SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.23 AM IST

കൊല്ലത്തെ വിസ്മയങ്ങൾ

a

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരും മുമ്പേ വിസ്മയങ്ങൾക്ക് തുടക്കംകുറിച്ച കൊല്ലം, ഫലപ്രഖ്യാപനം വരുമ്പോഴും വിസ്മയിപ്പിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. കേഡർ പാർട്ടിയായ സി.പി.എമ്മിൽ നിന്ന് പ്രമുഖരായ നേതാക്കൾ പടിയിറങ്ങി എതിർ പാളയത്തിൽ അഭയം തേടുന്ന വിസ്മയത്തിന് തുടക്കമിട്ടത് കൊട്ടാരക്കരയിലെ സി.പി.എം നേതാവും മുൻ എം.എൽ.എയുമായ പി.ഐഷാ പോറ്റിയായിരുന്നു. കൊട്ടാരക്കരയിൽ 15 വർഷം തുടർച്ചയായി എം.എൽ.എ ആയിരുന്ന ഐഷാ പോറ്റി ഇപ്പോൾ അവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ്. മന്ത്രി കെ.എൻ ബാലഗോപാലാണ് എതിർ സ്ഥാനാർത്ഥി. ഐ ഷാ പോറ്റിക്ക് പിന്നാലെ സി.പി.എമ്മിൽ നിന്ന് വമ്പന്മാർ ഓരോരുത്തരായി പാർട്ടി വിടുന്ന കാഴ്ചകണ്ട് സി.പി.എം മാത്രമല്ല, കേരള ജനതയും അമ്പരന്നു. ആലപ്പുഴയിൽ പാർട്ടിയുടെ നട്ടെല്ലായിരുന്ന ജി. സുധാകരന്റെ രാജി കേരളത്തെയാകെ ഞെട്ടിച്ചു. എം.വി രാഘവനും കെ. ആർ ഗൗരിഅമ്മയും പാർട്ടി വിട്ടശേഷം സി.പി.എമ്മിന് കടുത്ത ആഘാതം ഏൽപ്പിച്ച രാജിയാണ് ജി. സുധാകരന്റേതെന്നാണ് വിലയിരുത്തുന്നത്. ആലപ്പുഴയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്ന സുധാകരൻ പാർട്ടിയിലെ ചിലരിൽ നിന്ന് നേരിട്ട അപമാനത്തിൽ മനം മടുത്താണ് പാർട്ടി വിട്ടത്. പിന്നാലെ പാർട്ടിക്കോട്ടയായ കണ്ണൂരിലെ പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനും തളിപറമ്പിൽ ടി. കെ ഗോവിന്ദനും ഒറ്റപ്പാലത്ത് പി.കെ ശശിയും പാർട്ടി വിട്ടു. ഇവരെല്ലാം ഇപ്പോൾ യു.ഡി.എഫ് പിന്തുണയോടെ മത്സര രംഗത്താണ്. മുൻ ദേവികുളം എം.എൽ.എ രാജേന്ദ്രൻ എത്തിയത് ബി.ജെ.പിയിലാണ്. പലയിടത്തും സി.പി.എം വിട്ട് എതിർ പാർട്ടികളിൽ ചേക്കേറുന്ന വിസ്മയം സി.പി.എമ്മിനെ സംബന്ധിച്ച് അസാധാരണമാണ്.

ഫലവും വിസ്മയിപ്പിക്കുമോ?

മേയ് 4 ന് ഫലപ്രഖ്യാപനത്തോടെ ഇവരെല്ലാം വിസ്മയിപ്പിക്കുമോ എന്നാണിനി അറിയാനുള്ളത്. കൊല്ലം ജില്ലയിലെ 11 മണ്ഡലങ്ങളിൽ 9 എണ്ണവും കൈവശമുള്ള എൽ.ഡി.എഫിന് എത്രയെണ്ണം നിലനിർത്താനാകുമെന്നതിനെ ആശ്രയിച്ചാകും എൽ.ഡി.എഫിന് മൂന്നാം തുടർ ഭരണം ലഭിക്കുമോ എന്നത്. ഇടതു മുന്നണിക്ക് ആ സ്വപ്നം യാഥാർത്ഥ്യമാകാൻ 9 ൽ ഏഴിടത്തെങ്കിലും വിജയിച്ചേ മതിയാകൂ.
സി.പി.എം സ്ഥാനാർത്ഥികൾ മത്സരിക്കുന്ന 5 സീറ്റുകളിൽ മൂന്നിടത്തും സിറ്റിംഗ് എം.എൽ.എ മാരാണ് വീണ്ടും മത്സരിക്കുന്നത്. ഇരവിപുരത്ത് എം. നൗഷാദും കൊട്ടാരക്കരയിൽ കെ.എൻ ബാലഗോപാലും ചവറയിൽ ഡോ.സുജിത് വിജയൻ പിള്ളയുമാണ് സിറ്റിംഗ് എം.എൽ.എ മാർ. കൊല്ലത്ത് ഇക്കുറി സി.പി.എം ആക്ടിംഗ് ജില്ലാ സെക്രട്ടറി എസ്.ജയമോഹനാണ് സ്ഥാനാർത്ഥി. കഴിഞ്ഞ 4 തവണ തുടർച്ചയായി എൽ.ഡി.എഫ് വിജയിക്കുന്ന കൊല്ലത്ത് ഇക്കുറി വിസ്മയം സംഭവിക്കുമോ എന്നാണ് അറിയേണ്ടത്. കോൺഗ്രസിലെ ബിന്ദു കൃഷ്ണയാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി.
2021ൽ എം.മുകേഷിനോട് 2007 വോട്ടിന് പരാജയപ്പെട്ട ബിന്ദു കൃഷ്ണ കഴിഞ്ഞ 5 വർഷമായി മണ്ഡലത്തിൽ നിറസാന്നിദ്ധ്യമായി പ്രവർത്തിക്കുകയാണെന്നത് അനുകൂല ഘടകമാകുമെന്നാണ് അവർ പറയുന്നത്. കുണ്ടറയിൽ എസ്.എൽ സജി കുമാറാണ് പി.സി വിഷ്ണുനാഥിനെതിരെ മത്സരിക്കുന്നത്.

പുനലൂരിലെ വിമതനെ ഒതുക്കി

തെക്കൻ കേരളത്തിൽ മുസ്ലിം ലീഗ് മത്സരിക്കുന്ന ഏക മണ്ഡലമായ പുനലൂരിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വം ഉയർത്തിയ ഭീഷണി എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നേരിട്ടുള്ള ഇടപെടലിൽ ഒഴിവായി. സി.പി.ഐ തുടർച്ചയായി വിജയിക്കുന്ന പുനലൂരിൽ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലായി മുസ്ലിം ലീഗിനാണ് യു.ഡി.എഫ് സീറ്റ് നൽകുന്നത്. പുനലൂരിലെ കോൺഗ്രസ് നേതാക്കൾ ഇതിൽ കടുത്ത അസംതൃപ്തിയിലായിരുന്നു. മുസ്ലിം ലീഗിന് ഇക്കുറി പുനലൂരിന് പകരം ചടയമംഗലം നൽകാൻ നീക്കം നടന്നെങ്കിലും അവിടത്തെ കോൺഗ്രസ് നേതാക്കൾ എതിർത്തതോടെ പുനലൂരിൽ തന്നെ ലീഗിന് നൽകാൻ തീരുമാനിക്കുകയായിരുന്നു. ലീഗ് സ്ഥാനാർത്ഥിയായി നൗഷാദ് യൂനുസിനെ ലീഗ് നേതൃത്വം പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ പുനലൂരിലെ കോൺഗ്രസ് നേതൃത്വം പ്രതിഷേധം കടുപ്പിച്ചു. പരസ്യ പ്രകടനവുമായി അവർ തെരുവിലിറങ്ങി. ഡി.സി.സി ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയുമായ എസ്.ഇ സഞ്ജയ്ഖാൻ പുനലൂരിൽ വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനമായ തിങ്കളാഴ്ച പത്രിക നൽകാൻ തയ്യാറായ സഞ്ജയ്ഖാനെ കെ.സി വേണുഗോപാൽ നേരിട്ടെത്തി അനുനയിപ്പിച്ച് പിന്മാറ്റുകയായിരുന്നു. അടൂരിൽ വച്ച് സഞ്ജയ്ഖാനെയും ഒപ്പമുണ്ടായിരുന്ന പ്രവർത്തകരെയും ചേർത്തു പിടിച്ച് കെ.സി വേണുഗോപാൽ പറഞ്ഞു, " ഇത് നിർണായക തിരഞ്ഞെടുപ്പാണ്. നീ ചെയ്ത ത്യാഗത്തിന് കൃത്യമായ പരിഗണന ലഭിക്കും. പാർട്ടിയുടെ സ്വത്തായ നിന്നെ ഞങ്ങൾ ഒരിക്കലും കൈവിടില്ല. പാർട്ടി നിന്നെ സംരക്ഷിക്കും" എന്ന് പറഞ്ഞതോടെ സഞ്ജയ്ഖാൻ മയപ്പെട്ടു. "എന്റെ പ്രസ്ഥാനത്തിന് ഒരു പോറൽപോലും ഏൽക്കാൻ ഞാൻ കാരണക്കാരനാകില്ല" എന്ന് സഞ്ജയ്ഖാനും പറഞ്ഞതോടെ പുനലൂരിലെ വിമതപ്പേടിക്ക് വിരാമമായി.

വിസ്മയിപ്പിക്കാൻചാത്തന്നൂർ

കൊല്ലം ജില്ലയിൽ ബി.ജെ.പി യുടെ എ ക്ലാസ് മണ്ഡലമായ ചാത്തന്നൂരിൽ ഇക്കുറി താമര വിരിയുമോ എന്നതിലാണ് ഏവർക്കും ആകാംക്ഷ. ജില്ലയിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഏക മണ്ഡലവും ചാത്തന്നൂരാണ്. തുടർച്ചയായി സി.പി.ഐ വിജയിക്കുന്ന ചാത്തന്നൂരിൽ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ബി.ബി ഗോപകുമാർ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. മൂന്നാം തവണയും ജനവിധി തേടുന്ന ബി. ബി ഗോപകുമാർ ഇക്കുറി അത്ഭുതം സൃഷ്ടിച്ചാൽ അത് ചരിത്രമാകും. മൂന്ന് തവണ ഇവിടെ വിജയിച്ച സി.പി.ഐയിലെ ജി.എസ് ജയലാലിനെ ടേം വ്യവസ്ഥ പ്രകാരം മാറ്റി ആർ.രാജേന്ദ്രനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. കോൺഗ്രസിലെ സൂരജ് രവിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. എതിർ സ്ഥാനാർത്ഥികളിരുവരും മണ്ഡലത്തിന് പുറത്തു നിന്നുള്ള വരെന്നതും പ്രദേശവാസിയായ ഗോപകുമാറിന് അനുകൂല ഘടകമാണ്. ഗോപകുമാറിലൂടെ ജില്ലയിൽ ബി.ജെ.പി അക്കൗണ്ട് തുറന്നാൽ അത് വിസ്മയമാകും. പത്തനാപുരത്ത് തുടർച്ചയായ ആറാം തവണ ജനവിധി തേടുന്ന കെ.ബി ഗണേശ് കുമാറിന് ഇക്കുറി അനായാസ ജയം ഉറപ്പാകുമോ എന്ന് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. പരസ്ത്രീ ബന്ധം സ്വന്തം ഭാര്യ എത്തി പിടികൂടിയതടക്കം നിരവധി ആരോപണങ്ങൾ ഉയരുമ്പോഴും ഗണേശിനെ പരാജയപ്പെടുത്താൻ കോൺഗ്രസിലെ ജ്യോതികുമാർ ചാമക്കാലയ്ക്ക് കഴിയുമോ എന്നതാണ് കണ്ടറിയേണ്ടത്.

ആർ.എസ്.പി യുടെ ഭാവി

10 വർഷമായി നിയമസഭയിൽ പ്രാതിനിധ്യം ഇല്ലാത്ത ആർ.എസ്.പി ക്ക് ഈ തിരഞ്ഞെടുപ്പ് നിലനിൽപ്പിന്റെ പ്രശ്നം കൂടിയാണ്. ചവറ, കുന്നത്തൂർ, ഇരവിപുരം സീറ്റുകളിൽ മത്സരിക്കുന്ന പാർട്ടിക്ക് വിനയാകുന്നത് പാളയത്തിലെ പടയാണ്. എൻ കെ പ്രേമചന്ദ്രൻ എം.പിയുടെ മകൻ കാർത്തിക്കിന് ഇരവിപുരത്ത് മത്സരിക്കാൻ സീറ്റ് നൽകാത്ത പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട സജി ഡി. ആനന്ദ് ഇരവിപുരത്ത് എൻ.ഡി.എ സ്ഥാനാർത്ഥിയായി പാർട്ടി സ്ഥാനാർത്ഥി വിഷ്ണു മോഹന് ഭീഷണി ഉയർത്തുന്നു. സജി ഡി. ആനന്ദ് കൂടുതൽ വോട്ടുകൾ സമാഹരിച്ചാൽ ഇടത് സ്ഥാനാർത്ഥി എം. നൗഷാദിനാകും അതിന്റെ ഗുണം ലഭിക്കുക. ചവറയിൽ ഷിബു ബേബി ജോൺ എൽ.ഡി.എഫിലെ സിറ്റിംഗ് എം.എൽ. എ സുജിത്ത് വിജയൻപിള്ളയുമായാണ് ഏറ്റുമുട്ടുന്നത്. ആർ.എസ്.പിയുടെ മൂന്നാമത് സീറ്റായ കുന്നത്തൂരിൽ ഉല്ലാസ് കോവൂർ നേരിടുന്നത് സിറ്റിംഗ് എം.എൽ.എ കോവൂർ കുഞ്ഞുമോനെയാണ്. കാൽ നൂറ്റാണ്ടിലേറെയായി കുന്നത്തൂരിന്റെ ജനകീയ എം.എൽ.എ എന്നറിയപ്പെടുന്ന കോവൂർ കുഞ്ഞുമോൻ ഇക്കുറി തോറ്റാൽ അതാകും വിസ്മയം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY