
ജൂൺ, ജൂലായ് മാസങ്ങളിൽ ലോകകപ്പ് ഫുട്ബാൾ ലഹരിയിലായിരുന്നു ലോകം. ആവേശത്തിനൊപ്പം ഇന്ത്യയും നിലകൊണ്ടു. കേരളത്തിലടക്കം ഓരോ കോണിലും കാൽപ്പന്തിന്റെ ആരവവും താരാരാധനയും ദൃശ്യമായി. കളിപ്രേമികൾ പതിവുപോലെ ചേരിതിരിഞ്ഞു. അർജന്റീന, ബ്രസീസ്, പോർച്ചുഗൽ, ഫ്രാൻസ്, ജർമനി, സ്പെയിൻ തുടങ്ങിയ ടീമുകളുടെ ഫാൻ ഗ്രൂപ്പുകൾ നാക്കുകൾ കൊണ്ട് ഏറ്റുമുട്ടി. പണ്ട് ഇന്ത്യയെ അടക്കിഭരിച്ചിരുന്ന ഇംഗ്ലണ്ടിനുമുണ്ട് ഇവിടെ നിന്ന് ആരാധകർ. ആരു കപ്പടിക്കും എന്ന ആകാംക്ഷയിൽ മലയാളികൾ അടക്കം ഉറക്കം കളഞ്ഞപ്പോൾ, ഇതു വെറും ഭ്രാന്താണെന്ന് പറഞ്ഞ് ചില ദേശീയവാദികൾ രംഗത്തുവന്നു. സായിപ്പന്മാരുടെ ടീമുകളെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നതിന് പകരം ഇന്ത്യൻ ടീമിന്റെ ഉന്നമനത്തിനായി പ്രാർത്ഥിക്കുകയാണു വേണ്ടെതെന്ന് അവർ പറഞ്ഞു. ലോകകപ്പിൽ ഇന്ത്യ കളിക്കുന്ന കാലത്തിനു വേണ്ടിയാണ് സ്വപ്നം കാണേണ്ടതെന്നും ഓർമ്മിപ്പിച്ചു. എത്രപേർ ഇത് ചെവിക്കൊണ്ടുകാണുമെന്നറിയില്ല. എന്നാൽ വിഷയം കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നതാണ് യാഥാർത്ഥ്യം. ലോകകപ്പ് ഫുട്ബാളിൽ ഭാവിയിൽ ഇന്ത്യയെ എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് കായിക മന്ത്രാലയം.
'വിഷൻ 2047"
ഇന്ത്യയെ അടുത്ത 20 വർഷത്തിനകം ഫിഫ ലോകകപ്പിൽ എത്തിക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം. ഈ സ്വപ്നം സാക്ഷാത്കരിക്കാൻ വിഷൻ 2047 എന്ന പേരിൽ റോഡ്മാപ്പ് തയാറാക്കിയാണ് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ മുന്നോട്ടുപോകുന്നത്. കായിക വിനോദം എന്നതിലുപരി, വലിയൊരു സാമ്പത്തിക മേഖലയായി ഫുട്ബാളിനെ മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. മികച്ച ലീഗുകൾ വരുന്നതോടെ കോച്ചിംഗ്, സ്പോർട്സ് മെഡിസിൻ, ബ്രോഡ്കാസ്റ്റിംഗ് മേഖലകളിൽ വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. സ്പോർട്സ് ടൂറിസത്തിനും ഇത് കരുത്തേകും. 'മെയ്ക്ക് ഇൻ ഇന്ത്യ" പദ്ധതിയുടെ ഭാഗമായി കായിക ഉപകരണങ്ങൾ നാട്ടിൽ തന്നെ നിർമ്മിക്കാൻ പ്രത്യേക സമിതികൾ രൂപീകരിക്കാൻ ഫെഡറേഷനോട് മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
രാജ്യത്തുടനീളം സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (സായ്) കീഴിൽ 31 പരിശീലന കേന്ദ്രങ്ങളും ഖേലോ ഇന്ത്യ പദ്ധതിയിൽ 25 അക്കാഡമികളും ഫുട്ബാളിനായി പ്രവർത്തിക്കുന്നുണ്ട്. ഇതിൽ കേരളത്തിൽ രണ്ട് സായ് കേന്ദ്രങ്ങളും മൂന്ന് ഖേലോ ഇന്ത്യ അക്കാഡമികളുമാണുള്ളത്.
ഗ്രാമീണ മേഖലയിലെ പ്രതിഭകളെ കണ്ടെത്താൻ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്, യൂണിവേഴ്സിറ്റി ഗെയിംസ് എന്നിവ സജീവമായി നടക്കുന്നു. ദേശീയ ഫെഡറേഷനുകൾ അവരുടെ ബജറ്റിന്റെ 20 ശതമാനമെങ്കിലും താഴെത്തട്ടിലുള്ള വികസനത്തിനായി മാറ്റിവയ്ക്കണമെന്നും സർക്കാർ നിഷ്ക്കർഷിച്ചിട്ടുണ്ട്. വിഷൻ 2047 കർമ്മപരിപാടികൾ ഇതിനെല്ലാം മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. പ്രയത്നങ്ങൾ ഫലം കാണുന്നതിന്റെ സൂചനയാണ് കഴിഞ്ഞദിവസം കളിക്കളത്തിൽ കണ്ടത്. 20 വർഷത്തിന് ശേഷം ഇന്ത്യൻ അണ്ടർ-20 ടീം എ.എഫ്.സി ഏഷ്യൻ കപ്പിന് യോഗ്യത നേടി. യോഗ്യതാ റൗണ്ടിലെ നിർണ്ണായക പോരാട്ടത്തിൽ ബംഗ്ലാദേശിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. അടുത്ത വർഷം മാർച്ച് 24 മുതൽ ചൈനയിലാണ് ഏഷ്യൻ കപ്പ് നടക്കുന്നത്.
കടമ്പകൾ ഏറെ
1950ലെ ഫിഫ ലോകകപ്പിന് ഇന്ത്യ യോഗ്യത നേടിയിരുന്നത് ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ കൗതുകകരമായ അദ്ധ്യായങ്ങളിലൊന്നാണ്. ടൂർണമെന്റിന് അർഹത നേടിയെങ്കിലും ബ്രസീലിൽ നടന്ന ആ ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാൻ ഇന്ത്യക്കായില്ല. അനിശ്ചിതത്വം നിറഞ്ഞ അക്കാലത്ത് പല ടീമുകളും പിന്മാറുകയും പുതിയ ടീമുകൾ ഉൾപ്പെടുകയും ചെയ്തിരുന്നു. ഇറ്റലി, സ്വീഡൻ, പരാഗ്വേ എന്നിവരുൾപ്പെട്ട ഗ്രൂപ്പിലായിരുന്നു ഇന്ത്യക്ക് ഇടം ലഭിച്ചത്. ഷൂസിടാതെ കളിയ്ക്കാൻ ഫിഫ അനുമതി നൽകാത്തതാണ് ഇന്ത്യയുടെ അവസരം നഷ്ടപ്പടുത്തിയതെന്നാണ് വിപുലമായി പ്രചരിക്കുന്ന കഥ. എന്നാൽ
യാത്രയ്ക്കുള്ള ഭീമമായ ചെലവും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ സാമ്പത്തിക പ്രതിസന്ധിയുമായിരുന്നു പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ. ഇന്നത്തെ അത്ര പ്രൗഢി അന്ന് ലോകകപ്പിന് ഇല്ലാതിരുന്നതിനാൽ ഫെഡറേഷൻ അധികൃതർ ഒളിംപിക്സിനാണ് കൂടുതൽ പ്രാധാന്യം നൽകിയത്. തയാറെടുപ്പിലെ ആശങ്കകളും ബ്രസീലിലേക്കുള്ള ദൈർഘ്യമേറിയ കപ്പൽ യാത്രയും ഇന്ത്യയെ പിന്മാറ്റത്തിന് പ്രേരിപ്പിച്ചു. 2002ലെ യോഗ്യതാ റൗണ്ടിൽ 11 പോയിന്റ് നേടിയതാണ് പിൽക്കാലത്ത് ഇന്ത്യയുടെ എടുത്തുപറയാവുന്ന നേട്ടം.
2030ലെ ഫിഫ ലോകകപ്പിൽ ടീമുകളുടെ എണ്ണം 64 ആയി ഉയർത്തുന്നത് ഇന്ത്യ പ്രതീക്ഷയോടെ കാണുന്നുണ്ട്. എന്നാൽ അവിടേയ്ക്കെത്താൻ കടമ്പകൾ ഏറെയുണ്ട്. മുൻ ഇന്റർനാഷണൽ താരം ബൈചുങ് ബൂട്ടിയയുടെ വാക്കുകളിൽ അത് പ്രതിഫലിക്കുന്നു. വെറുതെ വായുവിൽ കണക്കുകൂട്ടിയിട്ട് കാര്യമില്ലെന്നാണ് ബൂട്ടിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ടീമുകളുടെ എണ്ണം കൂടിയതുകൊണ്ട് മാത്രം ഇന്ത്യ യോഗ്യത നേടില്ല. അടിസ്ഥാന സൗകര്യങ്ങളും ഗ്രാസ്റൂട്ട് ഫുട്ബോളും മെച്ചപ്പെടണം. അണ്ടർ-17, അണ്ടർ-20 ലോകകപ്പുകളിൽ ഇന്ത്യ സ്ഥിരമായി കളിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പുരുഷന്മാരെക്കാൾ വേഗത്തിൽ ഇന്ത്യൻ വനിതാ ടീം ലോകകപ്പ് യോഗ്യത നേടുമെന്നാണ് ബൂട്ടിയയുടെ പ്രവചനം.
കേരളവും ഇക്കാര്യത്തിൽ ഉണരേണ്ടിയിരിക്കുന്നു. ഫുട്ബാൾ ഗ്രൗണ്ടിൽ ഇന്ത്യയുടെ എടുത്തപറയത്തക്ക നേട്ടങ്ങളിൽ മുമ്പെല്ലാം മലയാളി താരങ്ങളും പ്രധാന പങ്കുവഹിച്ചിരുന്നു. എന്നാൽ സമീപകാലത്തായി ദേശീയ ടീമിൽ പൊട്ടുംപോടിയും മാത്രമാണ് മലയാളി സാന്നിദ്ധ്യം. പുതിയ കായികമന്ത്രിയുടെ പ്രഖ്യാപനങ്ങൾ പ്രതീക്ഷയേറുന്നതാണ്.
മറ്റിടങ്ങളിലേക്ക് ചേക്കേറാതെ കേരളത്തിൽ തുടരുന്ന കായികതാരങ്ങൾ നിരാശപ്പെടേണ്ടി വരില്ലെന്നാണ് മന്ത്രി ഒ.ജെ. ജെനീഷ് പറയുന്നത്. ഫുട്ബാളിനെ മാത്രം ലക്ഷ്യമിട്ടല്ല മന്ത്രി ഇത് പറയുന്നത്. എല്ലാ താരങ്ങലേയും സർക്കാർ ചേർത്തു പിടിക്കുമെന്നാണ് വാഗ്ദാനം.
കായികരംഗത്ത് നയംമാറ്റത്തിന് ഒരുങ്ങുന്ന സർക്കാരുകൾ, പുതിയ പ്രതിഭകളെ ചെറുപ്പത്തിലേ കണ്ടെത്തണം. അവർക്കായി മികച്ച പരിശീലകരെ ലഭ്യമാക്കണം. എല്ലാം നന്നായി നടപ്പാക്കാനുള്ള ഇഛാശക്തികാട്ടണം. എങ്കിൽ 20 വർഷത്തിനകം ലോകകപ്പ് ഫുട്ബാൾ തട്ടകങ്ങളിൽ ഇന്ത്യയുടെ പന്തുരുളുക തന്നെ ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |