
"ദിശാബോധമില്ലാത്ത ഒരു മനുഷ്യന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കാമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതുവരേയും അത്തരമൊരു ചിന്തയ്ക്ക് അവസരം കിട്ടിയിട്ടില്ലെങ്കിൽ, കുഴപ്പമില്ല, ഇപ്പോൾ ചിന്തിച്ചോളൂ, മനുഷ്യന്റെ പ്രധാനപ്പെട്ടൊരു കഴിവാണ് ദിശാബോധം. ഒരാൾ എവിടെയാണെന്നും, എവിടേക്കാണ് പോകേണ്ടതെന്നും, മനസ്സിലാക്കി, ശരിയായ വഴി കണ്ടെത്താനുള്ള കഴിവിനെയാണ് ദിശാബോധം എന്ന് പറയുന്നത്. ഇത് സ്ഥലങ്ങളെ തിരിച്ചറിയാനും, യാത്രകൾ സുഗമമാക്കാനും സഹായിക്കുന്നു. ദിശാബോധം ജന്മസിദ്ധമായ കഴിവല്ല; നിരീക്ഷണവും, അനുഭവവും, പരിശീലനവും വഴി അത് വളർത്തിയെടുക്കാൻ കഴിയും. സൂര്യന്റെ സ്ഥാനം, നക്ഷത്രങ്ങൾ, റോഡുകൾ, കെട്ടിടങ്ങൾ, പ്രകൃതിദത്ത അടയാളങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിലൂടെ ദിശ തിരിച്ചറിയാനുള്ള കഴിവ് മനുഷ്യർ മെച്ചപ്പെടുത്തുന്നു.
ജീവിതലക്ഷ്യങ്ങൾ വ്യക്തമായി തിരിച്ചറിഞ്ഞ് അവ കൈവരിക്കാൻ ശരിയായ മാർഗം തിരഞ്ഞെടുക്കുന്നതിനും ദിശാബോധം ആവശ്യമാണ്. ദിശാബോധം മനുഷ്യനെ സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും മുന്നോട്ട് നയിക്കുന്ന വിലപ്പെട്ടൊരു കഴിവാണ്." ഇത്രയും പറഞ്ഞുകൊണ്ട് പ്രഭാഷകൻ, സദസ്യരെ നോക്കിയപ്പോൾ, മിക്കവരും ജീവിതയാത്രയുടെ പിന്നിലേക്കു നോക്കുന്നൊരു ഭാവത്തിലായിരുന്നു. എല്ലാവരേയും വാത്സല്യപൂർവം നോക്കി പുഞ്ചിരിച്ചുകൊണ്ട്, പ്രഭാഷകൻ തുടർന്നു: "ആമ ഇഴഞ്ഞുവരുന്നത് കണ്ടിട്ടില്ലാത്തവരായി ആരെങ്കിലുമുണ്ടോ? അപ്രകാരം ഇഴഞ്ഞു വരുന്ന ആമയുടെ സഞ്ചാരപാതയിൽ നമ്മൾ തടസമുണ്ടാക്കിയാൽ, ഉടൻതന്നെ ഉൾവലിഞ്ഞശേഷം, അതിന്റെ വഴിയിലെ തടസം മാറിയതായി മനസ്സിലായാൽ, മുൻപ് സഞ്ചരിച്ചുവന്ന അതേ ദിശയിൽ തന്നെ പോകുന്നതു കണ്ടിട്ടുണ്ടോ? അപ്പോൾ, ആമയ്ക്കും ദിശാബോധമുണ്ടെന്നാണോ?
അതെ, ഒരുതരത്തിൽ ആമയുടെ ദിശാബോധത്തിന്റെയും, പരിസരബോധത്തിന്റെയും പ്രകടനമായാണത് കണക്കാക്കുന്നത്. ആമയ്ക്ക് താൻ സഞ്ചരിച്ചുകൊണ്ടിരുന്ന ദിശയെ കുറിച്ച് ഒരു ധാരണ നിലനിർത്താൻ കഴിയും! സ്മരണയും, നാഡീവ്യവസ്ഥയും– തടസം നേരിട്ടതിന് മുമ്പുള്ള സഞ്ചാര ദിശയെകുറിച്ചുള്ള വിവരങ്ങൾ കുറച്ചു സമയം നിലനിർത്താൻ അതിന്റെ നാഡീവ്യവസ്ഥയ്ക്ക് കഴിയും. പരിസ്ഥിതി സൂചനകളും ഇതിന് സഹായകരമാകുന്നുണ്ട്. പ്രകാശത്തിന്റെ ദിശ, ഭൂമിയുടെ ചരിവ്, സമീപവസ്തുക്കളുടെ സ്ഥാനം തുടങ്ങിയ സൂചനകൾ ഉപയോഗിച്ചും ആമകൾ ദിശ തിരിച്ചറിയാറുണ്ട്. എന്നാൽ, ഇത് മനുഷ്യർക്കുള്ളപ്പോലുള്ള ബോധപൂർവമായ ' ഞാൻ ആ ദിശയിലേക്കാണ് പോകേണ്ടത്' എന്ന ചിന്തയാണെന്ന് പറയാനാവില്ലയെന്നും, മറിച്ച്, പരിണാമത്തിലൂടെ രൂപപ്പെട്ട ഒരുസ്വാഭാവിക നാവിഗേഷൻ കഴിവ് ആണെന്നും ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു.
അപ്പോൾ, ആമയുടെ ദിശാബോധം നിങ്ങൾ എന്റെ വരികളിൽ കണ്ടു എന്നാണോ, അതോ, കണ്ടില്ലയെന്നാണോ, അതെന്തെങ്കിലുമാകട്ടെ! പക്ഷേ, നമ്മുടെ മക്കൾക്ക് പ്രത്യേകിച്ചും ചെറിയ കുട്ടികൾക്ക് അതൊന്ന് കാണിച്ചു കൊടുക്കുക. കാരണം, അവർ നല്ല ദിശാബോധത്തോടെ ബഹുദൂരം മുന്നേറേണ്ടവരല്ലേ! മറിച്ച്, ദിശാബോധം തെറ്റിയ ഒരു തലമുറ രാസലഹരിയുടെ നീരാളിപ്പിടുത്തത്തിലായി പോയാലോ! അപ്പോൾ നമ്മുടെ മക്കൾക്ക് നല്ല ദിശാബോധം പകരുന്ന നല്ല മനുഷ്യരായി നമുക്കെന്നും നിലകൊള്ളാൻ ശ്രമിക്കാം, അതിന് ആമയുടെ വേഗത കണ്ട് വേവലാതിയൊന്നും വേണ്ട, നമുക്കെന്നും നേർവഴി മതി."ഇപ്രകാരം പ്രഭാഷകൻ നിർത്തിയപ്പോൾ, സദസ്യർക്കത് പുതിയൊരു ദിശാബോധം പകർന്ന പോലെയായി!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |