SignIn
Kerala Kaumudi Online
Wednesday, 29 July 2026 2.21 AM IST

ഊരാളുങ്കലിന്റെ അഭിമാന ഗോപുരം

a

ഒരിക്കൽ, സംഘത്തെ (ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി) അതിന്റെ ഇന്നത്തെ നിലയിൽ എത്തിച്ച ക്രാന്തദർശിയായ സാരഥി രമേശനോടു ഞാൻ ചോദിച്ചു, 'രമേശാ, സംഘമിന്ന് ലോകമെങ്ങും അറിയപ്പെടുന്ന ഒരു മഹാപ്രസ്ഥാനമായി മാറിക്കഴിഞ്ഞിരിക്കുന്നു. നിങ്ങൾക്കു വലിയ മൂലധനമുണ്ട്, മികച്ച ജോലിക്കാരുണ്ട്, കോടികൾ വിലവരുന്ന എക്യുപ്‌മെന്റുകളും ഉണ്ട്. അങ്ങനെയിരിക്കെ അദാനിയേയും അംബാനിയെയും പോലുള്ള ബഹുരാഷ്ട്ര ഭീമൻമാർ നിങ്ങളെ വിഴുങ്ങാൻ വന്നാലോ..?'


ചിരിച്ചുകൊണ്ടുള്ള രമേശന്റെ മറുപടി ഒരു നിമിഷം പോലും വൈകാതെയായിരുന്നു.
'വോട്ടു ചെയ്യാൻ കഴിയുന്ന ഒരു ഷെയർ ഹോൾഡർ ആകണമെങ്കിൽ സംഘത്തിന്റെ ജീവനക്കാരൻ ആയിരിക്കണം. സംഘത്തിന്റെ ക്വാറികളിലോ റോഡുകളിലോ പണിശാലകളിലോ ജോലി ചെയ്യുന്നവൻ ആയിരിക്കണം. ഞങ്ങളുടെ ഭരണഘടന സുദൃഢവും പൂർണവും പഴുതടച്ചതുമാണ്'.


രമേശന്റെ ആ ആത്മവിശ്വാസം എന്നെ അമ്പരപ്പിക്കുന്നതായിരുന്നു. പെട്ടെന്നൊരുനാൾ രമേശൻ സൊസൈറ്റിയേയും മലയാളിയെയും വിട്ടുപോകുമ്പോൾ ഒരു പാട് ഓർമ്മകളുണ്ട്. ഞാനും രമേശനും തമ്മിൽ ദീർഘകാലത്തെ ബന്ധമുണ്ട്. വെറും ബന്ധമല്ല.

ഊഷ്മളമായ ബന്ധം. ഊരാളുങ്കൽ വഴി പോയാൽ രാവിലെയാണെങ്കിൽ പ്രഭാത ഭക്ഷണം. ഉച്ചയ്ക്കാണെങ്കിൽ ഊണ്. അങ്ങനെ രമേശന്റെ ആതിഥ്യം ഏറ്റുവാങ്ങാതെ മടങ്ങാൻ കഴിയുമായിരുന്നില്ല.നേരത്തെ സൂചിപ്പിച്ചതുപോലെ പണിയെടുത്തതിന്റെ തഴമ്പ് രമേശന്റെ കൈകളിലുണ്ട്. സ്വയംഅദ്ധ്വാനിച്ച് സഹപ്രവർത്തകരുടെ കൂട്ടായ്മയോടെയാണ് ഇന്നത്തെ നിലയിൽ സൊസൈറ്റിയെ രമേശൻ ഉയർത്തിയെടുത്തത്.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (യു.എൽ.സി.സി.എസ്) ശതാബ്ദി ആഘോഷം 2025 ഫെബ്രുവരിയിൽ ആയിരുന്നു. ഇന്ന് 18,000 പേർക്കു തൊഴിലും അത്രയും കുടുംബങ്ങൾക്ക് അന്തസ്സുറ്റ ജീവിതനിലവാരവും പ്രദാനം ചെയ്യുന്ന ഒരു മഹാപ്രസ്ഥാനമായി അത് വളർന്നു. ഉത്പാദന- സേവന മേഖലയിൽ ലോകത്തെ രണ്ടാമത്തെ സഹകരണ സ്ഥാപനമായി തലയുയർത്തി നിൽക്കുകയാണ്.

യു.എന്നിന്റെ അടക്കം നിരവധി അംഗീകാരങ്ങൾ. വൈവിദ്ധ്യവത്കരണത്തിന്റെയും ആധുനീകരണത്തിന്റെയും പാതയിൽ കാലത്തിനൊത്തു ചുവടുറപ്പിക്കാൻ കഴിഞ്ഞ സംഘത്തിന് നിർമ്മാണ രംഗത്തിനൊപ്പം ഐ.ടി, ഐ.ടി അടിസ്ഥാന സൗകര്യം, നൈപുണ്യവികസനം, ടൂറിസം, കരകൗശലം, പാർപ്പിടം, വിദ്യാഭ്യാസം, സാമൂഹികക്ഷേമം, പ്രോജക്ട് കൺസൾട്ടൻസി, കൃഷി തുടങ്ങി വിവിധ മേഖലകളിൽ മുന്നേറാൻ കഴിഞ്ഞിട്ടുണ്ട് എന്നത് ഓരോ മലയാളിയെയും അഭിമാനപുളകിതരാക്കുന്ന കാര്യമാണ്.


ഊരാളുങ്കൽ സൊസൈറ്റിയുമായി ഒത്തുനോക്കുമ്പോൾ ഏതാനും വയസിന്റെ ഇളപ്പമേ എനിക്കുള്ളൂ. കഴിഞ്ഞ എത്രയോ വർഷങ്ങളായി സൊസൈറ്റിയുടെ നാനാമുഖമായ വളർച്ചകൾ സശ്രദ്ധം, സസൂക്ഷ്മം എന്നാൽ വിമർശന ബുദ്ധി പണയം വയ്ക്കാതെ തന്നെ നോക്കിക്കാണുന്നവനാണ് ഞാൻ. എന്നെങ്കിലും ഏതെങ്കിലും വിഷയത്തിൽ സംശയം നേരിട്ടാൽ എത്ര തിരക്കുണ്ടായാലും എന്റെ സംശയങ്ങൾ പൂർണമായും പരിഹരിക്കപ്പെടും വരെ കാര്യങ്ങൾ വിശദീകരിച്ചു തരാൻ രമേശന് ഒരു മടിയും ഉണ്ടായിട്ടില്ല.

ആർക്കിടെക്ചറൽ മഹാത്ഭുതം

ഊരാളുങ്കൽ നിർമ്മിച്ചിട്ടുള്ള പ്രസിദ്ധമായ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവയൊക്കെ കണ്ടിട്ടുള്ളവനാണു ഞാൻ. 2018-19 കാലത്തെ മഹാപ്രളയത്തിൽ കേരളത്തിലെ പല പ്രധാന റോഡുകളും പൂർണമായോ ഭാഗികമായോ നശിച്ചുപോവുകയുണ്ടായല്ലോ. അവയൊക്കെ റെക്കാഡ് സമയത്തിനുള്ളിൽ പഴയതിലും ഉറപ്പോടെയും ഭംഗിയോടെയും പുനർനിർമ്മിച്ചത് ഊരാളുങ്കലാണ്.


പാലങ്ങളെക്കുറിച്ച് പറയുമ്പോൾ ആദ്യം മനസിലേക്കു കയറിവരുന്നത് ഏഷ്യയിലെ ഏറ്റവും നീളമുള്ള കോൺക്രീറ്റ് ബോസ്ട്രിംഗ് പാലമായ വലിയഴീക്കൽ പാലം തന്നെ. കേരളത്തിന്റെ ആർക്കിടെക്ചറൽ മഹാത്ഭുതം എന്ന നിലയിൽ ഈ പാലം അറിയപ്പെടുന്നു. പാലത്തിന്റെ ഒരുവശത്തു കായലാണ്. മറുവശത്തു കടലും. ഈ പാലം കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്നു. ഇതിലൂടെ കടന്നുപോയപ്പോൾ ഞാൻ ഓർത്തത് സാൻഫ്രാൻസിസ്‌കോയിലെ ലോകപ്രശസ്തമായ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ് ആണ്.

ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ് അത്യന്തം സുന്ദരമാണ്, അതേസമയം ഏറെ ഭീതിദവും. വലിയഴീക്കൽ പാലം എന്നിലെ സുന്ദര ഭാവനകളെ ഉദ്ദീപിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ. ഗോൾഡൻ ഗേറ്റിനെപ്പോലെ ഭയപ്പെടുത്തുകയുണ്ടായില്ല. ഈ പാലം രൂപകല്പന ചെയ്തത് മദിരാശി ഐ.ഐ.ടിയിലെ വിഖ്യാതനായ പ്രൊഫസർ അരവിന്ദനാണ്. ഈ പ്രവൃത്തി ഏറ്റെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതാകട്ടെ സൊസൈറ്റിയുടെ ചെയർമാനായ പാലേരി രമേശനും.

ഈ പ്രതിഭകളുടെ അപൂർവ സംഗമത്തിൽ സംജാതമായ വലിയഴീക്കൽ പാലം സൊസൈ റ്റിയുടെ കിരീടത്തിലെ പൊൻതൂവലായി ഇന്നു പരിലസിക്കുന്നു. ഒരുപക്ഷേ, രമേശൻ എന്ന വ്യക്തിക്കുള്ള അഭിമാന ഗോപുരവും. രമേശൻ കേരളത്തിന് നൽകിയ സംഭാവനകൾ ആ രീതിയിൽ സ്മരിക്കപ്പെട്ടോയെന്ന് സംശയമാണ്. നിസ്വാർത്ഥനായിരുന്നു രമേശൻ. ഒന്നും ആഗ്രഹിച്ചിരുന്നതുമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMESHAN PALERI, URALUNGAL LABOUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY