും ധാരാളം ആളുകൾ എത്തുന്നുണ്ട്. ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ പ്രധാനപ്പെട്ടതാണ്. വിജയദശമി നാളിൽ ക്ഷേത്രാങ്കണത്തിൽ കുട്ടികൾക്ക് വിദ്യാരംഭം കുറിക്കും. ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ തുളസിയില മാലകളും വെണ്ണയുമാണ്. നഗരത്തിന് ഒത്തനടുക്കാണെങ്കിലും അതിന്റെ തിരക്കുകളൊന്നുമില്ലാതെ തികച്ചും ശാന്തമായ അന്തരീക്ഷമാണിവിടെ.
The 1200-year-old Vilwamangalam Sree Krishna Swamy Temple, near Thiruvananthapuram's Sree Padmanabhaswamy Temple, is under Thrissur Naduvil Madom. It's historically significant as Vilwamangalam Swamiyar, who installed Padmanabhaswamy's idol, worshipped here. The associated madom initiates crucial morning Pushpanjali rituals for Sree Padmanabhaswamy Temple, highlighting its enduring religious importance.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |