SignIn
Kerala Kaumudi Online
Saturday, 12 September 2026 1.42 AM IST

ഭക്ഷണ സുരക്ഷയും സാമ്പത്തിക ഭദ്രതയും അപകടത്തിൽ

a

സംസ്ഥാനത്ത് കാർഷിക മേഖല ഇന്ന് വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോവുന്നത്. രാസവളങ്ങളുടെ അനിയന്ത്രിതമായ വില വർദ്ധനവ് മൂലം കൃഷി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് സാധാരണക്കാരായ കർഷകർ. തെങ്ങും കുരുമുളകും റബ്ബറും നെല്ലുമൊക്കെ വിളയുന്ന കേരളത്തിന്റെ മണ്ണിൽ കൃഷി ഇനി ലാഭകരമല്ല എന്ന തിരിച്ചറിവിലേക്ക് കർഷകർ എത്തുന്ന സ്ഥിതിയാണ്. അടിയന്തരമായി സർക്കാരിന്റെയും അധികൃതരുടെയും ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഈ പ്രതിസന്ധി സാമ്പത്തിക നിലനിൽപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കും.

ഇറാൻ യുദ്ധവും കേന്ദ്ര സർക്കാർ രാസവള കമ്പനികൾക്ക് നൽകിയിരുന്ന സബ്സിഡി കുറച്ചതുമാണ് വില വർദ്ധനവിന് പ്രധാന കാരണം. ഇറാൻ യുദ്ധത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ വളം നിർമ്മാണത്തിനുള്ള രാസവസ്തുക്കളുടെ ഇറക്കുമതി കുറയുകയും വില വർദ്ധിക്കുകയും ചെയ്തിരുന്നു. കൃഷിയ്ക്ക് കൂടുതലായി ഉപയോഗിക്കുന്ന പൊട്ടാഷ്, ഫാക്ടം ഫോസ്, തുരിശ് എന്നിവയുടെ വിലയിൽ വലിയ വർദ്ധനവാണ് ഉണ്ടായത്. സംസ്ഥാനത്ത് കഴിഞ്ഞ ഫെബ്രുവരിയിൽ 1,425 രൂപയായിരുന്ന ഒരു ചാക്ക് ഫാക്ടം ഫോസിന് നിലവിൽ 2,350 രൂപയാണ്. പൊട്ടാഷിന്റെ വില 1,500 രൂപയിൽ നിന്നും 2,300 ആയി ഉയർന്നിട്ടുണ്ട്. തുരിശിന്റെ വില 210ൽ നിന്ന് 540 ആയി ഉയർന്നു. സബ്സിഡിയുള്ളതിനാൽ രാസവളമായ യൂറിയയുടെ വില വർദ്ധിച്ചിട്ടില്ല. എന്നാൽ, യൂറിയ ക്ഷാമം ഇടയ്ക്കിടെ കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ചെമ്പിന് ഡിമാന്റ് വർദ്ധിച്ചത് തുരിശിന്റെ വിലക്കയറ്റത്തിന് കാരണമായി. തുരിശിലെ പ്രധാന ഘടകം ചെമ്പാണ്. തെങ്ങ്, കുരുമുളക്, റബ്ബർ എന്നിവയുടെ കുമിൾ രോഗത്തിനുള്ള പ്രതിവിധിയായാണ് തുരിശ് പ്രധാനമായും ഉപയോഗിക്കുന്നത്. വള പ്രയോഗത്തിന്റെ സമയം തെറ്റിയാൽ ഉല്പാദനത്തെ ബാധിക്കും. മിക്ക കർഷകരും ബാങ്കുകളിൽ നിന്നും സഹകരണ സംഘങ്ങളിൽ നിന്നും ഉയർന്ന പലിശയ്ക്ക് വായ്പയെടുത്താണ് കൃഷിയിറക്കുന്നത്. വിളവെടുപ്പിലൂടെ കിട്ടുന്ന വരുമാനം കൊണ്ട് വായ്പ തിരിച്ചടയ്ക്കാമെന്ന പ്രതീക്ഷയിലാണ് അവർ ഓരോ സീസണിലും മണ്ണിലേക്കിറങ്ങുന്നത്. എന്നാൽ അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും കൃഷി നാശത്തിന് കാരണമാകുന്നുണ്ട്. പ്രകൃതിക്ഷോഭം കാരണം വിളനാശം സംഭവിച്ച കർഷകർക്ക് ആശ്വാസമാകേണ്ട വിള ഇൻഷുറൻസ് തുകകൾ പോലും സംസ്ഥാനത്തെ പല ജില്ലകളിലും മാസങ്ങളായി കുടിശ്ശികയായി കിടക്കുകയാണ്. അർഹതപ്പെട്ട സഹായങ്ങൾ കൃത്യസമയത്ത് ലഭിക്കാതെ വരുമ്പോൾ കടക്കെണിയിലാകുന്ന കർഷകന് രാസവളങ്ങളുടെ ഈ വില വർദ്ധനവ് താങ്ങാനാവുന്നതിലും അപ്പുറമാണ്.

രാസവളങ്ങളുടെ വില വർദ്ധനവിന് പകരമായി ജൈവവളങ്ങൾ ഉപയോഗിക്കുക എന്നതാണ് സാധാരണയായി നിർദ്ദേശിക്കപ്പെടുന്ന പരിഹാരം. എന്നാൽ പ്രായോഗിക തലത്തിൽ ഇത് എളുപ്പമല്ല എന്നതാണ് യാഥാർത്ഥ്യം. രാസവളങ്ങൾ നൽകുന്ന അത്രയും പോഷക മൂല്യം ചെടികൾക്ക് ലഭിക്കണമെങ്കിൽ വലിയ അളവിൽ ജൈവ വളങ്ങൾ ഉപയോഗിക്കേണ്ടി വരും. അതായത്, വെറും 10 കിലോ രാസവളം നൽകുന്ന പ്രയോജനം കൃഷിയ്ക്ക് ലഭിക്കണമെങ്കിൽ അതിന്റെ ആറിരട്ടിയിലധികം ജൈവ വളങ്ങൾ പ്രയോഗിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇത്രയധികം ജൈവ വളങ്ങൾ കണ്ടെത്തുക എന്നതും അവ കൃഷിയിടത്തിൽ എത്തിച്ച് പ്രയോഗിക്കുക എന്നതും വലിയ സാമ്പത്തികച്ചെലവും അദ്ധ്വാനവും ഉണ്ടാക്കും. ഇത് പ്രായോഗികമായി കർഷകർക്ക് കടുത്ത വെല്ലുവിളികളാണ് ഉയർത്തുന്നത്.

കാർഷിക മേഖല നേരിടുന്ന ഈ കടുത്ത ആഘാതം കേവലം കർഷകരുടെ മാത്രം പ്രശ്നമല്ല. മറിച്ച്, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയും ഭക്ഷ്യ സുരക്ഷയെയും ബാധിക്കുന്ന ഗുരുതരമായ പ്രതിസന്ധിയാണ്. മണ്ണിൽ പണിയെടുക്കുന്നവൻ കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയുണ്ടായാൽ വൻ ദുരന്തത്തിലേക്ക് വഴിവെക്കും. അതുകൊണ്ട്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി വിഷയത്തിൽ ഇടപെടേണ്ടതുണ്ട്. രാസവളങ്ങൾക്കുള്ള സബ്സിഡി പുനഃസ്ഥാപിക്കാനും വിപണിയിലെ അനിയന്ത്രിതമായ വിലക്കയറ്റം തടയാനും അടിയന്തര നടപടികൾ സ്വീകരിക്കണം. കൂടാതെ, കർഷകർക്ക് ലഭിക്കാനുള്ള വിള ഇൻഷുറൻസ് കുടിശ്ശികകൾ അടിയന്തരമായി വിതരണം ചെയ്യാനും സർക്കാർ തയ്യാറാകണം. കർഷകനെ സംരക്ഷിക്കാൻ അടിയന്തര നയ രൂപീകരണം ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തെ കാർഷിക മേഖല പൂർണ്ണമായും തകരുകയും നാട് വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും ചെയ്യും. രാസവള വില വർദ്ധനവ് കർഷകരെ സംബന്ധിച്ച് വലിയൊരു പ്രതിസന്ധിയാണ്. ഇതിന് ഫലപ്രദമായി പരിഹാരം കാണാൻ താഴെ പറയുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്.
കൃത്യമായ ഇടവേളകളിൽ മണ്ണ് പരിശോധന നടത്തി മണ്ണിൽ ഏതൊക്കെ പോഷകങ്ങളാണ് കുറവുള്ളതെന്ന് കണ്ടെത്തുക. ഇതുവഴി ആവശ്യമുള്ള വളങ്ങൾ മാത്രം കൃത്യമായ അളവിൽ നൽകാനും അനാവശ്യ ചെലവുകൾ ഒഴിവാക്കാനും സാധിക്കും. ചാണകം, കമ്പോസ്റ്റ്, ആട്ടിൻ കാഷ്ടം, കോഴിവളം, മണ്ണിരക്കമ്പോസ്റ്റ് എന്നിവയുടെ ഉപയോഗം വർദ്ധിപ്പിക്കുക. ഇത് രാസവളങ്ങളെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കും. പയറുവർഗ്ഗ ചെടികൾ ഇടവിളയായി കൃഷി ചെയ്യുകയോ പച്ചില വളങ്ങൾ ചേർക്കുകയോ ചെയ്യുന്നത് അന്തരീക്ഷത്തിലെ നൈട്രജനെ മണ്ണിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കുകയും രാസ നൈട്രജൻ വളങ്ങളുടെ ആവശ്യം കുറയ്ക്കുകയും ചെയ്യും. രാസവളങ്ങളും ജൈവ വളങ്ങളും പരസ്പര പൂരകമായി കൃത്യമായ അനുപാതത്തിൽ ഉപയോഗിക്കുക.
വളങ്ങൾ മണ്ണിൽ ഒലിച്ചുപോകാത്ത വിധം വേരുകൾക്ക് അടുത്തു നൽകുക. കൃഷിഭവൻ വഴിയോ സർക്കാർ കർഷക ക്ഷേമ പദ്ധതികൾ വഴിയോ ലഭ്യമാകുന്ന സബ്സിഡി നിരക്കിലുള്ള വളങ്ങളും കാർഷിക ആനുകൂല്യങ്ങളും കൃത്യമായി ഉപയോഗപ്പെടുത്തുക എന്നിവ പരിഹാര മാർഗങ്ങളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION