SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.46 AM IST

കൈവിടരുത്, വിനോദ സഞ്ചാര കേന്ദ്രങ്ങളെ

d

പ്രകൃതി മനോഹര കാഴ്ചകൾ സമ്മാനിക്കുന്ന പത്തനംതിട്ട ജില്ലയിൽ സാധാരണ വിനോദ സഞ്ചാരത്തിനും തീർത്ഥാടക ടൂറിസത്തിനും വലിയ സാദ്ധ്യതകളാണുള്ളത്. ജില്ലയുടെ പടിഞ്ഞാറൻ അതിർത്തി മുതൽ കിഴക്കൻ മലയോരം വരെ വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. പക്ഷെ, ശരിയായ ആസൂത്രണമില്ലായ്മ ഇൗ വേനൽക്കാലത്തും വിനോദ സഞ്ചാരത്തിനുള്ള സാദ്ധ്യതകളെ അടയ്ക്കുന്നു. കോന്നി ആനത്താവളവും അടവി, ഗവി എക്കോ ടൂറിസവും കഴിഞ്ഞാൽ ജില്ലയിലെ വിദ്യാർത്ഥികൾക്കും വിനോദ സഞ്ചാരികൾക്കും കാണാനായി ഒന്നുമില്ല. മൂഴിയാറിനെ ബേസ് ക്യാമ്പാക്കി ഗവി ടൂറിസം പദ്ധതി വികസിപ്പിക്കാനുള്ള പദ്ധതി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഫയലിൽ ഒതുങ്ങി.

വനം വകുപ്പ്, വൈദ്യുതി ബോർഡ്, പൊതുമരാമത്ത് വകുപ്പ്, ടൂറിസം വകുപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തത്. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി മൂഴിയാർ നാൽപ്പത് ഏക്കറിൽ നിരവധി ബ്രിട്ടീഷ് ശൈലിയിലുള്ള പാർപ്പിടങ്ങൾ നിർമ്മിച്ചിരുന്നു. ഇവ നവീകരിച്ച് സഞ്ചാരികൾക്ക് താമസ സൗകര്യം ഒരുക്കുകയായിരുന്നു പ്രധാന നിർദേശം. ഗവി വിനോദസഞ്ചാരികൾക്ക് ബേസ് ക്യാമ്പായ മൂഴിയാറിൽ എത്തി ഈ കോട്ടേജുകളിൽ താമസിച്ച് കാഴ്ച്ചകൾ ആസ്വദിക്കാം.

♦ ശബരിഗിരി ടൂറിസം

കാനന മധ്യത്തിലെ നാൽപ്പത് ഏക്കറിൽ കനേഡിയൻ കമ്പനി ശബരിഗിരി പദ്ധതിക്ക് തുടക്കമിട്ടപ്പോൾ ശാസ്ത്രീയമായ രീതിയിൽ ഒരുക്കിയ ആവാസ കേന്ദ്രമാണിവിടം. വിദേശ വൃക്ഷങ്ങൾ നട്ടു വളർത്തി ശാസ്ത്രീയ ഡ്രെയ്നേജ് സംവിധാനത്തോടെയാണ് ഇവിടെ താമസ കേന്ദ്രങ്ങൾ നിർമ്മിച്ചിട്ടുള്ളത്. പദ്ധതിയുടെ ആരംഭ കാലത്ത് ഈ താമസ കേന്ദ്രങ്ങൾ ജീവനക്കാരെ കൊണ്ട് നിറഞ്ഞിരുന്നു. എന്നാൽ മൂഴിയാറിൽ ജീവനക്കാർ കുറഞ്ഞു തുടങ്ങി. മൂഴിയാർ പൗവർ ഹൗസ് മേഖലയിലെ ടെമ്പററി കോട്ടേജുകൾ തകർച്ചയിലാണ്. നിലനിൽക്കുന്നത് നാൽപ്പത് ഏക്കറിലെ കെട്ടിടങ്ങൾ മാത്രം.

ഡിസംബർ , ജനുവരി മാസങ്ങളിൽ കോടമഞ്ഞിനാൽ സമൃദ്ധമാണ് ശബരിഗിരി പദ്ധതി പ്രദേശം. ലോക നിലവാരത്തിലേക്ക് എത്തിക്കാൻ പറ്റിയ ടൂറിസം ഭൂപ്രദേശമാണ് ഇവിടം.
മൂഴിയാർ പവർ ഹൗസ് മേഖലയിൽ നിന്ന് നാൽപ്പത് ഏക്കറിലേക്ക് ട്രക്കിംഗിനു സംവിധാനമുണ്ട്. മൂഴിയാർ അണക്കെട്ടിലൂടെ ബോട്ട് സവാരി. കക്കാട്ടാറിലൂടെ സാഹസിക സവാരി, സായിപ്പിൻ കുഴിയിലേക്ക് യാത്ര തുടങ്ങിയ പദ്ധതിയിൽ ഉൾപ്പെടുത്താമായിരുന്നു.

കൺകുളിർക്കെ കാണാനുള്ള പ്രകൃതിഭംഗിയുണ്ട് മൂഴിയാർ മുതൽ ഗവി വരെയുള്ള യാത്രയിൽ. പെൻസ്റ്റോക്ക് പൈപ്പ് ലൈൻ, അരണമുടിക്ക് താഴെ വ്യൂ പോയിന്റ്, വാൽവ് ഹൗസ്, പുൽമേടുകൾ, ആനക്കൂട്ടം, ആനത്തോട് കക്കി ഡാമുകളിലൂടെ ബോട്ടിംഗ്, കൊച്ചുപമ്പ എന്നിവ വേറിട്ട കാഴ്ച്ചകളാണ്.

ഇവിടെ ടൂറിസം കേന്ദ്രങ്ങളാക്കുമ്പോൾ പരിസ്ഥിതി പരിപാലനത്തിന് കർശന നിയന്ത്രണങ്ങൾ ആവശ്യമാണ്. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ സമ്പൂർണ നിരോധനം, വനത്തിലൂടെയുള്ള കടന്നു കയറ്റം തടയൽ തുടങ്ങിയവ ഉറപ്പുവരുത്തണം. ഗവി കണ്ടശേഷം സഞ്ചാരികൾക്ക് മൂഴിയാറിലോ വണ്ടിപ്പെരിയാറിലൊ താമസിക്കാം. വനം, വൈദ്യുതി വകുപ്പുകളുടെ സഹകരണത്തോടെയേ പദ്ധതി നടപ്പാക്കാനാകൂ.

സാദ്ധ്യതകളേറെ

ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ പട്ടികയിൽ ജില്ലയിൽ ടൂറിസം കേന്ദ്രങ്ങൾ നിരവധിയുണ്ടെങ്കിലും സഞ്ചാരികൾ എത്തുന്നത് അപൂർവമാണ്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതും പുതിയ പദ്ധതികൾ ഒരുക്കാത്തതുമാണ് സഞ്ചാരികളെ അകറ്റുന്നത്. അരുവിക്കുഴി, പെരുന്തേനരുവി, കവിയൂർ ഗുഹാക്ഷേത്രം, തിരുവല്ല ചന്തത്തോട് വാട്ടർ പാർക്ക്, ഗവി, മണ്ണടി സ്മാരകം എന്നീ പദ്ധതിയെല്ലാം നിലച്ചു. വനംവകുപ്പിന്റെ അധീനതയിലുള്ള കോന്നി എക്കോ ടൂറിസവും ഗവിയുമാണ് ജില്ലയിൽ വരുമാനം നേടുന്ന വിനോദ സഞ്ചാരകേന്ദ്രങ്ങൾ. സത്രങ്ങൾ മാത്രമാണ് നിലവിൽ ഡി.ടി.പി.സിയുടെ ചുമതലയിൽ പ്രവർത്തിക്കുന്നത്. തിരുവല്ലയിലും പെരുന്തേനരുവിയിലുമാണ് സത്രങ്ങൾ ഉള്ളത്.
അടൂർ മണ്ണടി സ്മാരകത്തിലെ വിവിധ പദ്ധതികളും പൂർത്തിയായിട്ടില്ല. ഡി.ടി.പി.സിയുടെ കെട്ടിടങ്ങളും വിനോദ സഞ്ചാരകേന്ദ്രങ്ങളും സംരക്ഷിക്കാനും പദ്ധതികളില്ല. വിനോദ സഞ്ചാരകേന്ദ്രങ്ങൾ സുരക്ഷിതമല്ലാത്തത് സഞ്ചാരികളെ അകറ്റുന്നു. വിനോദയാത്രയ്ക്ക് എത്തിയ നിരവധിയാളുകളുടെ ജീവൻ നഷ്ടമായിട്ടുണ്ട്. കോന്നി ആനക്കൂടിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസുകാരൻ മരിച്ചിട്ട് ഈമാസം പതിനെട്ടിന് ഒരു വർഷമാകുന്നു. സുരക്ഷാ സൗകര്യമൊരുക്കാത്തതും അശ്രദ്ധയും അപകടങ്ങൾക്ക് കാരണമാകുന്നു. പെരുന്തേനരുവിയിൽ പൊലിഞ്ഞത് നിരവധി യുവാക്കളുടെ ജീവനാണ്. സുരക്ഷാവേലി ഇല്ലാത്തത് അപകടത്തിന് കാരണമാകുന്നു. ഡാം വന്നതോടെ പെരുന്തേനരുവി വറ്റി. അരുവിക്കുഴിയും വറ്റി വരണ്ടു. ഫണ്ടുകൾ ലഭ്യമാകാത്തതും കാലതാമസമുണ്ടാകുന്നതും പദ്ധതിയുടെ നടത്തിപ്പിനെ ബാധിക്കുന്നു.

ജില്ലയുടെ ടൂറിസം വികസനത്തിന് വേണ്ടത് ഇച്ഛാശക്തിയുള്ള ഭരണ നേതൃത്വമാണ്. നാടിന്റെ ഭാവി വികസനത്തിന് ടൂറിസം പ്രധാന ഘടകമാണെന്ന തിരിച്ചറിവ് നാട് ഭരിക്കുന്നവർക്കുണ്ടാകണം. അതിന് കാഴ്ചയും കാഴ്ചപ്പാടുകളും മാറണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY