SignIn
Kerala Kaumudi Online
Wednesday, 29 July 2026 2.21 AM IST

രാമായണാമൃതം: മാതൃകകൾക്ക് മാതൃക

a

കേകയ രാജ്യത്തിൽനിന്നും അയോദ്ധ്യയിലേക്കുപോയ കുബ്ജയായ മന്ഥര കൈകേയിയുടെ ഉപദേശകയായി കൂടെക്കൂടിയതാണ്. മന്ഥര എന്തുപറഞ്ഞാലും അത് ഗുണത്തിനാണെന്നു കൈകേയി ധരിച്ചു. അന്ധമായ ആ ധാരണ അനുചിതവും അപകടകരവുമാണെന്നു അവർ മറന്നു.

ശ്രീരാമന്റെ അഭിഷേകവൃത്താന്തം അറിഞ്ഞ മന്ഥര ഉടൻ കൈകേകിയെ സമീപിക്കുന്നു. അസ്വാരസ്യങ്ങളൊന്നുമില്ലാതെ സന്തോഷവതിയായി വിശ്രമിക്കുകയായിരുന്ന കൈകേയിയെക്കണ്ട് രാമാഭിഷേകം നടക്കാൻപോകുന്നുവെന്ന വാർത്തയറിയിക്കുന്നു. അതുകേട്ടു കൂടുതൽ സംതൃപ്തയും സന്തുഷ്ടയുമാകുന്ന കേകയപുത്രി, ''എന്റെ മകനായ ഭരതനോടുള്ളതിലും സ്നേഹവാത്സല്യങ്ങൾ എനിക്ക് എന്റെ രാമനോടുണ്ട്; രാമനും എന്നോട് അങ്ങനെതന്നെയാണ് '' എന്നുപറഞ്ഞു ഹൃദയം പങ്കിടുന്നു.

സന്തോഷവാർത്തയ്‌ക്കുള്ള പ്രതിഫലമെന്നോണം കൊടുക്കുന്ന രത്നമാല ക്ഷുഭിതയായ മന്ഥര വലിച്ചെറിയുന്നു. രാമാധികാരം കൊണ്ടുണ്ടാകുന്ന 'നഷ്ടം'പറഞ്ഞും, രാജമാതാവായ കൗസല്യയുടെ അധികാരമോർമ്മിപ്പിച്ചും ഉപദേശിച്ചും ശാസിച്ചും ഒടുവിൽ ഭർത്സിച്ചും കൈകേയിയെ തെറ്റിദ്ധാരണയ്ക്ക് വശംവദയാക്കുന്നു. കുൽസിതമായ വാക്കുകളിൽ വിധി നിയോഗമെന്നപോലെ ഒരുമാത്ര വീണുപോകുന്ന കൈകേയിയോട്, പണ്ട് യുദ്ധഭൂമിയിൽ രഥചക്രം ഊരിപ്പോകുമെന്ന അവസ്ഥയിൽ പെരുവിരൽകൊണ്ട് അതിനെ തടഞ്ഞപ്പോൾ ദശരഥരാജൻ പ്രത്യുപകാരമായി രണ്ടുവരങ്ങൾ വാഗ്ദാനം ചെയ്തതും അത് ഇപ്പോഴാവശ്യപ്പെടാവുന്നതാണെന്നും ഓർമ്മിപ്പിച്ചു.

'ഏഷണിക്കാരനാം പാമ്പിൻ വിഷം....' എന്നുപറയുമ്പോലെ മന്ഥരയുടെ ദൂഷണത്തിൽ കൈകേയി വശഗതയായി. ദശരഥനെ അനുസരിപ്പിക്കാൻ കോപാകുലയായി പരിക്ഷീണയായി നിലത്തുകിടക്കുകയും നിവൃത്തിയില്ലാതെ പ്രതിജ്ഞാപാലനത്തിനു വഴങ്ങിയ ദശരഥനിൽനിന്നും തന്റെ സ്വാർത്ഥത സാധിച്ചെടുക്കുകയുമുണ്ടായി. ശാന്തമായൊഴുകുന്ന നദിപോലെയുള്ള ചില കുടുംബബന്ധങ്ങളിൽ സ്വാർത്ഥവും കുൽസിതവുമായ ചിന്താഗതികളോടെ ചിലർ കടന്നുകൂടിയാൽ അതിന്റെ പരിണതഫലം എന്താകുമെന്നതിന് ഉത്തമോദാഹരണമാണിത്. അച്ഛന്റെ പ്രതിജ്ഞയുടെ പരമാർത്ഥമറിയാവുന്ന രാമൻ അല്പവും മടിക്കാതെ പ്രതിജ്ഞ പാലിക്കാൻ പ്രതിജ്ഞാബദ്ധമായി വനവാസത്തിനു പുറപ്പെടുന്നു. പിതൃപ്രസാദത്തിനായി സ്വേച്ഛാരഹിതനായി പുറപ്പെടുന്ന ശ്രീരാമൻ എക്കാലവും ആദർശധീരതയുടെ മാതൃകകൾക്കും മാതൃകയാണ്. ഇവിടെയാണ് രാമായണകഥ ആത്മഗന്ധിയാകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMAYANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY