SignIn
Kerala Kaumudi Online
Saturday, 18 July 2026 3.01 AM IST

വിജ്ഞാ​ന​ വെളിച്ചം

a

രാമാ​യ​ണ കഥ​യുടെ സ്രഷ്ടാ​വായ ആദി​ക​വി​യുടെ കഥ വാല്മീ​കി​ രാമാ​യണ കഥ​യിലെ പ്രഥമ ഗണനീ​യമാ​ണ്. ജന്മം​കൊണ്ട് ബ്രാഹ്മ​ണ​നാ​യി​രുന്ന വാല്മീ​കി​ ശൈശ​വത്തിൽ രക്ഷി​താ​ക്ക​ളാൽ കർമ്മ​ഫ​ല​മെ​ന്നോണം ഉപേ​ക്ഷി​ക്ക​പ്പെട്ടു. തസ്‌ക്ക​ര​ന്മാർ എടുത്തുവളർത്തി. സംസർഗദോഷ​ത്താൽ പിടി​ച്ചു​പ​റിക്കലും ഹിംസയുംകൊണ്ട് വഴി​യാ​ത്ര​ക്കാരെ ധ്വംസി​ക്കു​കയും ചെയ്തുവന്നു.

ഒരി​ക്കൽ അതു​വഴി വന്ന നാര​ദ​മു​നി​യു​ടെയും പരി​വാ​ര​ങ്ങ​ളു​ടേയും കൈവ​ശ​മു​ണ്ടാ​യി​രു​ന്ന​തെല്ലാം തട്ടി​യെ​ടു​ക്കാൻ ശ്രമി​ച്ച​പ്പോൾ ''നീ ചെയ്യു​ന്ന​തിന്റെ ഫല​ങ്ങ​ളെല്ലാം നിന്റെ കുടുംബംകൂടി അനു​ഭ​വി​ക്കുമോ'' എന്ന് അന്വേ​ഷിച്ചുവരൂ എന്ന് മുനി ഉപ​ദേ​ശിച്ചു.

തുടർന്ന് ''താൻതാൻ നിര​ന്തരം ചെയ്യുന്ന കർമ്മ​ങ്ങൾ താൻതാനനു​ഭ​വി​ച്ചീ​ടു​കെന്നേ വരൂ'' എന്ന ജ്ഞാനോ​ദ​യ​ത്തിനു വിധേ​യ​നാ​യി. സപ്തർഷികളിൽനിന്നു ദിവ്യോപദേശം സ്വീകരിച്ച് കാട്ടാളത്തംവെടിഞ്ഞു മാമുനിയായി തമസാനദീതീരത്തുള്ള പർണശാലയിൽ കഴിഞ്ഞുകൂടി. സ്നാനത്തിനായി ശിഷ്യഗണങ്ങളോടൊപ്പം പോകുന്ന വഴിമദ്ധ്യേ ഒരുമരത്തിൽ ഇരുന്ന ക്രൗഞ്ചമിഥുനങ്ങളിൽ ഒന്നിനെ ഒരു കാട്ടാളൻ അമ്പെയ്തു വീഴ്ത്തുന്നതുകണ്ട് വാല്മീ​കി​ മഹർഷി ഉരുവിട്ട ശ്ലോകത്തിൽ നിന്നും രൂപമെടുത്ത രാമകഥ 'രാമായണ'മായി പരിണമിച്ചു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഭാനുഭക്തൻ എന്ന കവി നേപ്പാളിഭാഷയിൽ രാമായണം എഴുതി. ഇതിന് ഉപോത്ബലകമായത് അദ്ധ്യാത്മ രാമായണമാണ്. ചന്ദ്രകവി രചിച്ച മൈഥിലിഭാഷാ രാമായണം, ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിലുണ്ടായ ലാലദാസന്റെ മൈഥിലിഭാഷയിലുള്ള രാമായണം, രാമലോചനചരണന്റെ രാമചരിത മാനസം തർജ്ജമയ്ക്കും പുറമെ, ലോകമാകെ രാമകഥ പാടിപ്പുകഴ്ത്തുന്ന എത്രയെത്ര 'മഹത്ഗ്രന്ഥങ്ങൾ'.


ഒരു 'രാമനാമം' ആയിരം സഹസ്രനാമങ്ങൾക്കു തുല്യമാണ്! അദ്ധ്യാത്മരാമായണത്തിലെ ശ്രീരാമൻ യജുർവേദമൂർത്തിയും, ലക്ഷ്മണൻ ഋഗ്വേദമൂർത്തിയും ഭരതൻ സാമവേദമൂർത്തിയും ശത്രുഘ്നൻ അഥർവവേദമൂർത്തിയുമാണ്. ശ്രീരാമൻ ആനന്ദദായകനും, ഭരതൻ സൽഗുണ സംരക്ഷകനും, ലക്ഷ്മണൻ ഉത്തമലക്ഷണയുക്തനും ശത്രുഘ്നൻ സദാ ശത്രുനിഗ്രഹകനുമാണ്.


വാല്മീ​കി​​യുടെ കഥ നമ്മെ പഠി​പ്പി​ക്കു​ന്നത് മഹാ​ത്മാ​ക്ക​ളുടെ സാന്നിദ്ധ്യം കൊണ്ടെന്നപോലെതന്നെ അവരെ ഉൾക്കൊ​ള്ളു​ന്നതും ഏത് അജ്ഞനേയും പ്രാജ്ഞ​നാ​ക്കും​വിധം സംസ്‌കൃ​തീ​ക​രി​ക്ക​പ്പെ​ടു​മെന്നുമാണ്. അതി​ലൂടെ സമൂ​ഹ​ത്തിനു തന്നെ വിജ്ഞാ​ന​ത്തിന്റെ അതിമഹ​ത്തായ വെളിച്ചം പക​രാ​നാകു​മെ​ന്നു​മാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY