SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.43 AM IST

എം.എൽ.എ കിരീടത്തിനായി അങ്കത്തിൽ നാല് രാജമാർ

a

തെക്കിന്റെ കാശ്മീരെന്ന് അറിയപ്പെടുന്ന മൂന്നാറടക്കം കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുന്ന സുന്ദരിയായ നിയോജകമണ്ഡലമാണ് ദേവികുളം. ഇവിടെ ഒറ്റ എം.എൽ.എ കിരീടത്തിനായി നാല് രാജാക്കന്മാരാണ് അങ്കത്തട്ടിലുള്ളത്. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ, ബി.എസ്.പി മുന്നണികൾക്കായി ജനവിധി തേടുന്നവരിലാണ് രണ്ട് വീതം രാജയും രാജേന്ദ്രന്മാരുമുള്ളത്. എൽ.ഡി.എഫിനായി നിലവിലെ എം.എൽ.എ എ. രാജയും യു.ഡി.എഫിനായി എഫ്. രാജയുമാണ് ജനവിധി തേടുന്ന രണ്ട് രാജമാർ. എൻ.ഡി.എ സ്ഥാനാർത്ഥി മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ, ബി.എസ്.പി സ്ഥാനാർത്ഥി വി.ബി. രാജേന്ദ്രൻ എന്നിവരാണ് മത്സരരംഗത്തുള്ള രണ്ട് രാജേന്ദ്രൻമാർ. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എഫ്. രാജ മൂന്നാർ ആറ്റുകാട് സ്വദേശിയാണ്. നിയമസഭയിലേക്ക് രാജയ്ക്ക് കന്നിയങ്കമാണ്. പള്ളിവാസൽ പഞ്ചായത്തംഗം, അടിമാലി ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഏലം കൃഷിയ്‌ക്കൊപ്പം ടൂറിസം രംഗവും ഇദ്ദേഹത്തിന്റെ പ്രധാന തൊഴിൽ മേഖലകളാണ്. പൊതു സേവന മേഖലകളിൽ മികച്ച സൽപേരുള്ള രാജ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പുകൾ.

കഴിഞ്ഞ അഞ്ചുവർഷമായി തുടരുന്ന സിറ്റിംഗ് എം.എൽ.എ എ. രാജയാണ് എൽ.ഡി.എഫിനായി രംഗത്തിറങ്ങിയിട്ടുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 7848 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ദേവികുളം മുൻസിഫ് കോടതിയിൽ അഭിഭാഷകനാണ്. സംവരണ മണ്ഡലമായ ദേവികുളത്ത് രാജയുടെ ജാതി കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടെങ്കിലും ഒടുവിൽ വിധി രാജയ്ക്കനുകൂലമാകുകയായിരുന്നു. മൂന്നാറിന് പുറമെ അടിമാലിയിലും എം.എൽ.എ ഓഫീസ് ആരംഭിച്ച് ജനങ്ങളുമായി അടുപ്പം സ്ഥാപിച്ച രാജ ഇക്കുറിയും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് പ്രവർത്തകർ. ജനപ്രതിനിധി എന്ന നിലയിൽ ദീർഘകാലം സേവനം ചെയ്ത എസ്. രാജേന്ദ്രനാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. 2006 മുതൽ തുടർച്ചയായി മൂന്നു തവണ എം.എൽ.എയായ രാജേന്ദ്രൻ സി.പി.എമ്മിന്റെ മൂന്നാറിലെ മുഖമായിരുന്നു. കഴിഞ്ഞ തവണ സീറ്റ് ലഭിക്കാതെ വന്നതോടെ പാർട്ടിയുമായി അകന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന പേരിൽ പിന്നീട് സി.പി.എമ്മിൽ നിന്നു സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ബി.ജെ.പിയോടൊപ്പം ചേർന്നത്. തോട്ടം മേഖലകളിലും കാർഷിക മേഖലകളിലും എല്ലാം ജനങ്ങളുമായുള്ള അടുപ്പം കൂടുതൽ ഊട്ടി ഉറപ്പിച്ച് വിജയം ഉറപ്പിക്കാനുള്ള ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ പ്രവർത്തകർ.

കുഴയ്ക്കുമോ പേരിലെ സാദൃശ്യം

രണ്ടു രാജമാരും രാജയിൽ തുടങ്ങുന്ന പേരുമായി രണ്ട് രാജേന്ദ്രന്മാരും കൂടി പോരിനിറങ്ങുമ്പോൾ അതു ദേവികുളം നിയോജക മണ്ഡലത്തിലെ വോട്ടർമാർക്ക് ആശയക്കുഴപ്പമാകുമോ എന്ന ആശങ്ക മൂന്നു മുന്നണികളിലുമുണ്ട്. അതിനാൽ തങ്ങളുടെ സ്ഥാർത്ഥിയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും വോട്ടിംഗ് മെഷീനിലെ സ്ഥാനവും വോട്ടർമാർക്ക് വിശദീകരിച്ചു കൊടുക്കാനുള്ള നെട്ടോട്ടം ആരംഭിച്ചിട്ടുണ്ട് മൂന്ന് മുന്നണി പ്രവർത്തകരും. യു.ഡി.എഫിലും എൽ.ഡി.എഫിലും വെറും രാജമാരാണെങ്കിൽ താൻ രാജമാരിലെ 'ഇന്ദ്രനാണെന്ന് ' എസ്. രാജേന്ദ്രൻ പറഞ്ഞു. അതിനാൽ തനിക്ക് വിജയം സുനിശ്ചിതമാണെന്നും എസ്. രാജേന്ദ്രൻ പ്രതികരിച്ചു. സ്ഥാനാർത്ഥികളുടെ പേരിൽ സാമ്യം വന്നത് കൗതുകം ആണെങ്കിലും അത് തങ്ങളുടെ വോട്ടർമാർക്കിടയിൽ ആശയ കുഴപ്പം ഉണ്ടാക്കില്ലെന്നാണ് എ. രാജയും എഫ്. രാജയും വി.ബി. രാജേന്ദ്രനും പറയുന്നത്. പേരിൽ അല്ല ചിഹ്നത്തിലാണ് പ്രാധാന്യം എന്നും ഇവർ ഒരുപോലെ പ്രതികരിച്ചു.

തുടക്കം ദ്വയാംഗ മണ്ഡലമായി

ദേവികുളത്തിന്റെ തുടക്കം ദ്വയാംഗ മണ്ഡലമായിട്ടായിരുന്നു. ജനറൽ സീറ്റിൽ ഒരാളും പട്ടികജാതി സംവരണ സീറ്റിൽ ഒരാളും ഒരു മണ്ഡലത്തെ പ്രതിനിധീകരിക്കുന്നുവെന്നതായിരുന്നു ദ്വയാംഗമണ്ഡലം.

ഇവിടെ സംവരണം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിൽ ആദ്യമായി കേസ് നടന്നതും ഈ മണ്ഡലവുമായി ബന്ധപ്പെട്ടാണ്. 1957ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ജനറൽ വിഭാഗത്തിൽ സി.പി.ഐയിലെ റോസമ്മ പുന്നൂസിനായിരുന്നു വിജയം. സംവരണ വിഭാഗത്തിൽ കോൺഗ്രസിലെ എൻ. ഗണപതിയുമാണ് വിജയിച്ചത്. നിലവിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എഫ്. രാജയുടെ പിതൃ സഹോദരനാണ് ഇദ്ദേഹം. ജനറൽ സീറ്റിൽ ജയിച്ച റോസമ്മ പുന്നൂസ് ജില്ലയിലെ ആദ്യ വനിത എം.എൽ.എയും. ആദ്യ നിയമസഭയിലെ അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിച്ച പ്രോടേം സ്പീക്കറും ഇവർ തന്നെയായിരുന്നു. എന്നാൽ എതിർ സ്ഥാനാർത്ഥി കോൺഗ്രസിലെ ബി.കെ. നായരുടെ പത്രിക മതിയായ കാരണമില്ലാതെ തള്ളിയെന്ന കേസിൽ തിരഞ്ഞെടുപ്പ് റദ്ദാക്കുകയും വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. അന്ന് ചെറുപ്പത്തിന്റെ പ്രസരിപ്പുമായി മണ്ഡലത്തിൽ സജീവമായിരുന്ന വി.എസ്. അച്യുതാനന്ദനായിരുന്നു റോസമ്മ പുന്നൂസിനുവേണ്ടി പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. ഇരു വിഭാഗത്തിനും ഉപതിരഞ്ഞെടുപ്പ് പ്രസ്റ്റീജ് മത്സരമായി മാറിയതോടെ ഇ.എം.എസ് മണ്ഡലത്തിന് പ്രത്യേക പരിഗണന നൽകി. ജ്യോതിബസു, എസ്.എ. ഡാങ്കെ പോലുള്ള കമ്യൂണിസ്റ്റ് നേതാക്കൾ പുന്നൂസിനായും കാമരാജും ഇന്ദിരാഗാന്ധിയും ബി.കെ.നായരുടെ പ്രചാരണത്തിനായും എത്തിയതോടെ തിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയിലേക്കുയർന്നു. 1958 മേയിൽ ഉപതിരഞ്ഞെടുപ്പ് ഫലം വന്നു. തിരഞ്ഞെടുപ്പിൽ റോസമ്മ പുന്നൂസിന് 7,098 വോട്ടിന്റെ വലിയ ഭൂരിപക്ഷം കൈവരിക്കാനായി. ഇതു മാത്രമല്ല ഒരേ സഭയിൽ രണ്ടു തവണ സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ലഭിച്ച ആദ്യ എം.എൽ.എ എന്ന ഖ്യാതിയും ഇവർക്ക് സ്വന്തമാക്കാനായി. അന്നത്തെ സാഹചര്യങ്ങളിൽ നിന്ന് ഒരുപാട് മാറ്റം വന്നെങ്കിലും ഇപ്പോഴും ദേവികുളം സംവരണ മണ്ഡലമാണ്. അടിമാലി, കാന്തല്ലൂർ, മറയൂർ, മാങ്കുളം, മൂന്നാർ, വട്ടവട, വെള്ളത്തൂവൽ, ദേവികുളം, പള്ളിവാസൽ, ഇടമലക്കുടി, ബൈസൺ വാലി, ചിന്നക്കനാൽ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഈ നിയമസഭാ മണ്ഡലം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY