SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.35 AM IST

ആധി നിറയ്ക്കുന്ന കൗമാരം

s

കുറ്റകൃത്യങ്ങളും അക്രമവാസനകളും സമൂഹത്തിൽ കൂടി വരുന്നുവെന്നത് ഏറെക്കാലമായി കേരളത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. കുറ്റകൃത്യങ്ങളിൽ പ്രായപൂർത്തിയായവരുടെ കൂടെയും അല്ലാതെയും കൗമാരക്കാരും പിടിയിലാവുന്നുമുണ്ട്. മസ്തിഷ്കപ്രശ്നങ്ങൾ, ബുദ്ധിമാന്ദ്യം മയക്ക്മരുന്ന് ഉപയോഗിക്കുന്ന ശീലം തുടങ്ങിയവയെല്ലാം കൗമാരക്കുറ്റ​ കൃത്യങ്ങൾക്ക് കാരണമാകാറുളളതായി പറയുന്നു. മയക്കുമരുന്നുകളുടെ ഉപയോഗം മൂലമുള്ള വൈകല്യമാണ് കേരളത്തിൽ കൂടുലായി കാണുന്നത്. മയക്കുമരുന്ന് വാങ്ങുവാൻ പണമുണ്ടാക്കുന്നതിനായി മോഷ്ടിക്കുന്ന കൗമാരക്കാർ ഏറെ. മയക്കുമരുന്നിന്‍റെ ഉപയോഗം മൂലം മനോനില തെറ്റി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെടുന്നുവെന്നതാണ് കൗമാരക്കാരെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതിലെ ഒരു കാരണമെന്നും വിദഗ്ധർ പറയുന്നു.

കുടുംബാന്തരീക്ഷവും സ്കൂൾ അന്തരീക്ഷവും ശരിയല്ലെങ്കിൽ
കൗമാരത്തിന് വഴിതെറ്റാനുളള എല്ലാവഴികളും ഇന്നുണ്ട്. മൊബെെൽ തന്നെ വലിയൊരു കൊടുവാളായി കൗമാരക്കാരുടെ മുന്നിൽ നിലകൊളളുന്നു. കുടുംബത്തിലും സ്കൂളിലും ഒറ്റപ്പെടുന്നവർ മൊബെെലിലേക്കും മയക്കുമരുന്നിലേക്കും ചുരുങ്ങാൻ എളുപ്പമാണ്. പിന്നീട് ക്രിമിനൽ വാസനയിലേക്കും വഴിവെയ്ക്കും. കലാ-കായിക മത്സരങ്ങളിലും പഠനത്തിലും താൽപര്യമില്ലാതാവുന്ന കൗമാരപ്രായക്കാർ വലിയ ചോദ്യചിഹ്നമാണ് സമൂഹത്തിന് മുന്നിൽ സൃഷ്ടിക്കുന്നത്.

സിനിമയിലും മറ്റ് സാമൂഹമാദ്ധ്യമങ്ങളിലുമുള്ള കുറ്റകൃത്യങ്ങളുടെ അതിപ്രസരവും കൗമാരക്കാരെ കുറ്റകൃത്യങ്ങളിലേക്ക് വഴിനടത്തിക്കുന്നുണ്ട്. കൗമാരക്കാരെ ഇരയാക്കാൻ വലിയൊരു കണ്ണി പുറത്തുമുണ്ട്. മയക്കുമരുന്നിന് അടിമയാക്കി മയക്ക് മരുന്ന് കടത്തിനും മറ്റും ഉപയോഗിക്കാനും പണം കൊടുത്ത് ക്രിമിനൽ കാര്യങ്ങൾ ചെയ്യിപ്പിക്കാനുമെല്ലാം തക്കം പാർത്തിരിക്കുന്ന ക്രിമിനൽ സംഘങ്ങളെയാണ് ആദ്യം കരുതിയിരിക്കേണ്ടത്.

പണമാണ് പ്രശ്നം

സമ്പന്നമായ നഗരങ്ങളിലാണ് കൗമാര കുറ്റവാസന നിരക്ക് കൂടുതലായി കാണപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഗ്രാമീണമേഖലയിൽ പൊതുവേ കുറവാണ്. ഉയർന്ന വിദ്യാഭ്യാസവും ജോലിയുമുളളവരുടെ കൗമാരക്കാരായ മക്കൾ തെറ്റായ വഴികളിലേക്ക് കൂടുതലായി പോകുന്നുവെന്നതാണ് സമീപകാല റിപ്പോർട്ടുകൾ പറയുന്നത്. കുട്ടികൾക്ക് മാത്ര പോരാ, മാതാപിതാക്കൾക്കും കൗൺസിലിങ്ങ് കൊടുത്താലേ ഇതിന് പരിഹാരമാകൂ. ചിലപ്പോൾ സാഹചര്യമാകാം കുട്ടികളെ കുറ്റവാളികളാക്കുന്നത്.

ഒന്നര മാസത്തിനിടെ തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുണ്ടായത് 20 ഓളം ബൈക്ക് മോഷണങ്ങളാണ്. ഈ കേസിൽ പിടിയിലായത് വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന പതിനഞ്ചും പതിനാറും വയസുള്ള വിദ്യാർത്ഥികളും. റിപ്പബ്ലിക് ദിനം, ഉത്രാളിക്കാവ് പൂരം, ചീരക്കുഴി കാവടി, വിയ്യൂർ മണലാറുകാവ് വേല തുടങ്ങിയ ആഘോഷങ്ങൾക്കായി എത്തുന്നവർ പാർക്ക് ചെയ്യുന്ന ബൈക്കാണ് മോഷണം പോയത്. ഇതിൽ പത്തോളം ബൈക്ക് പൊലീസ് കണ്ടെടുത്തു. പേരാമംഗലം, വിയ്യൂർ, തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധികളിലായിരുന്നു മോഷണങ്ങളേറെയും നടത്തുന്നത്. തിങ്കളാഴ്ച രാത്രി തൃശൂർ പ്രസ് ക്ലബ്ബിന് മുൻപിലെ മോഷണം ഉൾപ്പെടെ ഈസ്റ്റ് സ്റ്റേഷൻ പരിധിയിൽ മാത്രം ഒരാഴ്ചയ്ക്കിടെ നഷ്ടപ്പെട്ടത് മൂന്ന് ബൈക്കാണ്. ആർ വൺ ഫൈവ്, ഹിമാലയ, ഹീറോ ഹോണ്ട പാഷൻ തുടങ്ങിയ ബൈക്കുകളാണ് കാണാതായത്. ഇതിൽ കുട്ടിമോഷ്ടാക്കൾ കടത്തിയ ഹിമാലയ ബൈക്ക് പൊലീസ് കണ്ടെടുത്തു. എന്നാൽ ആർ വൺ ഫൈവ് ബൈക്കെടുത്ത് കറങ്ങിയ ശേഷം കുട്ടിമോഷ്ടാക്കൾ മറ്റൊരിടത്ത് ഉപേക്ഷിച്ചെങ്കിലും അവിടെ നിന്നും കാണാതായത്രേ. കഴിഞ്ഞയാഴ്ച വിയ്യൂർ സ്റ്റേഷൻ പരിധിയിൽ നിന്നും യൂണികോൺ ബൈക്കും പേരാമംഗലം പരിധിയിൽ നിന്നും രണ്ട് പൾസർ ബൈക്കും ഒരു പാഷൻ പ്രോ ബൈക്കും കാണാതായി. ഇതിൽ പാഷൻ പ്രൊ, പൾസർ ബൈക്കുകൾ കണ്ടെടുത്തെന്ന് പൊലീസ് പറയുന്നു.

മോഷണം 'അടിച്ചുപൊളിക്കാൻ'

വിയ്യൂരും കിരാലൂരും കേന്ദ്രീകരിച്ചുള്ള കുട്ടികളുടെ സംഘമാണ് ബൈക്ക് മോഷണത്തിന് പിന്നിൽ. അടിച്ചുപൊളിക്കാൻ ലക്ഷ്യമിട്ട് മോഷ്ടിക്കുന്ന ബൈക്കുകൾ ഉപയോഗശേഷം ഉപേക്ഷിക്കും. പേരാമംഗലത്ത് വച്ച് നഷ്ടപ്പെട്ട വള്ളിവട്ടം സ്വദേശിയുടെ ബൈക്കുമായി പെട്രോൾ പമ്പിൽ എത്തിയപ്പോഴാണ് വീണ്ടെടുക്കാനായത്. ഈ വർഷം ജനുവരിയിൽ കുട്ടിക്കള്ളൻമാർ മോഷ്ടിച്ച പത്തിലേറെ ബൈക്കും കണ്ടെടുത്തിരുന്നു. അലഞ്ഞുതിരിയുന്ന സംഘങ്ങളും പ്രസ് ക്ലബ്ബിന് മുൻപിലെ ഹീറോ ഹോണ്ട പാഷൻ ബൈക്ക് മോഷ്ടിച്ചതിന് പിന്നിൽ നഗരത്തിൽ അലഞ്ഞുതിരിയുന്നവരെന്ന് പൊലീസ്. മോഷ്ടാക്കളെ തിരിച്ചറിഞ്ഞതിനാൽ ഇവർക്കായി വല വിരിച്ചിട്ടുണ്ട്. തൃശൂർ പ്രസ് ക്ലബ്ബിന്റെ പാർക്കിംഗ് ഏരിയയിൽ നിറുത്തിയിട്ടിരുന്ന തുണിക്കടയിലെ ജീവനക്കാരന്റെ ബൈക്കാണ് രണ്ടംഗ സംഘം കവർന്നത്. പ്രസ് ക്ലബ്ബിന്റെ സി.സി.ടി.വിയിൽ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസെങ്കിലും കൗമാരക്കാരെ എങ്ങനെ നിലയ്ക്കു നിറുത്തുമെന്ന ചോദ്യം ബാക്കിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY