SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.46 AM IST

കേരളധവളപത്രം 2026 നയപരമായ ദിശാബോധം വേണം

aa

ഇക്കഴിഞ്ഞ ദിവസം കേരള നിയമസഭയുടെ മേശപ്പുറത്ത് വെച്ച ധവളപത്രം 2026 സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ഒരു സുപ്രധാന രേഖയാണ്. മെയ് മാസത്തിൽ അധികാരത്തിൽ വന്ന സർക്കാർ നിയോഗിച്ച ഒരു വിദഗ്ധ സമിതിയാണ് ഈ രേഖ തയ്യാറാക്കിയത്. സംസ്ഥാന ഖജനാവിന്റെ യഥാർത്ഥ അവസ്ഥ പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്താനുള്ള ശ്രമമാണ് സർക്കാർ ഇതിലൂടെ നടത്തിയിരിക്കുന്നത്.
സംസ്ഥാനത്തിന്റെ പൊതുസാമ്പത്തിക ബാദ്ധ്യതകൾ, വർദ്ധിച്ചുവരുന്ന കടബാദ്ധ്യതകൾ, പെൻഷൻ,ശമ്പളം,പലിശ ഇനങ്ങളിലെ ചെലവുകൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭനഷ്ടങ്ങൾ, കിഫ്ബി ) വഴിയുള്ള ഓഫ്ബജറ്റ് വായ്പകൾ, ട്രഷറി ബാദ്ധ്യതകൾ തുടങ്ങിയ സാമ്പത്തിക വിഷയങ്ങളാണ് ധവളപത്രത്തിൽ വിശകലന വിധേയമാക്കിയിട്ടുള്ളത്. ഒപ്പം, കേരളത്തിന്റെ വികസന മാതൃകയുടെ ഭാവി, ക്ഷേമകാര്യ സംവിധാനത്തിന്റെ നിലനിൽപ്പ്, ഭരണ കാര്യക്ഷമത, സർക്കാരിന്റെ സാമ്പത്തിക സമീപനം, കേന്ദ്രസംസ്ഥാന ധനകാര്യ ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള വിശാലമായ ചർച്ചയ്ക്ക് തുടക്കമിടാൻ പ്രേരകമായ ഒരു രേഖ കൂടിയായി ധവളപത്രം മാറുന്നു.
പൊതുകട ബാദ്ധ്യത
ധവളപത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തൽ സംസ്ഥാനത്തിന്റെ പൊതുകട ബാദ്ധ്യത ഏകദേശം 5.07 ലക്ഷം കോടി രൂപയിലെത്തിയെന്നതാണ്. സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിന്റെ 35 ശതമാനത്തിലധികമാണ് ഈ ബാധ്യത. കടമെടുത്ത് വികസനം നടത്തുന്നതിൽ അസ്വാഭാവികതായില്ല. എന്നാൽ, കടം ഉൽപ്പാദനക്ഷമമായ ആസ്തികൾ സൃഷ്ടിക്കുന്നതിനാണോ ഉപയോഗിക്കുന്നത്, അതോ ദൈനംദിന ചെലവുകൾ നിറവേറ്റുന്നതിനാണോ ഉപയോഗിക്കുന്നത് എന്നതാണ് നിർണായക ചോദ്യം. കടമെടുത്ത തുക ഭാവിയിൽ വരുമാനം സൃഷ്ടിക്കുന്ന പദ്ധതികളിലേക്ക് നിക്ഷേപിക്കപ്പെടുകയാണെങ്കിൽ അത് വികസന നിക്ഷേപമായി കണക്കാക്കാം. എന്നാൽ, ദൈനംദിന ചെലവുകൾ നിറവേറ്റുന്നതിനാണ് കടം ഉപയോഗിക്കുന്നതെങ്കിൽ ഭാവിതലമുറകൾക്ക് അധികഭാരം മാത്രമാണ് അത് അവശേഷിപ്പിക്കുക. കേരളം ഇപ്പോൾ ഇപ്പറഞ്ഞ രണ്ടാമത്തെ സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക ധവളപത്രം ഉയർത്തുന്നു. അങ്ങനെയെങ്കിൽ, കടമെടുത്ത പണത്തിലെ ഒരു വിഹിതം ബാദ്ധ്യതകൾ കൊടുത്തു തീർക്കാതെ ട്രഷറിയിൽ സൂക്ഷിച്ച് ‘ട്രഷറി കാലിയല്ല’ എന്ന് അവകാശപ്പെടുന്നത് ‘വെറും തട്ടിപ്പ്’ മാത്രമാണ്.

വികസനത്തെ വിഴുങ്ങുന്ന സ്ഥിരം ചെലവുകൾ
സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ ഏകദേശം 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി വിനിയോഗിക്കപ്പെടുന്നുവെന്ന് ധവളപത്രം വ്യക്തമാക്കുന്നു. ഇതിന്റെ ഫലമായി വികസന പദ്ധതികൾക്കായി ലഭ്യമായ ധനസ്രോതസ്സ് ഗണ്യമായി കുറയുന്നു. ശമ്പളവും പെൻഷനും ഒഴിവാക്കാനാകാത്ത ചെലവുകൾ ആണ്. എന്നാൽ ആവശ്യത്തിൽ അധികം പണം കടം എടുത്തതാണ് പലിശ ഇനത്തിൽ ചെലവ് ഉയരുന്നതിന് കാരണമാകുന്നത് എന്നു കൂടി ഓർക്കുക. സർക്കാരിന് കിട്ടാനുള്ള പണം സമയബന്ധിതമായി പിരിച്ചെടുക്കാൻ കഴിയാത്തതും, നികുതി വെട്ടിപ്പ് ഫലപ്രദമായി തടയാനാകാത്തതും, സാധാരണ ജനങ്ങൾക്ക് അധിക ബാധ്യത ഉണ്ടാകാത്ത വിധമുള്ള പുതിയ റവന്യൂ വരുമാന സ്രോതസുകൾ കണ്ടെത്താൻ കഴിയാത്തതുമാണ് സംസ്ഥാനത്തെ യഥാർത്ഥ പ്രശ്നം. ഈ സാഹചര്യത്തിൽ നിലവിലെ ധനകാര്യ ഘടന ദീർഘകാലം നിലനിൽക്കുകില്ല എന്നത് ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ്.

റവന്യൂ വരുമാനക്കമ്മി
വർഷങ്ങളായി സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നമാണ് റവന്യൂ വരുമാനക്കമ്മി. സർക്കാരിന്റെ സാധാരണ വരുമാനം കൊണ്ട് ചെലവുകൾ നിറവേറ്റാൻ കഴിയാത്തതിനാൽ അധിക വായ്പകളെ ആശ്രയിക്കേണ്ട സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. ഈ പ്രവണത തുടർന്നാൽ സർക്കാർ ഭാവിയിൽ കൂടുതൽ വായ്പ എടുക്കേണ്ടിവരും. അതുവഴി പലിശ ബാധ്യത വീണ്ടും വർദ്ധിക്കും. അതായത്, സാമ്പത്തിക പ്രതിസന്ധി വർദ്ധിച്ചു കൊണ്ടേയിരിക്കും. വാസ്തവത്തിൽ, ഇത് ഒരു ദുഷ്ചക്രമാണ്. അതിൽ നിന്നും പുറത്തുകടക്കാൻ വരുമാന വർദ്ധനയും ദുർവ്യയ നിയന്ത്രണവും ഒരുപോലെ അനിവാര്യമായി വരുന്നു

കുടിശ്ശികയും ട്രഷറി പ്രതിസന്ധിയും

സംസ്ഥാന സർക്കാരിന്റെ വിവിധ ഇനങ്ങളിലെ കുടിശ്ശിക പതിനായിരക്കണക്കിന് കോടി രൂപ വരുമെന്നാണ് ധവളപത്രം ചൂണ്ടിക്കാട്ടുന്നത്. ക്ഷാമബത്ത കുടിശ്ശിക, കരാറുകാരുടെ കുടിശ്ശിക, വിവിധ വകുപ്പുകളുടെ കുടിശ്ശികകൾ എന്നിവയെല്ലാം ഭാവിയിൽ ഖജനാവിന് അധികഭാരം സൃഷ്ടിക്കും. ഇവയെല്ലാം ഇപ്പോൾ കണക്കുകളിൽ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും ഭാവിയിൽ സർക്കാർ കൊടുത്തു തീർക്കേണ്ട ബാധ്യതകളാണ്. അതുകൊണ്ട് യഥാർത്ഥ സാമ്പത്തികസ്ഥിതി ബജറ്റ് രേഖകളിൽ കാണുന്നതിനേക്കാൾ ഗുരുതരമാണെന്ന വിലയിരുത്തൽ തള്ളിക്കയാനാവില്ല. ധനവകുപ്പിന്റെ കെടുകാര്യസ്ഥതയാണ് ഇവിടെ പ്രകടമാകുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രതിസന്ധി
കേരളത്തിലെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ വർഷങ്ങളായി നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. ഇവയെ നിലനിറുത്താൻ സർക്കാർ ഓരോ വർഷവും വൻതുക ചെലവഴിക്കേണ്ടി വരുന്നു. ധവളപത്രം ഇത്തരം സ്ഥാപനങ്ങളുടെ പുനഃസംഘടന, ലയനം, സ്വകാര്യ പങ്കാളിത്തം, അടച്ചുപൂട്ടൽ തുടങ്ങിയ മാർഗങ്ങൾ പരിഗണിക്കണമെന്ന് നിർദ്ദേശിക്കുന്നു. പതിനാറാം ധനകാര്യ കമ്മീഷനും സമാനമായ ശുപാർശ നടത്തിയിട്ടുണ്ട്. ഇത് പൂർണമായും അംഗീകരിക്കാൻ കഴിയുന്ന നിർദ്ദേശമല്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹിക പ്രസക്തി പാടെ വിസ്മരിക്കരുത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വിപണിയിൽ വില നിലവാരം നിയന്ത്രിക്കുക, മാതൃകാ തൊഴിലിടമാകുക തുടങ്ങി പലതലത്തിലുള്ള സാമൂഹിക ധർമ്മങ്ങൾ നിർവഹിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ബാദ്ധ്യത ഉണ്ട്. അതുകൊണ്ട് ഈ വിഷയത്തിൽ, സാമ്പത്തിക കാര്യക്ഷമതയും സാമൂഹിക ഉത്തരവാദിത്തവും തമ്മിലുള്ള സംതുലനം കണ്ടെത്തുക എന്നതാണ് സർക്കാരിന്റെ മുന്നിലുള്ള വെല്ലുവിളി.

ക്ഷേമകാര്യ മാതൃകയും സാമ്പത്തിക സുസ്ഥിരതയും
കേരളത്തിന്റെ ഏറ്റവും വലിയ നേട്ടം അതിന്റെ ക്ഷേമകാര്യ മാതൃകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസുരക്ഷ, പൊതുവിതരണം, ക്ഷേമപെൻഷനുകൾ എന്നിവയിലൂടെ കേരളം ദേശീയതലത്തിൽ വ്യത്യസ്തമായ വികസന മാതൃക സൃഷ്ടിച്ചു. എന്ന് ധവള പത്രത്തിലും പറയുന്നുണ്ട്. എന്നാൽ ഈ മാതൃക നിലനിർത്താൻ ശക്തമായ സാമ്പത്തിക അടിത്തറ ആവശ്യമാണ്. അതുകൊണ്ട് ക്ഷേമവും സാമ്പത്തിക ശാസ്ത്രവും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത് അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കേണ്ട വിഷയമാണ്.

കേന്ദ്രസംസ്ഥാന ധനകാര്യ ബന്ധങ്ങൾ
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി വിലയിരുത്തുമ്പോൾ കേന്ദ്രസംസ്ഥാന ബന്ധങ്ങളെ അവഗണിക്കാൻ കഴിയില്ല. വായ്പാ പരിധികൾ, നികുതി വിഹിതം, ധനകാര്യ കമ്മീഷൻ ശുപാർശകൾ, ജിഎസ്ടി നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളിൽ കേരളം വർഷങ്ങളായി ആശങ്ക പ്രകടിപ്പിച്ചു വരുന്നു. പതിനാറാം ധനകാര്യ കമ്മീഷൻ ശുപാർശകളും ഈ ഇനങ്ങളിൽ കേരളത്തിന്റെ ആശങ്ക വർദ്ധിപ്പിക്കുകയാണ്. സംസ്ഥാനത്തിന്റെ ധനകാര്യ പ്രശ്നങ്ങൾക്ക് ആഭ്യന്തര നയപരമായ കാരണങ്ങൾ മാത്രമല്ല, ഫെഡറൽ ധനകാര്യ സംവിധാനത്തിലെ പരിമിതികളും ഹേതുവായിട്ടുണ്ട്. അതുകൊണ്ട് ദേശീയതലത്തിൽ ഈ വിഷയത്തിൽ സമഗ്രമായ ചർച്ച നടത്താൻ കേരള സർക്കാർ മുൻകൈ എടുക്കണം.

വികസന ഭാവിയും സാമ്പത്തിക വെല്ലുവിളികളും
കേരളത്തിന്റെ ഭാവി വികസനം പ്രധാനമായും മൂന്നു മേഖലകളെ ആശ്രയിച്ചാകും മുൻപോട്ട് നീങ്ങുന്നത്. വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥ, ഉന്നത വിദ്യാഭ്യാസവും നൈപുണ്യ വികസനവും, സാങ്കേതികവിദ്യയും സംരംഭകത്വവുമാണീ മൂന്നു മേഖലകൾ. അതേസമയം, നിലവിലെ ധനകാര്യ പ്രതിസന്ധി ഈ മേഖലകളിലേക്ക് വേണ്ടത്ര നിക്ഷേപം നടത്തുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഉൽപാദനശാലകൾ, ഗവേഷണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജൈവസാങ്കേതിക വിദ്യ, ഹരിതസമ്പദ് വ്യവസ്ഥ തുടങ്ങിയ മേഖലകളിൽ ശക്തമായ നിക്ഷേപം നടത്താതെ സംസ്ഥാനത്തിന് ഭാവി വികസനം ഉറപ്പാക്കാനാവില്ല. അതേസമയം, കേരളം നേടിയ സാമൂഹിക വികസന നേട്ടങ്ങളെ കോട്ടം തട്ടാതെ സംരക്ഷിക്കേണ്ടതുമുണ്ട്.
സാമ്പത്തിക വളർച്ച, തൊഴിൽ സൃഷ്ടി, നികുതി വരുമാന വർദ്ധന, ഭരണ കാര്യക്ഷമത, പൊതുമേഖലാ പരിഷ്‌കാരം, മനുഷ്യവിഭവ നിക്ഷേപം എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര വികസന നയമാണ് കേരളത്തിന് ആവശ്യമായത്. ധവളപത്രത്തിന്റെ യഥാർത്ഥ പ്രാധാന്യം കഴിഞ്ഞകാലത്തെ കുറ്റപ്പെടുത്തലിലല്ല; ഭാവിയിലേക്കുള്ള നയപരമായ ദിശാബോധം സൃഷ്ടിക്കുന്നതിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: COLOUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY