
1911 ജൂലായ് 29. സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് വിത്തുപാകി ശിബദാസ് ബാദുരിയുടെ നേതൃത്വത്തിൽ ആ 11 ധീരയോദ്ധാക്കളും വിജയം തോളിലേറ്റി ചരിത്രത്തിന്റെ ഏടുകളിലേക്ക് നടന്നുകയറിയിട്ട് ഇന്ന് 115 വർഷം. വെള്ളക്കാരനെ ബൂട്ട് ഇല്ലാതെ കളിച്ചു തോൽപ്പിച്ചപ്പോൾ അവർ മുന്നറിയിപ്പ് നൽകിയത് ഭാരതത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടം വിദൂരമല്ല എന്നായിരുന്നു. ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഫുട്‌ബാൾ ടൂർണമെന്റായ ഐ.എഫ്.എ ഷീൽഡിൽ കൊൽക്കത്ത മോഹൻബഗാൻ ക്ലബും അവരുടെ ആ പോരാളികളും ചരിത്ര ഏടുകളിൽ ഇപ്പോഴും തലയെടുപ്പോടെ നിൽക്കുന്നു.
1911 ജൂലായ് 29ന് ബ്രിട്ടീഷ് പട്ടാള ടീമും മോഹൻബഗാനുമായി നടന്ന ഫൈനൽ മത്സരം കാണാൻ പതിനായിരങ്ങൾ കൊൽക്കത്തയിൽ എത്തിയിരുന്നു. ഈസ്റ്റ് ഇന്ത്യ റെയിൽവേ കൊൽക്കത്തയിലേക്ക് പ്രത്യേക തീവണ്ടി സർവീസുകൾ നടത്തി. അസാം, പാട്ന, ധാക്ക എന്നിവിടങ്ങളിൽ നിന്നുപോലും കാളവണ്ടിയിലും, തീവണ്ടിയിലുമായി ദിവസങ്ങളോളം യാത്ര ചെയ്തു ജനങ്ങൾ കൊൽക്കത്തയിലെത്തി.
രണ്ടു രൂപ ആയിരുന്നു ടിക്കറ്റ് വില. കരിഞ്ചന്തയിൽ 15 രൂപ. ചരിത്ര മത്സരം പുറംലോകത്ത് അറിയിക്കാനായി ബ്രിട്ടനിലെ എംപയർ പത്രം ഒരു താത്കാലിക ടെലിഫോൺ എക്സ്‌ചേഞ്ച് മൈതാനത്ത് സ്ഥാപിച്ച് മത്സര വിവരങ്ങൾ പുറത്തുവിട്ടിരുന്നു.
വെള്ളക്കാർക്കെതിരെ ബൂട്ടണിയാതെ കളിക്കണം എന്ന കോളനി ധാർഷ്ട്യത്തെ വെല്ലുവിളിച്ച് അവരുടെ തന്നെ മൂന്നോളം പ്രഗത്ഭ ടീമുകളെ പരാജയപ്പെടുത്തിയാണ് കലാശക്കളിക്ക് മോഹൻബഗാൻ യോഗ്യത നേടിയത്. അക്കാലത്തെ ബ്രിട്ടീഷ് സാമ്രാജ്യത്വ ലോകത്തെ ഏറ്റവും കരുത്തുറ്റ പട്ടാളടീമായ ഈസ്റ്റ് യോർക്ക്‌ഷെയർ റെജിമെന്റിനെതിരെ ബൂട്ടില്ലാതെ കളിച്ചാണ് മോഹൻബഗാൻ വിജയക്കൊടി പാറിച്ചത്.
വെള്ളക്കാരുടെ ടീമുകളെ പരാജയപ്പെടുത്തിയുള്ള മോഹൻബഗാനെ തേരോട്ടം ഫൈനലിൽ എത്തും മുൻപ് തന്നെ വലിയ വാർത്തയായി മാറിയിരുന്നു. ബ്രിട്ടീഷുകാരനായ എച്ച്.ജി പൂൾസ് ആയിരുന്നു മത്സരം നിയന്ത്രിച്ചത്. ഫൈനൽ മത്സരത്തിൽ ബ്രിട്ടീഷുകാരുടെ തകർപ്പൻ ആക്രമണങ്ങൾ ബഗാന്റെ സുധിർകുമാർ ചാറ്റർജി, രാജൻ സെൻ ഗുപ്ത, ബുട്ടീ സുകുൾ എന്നീ യോദ്ധാക്കൾ തീർത്ത പ്രതിരോധ കോട്ടമതിൽ കടന്നില്ല.
ഇതിനിടയിലും ശക്തമായ ആക്രമണത്തിലൂടെ ഗോളടിച്ച് ബ്രിട്ടീഷ് ക്യാപ്ടൻ ജാക്സൺ ഈസ്റ്റ് യോർക് ഷെയറിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ ക്യാപ്ടൻ ശിബദാസ് ബാദുരിയുടെ നേതൃത്വത്തിൽ ഹാബുൾ സർക്കാർ, ബിജോയ് ദാസ് ബാദുരി, കനു റോയ് തുടങ്ങിയ പോരാളികൾ കൊടുങ്കാറ്റു കണക്കെ ആഞ്ഞടിച്ച് ബ്രിട്ടീഷ് കോട്ടകളെ വിറപ്പിച്ചു. അതിനിടെ ശിബദാസ് ബാദുരിയിലൂടെ സമനിലയും അഭിലാഷ് ഘോഷിലൂടെ വിജയ ഗോളും നേടി.
ബൂട്ടിട്ട ബ്രിട്ടീഷുകാരുടെ പരുക്കൻ തന്ത്രങ്ങൾ മൂലം നഗ്നപാദരായി കളിച്ച ബഗാന്റെ പോരാളികൾക്ക് നല്ലവണ്ണം പരിക്കേറ്റിരുന്നു. രക്തം വാർന്നൊലിച്ച കാലുകളുമായാണ് അവർ മൈതാനം വിട്ടത്. പരുക്കൻ അടവുകൾ അതിജീവിച്ച് നേടിയെടുത്ത ആ വിജയം ലോകത്താകമാനം മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായി. 1989ൽ പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കി മോഹൻബഗാനെ രാഷ്ട്രത്തിന്റെ ക്ളബ് ആയി പ്രഖ്യാപിച്ച് ഭാരതം ആ യോദ്ധാക്കളെ ആദരിക്കുകയും ചെയ്തു.
(ലേഖകന്റെ ഫോൺ: 9037545565)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |