SignIn
Kerala Kaumudi Online
Wednesday, 15 July 2026 7.01 AM IST

കുടുംബശ്രീയുടെ നവകാലം, 'ഉയരെ' മുതൽ ഗോത്രവർഗ ചലച്ചിത്രങ്ങൾ വരെ

s

പരസ്പരം

......................

‌ഡോ. ബി. ശ്രീജിത്ത്

കുടുംബശ്രീ പ്രോഗ്രാം ഓഫീസർ

അഭിമുഖം തയ്യാറാക്കിയത്:

സി.എസ്. ഷാലറ്റ്

കേവലം സാമ്പത്തിക സഹായങ്ങൾക്കും മൈക്രോ ഫിനാൻസിനും അപ്പുറം, കേരളത്തിലെ കുടുംബങ്ങളുടെ മാനസിക ഉല്ലാസവും,​ ഗോത്രവർഗ മേഖലയിലെ സമഗ്ര പുരോഗതിയും ലക്ഷ്യമിട്ട് 'കുടുംബശ്രീ" വലിയ മാറ്റങ്ങൾക്ക് തുടക്കമിടുന്നു. പുതിയ ക്യാമ്പയിനുകളെയും ഭാവി പദ്ധതികളെയും കുറിച്ച് 'കുടുംബശ്രീ" പ്രോഗ്രാം ഓഫീസർ ഡോ.ബി. ശ്രീജിത്ത് 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.

? കുടുംബശ്രീ ഇപ്പോൾ വലിയൊരു ക്യാമ്പയിനിലാണല്ലോ, ഇതിന്റെ നിലവിലെ അവസ്ഥ.

 വരുമാനദായക തൊഴിൽ മേഖലകളിൽ സ്ത്രീപങ്കാളിത്തം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ജനുവരി ഒന്നു മുതൽ 'ഉയരെ" എന്ന ടൈറ്റിലിൽ സംസ്ഥാനതല ജൻഡർ ക്യാമ്പയിൻ നടന്നു വരികയാണ്. അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന വിപുലമായ ക്യാമ്പയിനാണ് ഇത്. ഇതിൽ പ്രധാനപ്പെട്ട ചർച്ചകളും പരിശീലനങ്ങളും താഴേത്തട്ടിൽ പൂർത്തിയായിക്കഴിഞ്ഞു. ഇപ്പോൾ എത്തിനിൽക്കുന്നത് 'ഹാപ്പി കേരളം" എന്ന അവസാന മോഡ്യൂളിലാണ്. സന്തോഷമുള്ള ഒരു കുടുംബം എങ്ങനെ രൂപപ്പെടുന്നു, അതേക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് എന്താണ് എന്നതിലാണ് ഇപ്പോൾ ഊന്നൽ നൽകുന്നത്.

?​ 'ഹാപ്പി കേരളം" പദ്ധതി പ്രായോഗികമായി എങ്ങനെയാണ് നടപ്പിലാക്കുന്നത്.

 വാർഡ് തലത്തിലാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ഇതിൽ അയൽക്കൂട്ടം അംഗങ്ങളായ വനിതകൾ മാത്രമല്ല, അവരുടെ ഭർത്താക്കന്മാരും കുട്ടികളും ഉൾപ്പെടെ കുടുംബാംഗങ്ങളെല്ലാം പങ്കാളികളാകും. കുടുബശ്രീ അംഗങ്ങൾ അല്ലാത്ത കുടുംബാംഗങ്ങൾ കൂടി ഒത്തുചേരുന്നു എന്നതാണ് ഇതിന്റെ സവിശേഷത. കുടുംബങ്ങളിൽ ഒരു പുതിയ മനോഭാവ മാറ്റം കൊണ്ടുവരാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.

?​ കേരളത്തിൽ ഉന്നതവിദ്യാഭ്യാസം നേടിയ സ്ത്രീകൾ അധികമുണ്ടെങ്കിലും ബിസിനസ് രംഗത്ത് അവർ ഇനിയും മുന്നോട്ടു വരാനുണ്ടല്ലോ. ഇതിനെ എങ്ങനെ കാണുന്നു.

 ശരിയാണ്, വിദ്യാഭ്യാസ നിലവാരത്തിലും അതിന്റെ സാർവത്രികമായ ലഭ്യതയിലും കേരളം ഏറെ മുന്നിലാണ്. എന്നാൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തവും ബിസിനസ് പങ്കാളിത്തവും വളരെ കുറവാണ്. ഇത് പരിഹരിക്കാൻ സംരംഭകത്വത്തിലും,​ വേതനാധിഷ്ഠിത തൊഴിലുകളിലും താത്പര്യമുള്ളവരുടെ ഒരു പട്ടിക വാർഡ് തലത്തിൽ തയ്യാറാക്കുന്നുണ്ട്. കെ-ഡിസ്‌കുമായി ചേർന്ന് ഇവർക്ക് ആവശ്യമായ പിന്തുണ നൽകും. സംരംഭകത്വം ഒരു ജീവിതശൈലിയായി മാറ്റാനാണ് ശ്രമിക്കുന്നത്.

?​ ഗോത്രവർഗ മേഖലകളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതായി കേൾക്കുന്നു...

 തീർച്ചയായും. അവിടെ ഞങ്ങൾ നേരിട്ട വലിയൊരു വെല്ലുവിളി,​ യുവാക്കൾക്കിടയിലെ ലഹരി ഉപയോഗവും 'സ്‌ക്രീൻ അഡിക്ഷനും" (മൊബൈൽ ഫോണിന്റെ അമിത ഉപയോഗം) ആയിരുന്നു. ഇതിനെ നേരിടാൻ 'കല"യെ ഞങ്ങൾ ഒരു ആയുധമാക്കി. ലോക ചരിത്രത്തിൽ ആദ്യമായി ഗോത്രവർഗ കുട്ടികൾ തന്നെ കഥയെഴുതി, ക്യാമറ ചലിപ്പിച്ച്, അഭിനയിച്ച 'കനസ് ജഗ" എന്ന ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. അവരുടെ സർഗാത്മകതയെ പുറത്തെടുക്കാനും ജീവിതലക്ഷ്യം നൽകാനും ഇതിലൂടെ സാധിച്ചു. തദ്ദേശീയ മേഖലയിലെ ഓരോ കുട്ടിയുടെയും സർഗാത്മകതയുടെയും ബൗദ്ധിക ശേഷിയിയുടെയും വികാസമാണ് അവിടെ കണ്ടത്.

?​ ഗോത്രവർഗ കുട്ടികൾക്കായി സ്‌പോർട്‌സിലും വിദ്യാഭ്യാസത്തിലും പുതിയ പരീക്ഷണങ്ങൾ നടക്കുന്നുണ്ടോ.

 വയനാട്ടിൽ 'ധ്രുവ" എന്ന പേരിൽ ഒരു ഫുട്ബാൾ അധിഷ്ഠിത പരിപാടി നമ്മൾ നടത്തുന്നുണ്ട്. കളിക്കൊപ്പം ഇംഗ്ലീഷ് ആശയവിനിമയ ശേഷി വളർത്തുകയാണ് ലക്ഷ്യം. കൂടാതെ പത്ത് ട്രൈബൽ സ്‌പെഷ്യൽ പ്രോജക്ടുളിൽ 'കമ്മ്യൂണിക്കോർ" എന്ന ഇംഗ്ലീഷ് പഠന പദ്ധതിയും നടപ്പിലാക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ഈ പ്രോജക്ട് നടപ്പിലാക്കിയ നിലമ്പൂരിൽ ഇതിന് വലിയ പ്രതികരണമാണ് ലഭിച്ചത്.

?​ 'ജനഗൽസ" എന്ന പദ്ധതിയുടെ പ്രത്യേകത.

 ഗോത്രവർഗ ഭാഷയിൽ 'ജനങ്ങളുടെ ആഘോഷം" എന്നാണ് ഇതിന്റെ അർത്ഥം. അന്യംനിന്നുപോകുന്ന നൂറിലധികം ഗോത്രകലകളെ നമ്മൾ ഇതിലൂടെ കണ്ടെത്തി. ഈ കലാരൂപങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പഠനത്തിനുള്ള ഒരു ഉപാധിയാക്കി ഇത്തരം ഗോത്ര കലകളെ പ്രയോജനപ്പെടുത്താനും ലക്ഷ്യമിടുന്നുണ്ട്. ഉദാഹരണത്തിന്, ഒരു ഗോത്ര നൃത്തത്തിലൂടെ കെമിസ്ട്രിയിലെ ഒരു തത്വം എങ്ങനെ ലളിതമായി പഠിപ്പിക്കാം എന്ന് നോക്കുന്നു. ഇതിന്റെ ഒരു സമഗ്രമായ പുസ്തകം ഈ മാസം അവസാനം പുറത്തിറങ്ങും.

?​ യുവാക്കളുടെയും കുട്ടികളുടെയും ഭാവി സുരക്ഷിതമാക്കാനുള്ള പദ്ധതികൾ.

 കോളേജ് വിദ്യാർത്ഥിനികൾക്കായി 'വിമൻ പവർ" എന്ന പദ്ധതിയിലൂടെ ഓരോ വിദ്യാർത്ഥിനിക്കും 'ലൈഫ് മാസ്റ്റർ പ്ലാൻ" തയ്യാറാക്കി നൽകുന്നു. ഓരോ പെൺകുട്ടിക്കും തന്റെ ജീവിത ലക്ഷ്യങ്ങൾ മുൻകൂട്ടി നിശ്ചയിക്കാൻ ഇത് സഹായിക്കും. അതുപോലെ,​ പതിനെട്ടു വയസിൽ താഴെയുള്ള കുട്ടികൾക്കായി ബാലസഭകളും ബാല പഞ്ചായത്തുകളും ശക്തമാക്കുന്നു. ദാരിദ്ര്യം ഒരു തലമുറയിൽ നിന്ന് അടുത്തതിലേക്ക് കൈമാറപ്പെടരുത് എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നം. അതിനായി കുട്ടികളുടെയും യുവാക്കളുടെയും ചിന്താശേഷിയെ പരമാവധി ഉണർത്തി, അവരെ പുത്തൻ അറിവുകൾ നിർമ്മിക്കുന്നവരാക്കി മാറ്റുന്ന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY