SignIn
Kerala Kaumudi Online
Monday, 27 July 2026 5.46 PM IST

അസാമിൽ ചർച്ച കുടിയേറ്റവും എസ്.ഐ.ആറും

s

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വേരുറപ്പിക്കാനും ഭരണം പിടിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയും അന്നത്തെ ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷായും 2014ൽ ആവിഷ്‌കരിച്ച പദ്ധതികളിൽ ആദ്യ ഫലം ലഭിച്ചത് അസാമിലായിരുന്നു. അന്നുവരെ അസാം രാഷ്ട്രീയത്തിൽ ഒന്നുമല്ലാതിരുന്ന ബി.ജെ.പി 2016ൽ ഭരണം പിടിച്ചത് കോൺഗ്രസിനെയും അസാം ഗണപരീക്ഷത്ത്, ബോഡോലാൻഡ് പ്യൂപ്പിൾസ് ഫ്രണ്ട്(ബി.പി.എഫ്), ആൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്(എ.ഐ.യു.ഡി.എഫ്) തുടങ്ങിയ പ്രാദേശികക്ഷികളെയും അമ്പരപ്പിച്ചു. അതുവരെ കോൺഗ്രസിന്റെ പേരിൽ മാത്രം രേഖപ്പെടുത്തിയിരുന്ന അധികാരത്തുടർച്ചയുടെ അംഗീകാരം 2021ൽ ബി.ജെ.പിക്ക് ലഭിക്കുകയും ചെയ്‌തു.

മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകവെ സംസ്ഥാനം ഉറ്റുനോക്കുന്നത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്‌ക്ക് തുടർഭരണത്തിന് അവസരം ലഭിക്കുമോയെന്നും അഞ്ച് വർഷത്തിൽ കൂടുതൽ ആ പദവി വഹിക്കുന്ന ആദ്യ കോൺഗ്രസ് ഇതര നേതാവ് ആകുമോയെന്നുമാണ്.

ഭരണവിരുദ്ധ തരംഗം

2016ലെ അസാം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി തയ്യാറാക്കിയ തന്ത്രങ്ങൾ ആദ്യ മോദി സർക്കാരിലെ കായിക മന്ത്രിയായിരുന്ന സർബാനന്ദ സോണോവാളിനെ മുന്നിൽ നിർത്തിയായിരുന്നു. അസാം ഗണ പരീക്ഷത്തിലായിരുന്ന അദ്ദേഹം 2011ലാണ് ബി.ജെ.പിയിലെത്തിയത്. അസാമിൽ വേരൂന്നാനുള്ള അമിത് ഷായുടെ തന്ത്രങ്ങൾ നടപ്പാക്കിയത് സംസ്ഥാന രാഷ്ട‌്രീയം അറിയുന്ന മറ്റ് പാർട്ടികളിലെ നേതാക്കളിലൂടെയാണ്. 2021ലെ തിരഞ്ഞെടുപ്പിൽ ജയിച്ചപ്പോൾ സോണോവാളിനെ കേന്ദ്രത്തിലേക്ക് തിരിച്ചു വിളിച്ച് മുൻ കോൺഗ്രസുകാരനായ ഹിമന്ത ബിശ്വ ശർമ്മയെ മുഖ്യമന്ത്രിയാക്കി.

അസാമിൽ ഹിന്ദു വോട്ടുകൾ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ തിരഞ്ഞെടുപ്പ് കേന്ദ്രീകൃത തന്ത്രങ്ങളാണ് 2011ൽ വെറും അഞ്ചു സീറ്റു മാത്രമുണ്ടായിരുന്ന ബി.ജെ.പിയെ 86 സീറ്റുമായി 2016ൽ അധികാരത്തിലേറ്റിയത്. ബംഗ്ളാദേശുമായി അതിർത്തി പങ്കിടുന്ന അസാമിലെ കുടിയേറ്റ വിഷയം ബി.ജെ.പിക്ക് കോൺഗ്രസിനെയും മറ്റ് പ്രാദേശിക കക്ഷികളെയും കടത്തി തിരഞ്ഞെടുപ്പ് രാഷ്ട‌്രീയത്തിൽ മുന്നേറാൻ ഇന്ധനമായി. 2016ൽ അധികാരം പിടിച്ച ശേഷം മോദി സർക്കാർ കേന്ദ്ര ഫണ്ടിന്റെയും പദ്ധതികളുടെയും കാര്യത്തിൽ അസാമിന് പ്രത്യേക പരിഗണന നൽകിയിരുന്നു. അവ നൽകിയ ഉൗർജ്ജത്തിനൊപ്പം നേതൃമാറ്റവും നടത്തിയാണ് 2021ൽ പുതിയ സർക്കാരിനെ അവരോധിച്ചത്.

മിയ മുസ്ളീം കുടിയേറ്റം

പത്തു വർഷ ഭരണത്തോടുള്ള വിരുദ്ധ വികാരവും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്‌ക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും ഇപ്പോൾ തിരഞ്ഞെടുപ്പ് യോദ്ധയിലുണ്ട്. 2016ൽ 86 സീറ്റ് നേടിയ പാർട്ടിക്ക് 2021 അധികാരം നിലനിർത്താനായെങ്കിലും 11ഒാളം സീറ്റുകൾ നഷ്ട‌മായിരുന്നു.

അതിനാൽ തങ്ങൾ നടപ്പാക്കിയ വികസനത്തിനൊപ്പം ഇക്കുറി കുടിയേറ്റം തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമാക്കുകയാണ് ബി.ജെ.പി. യഥാർത്ഥ വോട്ടർമാരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ബീഹാറിൽ തുടങ്ങിയ എസ്.ഐ.ആർ അസാമിലും നിർണായകമാണ്. തന്റെ സർക്കാർ 1.5 ലക്ഷത്തിലധികം ഭൂമി നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മോചിപ്പിച്ചെന്നും വീണ്ടും ഭരണത്തിലെത്തിയാൽ 5 ലക്ഷം ഭൂമി കൂടി ഒഴിപ്പിക്കുമെന്നും ഹിമന്ത പറയുന്നത് ശ്രദ്ധേയം.

അസാമിലെ മിയാ മുസ്ളീം വംശജരിൽ, ബംഗ്ളാദേശിൽ നിന്ന് കുടിയേറിയെന്ന് കരുതപ്പെടുന്ന ഏതാണ്ട് അഞ്ചു ലക്ഷം പേരെ എസ്.ഐ.ആർ വഴി വോട്ടർ പട്ടികയിൽ നിന്ന്പുറത്താക്കിയെന്നാണ് വിവരം.

അസാമിൽ ഹാട്രിക് ജയം നേടേണ്ടത് പുതിയ ബി.ജെ.പി അദ്ധ്യക്ഷൻ നിതിൻ നബിനും അനിവാര്യം. അദ്ധ്യക്ഷ പദവിയിലെത്തിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ അസാമിൽ മാത്രമാണ് നിലവിൽ ബി.ജെ.പി ഭരണമുള്ളത്. മറ്റിടങ്ങളിൽ മികച്ച പ്രകടനം നടത്തിയാൽ മതിയാകും. അസാമിൽ ഭരണത്തുടർച്ചയിൽ കുറയാത്ത ഒന്നും അദ്ദേഹവും പ്രതീക്ഷിക്കുന്നില്ല.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ കണക്റ്റിവിറ്റി ലക്ഷ്യമിട്ട് ബ്രഹ്‌മപുത്ര നദിക്കടിയിലൂടെ നിർമ്മിക്കുന്ന റെയിൽ-റോഡ് ഇരട്ടക്കുഴൽ പദ്ധതി അടക്കം അടിസ്ഥാന വികസന സൗകര്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് പ്രചാരണം അനൗദ്യോഗികമായി തുടങ്ങിക്കഴിഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം നേതാക്കൾ കുടിയേറ്റവിരുദ്ധ പ്രസംഗവുമായി സംസ്ഥാനത്ത് ഒരു വട്ടം സന്ദർശനം പൂർത്തിയാക്കി.

ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയിലെ ഘടകക്ഷികൾ: അസം ഗണ പരീക്ഷത്ത്, യുണൈറ്റഡ് പ്യൂപ്പിൾസ് പാർട്ടി ലിബറൽ(യു.പി.പി.എൽ).

പ്രതീക്ഷയോടെ കോൺഗ്രസ്

2014ൽ കേന്ദ്ര ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ നേരിട്ട തുടർ തോൽവികളിൽ തകർന്ന കോൺഗ്രസ് അസാമിൽ തിരിച്ചുവരവ് സ്വപ്‌നം കാണുന്നു. തകർന്ന സംഘടനാ സംവിധാനത്തെ പുനരുദ്ധരിക്കാൻ ഗൗരവ് ഗൊഗോയ് എന്ന യുവ നേതാവിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളാണ് പ്രതീക്ഷയ്‌ക്കു വക നൽകുന്നത്.

മുൻമുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകനായ ഗൗരവ് ഗോഗോയി നിലവിൽ അസാമിലെ ജോർഹട്ടിൽ നിന്നുള്ള ലോക്‌സഭാ എംപിയാണ്. രാഹുൽ ഗാന്ധിയുടെ വിശ്വസ്‌തനായ ഗൊഗോയിയുടെ ബ്രിട്ടീഷുകാരിയായ ഭാര്യ എലിസബത്ത് കോൾബേൺ പാകിസ്ഥാൻ ബന്ധമുള്ള സ്ഥാപനത്തിൽ ജോലി ചെയ്തത് ബി.ജെ.പി വിവാദമാക്കുന്നുണ്ട്. ഇത് ഹിമന്ത ശർമ്മയ്ക്കെതിരായ അഴിമതി ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്നാണ് കോൺഗ്രസ് ഭാഷ്യം.

എ.ഐ.സി.സി ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധിക്ക് സ്ഥാനാർത്ഥി നിർണയ ചുമതല നൽകിയതിലൂടെ കോൺഗ്രസ് അസാമിന് നൽകുന്ന പ്രാധാന്യം വ്യക്തം. കഴിഞ്ഞ ദിവസം അസാമിലെത്തി ബൂത്ത് തലമുതലുള്ള നേതാക്കളുമായി ആശയവിനിമയം നടത്തി ഹിമന്ത സർക്കാരിനെതിരെ 20 ആരോപണങ്ങൾ അടങ്ങിയ കുറ്റപത്രം പുറത്തുവിട്ടു. ബി.ജെ.പി നേതാവ് എന്നതിനെക്കാളുപരിയായി മുൻ കോൺഗ്രസുകാരനായ ഹിമന്തയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സർവ സന്നാഹവുമായാണ് തിരഞ്ഞെടുപ്പ് ഒരുക്കം. മുഖ്യമന്ത്രിയുടെ അധികാര ദുർവിനിയോഗമാണ് കോൺഗ്രസ് പ്രചാരണത്തിലെ ഹൈലൈറ്റ്‌സ്.

മിയാ ബംഗാൾ മുസ്ളീം വോട്ട് ബാങ്കിൽ പ്രതീക്ഷയുള്ള ബദറുദ്ദീൻ അജ്മലിന്റെ എ.ഐ.യു.ഡി.എഫ് പാർട്ടിക്കും തിരഞ്ഞെടുപ്പ് നിർണായകം.

അസം നിയമസഭ

ആകെ സീറ്റ് 126

2021 നിയമസഭാ തെരഞ്ഞെടുപ്പ്

ബി.ജെ.പി 60

എ.ജി.പി 9

യു.പി.പി.എൽ 6(എൻ.ഡി.എ ആകെ 75)

കോൺഗ്രസ് 29

എ.ഐ.യു.ഡി.എഫ് 16

ബി.പി.എഫ് 4

സി.പി.എം 1

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY