
'ഈ കപ്പൽ ആടി ഉലയുകയില്ല സാർ, ഈ കപ്പലിനൊരു കപ്പിത്താനുണ്ട് സാർ'. രണ്ടാം പിണറായി സർക്കാരിന്റെ വീഴ്ചകൾക്കെതിരെ നിയമസഭയിൽ അന്നത്തെ പ്രതിപക്ഷം വിമർശനമുന്നയിച്ചപ്പോൾ, ആരോഗ്യമന്ത്രിയായിരുന്ന വീണാജോർജ് പറഞ്ഞ വാക്കുകൾ. പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പിൽ ആ കപ്പൽ മുങ്ങിത്താഴ്ന്നു. ഇടതുമുന്നണി തന്നെ വല്ലാതെ ആടിയുലഞ്ഞ നിലയിലാണ് ഇപ്പോൾ. തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കുശേഷം മുന്നണി നേതൃയോഗം ചേർന്നത് ആകെ ഒരു തവണ. അടുത്ത യോഗം എന്നുചേരുമെന്ന് ആർക്കുമില്ല നിശ്ചയം. നിയമസഭാ സമ്മേളനവും പിരിഞ്ഞു. പക്ഷേ, മുന്നണി നിയമസഭാ കക്ഷി യോഗം ഒരു തവണപോലും ചേരാനായില്ല.
ഇടതുമുന്നണിയിൽ വലുതും ചെറുതുമായി ഘടകകക്ഷികൾ 12. പക്ഷേ,നിയമസഭയിലെത്തിയത് അതിൽ മൂന്നുകക്ഷികൾ മാത്രം. ആകെ എം.എൽ.എമാർ 35. അവർക്ക് എന്തുകൊണ്ട് യോഗം ചേരാൻ കഴിഞ്ഞില്ല?. കാര്യം നിസാരം. പക്ഷേ,പ്രശ്നം ഗുരുതരം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന് മുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐക്ക് മോഹം.പക്ഷേ, വിട്ടുകൊടുക്കാൻ വല്യേട്ടനായ സി.പി.എം തയ്യാറല്ല. ഉപനേതാവായി മുൻമന്ത്രി കെ.എൻ.ബാലഗോപാലിനെ അവർ നിശ്ചയിച്ചു.ഒരു പദവിയും പത്രാസുമില്ലാത്ത സ്ഥാനം. സഭയിൽ പ്രതിപക്ഷനേതാവിന്റെ തൊട്ടടുത്ത സീറ്റിലിരിക്കാമെന്നു മാത്രം.എന്നിട്ടും സി.പി.ഐ എന്തിന് ബലം പിടിക്കുന്നു?
ആവശ്യപ്പെട്ടു പോയി.ഇനി പിന്മാറുന്നതെങ്ങനെ?
പത്രക്കാർ ചോദിച്ചപ്പോൾ, അതൊക്കെ കഴിഞ്ഞ കാര്യമെന്ന നെഞ്ചിൽ കുത്തുന്ന സ്വരത്തിലുള്ള പിണറായി വിജയന്റെയും,എം.വി.ഗോവിന്ദന്റെയും മറുപടിയാണ് സി.പി.ഐക്കാരെ കൂടുതൽ വേദനിപ്പിക്കുന്നത്.തങ്ങൾക്കുമില്ലേ അഭിമാനം. വാശിയെങ്കിൽ വാശി.ഇതിൽ തീരുമാനം അറിഞ്ഞിട്ടുമതി ഇനി യോഗം. പക്ഷേ,കൂട്ടായ ചർച്ച പോലുമില്ല.
അനാഥരെപ്പോലെ ഇരുട്ടിൽ തപ്പുന്നത് ഒരു എം.എൽ.എ പോലുമില്ലാത്ത കേരള കോൺഗ്രസ് -മാണി ഉൾപ്പെടെയുള്ള ഒമ്പത് ഘടകകക്ഷികൾ.ഒന്നുകിൽ തൊമ്മൻ അയയണം, അല്ലെങ്കിൽ ചാണ്ടി.തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞിട്ടും ചിലർക്ക് എന്തിനീ വാശി?. വല്യേട്ടന് മുന്നിൽ എന്നും കീഴടങ്ങാൻ വിധിക്കപ്പെട്ടവരാണോ തങ്ങളെന്നാണ് ബിനോയ് വിശ്വത്തിന്റെ ചോദ്യം!
ഗ്രഹണം വരുമ്പോൾ ഞാഞ്ഞൂലും തല പൊക്കുമെന്ന് പറഞ്ഞതുപോലെയാണ് സി.പി.എമ്മിലെ കാര്യങ്ങളുടെ പോക്ക്. കഴിഞ്ഞ പത്തുവർഷം ഭരണത്തിലും പാർട്ടിയിലും മുന്നണിയിലും 'കാരണഭൂതന്റെ തിരുവായ്ക്ക് എതിർവായില്ല' എന്നായിരുന്നു ആക്ഷേപം.പക്ഷേ,തിരഞ്ഞെടുപ്പിൽ കോട്ടകൊത്തളങ്ങൾ തകർന്നടിഞ്ഞതോടെ ചിത്രം മാറി. പാർട്ടി ജില്ലാ കമ്മിറ്റികളിൽ മുതൽ ബ്രാഞ്ച് കമ്മിറ്റികളിൽവരെ നടന്ന അവലോകന യോഗങ്ങളിൽ സർക്കാരിനും പാർട്ടിക്കും
നേതൃത്വം നൽകിയവരെ അലക്കി വെളുപ്പിച്ചു.
അതിനുശേഷം ചേർന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ നേതൃത്വത്തിനെതിരായ വിമർശനങ്ങളെല്ലാം ആവി!. കുഴപ്പം പറ്റിയത് വ്യക്തികൾക്കല്ലെന്നും,പാർട്ടിക്കാണെന്നുമാണ് ഒടുവിലത്തെ കണ്ടെത്തൽ. സ്വയംവിമർശനവും
തെറ്റുതിരുത്തലുമൊക്കെ സ്വാഹ!. പക്ഷേ,കേരളത്തിന്റെ റിപ്പോർട്ടിലെ 'രക്ഷാപ്രവർത്തനം' അപ്പടി ഉപ്പുതൊടാതെ വിഴുങ്ങാൻ ഡൽഹിയിൽ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗം തയ്യാറായില്ലെന്നാണ് കേട്ടത്.ചില തിരുത്തലുകളൊക്കെ വരുമത്രെ.വന്നാൽ പാർട്ടി രക്ഷപ്പെടും!
പാർട്ടിയിൽ നാവടക്കി പണിയെടുത്തിരുന്ന ചില നേതാക്കളും നേതൃത്വത്തിന്റെ വീഴ്ചകൾക്കെതിരെ പരസ്യമായി പ്രതികരിച്ചു തുടങ്ങി.നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിലെയും,തളിപ്പറമ്പിലെയും സ്ഥാനാർത്ഥി നിർണയത്തിൽ
പാർട്ടി തീരുമാനം തിരിച്ചടിച്ചെന്നാണ് കേന്ദ്ര കമ്മിറ്റിയംഗവും, പാർട്ടി മുഖപത്രത്തിന്റെ മുഖ്യ പത്രാധിപരുമായ പുത്തലത്ത് ദിനേശന്റെ വിമർശനം.
പമ്പയിൽ നടത്തിയ ആഗോള അയ്യപ്പ സംഗമം സർക്കാർ പരിപാടിയാണെന്ന പ്രചാരണവും, ആർ.എസ്.എസ് പശ്ചാത്തലമുള്ള യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം സംഗമത്തിൽ വായിച്ചതും ദോഷം ചെയ്തു. 'എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്' എന്ന ധാർഷ്ട്യം നിറഞ്ഞ തിരഞ്ഞെടുപ്പ് മുദ്രാവാക്യവും പാർട്ടിയിലെചില ഉന്നത നേതാക്കൾ വിമത സ്ഥാനാത്ഥികളായി രംഗത്തിറങ്ങേണ്ടി വന്നതും അണികളിൽ അവമതിപ്പുണ്ടാക്കിയെന്ന വിമർശനത്തിന്റെ കുന്തമുന നീളുന്നത് ആർക്കൊക്കെ നേരേയാണെന്നത് വ്യക്തം.
ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നയാളാണ് ദിനേശൻ. 'പോ മോനേ, ദിനേശാ' എന്നുപറഞ്ഞ് ആ വിമർശനങ്ങളെ ലാഘവത്തോടെ തള്ളിക്കളയാനാവില്ല. കണ്ണൂരിലെ പാർട്ടിയിൽ ഉരുണ്ടുകൂടുന്ന എതിരൊലികളുടെ ലാഞ്ചനയാണത്രെ അത്.
വിഴിഞ്ഞം പോർട്ടിൽ സ്വിറ്റ്സർലാൻഡിലെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.സി ) വക 13,000 കോടിയുടെ വിദേശ നിക്ഷേപം വരുന്നത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ വിജയമെന്ന് സി.പി.എം മുഖപത്രം.എന്നാൽ, നിയമസഭയിൽ ഇതിന്റെ പേരിൽ മുഖ്യമന്ത്രി വി.ഡി.സതീശനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു പിണറായിയുടെയും മറ്റും ശ്രമം.വിഴിഞ്ഞം പോർട്ടിന്റെ 49 ശതമാനം ഓഹരിയും അദാനി ഗ്രൂപ്പ് എം.എസ്.സിക്ക് വിൽക്കുന്നത് സതീശൻ-അദാനി ഡീലിന്റെ ഭാഗമാണെന്നും, വിഴിഞ്ഞം തുറമുഖത്തെ വിദേശ കമ്പനിക്ക് വിൽക്കാൻ സർക്കാർ കൂട്ടുനിന്നുവെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
അപ്പോൾ,പാർട്ടി പത്രം അതിനെ പ്രശംസിച്ചതോ? അത് തെറ്റായ വിവരം വച്ചാണെന്ന് പാർട്ടിയുടെ വിശദീകരണം. 'പാർട്ടി പത്രത്തിന്റെ ലേഖകനും നിങ്ങളെപ്പോലൊരു മാദ്ധ്യമ പ്രവർത്തകനല്ലേ.തെറ്റ് പറ്റിയതാവാം' എന്നായിരുന്നു പത്രക്കാരോടുള്ള പിണറായി വിജയന്റെ പ്രതികരണം!
നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 102 സീറ്റിന്റെ കിടിലൻ വിജയത്തോടെ ഭരണം കൈവന്നിട്ടും അതിന്റെ ഉണർവും വീര്യവും കോൺഗ്രസിലും മുന്നണിയിലും കാണാനില്ലെന്നാണ് ആക്ഷേപം.പി.എംശ്രീ പദ്ധതിയും വിലകുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവും വിഴിഞ്ഞവും ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽ പാപഭാരമെല്ലാം മുഖ്യമന്ത്രി വി.ഡി.സതീശന്റെ തലയിൽ. കെ.പി.സി.സി നാഥനില്ലാക്കളരിയായി.പ്രസിഡന്റായിരുന്ന സണ്ണി ജോസഫ് മന്ത്രിയായി ആഴ്ചകൾ കഴിഞ്ഞിട്ടും പുതിയ പ്രസിഡന്റിനെ വച്ചില്ല.പല മന്ത്രിമാരുടയും പേഴ്സണൽ
സ്റ്റാഫ് നിയമനം പൂർത്തിയായില്ല.മുന്നണി യോഗം ചേരാത്തതിനാൽ ബോർഡ്,കോർപ്പറേഷൻ വീതംവയ്പും നീളുന്നു.
സർക്കാരിനെ ബാധിക്കുന്ന വിവാദ വിഷയങ്ങളിൽപോലും ചർച്ചയില്ല.മുഖ്യമന്ത്രി വി.ഡി.സതീശൻ കേരളത്തെ 'വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണെന്ന്' പ്രതിപക്ഷം. പലകാര്യങ്ങളിലും മുഖ്യമന്ത്രിയുടേത് ഒറ്റയാൻ പോക്കാണെന്നാണ് പാർട്ടിയിലും മുന്നണിയിലും വിമർശനം.വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള മുൻ സർക്കാരിന്റെ നീക്കത്തെ പ്രതിപക്ഷ നേതാവായിരിക്കെ എതിർത്ത സതീശൻ, മുഖ്യമന്ത്രിയായപ്പോൾ യൂടേൺ അടിച്ചു.
നികുതി ഇളവ് ബഡ്ജറ്റിൽ മാത്രമല്ല,ധനകാര്യ ബില്ലിലും ഉൾപ്പെടുത്തി.മുതിർന്ന പാർട്ടി നേതാവ് വി.എം.സുധീരന്റെ ഉപദേശവും ചെവിക്കൊണ്ടില്ല. പോരാത്തതിന്, ബഡ്ജറ്റിന്റെ ശോഭ കെടുത്താൻ പ്രതിപക്ഷത്തിന് പുറമെ മറ്റുചിലരും ശ്രമിച്ചതായി സുധീരനെതിരെ ഒളിയമ്പും. മൂത്തവർ ചൊല്ലും മുതു നെല്ലിക്കയും ആദ്യം കയ്ക്കും!
നുറുങ്ങ്
പിണറായി സർക്കാരിന്റെ കാലത്തെ പി.എസ്.സി നിയമനങ്ങളിലേറെയും പാർട്ടി നേതാക്കൾക്കും ബന്ധുക്കൾക്കുമെന്ന് പരക്കെ ആക്ഷേപം.
►പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം മൂന്നര ലക്ഷമായി അന്നത്തെ സർക്കാർ ഉയർത്തിയത് വെറുതെയല്ലെന്ന് മനസിലായില്ലേ. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ!
(വിദുരരുടെ ഫോൺ: 9946108221)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |